‘ഒന്ന് തുമ്മിയതേ ഓർമയുള്ളൂ’; പിന്നാലെ ഛര്‍ദ്ദിയും വിറയലും, ബോധവും പോയി; കാര്‍ത്തിക് സൂര്യയ്ക്ക് സംഭവിച്ചത്!

‘ഒന്ന് തുമ്മിയതേ ഓർമയുള്ളൂ’; പിന്നാലെ ഛര്‍ദ്ദിയും വിറയലും, ബോധവും പോയി; കാര്‍ത്തിക് സൂര്യയ്ക്ക് സംഭവിച്ചത്!

മരണം മുന്നില്‍ കണ്ട അനുഭവം പങ്കിട്ട് സോഷ്യല്‍ മീഡിയ താരം കാര്‍ത്തിക് സൂര്യ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ടെലിവിഷന്‍ അവതാരകനുമായ കാര്‍ത്തിക് സൂര്യ മലയാളികള്‍ക്ക് ഏറെ പരിചിതനാണ്. കഴിഞ്ഞ ദിവസം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവമാണ് പുതിയ വിഡിയോയില്‍ കാര്‍ത്തിക് സൂര്യ പങ്കുവെക്കുന്നത്.

ഭക്ഷണം കഴിക്കുമ്പോള്‍ തുമ്മിയതും തുടര്‍ന്ന് ബോധരഹിതനാവുകയും ചെയ്തതിനെക്കുറിച്ചാണ് കാര്‍ത്തിക് വിഡിയോയില്‍ പറയുന്നത്. ഭാര്യ വര്‍ഷയും സുഹൃത്തുക്കളുമുണ്ട് വിഡിയോയില്‍. കാര്‍ത്തിക്കിനുണ്ടായ അവസ്ഥ നേരില്‍ കണ്ടതിന്റെ ഭീതി വര്‍ഷയും പങ്കുവെക്കുന്നുണ്ട്. ”ഇപ്പോള്‍ ഷൂട്ടില്‍ നില്‍ക്കേണ്ട ഞാനാണ്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍, ഭക്ഷണം വായില്‍ വച്ചതും ഞാനൊന്ന് തുമ്മി. തുമ്മിയത് മാത്രമേ എനിക്ക് ഓര്‍മയുള്ളൂ. കുറച്ച് നേരം കഴിഞ്ഞ് നോക്കിയപ്പോള്‍ കാണുന്നത് ഇവള്‍ എന്റെ മുതുകില്‍ തടവി എന്നെ ഛര്‍ദ്ദിപ്പിക്കുന്നതാണ്” കാര്‍ത്തിക് പറയുന്നു.

”ഇന്നലെ കഴിച്ചോണ്ടിരിക്കുമ്പോള്‍ മൂന്ന് വട്ടം തുമ്മി. വെള്ളം എടുത്ത് തിരികെ വന്നപ്പോള്‍ കുഴഞ്ഞു വീണു. ഞാന്‍ പേടിച്ചുപോയി. ഞാന്‍ പിടിച്ചപ്പോഴേക്കും എന്റെ ദേഹത്തേക്ക് വീണു. അനക്കമൊന്നുമില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്ന രണ്ട് ചേട്ടന്മാരെ വിളിച്ചു. അവര്‍ പിടിച്ചിട്ടൊന്നും കിട്ടുന്നില്ല. വായില്‍ കൂടെ ഒലിക്കുന്നൊക്കെ ഉണ്ടായിരുന്നു. കൈ ഒക്കെ വിറച്ചു. ഞാന്‍ പേടിച്ചു. ആ ചേട്ടന്മാര്‍ നെഞ്ചില്‍ തടവിയപ്പോള്‍ ഛര്‍ദ്ദിച്ചു തുടങ്ങി. ഭയങ്കര ഛര്‍ദ്ദിയായിരുന്നു. കണ്ണൊന്നും തുറന്നിരുന്നില്ല. ബോധമുണ്ടായിരുന്നില്ല.” എന്ന് വര്‍ഷയും പറയുന്നു.

”എനിക്കൊന്നും ഓര്‍മയില്ല. ആശുപത്രിയില്‍ പോകാം എന്ന് പറഞ്ഞത് മാത്രം ഓര്‍മയുണ്ട്. പോകുന്ന വഴിയിലും മൂന്നാല് വട്ടം ഛര്‍ദ്ദിച്ചു. എങ്ങനെയൊക്കയോ ആശുപത്രിയിലെത്തി. അവിടെ കുറേ നേരം കിടന്നു. അവര്‍ എക്‌സ് റേയും എക്കോയുമെടുത്തു. രക്തം പരിശോധിച്ചു. അവസാനം മനസിലായി, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണല്ലോ തുമ്മിയത്. ശ്വാസ കോശത്തിലേക്ക് അതിന്റെ പാര്‍ട്ടിക്കള്‍ കയറി തലച്ചോറിലേക്കുള്ള ഒക്‌സിജന്‍ കട്ടായതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അവസാനം ഛര്‍ദ്ദിച്ചപ്പോഴേക്കും തൊണ്ട മുറിഞ്ഞ് കുറച്ച് ചോര വന്നിരുന്നു” എന്നും കാര്‍ത്തിക് പറയുന്നു.

അത്ര ടെന്‍ഷനുള്ള അവസ്ഥയായിട്ടും തന്നെ ആശുപത്രിയിലെത്തിച്ചതും സമയോചിതമായി ഇടപെട്ടതുമെല്ലാം വര്‍ഷയാണെന്നും കാര്‍ത്തിക് സൂര്യ പറയുന്നു. ഇപ്പോഴും ആ സമയങ്ങള്‍ ഓര്‍ക്കാന്‍ ഭയമാണെന്നും കാര്‍ത്തിക് സൂര്യ പറയുന്നു.

വ്യാജമായി പേരുചേർത്തെന്ന് പരാതി; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി

വ്യാജമായി പേരുചേർത്തെന്ന് പരാതി; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അം​ഗവുമായ ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. തെറ്റായ വിവരം നല്‍കിയാണ്, കാര്‍ഡില്‍ പേര് ചേര്‍ത്തതെന്ന കാർഡ് ഉടമയുടെ മക്കളുടെ പരാതിയിലാണ് നടപടി. തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കാര്‍ഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകളെന്ന നിലയിലാണ് പേര് ചേര്‍ത്തത്. കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും, കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നിർദേശം നൽകുകയായിരുന്നു.

ഈ വിലാസത്തിൽ നിലവിൽ താമസിക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും ഉത്തരവിട്ടു. റേഷൻ കാര്‍ഡ് റദ്ദാക്കിയത് ശ്രീനാദേവിയുടെ ജില്ലാ പഞ്ചായത്ത് അംഗത്വത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. കാർഡ് റദ്ദാക്കിയത് രാഷ്ട്രീയ നീക്കമാണെന്നും, ഇതിനു പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. സിപിഐയാണ് ഇതിനു പിന്നിൽ. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ശ്രീനാദേവി വ്യക്തമാക്കി.

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്‌ഐടി

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്‌ഐടി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്കെതിരെ വ്യക്തമായ തെളിവുണ്ട്. രണ്ടു കേസുകളില്‍ തന്ത്രിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നും, വിചാരണക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും അപ്പീലില്‍ എസ്‌ഐടി ആവശ്യപ്പെടുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി 41-ാം ദിവസമാണ് തന്ത്രിക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണ്ണക്കൊള്ളയില്‍ എസ്‌ഐടി നടപടികളെ വിമര്‍ശിച്ച കോടതി, കേസില്‍ തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചിരുന്നു.

കോടതിയുടെ പരാമര്‍ശങ്ങള്‍ കേസിന് തിരിച്ചടിയുണ്ടാക്കുമെന്നും, സ്വര്‍ണ്ണപ്പാളികള്‍ ശബരിമലയില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ മൗനാനുവാദമാണ് അനുജ്ഞയിലൂടെ നടപ്പാക്കിയതെന്നും, സ്വര്‍ണ്ണക്കൊള്ളയുടെ ഗൂഢാലോചനയില്‍ തന്ത്രിയും ഭാഗമാണെന്നും എസ്‌ഐടി ആരോപിക്കുന്നു. കേസില്‍ തന്ത്രിക്കെതിരായ തെളിവുകള്‍ അപ്പീലില്‍ എസ്‌ഐടി അക്കമിട്ട് നിരത്തുകയും ചെയ്തിട്ടുണ്ട്.

കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ തന്ത്രിയുടെ പങ്ക് നേരിട്ട് തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ എസ്ഐടിക്ക് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനാ വാദം നിലനില്‍ക്കില്ല. ഗൂഢാലോചന വ്യക്തമാക്കുന്ന തെളിവുകളില്ല. ദ്വാരപാലകശില്‍പ പാളികളും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിന്റെ രണ്ടു മഹസ്സറുകളിലും തന്ത്രി ഒപ്പിട്ടിട്ടില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി, പേ വിഷബാധ പരിശോധിക്കും

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി, പേ വിഷബാധ പരിശോധിക്കും

തൃശൂര്‍: എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതരാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ നായയെ പിടികൂടിയത്. വന്യ ജീവി സംരക്ഷകര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നാണ് നായയെ പിടികൂടിയത്. നായക്ക് പേ വിഷബാധയുണ്ടോ എന്ന് പരിശോധിക്കും.

നായ കടിച്ച മറ്റ് മൂന്ന് പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. വയോധികയെ ആക്രമിച്ച നായ വളര്‍ത്തുനായകളെയും കടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നായയുടെ കടിയേറ്റ മറ്റ് നായ്ക്കളെ നിരീക്ഷിച്ച് വരികയാണ്.

കേച്ചേരി – കുറാഞ്ചേരി പാതയില്‍ വെള്ളറക്കാട് തേജസ് കോളജിന് സമീപത്ത് താമസിക്കുന്ന 84 വയസുകാരിയായ കാര്‍ത്യായനിയാണ് വ്യാഴാഴ്ച വൈകീട്ട് നായയുടെ കടിയേറ്റ് മരിച്ചത്. കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്. വയോധികയുടെ മകനായ അറുപത് വയസുകാരനായ ഭിന്നശേഷിക്കാരനും നായയുടെ കടിയേറ്റു. നായ നാട്ടിലെ മറ്റ് നായ്ക്കളെയും കടിച്ചിട്ടുണ്ട്. ഇരുവരെയും ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാര്‍ത്യായനി മരിച്ചിരുന്നു. മകന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഈ ജില്ലകളിൽ പെരും ചൂട്; ഉയർന്ന താപനില മുന്നറിയിപ്പ്

ഈ ജില്ലകളിൽ പെരും ചൂട്; ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ജനങ്ങൾ ജാ​ഗ്രത പുലർത്തണം. കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ ഉച്ചയ്ക്ക് 02.30 മുതൽ ഈ മാസം 16 രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ‌നാളെ പകൽ 08.30 മുതൽ 16 രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

ആറ്റിങ്ങലിൽ ഗുണ്ടാ വിളായട്ടവും കൊലപാതക ശ്രമവും

ആറ്റിങ്ങലിൽ ഗുണ്ടാ വിളായട്ടവും കൊലപാതക ശ്രമവും


ആറ്റിങ്ങൽ:ഇന്ന് വൈകുന്നേരം ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ചത്തെിയ ഗുണ്ടാസംഘം യുവാവിനെ മർദിക്കുകയും കൊലപെടുത്താൻ ശ്രമിക്കുകയും ചെയ്തു.കാറിലെത്തിയ ആറംഗ സംഘമാണ് ഇതിന് പിന്നിൽ എന്ന് ആരോപിക്കപെടുന്നു.ഗുണ്ടാ സംഘം സ്ഥാപനത്തിനുള്ളിലെ ലക്ഷകണക്കിന് രൂപയുടെ സാധന സാമഗ്രികളും നശിപ്പിച്ചു.അക്രമത്തിന് ഇരയായ യുവാവിനെ പാരിപള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.അദ്ദേഹത്തിൻ്റെ നില അതീവ ഗുരുതരമാണ് എന്ന് അറിയുന്നു