by Midhun HP News | Sep 18, 2023 | Latest News, കേരളം
മാഹി: കോഴിക്കോട് നിപ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാഹി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നാളെ മുതൽ ഈ മാസം 24 വരെയാണ് അവധി. മുൻകരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.
മാഹി മേഖലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. എല്ലാ അങ്കണവാടികൾക്കും, മദ്രസകൾക്കും, ട്യൂഷൻ സെന്ററുകളും കോച്ചിങ് സെന്ററുകൾക്കും അവധി ബാധകമാണ്. പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തും. ഈ കാലയളവിൽ ക്ലാസുകൾ ഓൺലൈനായി നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മാഹി ഇൻഡോർ സ്റ്റേഡിയം 24 വരെ അടച്ചിടും. മാസ്ക് ധരിക്കുന്നതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് മാഹി ഡെപ്യൂട്ടി തഹസിൽദാർ സ്ക്വാഡുകൾ രൂപീകരിക്കും.
by Midhun HP News | Sep 18, 2023 | Latest News, കേരളം
ഡല്‍ഹി: അഞ്ചുദിവസം മാത്രം നീണ്ടുനില്‍ക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പാര്‍ലമെന്റിന്റെ 75 വര്‍ഷമെന്ന വിഷയത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. ഗണേശ ചതുര്‍ത്ഥി ദിനമായ നാളെ പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന പ്രത്യേക സമ്മേളനത്തിന് ശേഷം പുതിയ മന്ദിരത്തിലേക്ക് സമ്മേളന നടപടികള്‍ മാറ്റും.
സമ്മേളന അജണ്ടയില്‍ 8 ബില്ലുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവാദമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന രീതി മാറ്റുന്ന ബില്‍ ഉള്‍പ്പെടുന്നു.പോസ്റ്റ് ഓഫീസ് ബില്‍, പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍ തുടങ്ങിയവയാണ് മറ്റു ബില്ലുകള്‍. ഇന്നലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വനിത സംവരണ ബില്‍ പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
by Midhun HP News | Sep 18, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും. മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കാസർകോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ടുളളത്. നാളെ എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ട് ആണ്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. തീരദേശ നിവാസികൾക്കും ജാഗ്രതാ നിർദേശമുണ്ട്. എന്നാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
തെക്ക് കിഴക്കൻ രാജസ്ഥാനും മധ്യപ്രദേശിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലേക്ക് നീങ്ങാനാണ് സാധ്യത. വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു
by Midhun HP News | Sep 17, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ നിപ കേസുകളിലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിപ സ്ഥിതി നിയന്ത്രണവിധേയമാണെന്നും 1233 പേര്‍ സമ്പര്‍ക്കപട്ടികയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ള ഒമ്പത് വയസുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. തിരുവനന്തപുരത്ത് നിപ രോഗമുണ്ടെന്ന് സംശയിച്ച രണ്ടാമത്തെ ആളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. കാട്ടാക്കട സ്വദേശിയായ സ്ത്രീക്ക് നിപയില്ലെന്ന് സ്രവ സാബിള്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായും വീണ ജോര്‍ജ് വ്യക്തമാക്കി.
36 വവ്വാലുകളുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. സാമ്പിള്‍ പരിശോധിക്കുന്ന ലാബുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിപ പരിശോധനക്ക് മതിയായ സംവിധാനമായതായി ആരോഗ്യ മന്ത്രി പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ മൊബൈല്‍ ലാബും പൂനെ എന്‍ഐവിയുടെ മൊബൈല്‍ ലാബും കോഴിക്കോട്ടെത്തിയിട്ടുണ്ട്. ഇതോടെ വളരെ വേഗത്തില്‍ നിപ പരിശോധനകള്‍ നടത്താനും അതനുസരിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീര്‍ണമാണ്. അപകടകരമായ വൈറസായതിനാല്‍ ഐസിഎംആറിന്റെ അംഗീകാരമുള്ള ലാബുകള്‍ക്ക് മാത്രമേ നിപ പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. പിസിആര്‍ അല്ലെങ്കില്‍ റിയല്‍ ടൈം പിസിആര്‍ ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിയാണ് നിപ വൈറസ് കണ്ടെത്തുന്നത്.
by Midhun HP News | Sep 17, 2023 | Latest News, കേരളം
ഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. മൂന്ന് മാസം കൂടി സമയം അനുവദിച്ച് ഡിസംബര്‍ 14 വരെയാണ് യുഐഡിഎഐ നീട്ടിയത്.
ആദ്യം ജൂണ്‍ 14 ആയിരുന്നു സമയപരിധി. ഇത് പിന്നീട് സെപ്റ്റംബര്‍ 14 വരെയായി നീട്ടി. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്നതിന്റെ ഭാഗമായാണ് വീണ്ടും നീട്ടി സമയപരിധി ഡിസംബര്‍ 14 ആക്കിയത്.
യുഐഡിഎഐ പോര്‍ട്ടല്‍ വഴി ആധാര്‍ രേഖകള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. myaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ Document Update ഓപ്ഷന്‍ വഴി രേഖകള്‍ പുതുക്കാം. അക്ഷയ സെന്ററുകള്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ചെയ്യുന്നതിന് 50 രൂപ നല്‍കണം. 10 വര്‍ഷത്തിലൊരിക്കല്‍ ആധാറിലെ വിവരങ്ങള്‍ പുതുക്കാനാണ് യുഐഡിഎഐ പ്രേരിപ്പിക്കുന്നത്. തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളുടെ സഹായത്തോടെയാണ് ഓണ്‍ലൈനായി സൗജന്യമായി വിവരങ്ങള്‍ പുതുക്കേണ്ടത്. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടില്ല.
by Midhun HP News | Sep 17, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്ക് കിഴക്കന്‍ രാജസ്ഥാനും മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദമാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ തെക്കന്‍ രാജസ്ഥാന്‍- വടക്കന്‍ ഗുജറാത്ത് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം മഴയാണ് പ്രവചിക്കുന്നത്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Recent Comments