വഹീദ റഹ്മാന് ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

വഹീദ റഹ്മാന് ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

ഡല്‍ഹി: ഈ വര്‍ഷത്തെ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മുതിര്‍ന്ന നടി വഹീദ റഹ്മാന്. ഇന്ത്യന്‍ സിനിമക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ഹിന്ദി സിനിമയിലെ മുതിര്‍ന്ന നടിമാരില്‍ ഒരാളായ വഹീദ നേരത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാനും വഹീദക്ക് കഴിഞ്ഞു.

തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ ജനിച്ച വഹീദ റൊജലൂ മറായി എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്കുള്ള പ്രവശം. പ്യാസ, രേഷ്മ ഔര്‍ ഷേര, നീല്‍ കമല്‍, ഖമോഷി, കഭി കഭീ, നാംകീന്‍, ചാന്ദ്‌നി, ലംഹേ തുടങ്ങിയ വഹീദയുടെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്. 1972ല്‍ രാജ്യം പത്മശ്രിയും 2011ല്‍ പത്മവിഭൂഷണും നല്‍കി ആദരിച്ചിരുന്നു.

വ്യാപാരിയുടെ മൃതദേഹവുമായി ഭാര്യയും മക്കളും ബാങ്കിന് മുന്നില്‍; പിന്തുണച്ച് നാട്ടുകാര്‍

വ്യാപാരിയുടെ മൃതദേഹവുമായി ഭാര്യയും മക്കളും ബാങ്കിന് മുന്നില്‍; പിന്തുണച്ച് നാട്ടുകാര്‍

കോട്ടയം: വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനു മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം. കോട്ടയം കുടയംപടി സ്വദേശി കെസി ബിനുവിന്റെ (50) മുതദേഹവുമായാണു ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. കര്‍ണാടക ബാങ്കിന്റെ കോട്ടയം നാഗമ്പടത്തെ ശാഖയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം.

രണ്ട് മണിക്കൂറോളം നേരമാണ് ഭാര്യയും മക്കളും മൃതദേഹവുമായി ബാങ്കിന് മുന്നില്‍ സമരം ചെയ്തത്. ജില്ലാ പൊലീസ് മേധാവി എത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു.

ബാങ്കിനു മുന്നിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. ബാങ്കിന് നേരെ സമരക്കാര്‍ കല്ലെറിയുകയം ചെയ്തു. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉള്‍പ്പെടെ നിലത്തുവീണു. ഇത്തരത്തിലുള്ള സ്വകാര്യബാങ്കുകള്‍ക്ക് എതിരെ പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് ജെയ്ക്ക് പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും സമരത്തിനായി നാഗമ്പടത്ത് എത്തി. സംഘര്‍ഷത്തെ തുടര്‍ന്നു റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു.

ബാങ്ക് ജീവനക്കാര്‍ ഇന്നലെയും കടയിലെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞമാസം വരെയുള്ള കുടിശ്ശിക അടച്ചുതീര്‍ത്തതായും, ബാങ്ക് മാനേജര്‍ മോശമായി പെരുമാറിയെന്നും ബിനുവിന്റെ സഹോദരന്‍ ആരോപിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ബിനുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പിആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പിആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. അരവിന്ദാക്ഷനെ ഇഡി ഏഴ് ദിവസം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ, ഇഡി ഓഫീസര്‍മാര്‍ തന്നെ മര്‍ദിച്ചു എന്നാരോപിച്ച് അരവിന്ദാക്ഷന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമാണ്. വടക്കാഞ്ചേരിയിലെ വീട്ടില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രധാന പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന് അടുത്ത ബന്ധമുണ്ട്.

സതീഷ് കുമാറും അരവിന്ദാക്ഷനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി പരിശോധിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് സതീഷ് കുമാര്‍ മൂന്നു ബാഗുകളിലായി മൂന്നു കോടി രൂപ കൊണ്ടുപോയത് അരവിന്ദാക്ഷന്റെ സാന്നിധ്യത്തിലാണെന്ന് മൊഴിയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് സതീഷ് കുമാര്‍, പിബി കിരണ്‍ എന്നിവരെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന്. ഇന്ന് വൈകുന്നേരം 4.30 ന് കൊച്ചി രവിപുരം ശ്മാനത്തിൽ നടക്കും. ഞായറാഴ്ചയായിരുന്നു വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു കെ ജി ജോർജ് മരണപ്പെടുന്നത്. പല തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ അടക്കം ലഭിച്ച പ്രതിഭയാണ് കെ ജി ജോർജ്.

അതേസമയം കെ ജി ജോർജിന്റെ നിര്യാണത്തിൽ സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ നിര്യാണത്തിൽ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോർജെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത് .

സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നുവെന്നും, കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെജി ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 12ാം മെഡല്‍; സെയ്‌ലിങില്‍ വെള്ളി സ്വന്തമാക്കി നേഹ ഠാക്കൂര്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 12ാം മെഡല്‍; സെയ്‌ലിങില്‍ വെള്ളി സ്വന്തമാക്കി നേഹ ഠാക്കൂര്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തില്‍ ഇന്ത്യക്ക് ഒരു വെള്ളി മെഡല്‍ കൂടി. പെണ്‍കുട്ടികളുടെ സെയ്‌ലിങില്‍ (പായ്ക്കപ്പലോട്ടം) ഇന്ത്യയുടെ നേഹ ഠാക്കൂറാണ് വെള്ളി സ്വന്തമാക്കിയത്. ഡിങ്കി ഐഎല്‍സിഎ ഫോര്‍ വിഭാഗത്തിലാണ് നേഹയുടെ നേട്ടം.
തായ്‌ലന്‍ഡിന്റെ നൊപ്പാസോന്‍ ഖുന്‍ബൂന്‍ജനാണ് സ്വര്‍ണം. സിംഗപ്പുരിന്റെ കെയ്‌ര മേരി കാര്‍ലില്‍ വെങ്കലം നേടി.

11 റൗണ്ടുകളുള്ള പോരാട്ടത്തില്‍ നെറ്റ് പോയിന്റ് നിര്‍ണായകമാണ്. ഒരോ റൗണ്ടിലും നേടുന്ന പോയിന്റുകളും നിര്‍ണായകം. മത്സരത്തില്‍ മൊത്തം 32 പോയിന്റുകളാണ് നേഹ നേടിയത്. 27 നെറ്റ് പോയിന്റുകള്‍. അഞ്ചാം റൗണ്ടില്‍ താരത്തിനു അഞ്ച് പോയിന്റുകള്‍ മാത്രമാണ് നേടാനായത്. ഈ പ്രകടനമാണ് നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം നഷ്ടമാക്കിയത്. ഗെയിംസില്‍ ഇന്ത്യയുടെ നാലാം വെള്ളി മെഡല്‍ നേട്ടമാണിത്. രണ്ട് സ്വര്‍ണം, നാല് വെള്ളി, ആറ് വെങ്കലവുമായി മൊത്തം 12 മെഡലുകള്‍ ഇന്ത്യ ഇതുവരെ നേടി.

ഗൃഹനാഥന്‍ വീടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

ഗൃഹനാഥന്‍ വീടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കാസര്‍കോട്: കാസര്‍കോട് തൃക്കരിപ്പൂരില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. പരുത്തിച്ചാല്‍ സ്വദേശി എംവി ബാലകൃഷ്ണന്‍ (54) ആണ് മരിച്ചത്. വീടിനുള്ളില്‍ രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയമുള്ളതായി പൊലീസ് സൂചിപ്പിച്ചു.

പരുത്തിച്ചാലില്‍ വാടക വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും രാത്രി വലിയ ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ ആരും പോയിരുന്നില്ല. രാവിലെ അയല്‍വാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കുടുംബപ്രശ്‌നത്തെത്തുടര്‍ന്ന് വീട്ടുകാരില്‍ നിന്നും മാറി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ബാലകൃഷ്ണന്‍. മരുമകനും ഇയാളും തമ്മില്‍ അസ്വാരസ്യം ഉണ്ടായിരുന്നതായി സൂചനയുണ്ട്. മരിച്ച വീട്ടില്‍ നിന്നും മരുമകന്റെ ആധാര്‍ കാര്‍ഡ് പൊലീസിന് ലഭിച്ചു. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരുമകനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു.