ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരായ വിചാരണയ്ക്ക് സ്‌റ്റേ

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരായ വിചാരണയ്ക്ക് സ്‌റ്റേ

കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി ആറുമാസത്തേയ്ക്ക് സ്റ്റേ ചെയ്തു. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിലുള്ള തുടര്‍നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു കഴിഞ്ഞമാസം പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷയും കോടതി തള്ളിയിരുന്നു. ആവശ്യം പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു അന്ന് കോടതി വിലയിരുത്തിയത്. മോഹന്‍ലാലിന്റെ എറണാകുളത്തെ വീട്ടില്‍ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011-ല്‍ ആദായനികുതി വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞവര്‍ഷം പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ഈ ഒരു സംഭവത്തിലൂടെ പൊതുജനമധ്യത്തില്‍ തന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നു എന്നും മോഹന്‍ലാല്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.

പത്തു ലക്ഷം രൂപ ദേവസ്വത്തില്‍ അടച്ചു; ഗുരുവായൂരില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി

പത്തു ലക്ഷം രൂപ ദേവസ്വത്തില്‍ അടച്ചു; ഗുരുവായൂരില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തല്‍ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ഹൈദ്രാബാദ് സ്വദേശി വൈശാലി അഗള്‍വാളാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.

ദേവസ്വം കൊമ്പന്‍ ബല്‍റാമിനെയാണ് നടയിരുത്തിയത്. മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരി ചടങ്ങ് നിര്‍വ്വഹിച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി.മനോജ് കുമാര്‍, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ.എസ്.മായാദേവി, അസി.മാനേജര്‍ കെ.കെ സുഭാഷ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വഴിപാടു നേര്‍ന്ന വൈശാലി അഗര്‍വാളിന്റെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുക്കാനെത്തിച്ചേര്‍ന്നിരുന്നു.

കുട്ടികളെ ഓഫീസില്‍ കൊണ്ടുവരരുത്; സര്‍ക്കാരിന്റെ പഴയ ഉത്തരവ് വൈറല്‍

കുട്ടികളെ ഓഫീസില്‍ കൊണ്ടുവരരുത്; സര്‍ക്കാരിന്റെ പഴയ ഉത്തരവ് വൈറല്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് കുട്ടികളെ ഓഫീസില്‍ കൊണ്ടുവരാന്‍ പാടുണ്ടോ? അങ്ങനെ ചെയ്യരുത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ കൈക്കുഞ്ഞുമായി ഓഫീസില്‍ ഫയല്‍ നോക്കുന്ന ചിത്രം വൈറലായതിന് പിന്നാലെ, 2018ലെ സര്‍ക്കാര്‍ ഉത്തരവും ശ്രദ്ധ നേടിയിരിക്കുകയാണ്.

മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2018ല്‍ ഉത്തരവിറങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസ് സമയത്ത് കുട്ടികളെ കൂടെ ഇരുത്തുന്നത് ഓഫിസ് സമയം നഷ്ടപ്പെടുത്തുന്നതായി ഉത്തരവില്‍ പറയുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുന്നു. ഓഫിസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു.
ഇക്കാരണത്താല്‍ ഓഫിസില്‍ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പിന്റെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

20 രൂപയ്ക്ക് എസി യാത്ര: കെഎസ്ആർടിസി ജനത സർവീസ് ഇന്നു മുതൽ

20 രൂപയ്ക്ക് എസി യാത്ര: കെഎസ്ആർടിസി ജനത സർവീസ് ഇന്നു മുതൽ

തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എസി ബസ് സൗകര്യം ഒരുക്കുന്ന കെഎസ്ആർടിസിയുടെ ലോ ഫ്ലോർ എസി ബസ് ആയ ജനത സർവീസ് ഇന്നു മുതൽ നിരത്തിൽ. രാവിലെ 7ന് കെഎസ്ആർടിസി കൊല്ലം ഡിപ്പോയിൽ മേയർ പ്രസന്ന ഏണസ്റ്റ് ഫ്‌ളാഗ് ഒഫ് ചെയ്യും. ജനത ബസിലെ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്.

തുടക്കത്തിൽ കൊല്ലം-തിരുവനന്തപുരം, കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടുകളിലായിരിക്കും കെ എസ് ആർ ടി സി ജനത ബസുകൾ സർവീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും സർവീസ്. പരീക്ഷണം വിജയകരമായാൽ, സംസ്ഥാനത്ത് മറ്റിടങ്ങളിലും കെ എസ് ആർ ടി സി ജനത സർവീസ് ആരംഭിക്കും. ജില്ലയിലെ ഓഫീസുകളിൽ ജീവനക്കാർക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സർവീസുകളുടെ സമയക്രമം.

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലുമുതല്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലുമുതല്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ കൊല്ലത്ത് വച്ച് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജനുവരി നാലുമുതല്‍ എട്ടുവരെയായിരിക്കും കലോത്സവം. സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം എറണാകുളത്തുവച്ചാണ്. നവംബര്‍ 9, 11 തീയതികളിലാണ് കലോത്സവം. ശാസ്‌ത്രോത്സവവം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3വരെ തിരുവനന്തപുരുത്ത് വച്ച് നടക്കുമെന്ന് മന്ത്രി ശിവന്‍ കുട്ടി പറഞ്ഞു.

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലുമുതല്‍; ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലുമുതല്‍; ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍

തിരുവന്തപുരം: ഈ അധ്യനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാലുമുതല്‍ മാര്‍ച്ച് 25വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രാവിലെ 9.30 മുതലാണ് പരീക്ഷ. മൂല്യനിര്‍ണയക്യാമ്പ് ഏപ്രില്‍ 3 മുതല്‍ 17വരെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇത്തവണ വളരെ നേരത്തെയാണ് എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കുന്നത്. കുട്ടികള്‍ നല്ലരീതിയില്‍ പഠിക്കുന്നതിനായാണ് നേരത്തെ തീയതി പ്രഖ്യാപിക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി മോഡല്‍ ഫെബ്രുവരി 19 മുതല്‍ 23വരെയായിരിക്കും. ഐടി മോഡല്‍ പരീക്ഷ ജനുവരി 17 -ജനുവരി 29വരെ നടക്കും.
ഐടി പരീക്ഷ ഫെബ്രുവരി ഒന്നു മുതല്‍ 14 വരെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍ 26വരെ നടക്കും. പരീക്ഷ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ 21 വരെ നടക്കുമെന്ന് മന്ത്രി പറഞ്ചു. ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ജനുവരി 22ന് ആരംഭിക്കും. പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റെ പരീക്ഷ നിപ സാഹചര്യത്തില്‍ മാറ്റിവച്ചതായും ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബര്‍ 9 മുതല്‍ 13 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു.

ആകെ 4,04075ആണ് പരീക്ഷ എഴുതുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം 43,476 പേരാണ് പരീക്ഷ എഴുതുന്നത്. വിഎച്ച്എസ്‌സി ഇംപ്രുവ്‌മെന്റ് പരീക്ഷയും ഒക്ടോബര്‍ 9 മുതല്‍ 13 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു.27,633 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. കോഴിക്കോട് നിന്ന് 2,661 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

എസ്എസ്എല്‍സി പരീക്ഷയുടെ ടൈംടേബിള്‍

2024 മാര്‍ച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 1
മാര്‍ച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ ഇംഗ്ലീഷ്
മാര്‍ച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ ഗണിതം
മാര്‍ച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 2
മാര്‍ച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫിസിക്സ്
മാര്‍ച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഹിന്ദി/ജനറല്‍ നോളജ്
മാര്‍ച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ കെമിസ്ട്രി
മാര്‍ച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ബയോളജി
മാര്‍ച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ സോഷ്യല്‍ സയന്‍സ്