ഷാരോണ്‍ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം

ഷാരോണ്‍ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം

കൊച്ചി: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 11 മാസമായി ജയിലില്‍ കഴിയുകയായിരുന്നു ഗ്രീഷ്മ. ഒക്ടോബര്‍ 14നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.

തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ആണ്‍സുഹൃത്തായിരുന്ന ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ജീവന് വേണ്ടി പൊരുതിയ ഷാരോണ്‍ ഒടുവില്‍ ഒക്ടോബര്‍ 25ന് മരണത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

മരണമൊഴിയില്‍ പോലും ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. ആദ്യം പാറശാല പൊലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലായിരുന്നു എത്തിച്ചേര്‍ന്നത്. എന്നാല്‍ പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷാരോണിനെ ഗ്രീഷ്മ വിഷം കൊടുത്ത് കൊല്ലുകയായിരുന്നെന്ന് കണ്ടെത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ സമ്മതിക്കുകയും ചെയ്തു.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരും കേസില്‍ പ്രതിയാണ്. ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും അമ്മാവനും ശ്രമിച്ചെന്ന പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും കേസില്‍ പ്രതി ചേര്‍ത്തത്.

സഹതടവുകാരുടെ പരാതിയെത്തുടര്‍ന്ന് ഗ്രീഷ്മയെ ജയില്‍ മാറ്റിയിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ മാവേലിക്കര സ്പെഷ്യല്‍ ജയിലിലേക്കാണ് മാറ്റിയത്. ഗ്രീഷ്മയുള്‍പ്പടെ രണ്ട് തടവുകാരെയാണ് ജയില്‍ മാറ്റിയത്.

കേസില്‍ അറസ്റ്റിലായതുമുതല്‍ അട്ടക്കുളങ്ങര ജയിലിലായിരുന്നു ഗ്രീഷ്മ. സഹതടവുകാരിയുമായി കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ജയില്‍ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജയില്‍ മാറ്റം. എന്നാല്‍ അട്ടക്കുളങ്ങര ജയിലില്‍ തടവുകാരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഗ്രീഷ്മയെ മറ്റ് തടവുകാര്‍ക്കൊപ്പം ജയില്‍ മാറ്റിയതെന്നാണ് ജയിലധികൃതരുടെ വിശദീകരണം.

ഏഷ്യൻ ​ഗെയിംസിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾക്ക് സ്വർണം

ഏഷ്യൻ ​ഗെയിംസിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾക്ക് സ്വർണം

ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണവേട്ട ആരംഭിച്ചിരിക്കുന്നു. ശ്രലങ്കയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം സ്വര്‍ണം നേടിയിരിക്കുകയാണ്. ഷൂട്ടിംഗിലും ഇന്ന് ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് നേടി. താരതമ്യേന ചെറിയ സ്കോര്‍ ആയിരുന്നെങ്കിലും ശ്രലങ്കന്‍ ടീമിനെ ഇന്ത്യന്‍ ബോളര്‍മാര്‍ 8 വിക്കറ്റിന് 97 എന്ന നിലയില്‍ ഒതുക്കി. ഇന്ത്യക്ക് 19 റണ്‍സിന്‍റെ വിജയം.

ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന 45 പന്തില്‍ 46 റണ്‍സെടുത്തു. ജമീമ റോഡ്രിഗസ് 40 പന്തില്‍ 42 റണ്‍സ് നേടി. ഇരുവരുടെയും പോരാട്ടമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ശ്രീലങ്കയ്ക്കായി ഹസിനി പെരേര 25 ഉം നിലാക്ഷി ഡി സെല്‍വ 23 റണ്‍സും നേടി.

മൂന്ന് വിക്കറ്റ് നേടിയ ടിറ്റാസ് സാധു ഇന്ത്യയ്ക്കായി ബോളിംഗില്‍ തിളങ്ങി.ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ലോക റെക്കോർഡോടെയാണ് ഇന്ത്യ ആദ്യ സ്വർണം നേടിയത്. പുരുഷമാരുടെ 10 മീറ്റർ എയർ റൈഫിൾ ടീമിനാണ് സ്വർണം. രുദ്രാൻഷ് ,ദിവ്യാൻഷ് , ഐശ്വര്യയ് തോമർ അടങ്ങുന്ന ടീമിനാണ് നേട്ടം. മൂന്നുപേരും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ. 1893.7 മീറ്റർ പോയിന്റ് നേടി ഇന്ത്യൻ ടീം ലോക റെക്കോർഡ് കുറിച്ചു.തുഴച്ചിലിൽ ഒരു വെങ്കലം കൂടി ഇന്ത്യ നേടി. 4 പേരടങ്ങുന്ന പുരുഷ ടീമിനാണ് വെങ്കലം. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 8 ആയി.

സോളാർ പീഡന പരാതിയിൽ ഹൈബി ഈഡൻ കുറ്റവിമുക്തൻ, സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു

സോളാർ പീഡന പരാതിയിൽ ഹൈബി ഈഡൻ കുറ്റവിമുക്തൻ, സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു

തിരുവനന്തപുരം: സോളാർ പീഡന കേസിൽ കോൺഗ്രസ് എംപി ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. അന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജി തള്ളി. എംഎൽഎ ഹോസ്റ്റലിൽ വെച്ച് ഹൈബി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പരാതിയിൽ ഒരു കഴമ്പുമില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും സിബിഐ കണ്ടെത്തി. സാക്ഷികളോ തെളിവുകളോ ഇല്ലെന്നും സിബിഐ റിപ്പോർട്ടിലുണ്ട്.

ഇതിനിടെ, സോളാർ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തനാപുരം എംഎൽഎ കെ.ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ്. ഒക്ടോബർ 18ന് ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയത്. ഗണേഷിനൊപ്പം പരാതിക്കാരിക്കും വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കൊട്ടാരക്കര കോടതിയെടുത്ത കേസിൽ പരാതിക്കാരിയാണ് ഒന്നാം പ്രതി. ഗണേഷ് കുമാർ രണ്ടാം പ്രതിയും.

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസ്; ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസ്; ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസിൽ കെബി ഗണേഷ്കുമാർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. അടുത്തമാസം 18ന് കെ ബി ഗണേഷ്കുമാർ കോടതിയിൽ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. സോളർ പീഡനക്കേസിലെ പരാതിക്കാരിക്ക് കോടതി വീണ്ടും സമൻസ് അയച്ചു.പ്രതികൾക്ക് കോടതി അയച്ച നോട്ടീസ്, നേരത്തെ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിൻറെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി കേസ് വീണ്ടും പരിഗണിച്ചന്നത്.കേസിൽ ഉമ്മൻ ചാണ്ടി, ഫെനി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ കോടതി എടുത്തിരുന്നു.

21 പേജുള്ള കത്താണ് ജയിലിൽ വച്ച് കൈമാറിയതെന്ന് ഫെനി മൊഴിനൽകി. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്ന് സി.ബി.ഐയും കണ്ടെത്തിയതോടെയാണ് ഇടവേളയ്ക്കുശേഷം കേസ് വീണ്ടും സജീവചർച്ചയായത്.

മുൻഗണനാ റേഷൻ കാർഡുകൾ; അപേക്ഷ ഒക്ടോബർ 10 മുതൽ

മുൻഗണനാ റേഷൻ കാർഡുകൾ; അപേക്ഷ ഒക്ടോബർ 10 മുതൽ

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുവാൻ ഉള്ളവർ മുൻഗണനയ്ക്ക് അർഹമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മുൻഗണനാ കാർഡിനു വേണ്ടി നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നിന്ന് അർഹരായി കണ്ടെത്തിയ 11,348 പേർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി മുൻഗണനാ കാർഡുകൾ അനുവദിച്ചു.
അതേസമയം, അനധികൃതമായി മുൻഗണനാ കാർഡ് കൈവശം ഉപയോഗിച്ചിരുന്നവരിൽനിന്ന് 2021 മേയ് 21 മുതൽ ഈ വർഷം ഓഗസ്റ്റ് വരെ 44,609 റേഷൻകാർഡുകൾ പിടിച്ചെടുത്തു. 5,21,48,697 രൂപ പിഴ ഈടാക്കി.

പോലീസ് ഉദ്യോഗസ്ഥരുടെ മദ്യപാനം; കർശന നടപടിയെടുക്കും, ഉത്തരവുമായി എഡിജിപി

പോലീസ് ഉദ്യോഗസ്ഥരുടെ മദ്യപാനം; കർശന നടപടിയെടുക്കും, ഉത്തരവുമായി എഡിജിപി

തിരുവനന്തപുരം: പോലീസിലെ ലഹരി ഉപയോഗത്തിനെതിരെ നടപടിയുമായി എഡിജിപി എംആർ അജിത് കുമാർ. ജോലി സമയത്ത് മദ്യപിക്കുകയോ ലഹരി വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യുന്ന പോലിസുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പുതിയ ഉത്തരവ്. പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയാൽ എസ് എച്ച് ഒക്കെതിരെ നടപടിയെടുക്കുമെന്നും ഇനി എസ്എച്ച്ഒ മദ്യപിച്ച് ഡ്യൂട്ടി ചെയ്താൽ ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കുമെന്നും ഇന്നലെ എഡിജിപി ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥർ മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നില്ലെന്ന് എസ് പിമാർ ഉൾപ്പടെ ഉറപ്പ് വരുത്തണം. ലഹരി ഉപയോഗിക്കുന്നവരെ നേർവഴിക്ക് നടത്തണമെന്നും നിർദ്ദേശമുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടേതാണ് ഉത്തരവ്.

പോലീസ് സ്റ്റേഷനുകളിലും പോലീസ് യൂണിറ്റുകളിലും പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എസ്എച്ചഒമാർക്ക് ഇത്തരം വ്യക്തികളെ നിയന്ത്രിക്കുന്നതിൽ പൂർണ ഉത്തരവാദിത്വമുണ്ടെന്നും എഡിജിപി എംആർ അജിത് കുമാർ ഇറക്കിയ സർക്കുലറിൽ പറയുന്നു. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർ ശരിയായ രീതിയിൽ കൃത്യനിർവഹണത്തിലേർപ്പെടാതെ പൊതുജനങ്ങോളോട് അപമര്യാദമായി പെരുമാറുന്നത് പല സ്ഥലങ്ങളിലും സംഘർഷങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്.

ഇത്തരം പ്രവർത്തികൾ സർക്കാരിനും പോലീസ് സേനക്കും ജനങ്ങളുടെ ഇടയിലുള്ള സൽപേരിന് കളങ്കം വരുത്തുന്നതാണ്. പെരുമാറ്റദൂഷ്യമുള്ള ഉദ്യോഗസ്ഥന്മാരെ എല്ലാ യൂണിറ്റ് മേധാവികളും തിരിച്ചറിയുകയും അവരെ ശരിയായ മാർഗ്ഗത്തിൽ കൊണ്ടുവരേണ്ടതിന്റെ ഉത്തരവാദിത്വം ജില്ലാ പോലീസ് മേധാവിമാർക്കും ബന്ധപ്പെട്ട യൂണിറ്റ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കുമാണെന്ന് സർക്കുലറിൽ പറയുന്നു.

ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർ ഓഫീസിൽ വരുന്നില്ലെന്നും ലഹരി ഉപയേഗിച്ച ശേഷം ജോലി ചെയ്യുന്നില്ലെന്നും ഉറപ്പ് വരുത്താത്തത് മേലധികാരികളുടെ നിരുത്തരവാദപരമായ പ്രവൃത്തിയാണ്. പോലീസ് സ്റ്റേഷനുകളിലെ മേധാവിമാർ ഇത്തരം ആൾക്കാരുടെ പ്രവൃത്തികൾ നേരിട്ട് ശ്രദ്ധിക്കുന്നില്ലായെന്നത് ഗുരുതരമായ മേൽനോട്ട വീഴ്ചയായി കാണാവുന്നതാണ്. ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വരുകയോ, ഡ്യൂട്ടിയിൽ തുടരുകയോ ചെയ്താൽ അതിന്റെ പൂർണ്ണമായ ഉത്തരാവാദിത്വം അതത് മേധാവിമാർക്കായിരിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കർശനമായ വകുപ്പ് തല നടപടികൾ യൂണിറ്റ് മേധാവിമാർക്കും ബന്ധപ്പെട്ട മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കുമെതിരെ സ്വീകരിക്കുന്നതാണെന്നും എഡിജിപി അറിയിച്ചു.

എഡിജിപിയുടെ ഉത്തരവ് ജില്ലാ പോലീസ് മേധാവി പ്രത്യേക യോഗം വിളിച്ച് തന്റെ കീഴിലുള്ള ഡിവെെഎസ്പി, എസി, എസ് എച്ച് ഒ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരേയും ധരിപ്പിക്കേണ്ടതാണെന്നും വിവരങ്ങൾ യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പൂർണ്ണമായ അർത്ഥത്തിൽ മനസ്സിലാക്കിയെന്ന് ഉറപ്പു വരുത്തേണ്ടതുമാണെന്നും എഡിജിപി എംആർ അജിത് കുമാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.