ഒല്ലൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

ഒല്ലൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

തൃശൂർ: തൃശൂരിലെ എടിഎമ്മിൽ തീപിടിത്തം. ഒല്ലൂർ രാമൂസ് ഷോപ്പിം​ഗ് മാളിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് സംഭവം നടന്നത്. ഷോർ‌ട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നി​ഗമനം. എടിഎം മെഷീന് കേട് സംഭവിച്ചിട്ടില്ല.

തൃശൂരിൽ നിന്നും അ​ഗ്നിശമനേ സേന യൂണിറ്റ് എത്തിയാണ് തീ പൂർണമായി അണച്ചത്. എടിഎം മെഷീന് പുറകുവശത്തായി സൂക്ഷിച്ചിരുന്ന ബാറ്ററികളും കൺട്രോൾ മെഷീനുകളും അനുബന്ധ വൈദ്യുതി ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചിലേക്കും മറ്റു കടകളിലേക്കും തീ പടരാതിരുന്നതിന്നാൽ വൻ ദുരന്തം ഒഴിവായി.

തൊഴിലുറപ്പ് വേതനവും ബോണസും ലഭിച്ചില്ല; കൊല്ലത്ത് മേയറെ തടഞ്ഞു തൊഴിലാളികൾ

തൊഴിലുറപ്പ് വേതനവും ബോണസും ലഭിച്ചില്ല; കൊല്ലത്ത് മേയറെ തടഞ്ഞു തൊഴിലാളികൾ

വേതനവും ബോണസും ലഭിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം കോർപ്പറേഷനിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. മേയർ പ്രസന്ന ഏണസ്റ്റിനെ തൊഴിലാളികൾ തടഞ്ഞു. അയ്യങ്കാളി തൊഴിൽ ഉറപ്പ് പദ്ധതി തൊഴിലാളികളാണ് മേയറെ തടഞ്ഞത്.

സ്ഥലത്തെത്തിയ മേയർ പ്രസന്ന ഏണസ്റ്റ് പ്രതിഷേധക്കാരെ കാണാതെ മേയർ മുങ്ങിയെന്ന് ആരോപണമുണ്ട്. ഓഫീസിൻ്റെ പിൻവാതിലിലൂടെയാണ് മേയർ പ്രസന്ന ഏണസ്റ്റ് മുങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് വലിച്ചിഴച്ചാണ് തൊഴിലാളികളെ കൊണ്ടുപോയത്. കൊല്ലം ഈസ്റ്റ് എസ് ഐ യുടെ നേതൃത്വത്തിൽ അതിക്രമം കാട്ടിയെന്നും പരാതിയുണ്ട്.

നിപ: പരിശോധനയ്ക്ക് അയച്ച 24 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി

നിപ: പരിശോധനയ്ക്ക് അയച്ച 24 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ പരിശോധനയ്ക്ക് അയച്ച 24 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും പോസിറ്റീവ് കേസുകളില്ലെന്നും മൂന്ന് പരിശോധാന ഫലം കൂടി വരാനുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ഓക്സിജന്‍ സപ്പോര്‍ട്ടും മാറ്റിയതായും മന്ത്രി അറിയിച്ചു.ആദ്യ ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കിയ ശേഷം സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. 11 പേര്‍ മെഡിക്കല്‍ കോളേജിലെ ഐസോലഷനിലുണ്ട്.

ആരോഗ്യ വകുപ്പിന്റെ ജില്ലാ സര്‍വലന്‍സ് ടീം തുടക്കത്തില്‍ തന്നെ നിപ വൈറസ് കണ്ടുപിടിക്കുന്നതിന് കൃത്യമായ ഇടപെടലുകള്‍ നടത്തി. തുടര്‍ന്ന് ടീം സ്വീകരിച്ച നടപടികളാണ് രോഗ വ്യാപനത്തെ ഫലപ്രദമായി തടയുന്നതിന് സഹായിച്ചത്. ഔട്ട് ബ്രേക്ക് സമയത്ത് തന്നെ ആദ്യ കേസ് കണ്ടുപിടിക്കാന്‍ സാധിച്ചത് ആദ്യമായിട്ടാണ്. രണ്ടാമത് മരണമടഞ്ഞയാളുടെ മൃതദേഹം വിട്ടുകൊടുക്കാതെ നിപ പരിശോധന നടത്തിയതാണ് രോഗം കണ്ടുപിടിക്കാനും വേഗത്തില്‍ പ്രതിരോധമൊരുക്കാനും സാധിച്ചതെന്ന് മന്ത്രി പറഞ്ഞു.

നെടുമ്പാശ്ശേരിയിൽ ബേക്കറി ഉടമയ്ക്ക് നേരെ അതിക്രമം: എസ്ഐക്ക് സസ്പെൻഷൻ

നെടുമ്പാശ്ശേരിയിൽ ബേക്കറി ഉടമയ്ക്ക് നേരെ അതിക്രമം: എസ്ഐക്ക് സസ്പെൻഷൻ

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ ബേക്കറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ്ഐ സുനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചതിനാണ് നടപടി.

വൈദ്യപരിശോധനയിൽ എസ്ഐ സുനിൽ കുമാർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർക്കും സിപിഒക്കുമെതിരെ വകുപ്പു തല അന്വേഷണത്തിനും ആലുവ റൂറൽ എസ്പി വിവേക് കുമാർ ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് വാഹനത്തിൽ മദ്യക്കുപ്പി കണ്ടെത്തിയിട്ടില്ലെന്നും എസ്പി പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെ നെടുമ്പാശ്ശേരി കരിയാട് കവലയിലാണ് സംഭവമുണ്ടായത്. കോഴിപ്പാട്ട് കൂൾ ബാർ അടച്ചുകൊണ്ടിരിക്കുന്നതിനിടെ എത്തിയ എസ്ഐ കുടുംബത്തെ ക്രൂരമായി മർദിക്കുകയായിരുന്നു.

കടയുടമ കുഞ്ഞുമോൻ, ഭാര്യ എൽബി, പത്തു വയസുകാരിയായ മകൾ, കടയിലെ സഹായി ബൈജു. അവിടെയുണ്ടായിരുന്ന പിജെ ജോണി എന്നിവരെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. കുഞ്ഞുമോനും മകൾക്കും ബൈജുവിനും പരുക്കേറ്റു. തുടർന്ന് ഇവർ അങ്കമാലി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

ഉഗ്ര ശബ്ദം കേട്ട് വീട്ടുകാർ ഞെട്ടി; നെയ്യാറ്റിൻകരയിൽ വീടിനുള്ളിലെ ടൈലുകൾ പൊട്ടിത്തെറിച്ചു

ഉഗ്ര ശബ്ദം കേട്ട് വീട്ടുകാർ ഞെട്ടി; നെയ്യാറ്റിൻകരയിൽ വീടിനുള്ളിലെ ടൈലുകൾ പൊട്ടിത്തെറിച്ചു

നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് വീടിനുള്ളിൽ പാകിയ ടൈലുകള്‍ പൊട്ടിത്തെറിച്ചു. നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് സംഭവം. മാരായമുട്ടം സ്വദേശി രത്നരാജിന്‍റെ വീട്ടിലെ മുറിയിലാണ് ടൈലുകളാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ടൈൽ പൊട്ടിത്തെറിച്ച് മുറിക്കുള്ളിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്.

വീട്ടുമസ്ഥനായ രത്നരാജും ഭാര്യയും രാവിലെ ഭക്ഷണം കഴിച്ചുണ്ടിരിക്കുമ്പോഴാണ് ഉഗ്ര ശബ്ദത്തോടെ മുറിക്കുള്ളിൽ പൊട്ടിത്തെറി നടന്നത്. ഓടിയെത്തി നോക്കുമ്പോള്‍ ടൈലുകള്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നു. ശംബദം കേട്ട് സമീപവാസികളും ഓടിയെത്തി. വീടിനുളളിലെ മറ്റ് മുറികളിലും സമാനമായ പൊട്ടലുകള്‍ ഉണ്ടെങ്കിലും നടുവിലത്തെ മുറിയിലാണ് കൂടുതൽ ടൈലുകള്‍ പൊട്ടിത്തെറിച്ചത്. വീടിനുള്ളിൽ പാകിയ 300 ചതുരശ്ര അടിയിലേറെ വെട്രിഫൈഡ് ടൈലുകളാണ് പൊട്ടിയത്.

വിവരം അറിഞ്ഞ് ജിയോളജി വിഭാഗം വീട്ടിലെത്തി പരിശോധന നടത്തി. പൊലീസും സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊട്ടിയ ടൈലുകള്‍ വീട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അസാധാരണ പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ജിയോളജി വിഭാഗം കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് അറിയിച്ചു. 15 വർഷം മുമ്പാണ് രത്നരാജ് 1500 ചതുരശ്ര അടിയുള്ള ഇരുനില വീട് നിർമ്മിച്ചത്.

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അന്തരാഷ്ട്ര വില വ്യതിയാനങ്ങളാണ് സംസ്ഥാന വിലയിൽ പ്രതിഫലിക്കുന്നത്. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്ന് 5.1% ആയി ഉയർത്തിയത് സ്വർണവില കുറയാൻ കാരണമായി. കഴിഞ്ഞ അഞ്ച് ദിവസമായി 560 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 44,040 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5505 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4558 രൂപയാണ്.