ഉദ്ഘാടനത്തിനൊരുങ്ങി ചെറുതോണിയിലെ പുതിയ പാലം; മൂന്നാര്‍-ബോഡിമെട്ട് പാതയും ഗതാഗത സജ്ജമായി

ഉദ്ഘാടനത്തിനൊരുങ്ങി ചെറുതോണിയിലെ പുതിയ പാലം; മൂന്നാര്‍-ബോഡിമെട്ട് പാതയും ഗതാഗത സജ്ജമായി

ഇടുക്കി: നിര്‍മ്മാണം പൂര്‍ത്തിയായ ഇടുക്കി ചെറുതോണി പാലവും മൂന്നാര്‍-ബോഡിമെട്ട് പാതയും ഉദ്ഘാടനത്തിനൊരുങ്ങി. രണ്ടു പദ്ധതികളും ഒക്ടോബര്‍ 12 ന് നാടിന് സമര്‍പ്പിക്കും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈന്‍ ആയിട്ടാണ് ഇരു പദ്ധതികളും ഉദ്ഘാടനം ചെയ്യുക.

2018 ല്‍ ഇടുക്കി ഡാം തുറന്നതോടെ, അപകടകരമായ രീതിയില്‍ ചെറുതോണി ചപ്പാത്തിനു മുകളിലൂടെ വെള്ളം ഒഴുകുന്ന സാഹചര്യമുണ്ടായതോടെയാണ് പുതിയ പാലം എന്ന ആവശ്യം ചെറുതോണിയില്‍ ശക്തമായത്. ആദ്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമര്‍പ്പിച്ച പ്രൊപ്പോസല്‍ എസ്റ്റിമേറ്റ് തുക കൂടിപ്പോയെന്ന് ചൂണ്ടിക്കാട്ടി തള്ളിയിരുന്നു.

പിന്നീട് ഡീന്‍ കുര്യാക്കോസ് എംപിയുടെ ഇടപെടലിനെത്തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് 25 കോടിയുടെ ഭരണാനുമതി ലഭിക്കുന്നത്. 2020 ഒക്ടോബര്‍ ഒന്നിനാണ് പാലത്തിന്‍രെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്.

വീതി കുറഞ്ഞ മൂന്നാര്‍ ഗ്യാപ് റോഡ് ഉള്‍പ്പെടുന്ന ബോഡിമെട്ട് പാതയും, 2017 ല്‍ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചെങ്കിലും ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് പൂര്‍ത്തിയാക്കുന്നത്.

അടിമാലി മുതല്‍ കുമളി വരെ 18 മീറ്റര്‍ വീതിയില്‍ റോഡ് വികസനം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ് ഇതിന്റെ ലാന്‍ഡ് അക്വസിഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ് ഇതിനായി 400 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു.

തടിയന്‍ പാട് മരിയാപുരം എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 200 മീറ്റര്‍ നീളത്തിലുള്ള പുതിയ പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍തന്നെ ആരംഭിക്കുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.

ആലപ്പുഴയില്‍ ഹൗസ് ബോട്ടിന്റെ മാതൃകയില്‍ പുതിയ പാലം; ടൂറിസ്റ്റുകള്‍ക്കായി സെല്‍ഫി പോയിന്റ്

ആലപ്പുഴയില്‍ ഹൗസ് ബോട്ടിന്റെ മാതൃകയില്‍ പുതിയ പാലം; ടൂറിസ്റ്റുകള്‍ക്കായി സെല്‍ഫി പോയിന്റ്

ആലപ്പുഴ: ആലപ്പുഴയിലെ ഇരുമ്പുപാലത്തിന് സമാന്തരമായി ഹൗസ് ബോട്ടിന്റെ മാതൃകയില്‍ പുതിയ നടപ്പാലം വരുന്നു. നടപ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം എഎം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു.

60 ലക്ഷം രൂപ ചെലവഴിച്ച് 2023-24 അമൃത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മിക്കുന്നത്. നിലവിലുള്ള പാലത്തിന്റെ 10 മീറ്റര്‍ കിഴക്കുമാറിയാണ് പുതിയ പാലം നിര്‍മ്മിക്കുക. നൂറു ദിവസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാലത്തിന്റെ മധ്യഭാഗത്ത് നഗരക്കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വിധത്തില്‍ സെല്‍ഫി പോയിന്റും ഉണ്ടാകും. പുതിയ പാലം വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു

മല്ലു ട്രാവലർ ലണ്ടനിൽ; ജാമ്യമില്ലെങ്കിലും അടുത്തയാഴ്ച്ച നാട്ടില്‍ എത്തും

മല്ലു ട്രാവലർ ലണ്ടനിൽ; ജാമ്യമില്ലെങ്കിലും അടുത്തയാഴ്ച്ച നാട്ടില്‍ എത്തും

മുൻ കൂർ ജാമ്യാപേക്ഷ കോടതിയിൽ പരിഗണിക്കാനിരിക്കെ മല്ലു ട്രാവലർ കാനഡയിൽ നിന്നും ലണ്ടനിലെത്തി.അടുത്തയാഴ്ച നാട്ടിലേക്ക് എത്തുമെന്നാണ് വിവരം. ജാമ്യം ലഭിച്ചാലും, ഇല്ലെങ്കിലും നാട്ടിലെത്തുമെന്ന് മല്ലു ട്രാവലറിന്റെ അഭിഭാഷകൻ വ്യക്തമാക്കി.സെ​പ്​​റ്റം​ബ​ർ 13-നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്.സൗദി യുവതി നൽകിയ ലൈംഗികാതിക്രമ കേസിലാണ് മല്ലു ട്രാവലർ എന്ന ഷാക്കിർ സുബാന് നേരെ അന്വേഷണം നടക്കുന്നത്.അ​ഭി​മു​ഖ​ത്തി​നെ​ന്ന്​ പ​റ​ഞ്ഞ്​ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ യു ​ട്യൂ​ബ​ർ​ പീഡിപ്പിച്ചു എ​ന്നാ​ണ്​ സൗ​ദി യു​വ​തി​യു​ടെ പ​രാ​തി. യുവതി എറണാകുളം സെൻട്രൽ പൊലീസ് മുൻപാകെ പരാതി സമർപ്പിക്കുകയും, മജിസ്ട്രേറ്റിന് മുൻപിൽ രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു. സൗദി എംബസിക്കും, കോൺസുലേറ്റിനും നൽകിയ പരാതിയിൽ കേന്ദ്ര ഏജൻസികളും വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ഇതിനിടെ പൊലീസ് മല്ലു ട്രാവലറിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

ബൈക്ക് ഡിവൈഡറില്‍ തട്ടി മറിഞ്ഞു; യുവാവ് മരിച്ചു

ബൈക്ക് ഡിവൈഡറില്‍ തട്ടി മറിഞ്ഞു; യുവാവ് മരിച്ചു

തൃശൂര്‍: തൃശൂര്‍ ആറാംകല്ലില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. പാണഞ്ചേരി സ്വദേശി വിഷ്ണു( 27) ആണ് മരിച്ചത്. പട്ടിക്കാട് ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്. വീട്ടിലേക്ക് വരുമ്പോള്‍ ഡിവൈഡറില്‍ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പാണഞ്ചേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനാണ് വിഷ്ണു. അതിനിടെ ചാലക്കുടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം റോഡിലേക്ക് ലോറി മറിഞ്ഞ് അപകടമുണ്ടായി. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി കന്തസ്വാമിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്‍ മരത്തിലിടിച്ച് അപകടം; തൃശൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കാര്‍ മരത്തിലിടിച്ച് അപകടം; തൃശൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം. പള്ളിത്താനം സ്വദേശി അബ്ദുള്‍ ഹസീബ് (19), ഹാരിസ് (19) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. മാടാനിപ്പുര- വഞ്ചിക്കുളം റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുന്ന സുഹൃത്തുക്കളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഒന്നേകാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിൽ ഏഴുപേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.

കേരളത്തിന് മൂന്നാം വന്ദേഭാരത് റേക്ക്; കൊച്ചുവേളിയിലെത്തി

കേരളത്തിന് മൂന്നാം വന്ദേഭാരത് റേക്ക്; കൊച്ചുവേളിയിലെത്തി

തിരുവനന്തപുരം: കേരളത്തിന് വീണ്ടുമൊരു വന്ദേഭാരത് റേക്ക് കൂടി അനുവദിച്ചു. എട്ടു കോച്ചുകളുളള റേക്കാണ് തിരുവനന്തപുരം ഡിവിഷന് കൈമാറിയത്. വെളളയും നീലയും ചേര്‍ന്ന നിറത്തിലുളളതാണ് പുതിയ റേക്ക്. മൂന്നാം റേക്ക് കൊച്ചുവേളിയിലെത്തിച്ചു.

ആലപ്പുഴ വഴിയുളള വന്ദേഭാരത് എക്സ്പ്രസിന്റെ പെയറിങ് ട്രെയിനാണ് കൊച്ചുവേളിയിലെത്തിച്ചത്. ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് അറ്റകുറ്റപ്പണിക്ക് കുറഞ്ഞസമയം മാത്രമാണ് കിട്ടുന്നതെന്നും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനാണ് പുതിയ റേക്ക് എത്തിച്ചതെന്നുമാണ് ഡിവിഷണല്‍ ഓഫീസ് അധികൃതര്‍ പറയുന്നത്.

കാസര്‍കോട് നിന്ന് പുറപ്പെടുന്ന ആലപ്പുഴ വഴിയുളള വന്ദേഭാരത് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത് വൈകിട്ട് 3. 05 നാണ് . 4. 05നാണ് മടക്കയാത്ര. അതിനാൽ ഒരു മണിക്കൂര്‍ സമയം കൊണ്ട് കൊച്ചുവേളിയിലെത്തിച്ച് അറ്റകുറ്റപണി പൂര്‍ത്തിയാക്കാനാകില്ല. ഇതുപരി​ഗണിച്ചാണ് പകരം റേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് വിവരം. റേക്കുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കേരളത്തില്‍ കൊച്ചുവേളിയില്‍ മാത്രമാണുള്ളത്.