ശനിയാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ

ശനിയാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ

തിരുവനന്തപുരം: ശനിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടി പരക്കെ മഴയ്ക്ക് സാധ്യതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

വെള്ളിയാഴ്ചയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ മ്യാന്മാര്‍ തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. ഇത് 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മ്യാന്മാര്‍ തീരത്തിന് സമീപം ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.

ഇതിന് പുറമേ വടക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

ചെന്നൈ: ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് അന്ത്യം.

ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയില്‍ നിന്നും കരകയറ്റിയത്.1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി.

ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്. 1966 ല്‍ മെക്‌സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളില്‍ അദ്ദേഹം നൂറു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.

റോഡരികിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി

റോഡരികിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി

പത്തനംതിട്ട കട്ടച്ചിറയിൽ റോഡരികിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി. ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ് കടുവ കുട്ടിയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നി​ഗമനം.രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ കുട്ടിയെ അവശ നിലയിൽ കണ്ടത്. കടുവയ്ക്ക് ഒന്നര വയസ്സ് പ്രായമുണ്ടെന്നാണ് വിലയിരുത്തൽ. നെറ്റിയിലും കഴുത്തിനു പിന്നിലും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയെ റാന്നിയിലേക്ക് കൊണ്ടുപോയി.

കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നി​ഗമനം. പരിസരത്തുനിന്ന് ആനപിണ്ഡവും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വനംവകുപ്പിന്റെയും ഡോക്ടറുടേയും പരിശോധയിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. വിദഗ്ധ ചികിത്സ നൽകിയതിനു ശേഷം കടുവയെ വനത്തിലേക്ക് തുറന്നു വിടാനാണ് തീരുമാനം. മൂഴിയാർ വനമേഖലയിലേക്ക് ആണ് കടുവയെ വിടുക.

അതേസമയം കടുവ കുഞ്ഞിനെ കണ്ടെത്തിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. തള്ളക്കടവിയും മറ്റു കടവുകളും പ്രദേശത്ത് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റു കടുവകൾക്കായി വനപാലകർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. മണിയാർ പൊലീസ് ക്യാമ്പ് പരിസരം കട്ടച്ചിറ ഭാഗങ്ങളിൽ ഒരു വ​ർഷത്തിനിടെ കടുവയുടെ സാന്നിധ്യമുണ്ട്.

വീട് പുതുക്കിപ്പണിയുകയാണോ?, എനര്‍ജി മീറ്റര്‍ മാറ്റി സ്ഥാപിക്കാന്‍ ചെയ്യേണ്ടത്; മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി

വീട് പുതുക്കിപ്പണിയുകയാണോ?, എനര്‍ജി മീറ്റര്‍ മാറ്റി സ്ഥാപിക്കാന്‍ ചെയ്യേണ്ടത്; മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായും മറ്റും മീറ്റര്‍ മറ്റൊരിടത്തേക്ക് മാറ്റി വയ്‌ക്കേണ്ടിവരാറുണ്ടല്ലോ? പണിപൂര്‍ത്തിയായതിനു ശേഷം വീട്ടിലേക്ക് മീറ്റര്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ ഉപഭോക്താവ് സ്വയം തയ്യാറാക്കിയ കണക്റ്റഡ് ലോഡ് സ്റ്റേറ്റ്‌മെന്റ് നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ സമര്‍പ്പിക്കണമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

വീട്ടു നമ്പരോ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമല്ല. ലൈസന്‍സ്ഡ് വയര്‍മാന്‍/ഇലക്ട്രിഷ്യന്‍ തയ്യാറാക്കിയ ടെസ്റ്റ് കം കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപഭോക്താവ് കൈവശം കരുതുകയും കെ എസ് ഇ ബി അധികൃതര്‍ ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കുകയും വേണം. ഇത് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതില്ലെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായും മറ്റും മീറ്റര്‍ മറ്റൊരിടത്തേക്ക് മാറ്റി വയ്‌ക്കേണ്ടിവരാറുണ്ടല്ലോ?
നിര്‍മ്മാണാവശ്യങ്ങള്‍ക്കും മറ്റുമായി തുടര്‍ന്നും വൈദ്യുതി കണക്ഷന്‍ ആവശ്യമുണ്ടെങ്കില്‍ നിര്‍ദ്ദിഷ്ട രീതിയിലുള്ള മീറ്റര്‍ ബോര്‍ഡ് സ്ഥാപിച്ചതിനു ശേഷം വേണം അപേക്ഷ നല്‍കാന്‍.
ഈ മീറ്റര്‍ ബോര്‍ഡില്‍ RCCB (Earth leakage protection device) സ്ഥാപിക്കുകയും എര്‍ത്ത് ചെയ്തിരിക്കുകയും വേണം. മഴയും വെയിലുമേല്‍ക്കാത്ത സംവിധാനവും ഉണ്ടായിരിക്കണം.
പണിപൂര്‍ത്തിയായതിനു ശേഷം വീട്ടിലേക്ക് മീറ്റര്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ ഉപഭോക്താവ് സ്വയം തയ്യാറാക്കിയ കണക്റ്റഡ് ലോഡ് സ്റ്റേറ്റ്‌മെന്റ് നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ സമര്‍പ്പിക്കണം.
വീട്ടു നമ്പരോ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമല്ല. ലൈസന്‍സ്ഡ് വയര്‍മാന്‍/ഇലക്ട്രിഷ്യന്‍ തയ്യാറാക്കിയ ടെസ്റ്റ് കം കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപഭോക്താവ് കൈവശം കരുതുകയും കെ എസ് ഇ ബി അധികൃതര്‍ ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കുകയും വേണം. ഇത് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതില്ല.
സമര്‍പ്പിക്കേണ്ട രേഖകള്‍:
1. നിര്‍ദ്ദിഷ്ട അപേക്ഷഫോം പൂരിപ്പിച്ച് അതത് സെക്ഷന്‍ ഓഫീസില്‍ വേണം അപേക്ഷ നല്‍കാന്‍.
2. മീറ്ററിന്റെ ഇപ്പോഴത്തെ സ്ഥാനവും മാറ്റിവയ്ക്കേണ്ട സ്ഥാനവും സൂചിപ്പിക്കുന്ന ചിത്രം കൂടി വയ്ക്കുന്നത് നന്നായിരിക്കും.
3. ID കാര്‍ഡിന്റെ കോപ്പി
4. താരിഫ് മാറ്റം ഉണ്ടെങ്കില്‍ അതിനുള്ള അപേക്ഷയും ഇതോടൊപ്പം നല്‍കാവുന്നതാണ്.
കെ എസ് ഇ ബി കസ്റ്റമര്‍ കെയര്‍ പോര്‍ട്ടലില്‍ (wss.kseb.in) രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഓണ്‍ലൈനായും അപേക്ഷ നല്‍കാം.
വീടിന്റെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് മീറ്റര്‍ മാറ്റി വയ്ക്കാനും ഇതേ രീതിയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കാം.

സഹായ ഹസ്തം പദ്ധതിയിൽ അപേക്ഷിക്കാം

സഹായ ഹസ്തം പദ്ധതിയിൽ അപേക്ഷിക്കാം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസിന് താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാന മാർഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ ധനസഹായമായി 30,000 രൂപ അനുവദിക്കുന്ന ‘സഹായ ഹസ്തം’ പദ്ധതിയിൽ 2023-24 ലേയ്ക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട അങ്കണവാടി/ശിശുവികസന പദ്ധതി ഓഫീസുകൾ സന്ദർശിക്കുക. ഫോൺ: 0471 2969101 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15.

കേരളീയം 2023: ഭിന്നശേഷിക്കാർക്ക് കലാപ്രകടനം അവതരിപ്പിക്കാൻ അവസരം

കേരളീയം 2023: ഭിന്നശേഷിക്കാർക്ക് കലാപ്രകടനം അവതരിപ്പിക്കാൻ അവസരം

തിരുവനന്തപുരത്ത് നവംബർ 1 മുതൽ 7 വരെ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയിൽ കലാ പ്രകടനങ്ങൾ അവതരിപ്പിക്കുവാൻ ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് അവസരം നൽകുന്നു. പരിപാടിയുടെ ഭാഗമാകാൻ താത്പര്യമുള്ളവരും അനുബന്ധ സ്ഥാപനങ്ങളും https://www.culturedirectorate.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് 0471 2478193