ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണുമരിച്ചു

ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണുമരിച്ചു

കണ്ണൂര്‍: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. കൂത്തുപറമ്പ് സ്വദേശി പിസി സിനാല്‍ ആണ് മരിച്ചത്. 19 വയസായിരുന്നു. ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം.

ഇന്നലെ രാത്രി പത്തുമണിയോടെ കൂട്ടുകാരുമൊത്ത് ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സിനാന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ സിനാനിനെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.

മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും

മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും

കോഴിക്കോട്: നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞ സാഹചര്യത്തില്‍ ജില്ലയില്‍ കണ്ടൈന്‍മെന്റ് സോണുകളില്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ഥികളും ഈ ദിവസം മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പതിവുപോലെ എത്തിച്ചേരേണ്ടതാണെന്നും കലക്ടര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്‌ളാസ് റൂമുകളിലും സാനിറ്റൈസര്‍ വെക്കേണ്ടതും എല്ലാവരും ഇത് ഉപയോഗിച്ച് കൈകള്‍ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്. കണ്ടൈന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍, അവിടെ എര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വരെ അധ്യയനം ഓണ്‍ലൈന്‍ ആയി തന്നെ തുടരേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.

അവയവദാതാവിന്റെ സംസ്കാരം: തമിഴ്നാട്ടിൽ ഇനി സംസ്ഥാന ബഹുമതികളോടെ

അവയവദാതാവിന്റെ സംസ്കാരം: തമിഴ്നാട്ടിൽ ഇനി സംസ്ഥാന ബഹുമതികളോടെ

തമിഴ്നാട്ടിൽ അവയവദാതാവിന്റെ സംസ്കാരം ഇനി മുതൽ സംസ്ഥാന ബഹുമതികളോടെ നടത്തും. മരണത്തിന് മുമ്പ് അവയവദാനം നടത്തുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. അവയവ ദാനത്തിലൂടെ നൂറുകണക്കിന് രോഗികൾക്ക് പുതുജീവൻ നൽകുന്നതിൽ തമിഴ്നാട് രാജ്യത്തെ മുൻനിര സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

‘ദുഃഖപൂർണമായ സമയത്തും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ മുന്നിട്ടിറങ്ങുന്ന കുടുംബങ്ങളുടെ നിസ്വാർത്ഥമായ ത്യാഗമാണ് ഈ നേട്ടം സാധ്യമാക്കിയത്. നിരവധി ജീവൻ രക്ഷിച്ചവരുടെ ത്യാഗത്തെ മാനിക്കുന്നതിനായി, മരണത്തിന് മുമ്പ് അവയവദാനം നടത്തുന്നവരുടെ സംസ്കാര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്തും’- മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിൽ അവയവദാനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് തമിഴ്നാട് എന്നത് ശ്രദ്ധേയമാണ്. അവയദാനത്തിൽ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന സംസ്ഥാനമായി കഴിഞ്ഞമാസം തമിഴ്നാട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞമാസം ഇത് സംബന്ധിച്ച പുരസ്‌കാരം കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ ഏറ്റുവാങ്ങുകയും ചെയ്തു. അവയവദാനത്തെക്കുറിച്ചുള്ള ഉയർന്ന അവബോധമാണ് വിജയത്തിന് പിന്നിലെന്നാണ് തമിഴ്നാട് ആരോഗ്യമന്ത്രി പറഞ്ഞത്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

പ്രസംഗം തീരുംമുന്‍പേ അനൗണ്‍സ്‌മെന്റ്; മുഖ്യമന്ത്രി പൊതുവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

കാസര്‍കോട് പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസാരിച്ചുതീരും മുന്‍പേ അനൗണ്‍സ്‌മെന്റ് നടത്തിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ബേഡടുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.

ഔപചാരികമായി പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞുതീരും മുന്‍പേ വേദിയില്‍ അനൗണ്‍സ്‌മെന്റ് കേട്ടതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. ‘താന്‍ സംസാരിച്ച് തീരും മുന്‍പേ അനൗണ്‍സ്‌മെന്റ് നടത്തുന്നത് ശരിയായ ഏര്‍പ്പാട് അല്ലല്ലോ. താന്‍ സംസാരിച്ച് തീര്‍ത്തിട്ടല്ലേ അനൗണ്‍സ്‌മെന്റ് വേണ്ടത്’ എന്ന് സംഘാടകരില്‍ ഒരാളോട് വേദിയില്‍ വച്ച് പറയുകയും ചെയ്തതിന് ശേഷമാണ് മുഖ്യമന്ത്രി വേദി വിട്ടത്.

ഔപചാരികമായി ഉദ്ഘാടനം ചെയ്‌തെന്ന് പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറ്റ് എന്തോ പറയാനുണ്ടായിരുന്നെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. അനൗണ്‍സ്‌മെന്റില്‍ പറയുന്നത് ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി കെട്ടിടനിര്‍മ്മാണം നടത്തിയ എന്‍ജിനീയര്‍ക്ക് ഉപഹാരം സമര്‍പ്പണം നടത്തുമെന്നായിരുന്നു. എന്നാല്‍ ഉപഹാരസമര്‍പ്പണത്തിന് നില്‍ക്കാതെ വേദിയില്‍ നിന്ന് ഇങ്ങിപ്പോകുയായിരുന്നു.

വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലെത്തുന്ന തീയതിയിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്ന് സർക്കാർ

വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലെത്തുന്ന തീയതിയിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്ന് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലെത്തുന്ന തീയതിയിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. നിശ്ചയിച്ചത് പോലെ നാലിന് തന്നെ ചടങ്ങ് നടത്തണമെന്നാണ് സർക്കാർ നിലപാട്. ആദ്യം മുന്ദ്ര തുറമുഖത്തേക്ക് പോകേണ്ടതിനാൽ കപ്പൽ വിഴിഞ്ഞത്ത് എത്താൻ വൈകുമെന്നാണ് അദാനി പറയുന്നത്.

ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ വിഴിഞ്ഞത്തേക്ക് എത്തുന്നതും കണ്ണും നട്ട് കാത്തിരിക്കുകയാണ് കേരളം. നാലിന് കപ്പലെത്തുന്നത് വലിയ ആഘോഷമാക്കാനാണ് സർക്കാർ തീരുമാനം.എന്നാൽ വർഷങ്ങളായി കേരളം കണ്ട സ്വപ്നം യാഥാർത്ഥ്യമാകുന്നത് ഇനിയും വൈകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ആഗസ്റ്റ് 30ന് പുറപ്പെട്ട കപ്പൽ, നാലിന് വിഴിഞ്ഞത്തക്ക് എത്താൻ സാധ്യത കുറവാണ്.വിഴിഞ്ഞം തുറമുഖത്തിനാവശ്യമായ ഒരു ഷിപ്പ് ടു ഷോർ ക്രെയ്നും, രണ്ട് യാർഡ് ക്രെയ്നുകളുമാണ് കപ്പലിലുള്ളത്. ഒപ്പം ഗുജറാത്തിലെ അദാനി പോർട്ടായ മുന്ദ്രയിലേക്കുള്ള രണ്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും കപ്പലിലുണ്ട്. ഇപ്പോൾ ശ്രീലങ്കൻ തീരത്തുള്ള കപ്പൽ, 30ന് മുന്ദ്രയിലേക്ക് എത്തും. അവിടെ ക്രെയ്നുകൾ ഇറക്കാൻ നാല് ദിവസമെടുത്തേക്കാം.അങ്ങനെയെങ്കിൽ, പ്രതീക്ഷിച്ചത് പോലെ കപ്പലിന് നാലിന് കേരളാ തീരത്തേക്ക് എത്താനാകില്ല.

കപ്പൽ വൈകാൻ സാധ്യതയുണ്ടെന്ന വിവരം ഓദ്യോഗികമായി അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിട്ടില്ല. പക്ഷെ ചടങ്ങ് മാറ്റാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. 28ന് കപ്പലെത്തുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീടാണ് പ്രായോഗിക തടസ്സങ്ങൾ കാരണമാണ് നാലിലേക്ക് മാറ്റിയത്. അതനുസരിച്ച് വമ്പൻ പരിപാടിയും നിശ്ചയിച്ചു. ഇനി മാറ്റം വരുത്താനാകില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. ആദ്യം വിഴിഞ്ഞത്തെത്തി, പിന്നെ കപ്പൽ മുന്ദ്രയിലേക്ക് പോകട്ടെയെന്നും സർക്കാർ പറയുന്നു.

ബംഗാൾ ഉൾക്കടലിലെ കാലാവസ്ഥ മാറ്റങ്ങളും കപ്പലിന്റെ വരവിനെ സ്വാധീനിച്ചേക്കാം. ഇത് കൂടി മുന്നിൽകണ്ടാണ് തീയതി നിശ്ചയിച്ചതെന്നും തുറമുഖ വകുപ്പ് വിശദീകരിക്കുന്നു.