വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലെത്തുന്ന തീയതിയിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്ന് സർക്കാർ

വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലെത്തുന്ന തീയതിയിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്ന് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലെത്തുന്ന തീയതിയിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. നിശ്ചയിച്ചത് പോലെ നാലിന് തന്നെ ചടങ്ങ് നടത്തണമെന്നാണ് സർക്കാർ നിലപാട്. ആദ്യം മുന്ദ്ര തുറമുഖത്തേക്ക് പോകേണ്ടതിനാൽ കപ്പൽ വിഴിഞ്ഞത്ത് എത്താൻ വൈകുമെന്നാണ് അദാനി പറയുന്നത്.

ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ വിഴിഞ്ഞത്തേക്ക് എത്തുന്നതും കണ്ണും നട്ട് കാത്തിരിക്കുകയാണ് കേരളം. നാലിന് കപ്പലെത്തുന്നത് വലിയ ആഘോഷമാക്കാനാണ് സർക്കാർ തീരുമാനം.എന്നാൽ വർഷങ്ങളായി കേരളം കണ്ട സ്വപ്നം യാഥാർത്ഥ്യമാകുന്നത് ഇനിയും വൈകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ആഗസ്റ്റ് 30ന് പുറപ്പെട്ട കപ്പൽ, നാലിന് വിഴിഞ്ഞത്തക്ക് എത്താൻ സാധ്യത കുറവാണ്.വിഴിഞ്ഞം തുറമുഖത്തിനാവശ്യമായ ഒരു ഷിപ്പ് ടു ഷോർ ക്രെയ്നും, രണ്ട് യാർഡ് ക്രെയ്നുകളുമാണ് കപ്പലിലുള്ളത്. ഒപ്പം ഗുജറാത്തിലെ അദാനി പോർട്ടായ മുന്ദ്രയിലേക്കുള്ള രണ്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും കപ്പലിലുണ്ട്. ഇപ്പോൾ ശ്രീലങ്കൻ തീരത്തുള്ള കപ്പൽ, 30ന് മുന്ദ്രയിലേക്ക് എത്തും. അവിടെ ക്രെയ്നുകൾ ഇറക്കാൻ നാല് ദിവസമെടുത്തേക്കാം.അങ്ങനെയെങ്കിൽ, പ്രതീക്ഷിച്ചത് പോലെ കപ്പലിന് നാലിന് കേരളാ തീരത്തേക്ക് എത്താനാകില്ല.

കപ്പൽ വൈകാൻ സാധ്യതയുണ്ടെന്ന വിവരം ഓദ്യോഗികമായി അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിട്ടില്ല. പക്ഷെ ചടങ്ങ് മാറ്റാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. 28ന് കപ്പലെത്തുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീടാണ് പ്രായോഗിക തടസ്സങ്ങൾ കാരണമാണ് നാലിലേക്ക് മാറ്റിയത്. അതനുസരിച്ച് വമ്പൻ പരിപാടിയും നിശ്ചയിച്ചു. ഇനി മാറ്റം വരുത്താനാകില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. ആദ്യം വിഴിഞ്ഞത്തെത്തി, പിന്നെ കപ്പൽ മുന്ദ്രയിലേക്ക് പോകട്ടെയെന്നും സർക്കാർ പറയുന്നു.

ബംഗാൾ ഉൾക്കടലിലെ കാലാവസ്ഥ മാറ്റങ്ങളും കപ്പലിന്റെ വരവിനെ സ്വാധീനിച്ചേക്കാം. ഇത് കൂടി മുന്നിൽകണ്ടാണ് തീയതി നിശ്ചയിച്ചതെന്നും തുറമുഖ വകുപ്പ് വിശദീകരിക്കുന്നു.

ലോൺ ആപ്പ് തട്ടിപ്പ്: അനധികൃത വായ്പാ ആപ്പുകൾക്കെതിരെ നടപടി കടുപ്പിക്കും

ലോൺ ആപ്പ് തട്ടിപ്പ്: അനധികൃത വായ്പാ ആപ്പുകൾക്കെതിരെ നടപടി കടുപ്പിക്കും

അനധികൃത വായ്പാ ആപ്പുകൾക്കെതിരെ നടപടി കടുപ്പിക്കും. അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകൾ പൂട്ടും. ആപ്പുകൾ പ്രവർത്തിക്കുന്ന 72 വെബ്‌സൈറ്റുകൾ നിരോധിക്കാൻ സൈബർ ഓപ്പറേഷൻസ് വകുപ്പ് നോട്ടീസ് നൽകി. ഭൂരിഭാഗം അനധികൃത ആപ്പുകളും പ്രവര്‍ത്തിക്കുന്നത് ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള വെബ്‌സൈറ്റുകളിലെന്നും കണ്ടെത്തല്‍.

നിരവധി ആളുകള്‍ ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംസ്ഥാന പൊലീസ് കാര്യക്ഷമമായ നടപടിയിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികള്‍ കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പൊലീസ് പ്രത്യേക വാട്ട്സ്ആപ്പ് നമ്പർ സംവിധാനം സജ്ജമാക്കിയിരുന്നു.

പൊലീസിന്റെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് ആദ്യദിവസം തന്നെ പരാതി പ്രവാഹമായിരുന്നു. 628 പരാതി സന്ദേശങ്ങളാണ് ആദ്യ ദിവസം ലഭിച്ചത്. അതേസമയം ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം 1427 പരാതിക്കാരാണ് പൊലീസിന്റെ സഹായം തേടിയെത്തിയത്. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്. 2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്.

തൃശൂരിൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച; തിരുവാഭരണവും പണവും മോഷ്ടിക്കപ്പെട്ടു

തൃശൂരിൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച; തിരുവാഭരണവും പണവും മോഷ്ടിക്കപ്പെട്ടു

തൃശൂർ: തൃശൂരിലെ മുള്ളൻ ബസാർ എരുമത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ മോഷണം. തിരുവാഭരണവും പണവും നഷ്ടപ്പെട്ടു. ക്ഷേത്രത്തിലെ ശാന്തിമഠത്തിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്.

ക്ഷേത്രം ഓഫീസിന്റെയും ശാന്തിമഠത്തിന്റെയും പൂട്ട് കുത്തി പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. രണ്ട് പവന്റെ മാലയും ഒരു പവന്റെ ചന്ദ്രക്കലയുമാണ് നഷ്ടപ്പെട്ടത്. മേശവലിപ്പിൽ നിന്ന് താക്കോൽ എടുത്ത് ക്ഷേത്രവും തുറന്നിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് വലിപ്പിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടു. ഇന്നലെ രാവിലെ രണ്ടാം ശാന്തി ഉണ്ണികൃഷ്ണൻ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

തുടർന്ന് ക്ഷേത്രം ഭാരവാഹികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മതിലകം പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കഴിഞ്ഞ ദിവസം മതിലകം അടിപറമ്പിൽ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. മോഷ്ടാവിനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.

ഭർത്താവ് കൈ കാണിച്ച് ബസ് നിർത്തിച്ചു; റോഡ് മുറിച്ചെത്തിയ വീട്ടമ്മ അതേ ബസ് ഇടിച്ചു മരിച്ചു

ഭർത്താവ് കൈ കാണിച്ച് ബസ് നിർത്തിച്ചു; റോഡ് മുറിച്ചെത്തിയ വീട്ടമ്മ അതേ ബസ് ഇടിച്ചു മരിച്ചു

കോട്ടയം: ബസ്സിൽ കയറാനായി റോഡ് മുറിച്ചു കടന്നെത്തിയ വീട്ടമ്മ അതേ ബസ് ഇടിച്ചു മരിച്ചു. ഭർത്താവ് നോക്കി നിൽക്കെയാണ് അപകടമുണ്ടായത്. കുറുപ്പന്തറ കാഞ്ഞിരത്താനം കിഴക്കേ ഞാറക്കാട്ടിൽ തോമസ് ചാക്കോയുടെ ഭാര്യ ജോസി തോമസ് (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷം തോട്ടുവ – കുറുപ്പന്തറ റോഡിൽ കാഞ്ഞിരത്താനം ജങ്ഷനിലായിരുന്നു അപകടം.

ജോസിയും ഭർത്താവ് തോമസും കുറുപ്പന്തറയിലേക്കു പോകാനായാണ് ഇവർ എത്തിയത്. ജോസി എതിർവശത്തു പരിചയക്കാരുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. തോമസ് ബസ് നിർത്തുന്ന വശത്തുമായിരുന്നു. വൈക്കം – പാലാ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് തോമസ് കൈ കാണിച്ചു നിർത്തി.

ഫാസ്റ്റ് പാസഞ്ചർ ബസ് ആയതിനാൽ തോമസ് ബസിൽ കയറിയില്ല. കണ്ടക്ടർ ഡബിൾ ബെൽ നൽകുകയും ചെയ്തു. കണ്ണാടിയിൽ ബസിന്റെ വാതിൽ ശ്രദ്ധിച്ച് ഡ്രൈവർ മുന്നോട്ടെടുക്കുന്നതിനിടെ, എതിർവശത്തു നിന്നിരുന്ന ജോസി ബസിൽ കയറാനായി ഓടിവരുമ്പോഴാണ് അപകടമെന്നു പൊലീസ് പറഞ്ഞു. നാട്ടുകാരും യാത്രക്കാരും ചേർന്ന് ജോസിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാഞ്ഞിരത്താനം സെന്റ് ജോൺസ് സ്കൂളിലെ ജീവനക്കാരിയായിരുന്നു.

തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക, നിയന്ത്രണം വെളുപ്പിന് രണ്ട് മണി മുതൽ

തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക, നിയന്ത്രണം വെളുപ്പിന് രണ്ട് മണി മുതൽ

തിരുവനന്തപുരം: നാളെ കഴക്കൂട്ടം – കോവളം ബൈപ്പാസിൽ ഗതാഗത നിയന്ത്രണം. കോവളം മുതൽ ശംഖുമുഖം എയർപോർട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോൺ മത്സരവുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കോവളം മുതൽ ചാക്ക ജംഗ്ഷൻ വരെയും, ചാക്ക മുതൽ ശംഖുമുഖം വരെയുള്ള റോഡിലും, റോഡിന്റെ ഇടതുവശത്തുള്ള പാതയിലും ഗതാഗത നിയന്ത്രണങ്ങളുണ്ടാകും. ഞായറാഴ്ച വെളുപ്പിന് 2.00 മണി മുതൽ രാവിലെ 10.00 മണി വരെയാണ് നിയന്ത്രണം.

കോവളം ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കോവളം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് സമാന്തരമായുള്ള ചാക്ക – കോവളം ബൈപ്പാസ് റോഡിലൂടെ എതിർദിശയിലേക്ക് പോകണം. ചാക്ക – കോവളം റോഡിൽ കിഴക്കു വശം പാതയിൽ ഇരു ദിശയിലേക്കും ഗതാഗതം അനുവദിക്കും. ചാക്ക ഭാഗത്തു നിന്നും ശംഖുമുഖം ഭാഗത്തേക്കും, തിരിച്ചുമുള്ള വാഹനങ്ങൾ ചാക്ക ശംഖുമുഖം റോഡിന്റെ വലതുവശം പാതയിലൂടെ ഇരുദിശകളിലേക്കും പോകണം. വിമാനത്താവളത്തിലേയ്ക്ക് വരുന്ന യാത്രക്കാർ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് വാർത്താ കുറിപ്പിൽ അറിയിച്ചു.

‌സമുദ്രങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും ആരോഗ്യത്തോടെ ജീവിക്കേണ്ടതിന്റെയും ആവശ്യകതകൾ ഉയർത്തിയാണ് ‘കോവളം മാരത്തോൺ’ സംഘടിപ്പിക്കുന്നത്. സന്നദ്ധ സംഘടനയായ യങ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്ററാണ് സംഘാടകർ. ഫുൾ മാരത്തോൺ (42.2 കിലോമീറ്റർ), ഫാഫ് മാരത്തോൺ (21.1 കിലോമീറ്റർ), 10 കെ ഫൺ (10 കിലോമീറ്റർ), ഫൺ റൺ (അഞ്ച് കിലോമീറ്റർ) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് മത്സരം. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് മാരത്തോണിൽ പങ്കെടുക്കാനാകുക.

KL 90, സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി ഒറ്റ രജിസ്ട്രേഷൻ സീരീസ്; തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്യണം

KL 90, സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി ഒറ്റ രജിസ്ട്രേഷൻ സീരീസ്; തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ കെഎൽ 90 എന്ന ഒറ്റ രജിസ്ട്രേഷൻ സീരീസ്. വാഹനങ്ങളെല്ലാം ഒറ്റ ആർടി ഓഫിസിൽ രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് നിലവിൽ വരുന്നത്. എല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്–2 ൽ രജിസ്റ്റർ ചെയ്യാൻ തീരുമാനമായി. കെഎൽ 90 എ സംസ്ഥാന സർക്കാർ, കെഎൽ 90 ബി കേന്ദ്രസർക്കാർ, കെഎൽ 90 സി തദ്ദേശ സ്ഥാപനങ്ങൾ, കെഎൽ 90 ഡി സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് നൽകുക.

സർക്കാർ വാഹനങ്ങളുടെ കണക്കെടുക്കാനും വാഹനങ്ങളുടെ കാലാവധി കഴിയുന്നത് അറിയാനുമാണ് പുതിയ സംവിധാനം. നിലവിൽ അതതു ജില്ലകളിലെ ആർടി ഓഫിസുകളിൽ രജിസ്റ്റർ ചെയ്ത സർക്കാർ വാഹനങ്ങളും ഈ ഓഫിസിൽ റീ രജിസ്ട്രേഷൻ നടത്തണം. എല്ലാ പഞ്ചായത്തുകളുടെയും വാഹനങ്ങൾ തിരുവനന്തപുരത്താകും രജിസ്റ്റർ ചെയ്യുക. ഇത് ഓൺലൈൻ വഴി ചെയ്യാനും അവസരമുണ്ട്.