by Midhun HP News | Sep 27, 2023 | Latest News, കേരളം
പാലക്കാട്: പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍ വൈദ്യുതാഘാതമേറ്റാണ് യുവാക്കൾ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തലെന്ന് പാലക്കാട് എസ്പി. രാവിലെ കൃഷിയിടത്തിൽ വൈദ്യുതിക്കെണിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ കണ്ട സ്ഥലമുടമ രാത്രി വന്ന് മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും എസ്പി ആനന്ദ് പറഞ്ഞു. ആഴത്തിൽ കുഴിയെടുക്കാൻ കഴിയാത്തതിനാൽ മൃതദേഹങ്ങൾ പുറത്തു വരുമെന്ന ഭയത്താൽ പ്രതി, യുവാക്കളുടെ വയറ്റിൽ മുറിവുണ്ടാക്കി. ചതുപ്പിൽ താഴ്ന്നു കിടക്കാനാണ് മുറിവുണ്ടാക്കിയതെന്നും എസ്പി ആനന്ദ് പറഞ്ഞു. തെളിവ് നശിപ്പിക്കാനും, കേസിൽ പ്രതിയാകുമെന്ന് ഭയന്നുമാണ് പ്രതി ഇത്തരത്തിൽ ചെയ്തത്. തെളിവു നശിപ്പിക്കാൻ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
പുറത്തെടുത്ത മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കും. പ്രതിക്കെതിരെ തെളിവു നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തുമെന്നും പാലക്കാട് എസ്പി അറിയിച്ചു. കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങൾ രാവിലെ പുറത്തെടുത്തിരുന്നു. പുതുശ്ശേരി കാളാണ്ടിത്തറയില്‍ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരുടേതാണ് മൃതദേഹങ്ങളെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇരുവരുടേയും വയറ്റിൽ ബ്ലേഡിന് സമാനമായ ആയുധം കൊണ്ടുള്ള മുറിവുണ്ടെന്ന് കണ്ടെത്തിയിരുന്നു.
യുവാക്കളെ കുഴിച്ചിട്ടതു സംബന്ധിച്ച് സ്ഥലം ഉടമ പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ആറുമണിക്ക് മുമ്പായി കൃഷിയിടത്തിൽ എത്തിയപ്പോൾ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടു. കാട്ടുപന്നിക്ക് വെച്ച വൈദ്യുതക്കെണിയിൽ കുടുങ്ങിയാണ് മരിച്ചതെന്ന് മനസ്സിലായി. തുടർന്ന് പേടി മൂലമാണ് രണ്ടുപേരുടെയും മൃതദേഹം ഒരു കുഴിയിൽ മറവു ചെയ്തതെന്നും അനന്തൻ പൊലീസിനോട് പറഞ്ഞു. എന്നാൽ അനന്തനെ മറ്റാരോ സഹായിച്ചിട്ടുണ്ട് എന്ന് പൊലീസിന് സംശയമുണ്ട്. കാട്ടുമൃഗങ്ങളെ അകറ്റാനുള്ള വൈദ്യുതിക്കെണിയിൽപ്പെട്ട് ഒന്നര വർഷത്തിനിടെ പത്തുപേരാണ് മരിച്ചത്. ഇതിൽ ഏഴു മരണവും പാലക്കാട്ടാണ് നടന്നത്. കഴിഞ്ഞ മെയ് മാസം രണ്ടു പൊലീസുകാർ വൈദ്യുതിക്കെണിയിൽപ്പെട്ട് മരിച്ചിരുന്നു.
by Midhun HP News | Sep 27, 2023 | Latest News, കേരളം
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച സീനിയര്‍ അഭിഭാഷകന്‍ കെപി സതീശന്‍ സ്ഥാനം രാജിവച്ചു. സതീശന്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. സതീശന്റെ നിയമനത്തിനെതിരെ മധുവിന്റെ അമ്മ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി.
കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സീനിയര്‍ അഭിഭാഷകനായ അഡ്വ. കെപി സതീശനെയും അഡീഷനല്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പിവി ജീവേഷിനെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു. നിയമനത്തിനെതിരെ കഴിഞ്ഞ ദിവസം മധുവിന്റെ മാതാവ് മല്ലിയമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സങ്കടഹര്‍ജി നല്‍കിയിരുന്നു. തങ്ങള്‍ക്കു പൂര്‍ണ വിശ്വാസമുള്ള അഭിഭാഷകനെ നിയമിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തങ്ങള്‍ക്കു സ്വീകാര്യനല്ലാത്ത വ്യക്തിയെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കി എന്നാണു മല്ലിയമ്മയുടെ പരാതി.
ആദിവാസി യുവാവായ മധുവിനെ 2018 ഫെബ്രുവരി 22ന് മോഷണക്കുറ്റം ആരോപിച്ചു പ്രതികള്‍ മര്‍ദിച്ചു കൊലപ്പെടുത്തി എന്നാണു കേസ്. 13 പ്രതികള്‍ക്ക് വിചാരണക്കോടതി 7 വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയുള്ള അപ്പീലുകള്‍ ഹൈക്കോടതിയിലുണ്ട്.
by Midhun HP News | Sep 27, 2023 | Latest News, കേരളം
തൃത്താലയിൽ രണ്ടരവയസ്സുകാരനു നേരെ തെരുവുനായ ആക്രമണം. ആക്രമണത്തിൽ കുട്ടിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു. കുമ്പടി തുറക്കൽ വീട്ടിൽ സഹാബുദീനാണ് നായയുടെ കടിയേറ്റത് ചെവിയുടെ ഭൂരിഭാഗവും നായ കടിച്ചെടുത്തു. പരിക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
by Midhun HP News | Sep 27, 2023 | Latest News, കേരളം
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 43,600 രൂപയാണ് വില. ഒരു ഗ്രാമിന് 5,450 രൂപയും. സ്വർണം വാങ്ങാൻ ഇപ്പോൾ അനുകൂല സമയമാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 43,800 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിലെ സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ട്രോയ് ഔൺസിന് 1,897 ഡോളറിലേക്ക് വില ഇടിഞ്ഞു. സ്വർണം വാങ്ങാൻ ഇപ്പോൾ അനുകൂല സമയം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ സ്വർണ വിലയിൽ ഇടിവുണ്ട്.
by Midhun HP News | Sep 27, 2023 | Latest News, കേരളം
നവംബർ ഒന്നുമുതൽ ഏഴുവരെ അനന്തപുരി ആതിഥ്യം വഹിക്കുന്ന കേരളീയത്തിനായി നഗരം നിറഞ്ഞ് അൻപതോളം വേദികൾ. 14 വലിയ വേദികൾ, 18 ചെറിയ വേദികൾ, 12 തെരുവുവേദികൾ എന്നിവയ്ക്കു പുറമെ ചലച്ചിത്രമേളയ്ക്കായി അഞ്ചുവേദികളുമുണ്ട്. ഇതിനു പുറമേ ആർട്, ഫ്‌ളവർ ഇൻസ്റ്റലേഷനുകൾക്കായി പത്തോളം വേദികളാണ് ഒരുക്കുക. അയ്യായിരം പേർക്ക് ഇരിക്കാവുന്ന വേദിയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജമാക്കുക. ടാഗോർ തിയറ്റർ, പുത്തരിക്കണ്ടം മൈതാനം, നിശാഗന്ധി ഓഡിറ്റോറിയം, നിയമസഭാമന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാൾ, യൂണിവേഴ്‌സിറ്റി കോളജ്, അയ്യങ്കാളി ഹാൾ, എൽ.എം.എസ്. കോമ്പൗണ്ട്, മാനവീയം വീഥി, മ്യൂസിയം, മാസ്‌കറ്റ് ഹോട്ടൽ, ജിമ്മി ജോർജ് സ്റ്റേഡിയം, സെനറ്റ് ഹാൾ, ജവഹർ ബാലഭവൻ എന്നിവയാണ് മറ്റു പ്രധാന വേദികൾ. ഇവിടങ്ങളിലാവും സെമിനാറുകളും എക്സിബിഷനും സാംസ്‌കാരിക പരിപാടികളും, വ്യവസായ വാണിജ്യ മേളകളും പുഷ്പമേളയും, ഭക്ഷ്യ മേളയും മുഖ്യമായി നടക്കുക.
ടാഗോറിലെ ആംഫി തിയറ്റർ, കനകക്കുന്നിലെ സൂര്യകാന്തി, മ്യൂസിയം, യൂണിവേഴ്സിറ്റി കോളജിലെ ഓപ്പൺ സ്റ്റേജ്, ജവഹർ ബാലഭവൻ , വിവേകാനന്ദ പാർക്ക്, കെൽട്രോൺ കോംപ്ലക്സ് , പഞ്ചായത്ത് അസോസിയേഷൻ ഓഡിറ്റോറിയം, ക്യാപ്റ്റൻ ലക്ഷ്മി പാർക്ക്, സത്യൻ സ്മാരക ഹാൾ, ഫൈൻ ആർട്ട്സ് കോളജ്, എസ്.എം.വി. സ്‌കൂൾ ഓപ്പൺ സ്പേസ്, ഗാന്ധി പാർക്ക്, തൈക്കാട് മൈതാനം, ഭാരത് ഭവൻ മണ്ണരങ്ങ് (ഓപ്പൺ എയർ തിയറ്റർ) എന്നിവിടങ്ങളിലാണ് ചെറു വേദികൾ. വ്യാപാര വിൽപന പ്രദർശന മേളയിലെ ചില പ്രദർശനങ്ങൾ വെള്ളയമ്പലം ലിറ്റിൽ ഫ്ളവർ പാരിഷ് ഹാൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഹാൾ എന്നിവിടങ്ങളിൽ നടക്കും.
കൈരളി, ശ്രീ, നിള, കലാഭവൻ എന്നിവിടങ്ങളിലായിരിക്കും ചലച്ചിത്രോത്സവം. നിയമസഭാ മന്ദിരത്തിലെ ഹാളിൽ ഡോക്യുമെന്ററി പ്രദർശനവും നടക്കും. മാനവീയം വീഥി, കനകക്കുന്ന്, രക്തസാക്ഷി മണ്ഡപം, പബ്ലിക് ലൈബ്രറി, കന്നിമാറ മാർക്കറ്റ്, സെനറ്റ് ഹാൾ, എ. ജി ഓഫീസ് കോർണർ, ആയുർവേദ കോളജ്, എസ്.എം.വി. സ്‌കൂൾ, സ്റ്റാച്യൂ, നിയമസഭ, എൽ എം.എസ്. ഗ്രൗണ്ട് എന്നിവിടങ്ങൾ തെരുവ്/ തൽസമയ വേദികളാവും. ഇവിടങ്ങളിൽ തെരുവു നാടകം, മാജിക് പോലെയുള്ള പരിപാടികൾ അരങ്ങേറും. നിയമസഭാങ്കണമാണ് പുസ്തകോത്സവത്തിന്റെ വേദി
by Midhun HP News | Sep 27, 2023 | Latest News, കേരളം
കുളത്തൂപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും സഹായിയും പിടിയിൽ. കുളത്തൂപ്പുഴ തിങ്കൾ കാരിക്കം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുജി കുമാർ സഹായി വിജയൻ എന്നിവരാണ് പിടിയിലായത്. പട്ടയം പോകുവരവ് ചെയ്ത് നൽകാൻ 15000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ തുക കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
പരാതിക്കാരന്റെ സഹോദരിയുടെ പേരിലുള്ള 30 സെന്റ് വസ്തുവിന്റെ പട്ടയം അനുവദിച്ചു കിട്ടുന്നതിന് ഈ വർഷം ജനുവരി മാസത്തിൽ പുനലൂർ താലൂക്ക് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. താലൂക്ക് ഓഫീസിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്നതിനായി തിങ്കൾകരിക്കകം വില്ലേജ് ഓഫീസിൽ അയച്ചു നൽകിയ അപേക്ഷയിൽ മാസങ്ങളോളം നടപടിയുണ്ടായില്ല.
തുടർന്ന് വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ 15,000 രൂപ കൈക്കൂലിയുമായി വരാൻ സുജി മോൻ സുധാകരൻ ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് കൊല്ലം യൂണിറ്റ് പോലീസ് ഡപ്യൂട്ടി സൂപ്രണ്ട് സജാദിനെ അറിയിക്കുകയും, തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് വൈകുന്നേരം സുജി മോൻ സുധാകരനെ കുടുക്കുകയായിരുന്നു. ഇയാളുടെ വീട് നിർമ്മാണത്തിലിരിക്കുന്ന ഏരൂരിൽ വച്ച് പരാതിക്കാരനിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങവെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്.
Recent Comments