by Midhun HP News | Sep 28, 2023 | Latest News, കേരളം
തൊടുപുഴ: കട അടച്ചു പോകുന്നതിനു മുൻപ് ദൈവങ്ങളുടെ ചിത്രത്തിനു മുന്നിൽ കത്തിച്ചു വച്ച കർപ്പൂരത്തിൽ നിന്നു തീ പടർന്നു മൂന്നാറിൽ കട കത്തി നശിച്ചു. കർപ്പൂരത്തിൽ നിന്നുള്ള തീ കടയിലെ സാധനങ്ങളിലേക്ക് പടരുകയായിരുന്നു. പൂട്ടിയിട്ടിരുന്ന മാർക്കറ്റിനുള്ളിലെ കടയാണ് കത്തി നശിച്ചത്. മൂന്നാർ ടൗണിലെ പച്ചക്കറി മാർക്കറ്റിൽ രാത്രി ഒൻപത് മണിയോടെയാണ് തീ പിടിച്ചത്. കെഡിഎച്പി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റാണിത്. രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയാണ് ഇതു പ്രവർത്തിക്കുന്നത്. കമ്പനി അധികൃതർ എത്തി രാത്രി എട്ട് മണിയോടെ മാർക്കറ്റ് പൂട്ടും. 100നു മുകളിൽ പച്ചക്കറി, പലചരക്ക് കടകളാണ് മാർക്കറ്റിലുള്ളത്.
മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായ പഴയ മൂന്നാർ സ്വദേശി ബാലമുരുകന്റെ കടയിലാണ് അപകടം. മാർക്കറ്റിൽ നിന്നു പുക ഉയരുന്നതു കണ്ട് ടൗണിലെ വഴി യാത്രക്കാരും മറ്റു കടക്കാരും വിവരമറിയിച്ചതിനെ തുടർന്നു മാർക്കറ്റ് തുറന്നു തീ അണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
by Midhun HP News | Sep 28, 2023 | Latest News, കേരളം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെടിഡിഎഫ്സി അടച്ചുപൂട്ടലിന്‍റെ വക്കില്‍. ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നഷ്ടമായേക്കുമെന്ന സ്ഥിതിയിലാണ്. നിക്ഷേപകര്‍ കൂട്ടത്തോടെ സമീപിച്ചിട്ടും പണം തിരിച്ചു നല്‍കാനില്ലാതെ കുഴയുകയാണ് ഈ പൊതുമേഖലാ സ്ഥാപനം. ജീവനക്കാരുടെ ശമ്പളം സ്ഥിരമായി മുടങ്ങിയിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ല. സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമെന്ന് വിശ്വസിച്ച് കോടികള്‍ സ്ഥിരനിക്ഷേപമിട്ടവര്‍ ഇതോടെ കുടുങ്ങി. നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടും ആര്‍ക്കും തന്നെ പണം തിരിച്ചുനല്‍കാന്‍ കെടിഡിഎഫ്സിക്ക് പറ്റുന്നില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും വരുമാനമില്ല. കടം നല്‍കിയ പണത്തിന് കെഎസ്ആര്‍ടിസി തിരിച്ചടവും മുടക്കിയതോടെ സ്ഥാപനം പൂട്ടേണ്ട അവസ്ഥയിലാണ്.
580 കോടിയോളം രൂപയാണ് ഈ ധനകാര്യ സ്ഥാപനത്തില്‍ പൊതുജന നിക്ഷേപമായുള്ളത്. ഇത് തിരിച്ചു നല്‍കിയില്ലെങ്കില്‍ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് റദ്ദാക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നേരത്തെ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ല.
സഹകരണ ബാങ്കുകളില്‍നിന്ന് കടമെടുത്താണ് കെഎസ്ആര്‍ടിസിക്ക് കെടിഡിഎഫ്സി വായ്പ നല്‍കിയിരുന്നത്. പിഴപ്പലിശ ഉള്‍പ്പടെ കെഎസ്ആര്‍ടിസി തിരിച്ചടയ്ക്കാനുളളത് 700 കോടിയിലേറെ. ഫലത്തില്‍ ഇത് കേരളാ ബാങ്കിനെയും ബാധിക്കുമെന്ന അവസ്ഥയിലായി. സർക്കാർ നിർദ്ദേശപ്രകാരം 350 കോടി രൂപയുടെ വായ്പകളാണ് കെടിഡിഎഫ്സിക്ക് നല്‍കിയിട്ടുള്ളത്.
by Midhun HP News | Sep 27, 2023 | Latest News, കേരളം
തിരുവന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം മുതല്‍ കാസര്‍കോട് വരെയും ശനിയാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെലങ്കാനയ്ക്ക് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.
സെപ്റ്റംബര്‍ 29 -ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ്, വടക്ക് – പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Sep 27, 2023 | Latest News, കേരളം
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി. എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിന് മന്ത്രിയുടെ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഒന്നേ മൂക്കാല്‍ ലക്ഷം രൂപ നല്‍കിയതായും പരാതിക്കാരന്‍ പറഞ്ഞു. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നല്‍കിയത്.
ഇടനിലക്കാരന്‍ പത്തനംതിട്ട സ്വദേശി അഖില്‍ സജീവാണെന്നും ഇയാള്‍ സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറിയാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം, അഖില്‍ മാത്യു പണം വാങ്ങിയിട്ടില്ലെന്നും പരാതി അന്വേഷിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടതായും ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്ത്രിയുടെ ഓഫിസ് നല്‍കിയ പരാതി ഡിജിപിയുടെ ഓഫിസ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറി. കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം നടത്തും.
സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നുള്ളതുള്‍പ്പടെ അന്വേഷിക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ‘ഇതു സംബന്ധിച്ച പരാതി ആദ്യം വാക്കാല്‍ ഒരാള്‍ വന്നു പ്രൈവറ്റ് സെക്രട്ടറിയോട് പറയുകയാണ് ചെയ്തത്. അത് അറിഞ്ഞപ്പോള്‍ തന്നെ രേഖാമൂലം പരാതി എഴുതി വാങ്ങിക്കാന്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പഴ്‌സനല്‍ സ്റ്റാഫിനോട് വിശദീകരണം ആവശ്യപ്പെടുകയും അത് നല്‍കുകയും ചെയ്തു. തനിക്കെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെ അയാള്‍ വിശദീകരിക്കുകയുണ്ടായി.തുടര്‍ന്ന് സമഗ്രമായ അന്വേഷണത്തിനായി പരാതി പൊലീസിനു കൈമാറി.
ഇതില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട്, എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടണമെന്ന് പഴ്‌സനല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അദ്ദേഹം അതിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. താന്‍ ചെയ്യാത്ത കാര്യമാണ് തനിക്കു മേല്‍ ആരോപിക്കപ്പെട്ടതെന്ന് പഴ്‌സനല്‍ സ്റ്റാഫംഗം പറയുന്നതിനാല്‍, അതും ഒരു പരാതിയായി നല്‍കണമെന്ന് പഴ്‌സനല്‍ സ്റ്റാഫിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആരെങ്കിലും ഇതില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് നടപടിയുണ്ടാകും’ വീണാ ജോര്‍ജ് പറഞ്ഞു.
by Midhun HP News | Sep 27, 2023 | Latest News, കേരളം
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയ ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും നിരവധി മാറ്റങ്ങളുണ്ട്. ആദ്യ രണ്ട് കളിച്ച് പരമ്പര നേടിയതുകൊണ്ട് തന്നെ ഇന്ത്യക്ക് ഇന്ന് വലിയ ആശങ്കയില്ല. ഓസ്ട്രേലിയൻ നിരയിൽ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്സ്‌വൽ എന്നിവർ തിരികെയെത്തി. തൻവീർ സങ്ക അരങ്ങേറും. ഇന്ത്യൻ ടീമിലാവട്ടെ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവർ തിരികെയെത്തി. അശ്വിനു പകരം ഇന്ന് വാഷിംഗ്ടൺ സുന്ദർ കളിക്കും. മുഹമ്മദ് ഷമി, ശുഭ്മൻ ഗിൽ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഇഷാൻ കിഷൻ കളിക്കുന്നില്ല. പ്രസിദ്ധ് കൃഷ്ണയും ടീമിലുണ്ട്.
by Midhun HP News | Sep 27, 2023 | Latest News, കേരളം
ഒമാൻ എയർ ഒക്‌ടോബർ ഒന്ന് മുതൽ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുക.
162 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737 വിമാനങ്ങളാണ് സർവീസ് നടത്തുക. ഞായർ, ബുധൻ ദിവസങ്ങളിൽ 07:45-ന് എത്തി 08:45-ന് പുറപ്പെടും. വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 01: 55ന് എത്തി വൈകീട്ട് 04: 10ന് പുറപ്പെടും. ശനിയാഴ്ചകളിൽ, ഉച്ചയ്ക്ക് 02:30ന് എത്തി 03:30ന് പുറപ്പെടും. തിരുവനന്തപുരം-മസ്‌കറ്റ് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാൻ എയർ. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഈ റൂട്ടിൽ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ പ്രതിദിനം ശരാശരി 12000 പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.
Recent Comments