ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി

ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി

ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.ചെക്ക് ഇൻ തുടങ്ങാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാർ വിമാനം റദ്ദാക്കിയ വിവരമറിയുന്നത്. ബന്ധുക്കൾ മരിച്ചതിനെ തുടർന്ന് യാത്രയ്ക്ക് തയാറെടുത്തവർ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

എന്താണ് വിമാനം റദ്ദാക്കുന്നതെന്നുള്ള വ്യക്തമായ ഉത്തരം അധികൃതർ നൽകിയിട്ടില്ല. സാങ്കേതിക തകരാറാണെന്ന് മാത്രമാണ് അറിയിച്ചത്. നാളെ രാവിലെ വിമാനം പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിക്കുന്ന റിപ്പോർട്ട്.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ്- അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടിൽ വച്ചാണ് സംഭവം.

പാൽ കൊടുത്ത ശേഷം കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയിരുന്നു. പിന്നീട് നോക്കിയപ്പോൾ കുട്ടിക്ക് അനക്കമുണ്ടായില്ല. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ‌‌മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണമെന്നു പൊലീസ് വ്യക്തമാക്കി. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു. സഹോദരി: അനാലിക

ഓണം ബമ്പർ: പരാതിയില്‍ അന്വേഷണത്തിനൊരുങ്ങി ലോട്ടറി വകുപ്പ്

ഓണം ബമ്പർ: പരാതിയില്‍ അന്വേഷണത്തിനൊരുങ്ങി ലോട്ടറി വകുപ്പ്

ചെന്നൈ: ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത് തമിഴ്‍നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്ന പരാതി ലോട്ടറി വകുപ്പ് അന്വേഷിക്കും. ജോയിന്‍റ് ഡയറക്ടറും ഫിനാൻസ് ഓഫീസറും അടങ്ങുന്ന ഏഴംഗ സംഘമാണ് അന്വേഷണം നടത്തുക. കഴിഞ്ഞ ദിവസമാണ് സമ്മാനർഹർക്ക് പണം നൽകരുതെന്ന് കാണിച്ച് തമിഴ്നാട് സ്വദേശി ലോട്ടറി വകുപ്പിന് പരാതി നൽകിയത്.

കേരളത്തിലെ ഏജൻസിയിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി തമിഴ്നാട്ടിൽ വിറ്റെന്നാണ് പരാതി. കേരള ലോട്ടറികൾ മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ നിയമപരമായി അനുമതിയില്ല. സാധാരണഗതിയിൽ ഇതരസംസ്ഥാനക്കാർക്ക് ലോട്ടറി അടിക്കുമ്പോഴും ഈ സമിതി അന്വേഷണം നടത്താറുണ്ട്.

ഇത്തവണത്തെ ഓണം ബമ്പർ അടിച്ചത് തമിഴ്നാട് സ്വദേശികളായ നാല് സുഹൃത്തുക്കൾക്കാണ്. അസുഖബാധിതനായി കിടക്കുന്ന ഒരു സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് വാളയാറിൽ നിന്ന് ഓണം ബമ്പർ ടിക്കറ്റ് എടുത്തതെന്ന് ഭാഗ്യശാലികളിലൊരാളായ നടരാജൻ വെളിപ്പെടുത്തിയിരുന്നു.
കുപ്പുസ്വാമി, പാണ്ഡ്യരാജ്, രാമസ്വാമി എന്നീ സുഹൃത്തുക്കൾക്ക് ഒപ്പമാണ് താൻ ടിക്കറ്റ് എടുത്തതെന്നും ഇയാൾ പറഞ്ഞിരുന്നു.

ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന് ഇന്ന് യാത്രാമൊഴി

ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന് ഇന്ന് യാത്രാമൊഴി

പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥന് ഇന്ന് യാത്രാമൊഴി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബസന്റ് നഗർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാച്ചയായിരുന്നു അന്ത്യം. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്‍റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്.1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതക ശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി.

ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂ‍റു മേനി കൊയ്തു.

ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.പ്രൊഫ. എം.എസ്. സ്വാമിനാഥൻ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ്. തിരുവനന്തപുരം യുണിവേഴ്സ്റ്റി കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. കോയമ്പത്തൂർ കാർഷിക കോളേജ്, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ തുടർ പഠനം നടത്തി.ഡോ. മങ്കൊമ്പ് കെ. സാംബശിവൻറെയും തങ്കത്തിൻറെയും മകനായി തമിഴ്‌നാട്ടിലെ കുംഭകോണത്ത് 1925 ഓഗസ്റ്റ് 7ന്‌ ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ്‌ ഇദ്ദേഹത്തിന്റെ തറവാട്. മീന സ്വാമിനാഥൻ ആണ് ഭാര്യ. നിത്യ, സൗമ്യ, മധുര എന്നിവർ മക്കളാണ്.

കനത്ത മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

കനത്ത മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

രുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നു മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്. അലപ്പുഴയിലും എറണാകുളം മുതൽ കാസർക്കോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട്. അറബി കടലിലും ബം​ഗാൾ ഉൾക്കടലിലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളുടെ സ്വാധീനമാണ് മഴ തുടരാൻ കാരണം.

അടുത്ത മണിക്കൂറുകളിൽ ന്യൂന മർദ്ദം കൂടുതൽ ശക്തി പ്രാപിക്കും. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിനു വിലക്കുണ്ട്. കനത്ത മഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിൽ ക്വാറി, മൈനിങ് പ്രവനങ്ങൾക്ക് നിരോധനമുണ്ട്. മലയോര, കായലോര, കടലോര പ്രദേശങ്ങളിൽ ​ഗതാ​ഗതവും വിനോ​ദ സഞ്ചാരവും നിരോ‍ധിച്ചു. അവശ്യ സർവീസുകൾക്ക് മാത്രമേ പ്രദേശങ്ങളിൽ അനുവാദമുള്ളു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധനം തുടരുമെന്നു ജില്ലാ കലക്ടർ വ്യക്തമാക്കി.

വിറങ്ങലിച്ച് കുട്ടികൾ; പെരുമഴയിൽ ഉപജില്ലാ കായിക മേള; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

വിറങ്ങലിച്ച് കുട്ടികൾ; പെരുമഴയിൽ ഉപജില്ലാ കായിക മേള; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: പെരുമഴയത്ത് ഉപജില്ലാ കായിക മേള നടത്തയ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സ്കൂൾ മീറ്റ് നിർത്തി വയ്ക്കാൻ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാട്ടാക്കട ഉപജില്ലാ മേളയാണ് പെരുമഴയിലും നടത്തിയത്. ഇന്നലെയാണ് മത്സരങ്ങൾ നടത്തിയത്. ഇന്നും മത്സരങ്ങളുണ്ടായിരുന്നു.

ജില്ലയിൽ ഇന്നലെ ഓറഞ്ച് അലർട്ടായിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെയാണ് മീറ്റ് നടത്തിയത്. സംഭവം വാർത്തയായെങ്കിലും മീറ്റ് മാറ്റാൻ അധികൃതർ തയ്യാറായില്ല. മത്സരം മാറ്റി വച്ചാൽ ​ഗ്രൗണ്ട് കിട്ടില്ല എന്നായിരുന്നു ഇതിനുള്ള ന്യായീകരണം. വെള്ളം നിറഞ്ഞ ട്രാക്കിലൂടെയാണ് കുട്ടികൾ ഓട്ടമടക്കമുള്ള മത്സരത്തിൽ മാറ്റുരച്ചത്. 200നു മുകളിൽ കുട്ടികൾ മത്സരിക്കാനെത്തിയിരുന്നു.

ഇന്നലെ രാവിലെ മുതൽ കനത്ത മഴയായിരുന്നു. കുട്ടികൾ വിറങ്ങലിച്ചു മത്സരിക്കാൻ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതൊന്നും അധികൃതരുടെ പരി​ഗണാ വിഷയമേ ആയിരുന്നില്ല. മത്സരം മാറ്റി വയ്ക്കാനുള്ള തീരുമാനവും അവർ എടുത്തില്ല. പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ രം​ഗത്തെത്തിയത്.