മല്ലു ട്രാവലർ കാനഡയിൽ; ഉടൻ തിരികെയെത്താൻ പൊലീസ് നിർദേശം

മല്ലു ട്രാവലർ കാനഡയിൽ; ഉടൻ തിരികെയെത്താൻ പൊലീസ് നിർദേശം

പീഡനപരാതിയിൽ വ്‌ളോഗർ മല്ലു ട്രാവലർ ഷക്കീർ സുബ്ഹാനെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു. നിലവില്‍ ഇയാൾ കാനഡയിൽ ആണ്. ഷക്കീർ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് സർക്കുലർ പുറത്ത്‌ വിട്ടിരുന്നു. കേസിൽ പരാതിക്കാരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം വിദേശത്തുള്ള ഷക്കീറിനോട് എത്രയും വേഗം ഹാജരാകണമെന്നും നിർദേശിച്ചു.

സൗദി വനിതയുടെ പീഡന പരാതിയിൽ ഷക്കീർ സുബാനെതിരെ ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണ് എറണാകുളം സെൻട്രൽ പൊലീസ്. ഷക്കീറിനെതിരെ നെടുമ്പാശ്ശേരിയടക്കമുള്ള വിമാനത്താവളങ്ങളിൽ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ നൽകി. ലുക്ക് ഔട്ട് സർക്കുലർ നൽകിയിട്ടുള്ളതിനാല്‍ തിരിച്ചെത്തുകയാണെങ്കിൽ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കും. ഷാക്കിർ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്നുമായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഇതോടെ എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ഷക്കീറിനോട് പൊലീസ് നിർദേശിച്ചിരിക്കുന്നത്.

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് ട്രെയിൻ സർവീസ് ഇന്നു മുതൽ

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് ട്രെയിൻ സർവീസ് ഇന്നു മുതൽ

തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ വൈകിട്ട്‌ 4.05ന്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ പുറപ്പെടും. മുഴുവൻ സീറ്റുകളിലേക്കും റിസർവേഷൻ നടന്നതായി റെയിൽവേ അറിയിച്ചു. എട്ട്‌ കോച്ചാണ്‌ ട്രെയിനുള്ളത്‌. ബുധനാഴ്‌ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ സർവീസ്‌ നടത്തും. രാവിലെ ഏഴിന്‌ കാസർകോടു നിന്ന്‌ – തിരുവനന്തപുരം വന്ദേഭാരത് പുറപ്പെടും. കാസർകോട്‌ വന്ദേഭാരത്‌ തിങ്കളാഴ്‌ചകളിലും തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത്‌ ചൊവ്വാഴ്‌ചകളിലും സർവീസ്‌ നടത്തില്ല.

തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്ടേക്ക്‌ എസി ചെയർകാറിന്‌ 1515 രൂപയും എക്‌സിക്യൂട്ടീവ്‌ ചെയർകാറിന്‌ 2800 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌. എക്‌സിക്യൂട്ടീവ്‌ ചെയർകാറിൽ 54 സീറ്റും എസിചെയർ കാറുകളിലായി 476 സീറ്റുമാണുള്ളത്‌. എട്ട്‌ മണിക്കൂറിലധികം സമയം ഇരുഭാഗത്തേക്കും എടുക്കും.

_*വന്ദേഭാരത്‌ സ്‌റ്റേഷനിൽ എത്തുന്നതും പുറപ്പെടുന്നതുമായ സമയം:*_

*തിരുവനന്തപുരം സെൻട്രൽ:*

വൈകിട്ട്‌ ‌4.05, കൊല്ലം: 4.53/4.55, ആലപ്പുഴ: 5.55/5.57, എറണാകുളം ജങ്‌ഷൻ: 6.35/6.38, തൃശൂർ: 7.40/7.42, ഷൊർണൂർ ജങ്‌ഷൻ: 8.15/8.17,തിരൂർ: 8.52/8.54, കോഴിക്കോട്‌: 9.23/9.25, കണ്ണൂർ: 10.24/10.26, കാസർകോട്‌: രാത്രി11.58.

*കാസർകോട്‌–-തിരുവനനന്തപുരം സെൻട്രൽ ട്രെയിൻ:*

കാസർകോട്‌‌: ‌രാവിലെ ‌7, കണ്ണൂർ: 7.55/7.57, കോഴിക്കോട്‌: 8.57/8.59, തിരൂർ: 9.22/9.24, ഷൊർണൂർ ജങ്‌ഷൻ: 9.58/10, തൃശൂർ: 10.38/10.40, എറണാകുളം ജങ്‌ഷൻ: 11.45/11.48, ആലപ്പുഴ:12.32/12.34, കൊല്ലം: 1.40/1.42, തിരുവനന്തപുരം സെൻട്രൽ: പകൽ 3.05

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട ദിവസമായി മാറ്റമില്ലാതെ തുടർന്ന് സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 43,800 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5475 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4533 രൂപയുമാണ്.

നാളെ പ്രവൃത്തിദിനം: വ്യാഴാഴ്ച ബാങ്കുകൾക്കും അവധി

നാളെ പ്രവൃത്തിദിനം: വ്യാഴാഴ്ച ബാങ്കുകൾക്കും അവധി

തിരുവനന്തപുരം: നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28-ാം തിയതിയിലേക്ക് മാറ്റി സർക്കാർ‌ ഉത്തരവിറക്കി. മുൻപ് അവധി പ്രഖ്യാപിച്ചിരുന്ന 27ന് പ്രവൃത്തിദിവസമായിരിക്കും. ‌28ന് നെ​ഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ച് ബാങ്കുകൾക്കും അവധിയാണ്. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രോഫഷനൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അവധി ബാധകമായിരിക്കും.

ബാങ്ക് ജീവനക്കാരുടെ ഭീഷണി; കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്തു

ബാങ്ക് ജീവനക്കാരുടെ ഭീഷണി; കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്തു

കോട്ടയം: കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്തു. അയ്മനം കുടയംപടി സ്വദേശി ബിനുവാണ് ആത്മഹത്യ ചെയ്തത്. 50 വയസായിരുന്നു. കര്‍ണാടക ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നാണ് വ്യാപാരി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ഇന്നലെ ഉച്ചയോടെയാണ് ചെരുപ്പുകട നടത്തുന്ന കെസി ബിനുവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക ബാങ്ക് മാനേജര്‍ പ്രദീപ് എന്നയാളുടെ നിരന്തരഭീഷണിയാണ് അച്ഛന്റെ ആത്മഹത്യക്ക് കാരണമെന്ന് മകള്‍ പറഞ്ഞു. രണ്ടുമാസത്തെ കുടിശ്ശിക മാത്രമാണ് നല്‍കാനുണ്ടായിരുന്നത്. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും മാനജേര്‍ കടയിലെത്തി അച്ഛനെ ഭീഷണിപ്പെടുത്തയതായും പണം തിരിച്ചടയ്ക്കാനാകാത്തതിലെ നാണക്കേടുകൊണ്ടാണ് അച്ഛന്‍ ജീവനൊടുക്കിയതെന്നും മകള്‍ പറഞ്ഞു.

വ്യാപാരിയായ ബിനു നേരത്തെ രണ്ടുതവണ കര്‍ണാടക ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. അത് യഥാസമയം തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇത്തവണ അഞ്ച് ലക്ഷം രൂപയാണ് വായ്പയായി എടുത്തത്. അതില്‍ രണ്ടുമാസത്തെ കുടിശ്ശിക ബാങ്കില്‍ അടയ്ക്കാനുണ്ടായിരുന്നതായി കുടുംബം പറയുന്നു. കച്ചവടം കുറവായതുകൊണ്ടാണ് തിരിച്ചടവ് വൈകുന്നതെന്ന് ബിനു ബാങ്ക് ജീവനക്കാരെ അറിയിച്ചിരുന്നു. മാനേജര്‍ പ്രദീപ് ഇന്നലെ കടയിലെത്തുകയും അപമാനിക്കും വിധം സംസാരിച്ചതായും കടയിലുള്ള തുക വാങ്ങിപ്പോയതായും വിനുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു

കര്‍ണാടക ബാങ്കിനെതിരെ കുടുംബം കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ മുന്നറിയിപ്പ്

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ഇടിമിന്നലിനും 40 കിലോ മീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു.