സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അന്തരാഷ്ട്ര വില വ്യതിയാനങ്ങളാണ് സംസ്ഥാന വിലയിൽ പ്രതിഫലിക്കുന്നത്. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്ന് 5.1% ആയി ഉയർത്തിയത് സ്വർണവില കുറയാൻ കാരണമായി. കഴിഞ്ഞ അഞ്ച് ദിവസമായി 560 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 44,040 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5505 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4558 രൂപയാണ്.

ഐഎസ്എല്‍ ആവേശത്തോടൊപ്പം കൊച്ചി മെട്രോ; സര്‍വീസ് നീട്ടി; അവസാന ട്രെയിന്‍ 11:30 ന്

ഐഎസ്എല്‍ ആവേശത്തോടൊപ്പം കൊച്ചി മെട്രോ; സര്‍വീസ് നീട്ടി; അവസാന ട്രെയിന്‍ 11:30 ന്

കൊച്ചി: ഐഎസ്എല്‍ ആവേശത്തില്‍ പങ്കു ചേര്‍ന്ന് കൊച്ചി മെട്രോയും. കൊച്ചി മെട്രോ സര്‍വീസ് രാത്രി 11. 30 വരെ നീട്ടി. കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഐഎസ്എല്‍ മത്സരം നടക്കുന്നത് പരിഗണിച്ചാണിത്. ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ് രാത്രി 11:30 ന് ആയിരിക്കും. പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്നവര്‍ക്കും മെട്രോ സര്‍വ്വീസ് പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.

ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ മാത്രമായിരിക്കും ഈ പ്രത്യേക സര്‍വീസ് ഉണ്ടാകുക. രാത്രി 10 മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുമുണ്ടാകും.

കളി കാണാൻ കൊച്ചിയിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്: ന​ഗരത്തിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണം

കളി കാണാൻ കൊച്ചിയിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്: ന​ഗരത്തിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണം

കൊച്ചി: ഐഎസ്എൽ ഉദ്ഘാടന മത്സരത്തോടനുബന്ധിച്ച് ഇന്ന് കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക. മത്സരം കാണാൻ എത്തുന്നവർ‌ക്കായി കൊച്ചി സിറ്റി ട്രാഫിക്ക് പൊലീസ് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

പശ്ചിമകൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നും മത്സരം കാണാനായി വരുന്നവരുടെ വാഹനങ്ങള്‍ ചാത്യാത്ത് റോഡില്‍ വാഹനങ്ങള്‍ക്ക് തടസ്സമില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരണം. പറവൂര്‍, തൃശ്ശൂര്‍, മലപ്പുറം എന്നീ മേഖലകളില്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ ആലുവ ഭാഗത്തും, കണ്ടയ്‌നര്‍ റോഡിലും അപകടരഹിതമായും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലും പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്.

ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍ നിന്നും വന്നവരുടെ വാഹനങ്ങള്‍ അപകടരഹിതമായും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലും തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരണം. ആലപ്പുഴ അടക്കമുള്ള തെക്കന്‍ മേഖലകളില്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ അപകടരഹിതമായും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലും കുണ്ടന്നൂര്‍, വൈറ്റില ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്ത് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്.

കാണികളുമായി എത്തുന്ന ഹെവി വെഹിക്കിള്‍സിന് സിറ്റിയുടെ അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല വൈകിട്ട് 05.00 മണിക്ക് ശേഷം എറണാകുളം ഭാഗത്ത് നിന്ന് ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി- മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയില്‍ എത്തി യാത്ര ചെയ്യേണ്ടതാണ്. വൈകിട്ട് 05.00 മണിക്ക് ശേഷം ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട് പാലാരിവട്ടം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജംഗ്ഷന്‍, എസ് എ റോഡ് വഴി യാത്ര ചെയ്യേണ്ടതാണ്.

കളിക്കുന്നതിനിടെ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടി; മലപ്പുറത്ത് പതിനൊന്നുകാരന് ക്രൂരമര്‍ദനം

കളിക്കുന്നതിനിടെ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടി; മലപ്പുറത്ത് പതിനൊന്നുകാരന് ക്രൂരമര്‍ദനം

മലപ്പുറം: മലപ്പുറത്ത് പതിനൊന്നുകാരനുനേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂരത. വള്ളിക്കല്‍ സ്വദേശി അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്നാരോപിച്ചാണ് ഇയാള്‍ അക്രമാസക്തനായത്. കഴുത്തിന് മര്‍ദനമേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

സെപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ടയര്‍ ഉരുട്ടിക്കളിക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ മേല്‍ തട്ടിയതിനെ തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ക്രുരമായി മര്‍ദിക്കുകയായിരുന്നു. ചുവരില്‍ കഴുത്ത് കുത്തിപ്പിടിച്ച് മര്‍ദിച്ചതായി കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് കുടുംബം വാടകയ്ക്കാണ് താമസിക്കുന്നത്.

കഴുത്തിന് കലശലായ വേദനയുണ്ടായതിനെ തുടര്‍ന്ന് ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസ് കേസ് എടുത്തു. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ യു വിക്രമന്‍ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ യു വിക്രമന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിപിഐ നേതാവുമായ യു വിക്രമന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മുതിര്‍ന്ന സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനാണ്. ജനയുഗം കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് മലയാള മണ്ണ് എന്ന പത്രത്തിലും കുറച്ചുകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിപിഐ എംഎന്‍ സ്മാരകം ബ്രാഞ്ച് സെക്രട്ടറി, പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ എന്നിവയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍മന്ത്രി എംവി രാഘവന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു; മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് 22 മരണം

സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു; മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് 22 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് 22 പേര്‍ മരിച്ചുവെന്നാണ് റിപ്പോർട്ട്. 20 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേര്‍ പനി ബാധിച്ച് ചികില്‍സ തേടി. ഇന്നലെ മാത്രം 89 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

141 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയത്. വൈറല്‍ പനിയും പടരുകയാണ്. പനി ബാധിച്ച് തിങ്കളാഴ്ച 8556 പേരും ചൊവ്വാഴ്ച 9013 പേരും ഇന്നലെ 8757 പേരും ചികില്‍സ തേടി. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവരില്‍ വീണ്ടും രോഗം ബാധിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലേയ്ക്ക് പോകുന്നതായി വിദഗ്ധര്‍ പറയുന്നു. അതിനാൽ ആവര്‍ത്തിച്ചുണ്ടാകുന്ന ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നൽ‌കുന്നു.