by Midhun HP News | Sep 21, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് 22 പേര്‍ മരിച്ചുവെന്നാണ് റിപ്പോർട്ട്. 20 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേര്‍ പനി ബാധിച്ച് ചികില്‍സ തേടി. ഇന്നലെ മാത്രം 89 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
141 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയത്. വൈറല്‍ പനിയും പടരുകയാണ്. പനി ബാധിച്ച് തിങ്കളാഴ്ച 8556 പേരും ചൊവ്വാഴ്ച 9013 പേരും ഇന്നലെ 8757 പേരും ചികില്‍സ തേടി. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവരില്‍ വീണ്ടും രോഗം ബാധിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലേയ്ക്ക് പോകുന്നതായി വിദഗ്ധര്‍ പറയുന്നു. അതിനാൽ ആവര്‍ത്തിച്ചുണ്ടാകുന്ന ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.
by Midhun HP News | Sep 20, 2023 | Latest News, കേരളം
കൊല്ലം: തേവലക്കരയിൽ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേവദാസ് തിരുവോണം ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു. ഇതു ഇരുവരും തമ്മിലുള്ള തർക്കത്തിന് കാരണമായി. വാക്കു തർക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യിൽ വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാർന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു
by Midhun HP News | Sep 20, 2023 | Latest News, കേരളം
ഡൽഹി: വനിത സംവരണ ബില്ലിന്മേൽ ഇന്ന് ലോക്‌സഭയിൽ ചർച്ച നടക്കും. പുതിയ പാർലമെന്റ് മന്ദിരത്തിൽ രാവിലെ 11 മണിക്കാണ് ചർച്ച. ഭരണപക്ഷത്ത് നിന്നും മന്ത്രി സ്മൃതി ഇറാനിയും പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും ആദ്യം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും.
ഇന്നലെയാണ് നിയമ മന്ത്രി അര്‍ജുന്‍ സിങ് മേഘ്വാള്‍ വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. നാരിശക്തീ വന്ദൻ അധിനിയം എന്ന പേരിൽ അവതരിപ്പിച്ച ബില്ല് സ്ത്രീകൾക്ക് ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം സംവരണമാണ് ലക്ഷ്യം വെയ്‌ക്കുന്നത്. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും. ബില്ല് അടുത്ത വർഷം തന്നെ നടപ്പാക്കണം എന്ന് പ്രതിപക്ഷം ഇന്ന് ചർച്ചയിൽ ശക്തമായി ആവശ്യപ്പെടും. വനിതാ സംവരണ ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ ലോക്‌സഭയിലെ വനിതകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാവുമെന്ന് അര്‍ജുന്‍ സിങ് മേഘ്വാള്‍ സഭയിൽ പറഞ്ഞു. നിലവില്‍ 82 അംഗങ്ങളാണ് സഭയിലുള്ളത്. ഇത് 181 ആവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയായതിനു ശേഷമേ വനിതാ സംവരണം പ്രാബല്യത്തില്‍ വരൂ. പതിനഞ്ചു വര്‍ഷത്തേക്കു സംവരണം തുടരാനാണ് ബില്ലിലെ വ്യവസ്ഥ. ഓരോ മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷവും വനിതാ സംവരണ സീറ്റുകള്‍ മാറും. മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാവാനിടയില്ല.
by Midhun HP News | Sep 20, 2023 | Latest News, കേരളം
കൊച്ചി: കേരളത്തിന് ഓണസമ്മാനമായി ലഭിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഞായറാഴ്ച സർവീസ് ആരംഭിക്കും. കാസർകോട്-തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയായിരിക്കും സർവീസ്. നേരത്തെ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്. വന്ദേഭാരത് ഉൾപ്പെടെ രാജ്യത്ത് ഒൻപത് ട്രെയിനുകൾ ഞായറാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
രാവിലെ ഏഴ് മണിക്ക് കാസർകോടുനിന്ന് സർവീസ് തുടങ്ങി വൈകിട്ട് 3:05ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05-നാണ് മടക്കയാത്ര. 4:55ന് കാസർകോട് എത്തുന്ന രീതിയിലാണ് സമയക്രമം. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, കൊല്ലം സ്‌റ്റോപ്പുകളാണ് പരിഗണനയിൽ. എട്ടു മണിക്കൂറാണ് കാസർകോട്- തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സർവീസിന്റെ യാത്രാസമയം. ആഴ്ചയിൽ ആറുദിവസമായിരിക്കും സർവീസ്. അറ്റകുറ്റപണികൾക്കായി തിങ്കളാഴ്ച തിരുവനന്തപുരം-കാസർകോട് സർവീസും ചൊവ്വാഴ്ച കാസർകോട്-തിരുവനന്തപുരം സർവീസും ഉണ്ടായിരിക്കില്ല.
by Midhun HP News | Sep 20, 2023 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിലെ ഭാഗ്യാന്വേഷികൾ ഉറ്റുനോക്കുന്ന ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. ബമ്പർ സമ്മാനം ഉൾപ്പെടെ ഇത്തവണ 21 പേർക്കാണ് കോടികൾ ലഭിക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 75ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബമ്പർ വിൽപ്പനയിലെ സർവ്വകാല റെക്കോർഡാണിത്.
ഇന്ന് രാവിലെ 10 മണി വരെ ലോട്ടറി ഓഫീസുകളിൽ നിന്ന് ഏജന്റുമാർക്ക് ടിക്കറ്റുകൾ വാങ്ങാം. ആകെ മൊത്തം 5,34,670 സമ്മാനങ്ങളാണ് ഓണം ബമ്പർ ലോട്ടറിക്കുള്ളത്. ബമ്പർ സമ്മാനം ഉൾപ്പെടെ ഇത്തവണ 21 പേർക്കാണ് കോടികൾ ലഭിക്കുക. ഒന്നാം സമ്മാനമായി 25 കോടി ലഭിക്കുമ്പോൾ രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേർക്ക് ലഭിക്കുമെന്നതാണ് പ്രത്യേകത. കഴിഞ്ഞതവണ ഒരാൾക്ക് അഞ്ചുകോടിയായിരുന്നു രണ്ടാം സമ്മാനം.
മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്തുപേർക്ക് ലഭിക്കും. രണ്ടുലക്ഷം വീതം പത്തുപേർക്ക് ലഭിക്കുന്ന തരത്തിലാണ് അഞ്ചാം സമ്മാനം. ആറാം സമ്മാനം 5,000 രൂപ വീതം 60 പേർക്ക് ലഭിക്കും (അവസാന നാല് അക്കങ്ങൾക്ക്), ഏഴാം സമ്മാനം 2,000 രൂപ വീതം 90 പേർക്കും (അവസാന നാല് അക്കങ്ങൾക്ക്), എട്ടാം സമ്മാനം ആയിരം രൂപ വീതം 138 പേർക്ക് (അവസാന നാല് അക്കങ്ങൾക്ക്) ലഭിക്കും. ഒൻപതാം സമ്മാനം 500രൂപ വീതം 306 പേർക്ക് ലഭിക്കും (അവസാന നാല് അക്കങ്ങൾക്ക്). 5,00,000 രൂപയാണ് ഓണം ബമ്പറിൻ്റെ സമാശ്വാസ സമ്മാനമായി ലഭിക്കുന്നത്, ഒന്നാം സമ്മാനത്തിന് അർഹമായ നമ്പറുള്ള ടിക്കറ്റുകൾ, സീരീസ് വ്യത്യാസമുള്ളവയ്ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക.
by Midhun HP News | Sep 19, 2023 | Latest News, കേരളം
കണ്ണൂര്‍: മത്സ്യബന്ധന ബോട്ടില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു. മത്സ്യത്തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. ആന്ധ്രാ സ്വദേശി ഹരിയര്‍ക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റ ഹരിയറെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Recent Comments