നിപ; കാലിക്കറ്റ് സര്‍വകലാശാല 23വരെയുള്ള പരീക്ഷകള്‍ മാറ്റി

നിപ; കാലിക്കറ്റ് സര്‍വകലാശാല 23വരെയുള്ള പരീക്ഷകള്‍ മാറ്റി

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. സെപ്റ്റംബര്‍ 18 മുതല്‍ 23വരെ നടത്താനരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും നടക്കുന്നത്. ട്യൂഷന്‍ സെന്ററുകള്‍ക്കും കോച്ചിങ് സെന്ററുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. എന്നാല്‍ പൊതു പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയിലെ പല സ്ഥലങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ അവധി കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്നതിനാലാണ് ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അവധിദിനങ്ങളില്‍ കുട്ടികള്‍ വീടിനു പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

സി ആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

സി ആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ ഡോ. സിആര്‍ ഓമനക്കുട്ടന്‍
അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു.

അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് സി ആര്‍ എഴുതിയ പരമ്പര’ശവം തീനികള്‍’ വലിയ ചര്‍ച്ചയായിരുന്നു. പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജനെക്കുറിച്ചായിരുന്നു പരമ്പര. കാണാതാകുമ്പോള്‍ രാജന്റെ അച്ഛന്‍ ഈച്ചരവാര്യരും ഓമനക്കുട്ടനും ഒരേമുറിയിലായിരുന്നു താമസം. മകനെ തേടിയുള്ള ഈച്ചരവാര്യരുടെ പോരാട്ടങ്ങള്‍ അടുത്തുനിന്ന് കണ്ടതിന്റെ ആത്മസംഘര്‍ഷം വാക്കുകളിലാക്കിയതായിരുന്നു ‘ശവം തീനികള്‍’.

എലിസബത്ത് ടെയ്ലര്‍, മിസ് കുമാരി എന്നിവരുടെ ജീവിതകഥകള്‍ എഴുതിയ ഓമനക്കുട്ടന്‍, പില്‍ക്കാലത്ത് ഇരുപത്തഞ്ചിലേറെ പുസ്തകങ്ങളും നൂറ്റമ്പതിലേറെ കഥകളും എഴുതി. 23 വര്‍ഷം എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്നു. ഇരുപത്തിയഞ്ചിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്

ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന ഹാസ്യ സാഹിത്യകൃതിക്കായിരുന്നു പുരസ്‌കാരം. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തിയ ഓമനക്കുട്ടൻ, നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പിൽ ജോലി ചെയ്തു. ചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദ് മകനാണ്.

നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു; രണ്ടുപേർക്ക് പരുക്ക്

നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു; രണ്ടുപേർക്ക് പരുക്ക്

നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിപ്പെട്ടു. നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. ഇടുക്കി മുല്ലറിക്കുടിയിലാണ് അപകടം ഉണ്ടായത്. ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്.പരുക്കേറ്റ ബൈക്ക് യാത്രികരെ ആശുപതിയിലേക്ക് മാറ്റി. പരുക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് മറ്റൊരു വാഹനത്തിൽ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചു.

നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനുശേഷം മടങ്ങുകയായിരുന്നു അനുശ്രീ. നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയിൽ വെച്ച് അനുശ്രീ സഞ്ചരിച്ച വാഹനം യുവാക്കൾ സഞ്ചരിച്ച ബൈക്കുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു.

പൊട്ടക്കുഴി പിഎം ശ്രീനാഥ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

പൊട്ടക്കുഴി പിഎം ശ്രീനാഥ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി പാലക്കാട് തെക്കേ വാവന്നൂര്‍ പൊട്ടക്കുഴി മന വൃന്ദാവനത്തില്‍ ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കാണ് കാലാവധി.

ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. നിലവിലെ മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍ നിന്ന് നറുക്കെടുത്തത്.

മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 45ല്‍ 41 പേര്‍ ഹാജരായി. ഇവരില്‍ നിന്നും യോഗ്യത നേടിയ 40 പേരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്. തെരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ.ആര്‍ ഗോപിനാഥ്, വി.ജി.രവീന്ദ്രന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതമായി അടച്ചിടും; കോഴിക്കോട് ഓണ്‍ലൈന്‍ ക്ലാസ് മാത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതമായി അടച്ചിടും; കോഴിക്കോട് ഓണ്‍ലൈന്‍ ക്ലാസ് മാത്രം

കോഴിക്കോട്: നിപ വൈസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. കോഴിക്കോട് ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശിപ്പക്കരുതെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ഇന്ന് ചേര്‍ന്ന് അവലോകനയോഗത്തിന് ശേഷമാണ് തീരുമാനം.

സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഒരു കാരണവശാലും വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുത്തരുതെന്ന് കലക്ടര്‍ ഉത്തരവിട്ടു. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പടെയുള്ളവക്ക് നിര്‍ദേശം ബാധകമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

അംഗനവാടികള്‍, മദ്രസ്സകള്‍ എന്നിവിടങ്ങളിലും വിദ്യാര്‍ഥികള്‍ എത്തിച്ചേരേണ്ടതില്ല. പൊതുപരീക്ഷകള്‍ നിലവില്‍ മാറ്റമില്ലാതെ തുടരുന്നതാണ്. ജില്ലയിലെ പരീക്ഷകള്‍ മാറ്റിവെക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബേപ്പൂര്‍ ഹാര്‍ബറിലോ, ഫിഷ് ലാന്‍ഡിങ് സെന്ററുകളിലോ ബോട്ടുകള്‍ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടില്ലെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഇതിനു പകരമായി മത്സ്യബന്ധനത്തിന് പോയിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും കോഴിക്കോട് തന്നെയുള്ള വെള്ളയില്‍ ഫിഷ് ലാന്‍ഡിംഗ് സെന്ററിലോ, പുതിയാപ്പ ഫിഷ് ലാന്‍ഡിംഗ് സെന്ററിലോ അടുപ്പിക്കേണ്ടതാണ്. ഇവിടെ മത്സ്യമിറക്കാവുന്നതും, ലേലത്തിനും കച്ചവടത്തിനും ഈ പറയുന്ന ഫിഷ് ലാന്‍ഡിങ് സെന്ററുകളിലേയും, ഹാര്‍ബറുകളിലെയും സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും കലക്ടര്‍ ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തില്‍, മത്സ്യ കച്ചവടത്തിനും, മത്സ്യ ലേലത്തിനും ബേപ്പൂര്‍ ഹാര്‍ബറിലെ സൗകര്യങ്ങള്‍

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഉപയോഗപ്പെടുത്താന്‍ സാധിക്കുകയില്ല. ഇത് പൂട്ടിയിടാന്‍ ആവശ്യമായ നടപടികള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, അസി. ഡയറക്ടര്‍ എന്നിവര്‍ ചെയ്യേണ്ടതാണ്. ഇത് കൂടാതെ ബേപ്പൂരില്‍ നിന്നുള്ള വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും, യാനങ്ങള്‍ക്കും മത്സ്യം ഇറക്കാനും കച്ചവടം നടത്താനുമുള്ള സൗകര്യങ്ങള്‍ വെള്ളയില്‍ ഫിഷ് ലാന്റിംങ്ങ് സെന്ററിലും, പുതിയാപ്പ ഹാര്‍ബറിലും ചെയ്തു കൊടുക്കേണ്ടതാണ്. ഈ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ല പൊലീസ് മേധാവി ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. കോസ്റ്റല്‍ പൊലീസ് പൊലീസും ഇക്കാര്യത്തില്‍ അധികൃതരെ സഹായിക്കേണ്ടതാണെന്ന് കലക്ടര്‍ നിര്‍ദേശിക്കുന്നു

തിങ്കളാഴ്ചത്തെ പിഎസ്‌സി പരീക്ഷ മാറ്റി

തിങ്കളാഴ്ചത്തെ പിഎസ്‌സി പരീക്ഷ മാറ്റി

തിരുവനന്തപുരം: പിഎസ്സി പരീക്ഷ മാറ്റിവെച്ചു. സെപ്റ്റംബര്‍ 18ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. രാവിലെ 7.15 മുതല്‍ 9.15 വരെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.