ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് ഇടുക്കി എസ്‌പി : വി.യു കുര്യാക്കോസ് അറിയിച്ചു. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ഊർജ്ജമാക്കിയെന്നും ലുക്കൗട്ട് നോട്ടീസ് ഉടൻ പുറപ്പെടുവിക്കുമെന്നും എസ്‌പി വ്യക്തമാക്കി. കേസിൽ തീവ്രവാദ ബന്ധത്തിന് നിലവിൽ തെളിവുകളില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇതിനിടെ പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന വാദവുമായി ബന്ധുക്കൾ രംഗത്തെത്തി. സംഭവത്തിൽ മിലിറ്ററി ഇൻറലിജൻസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസാണ് കേസിലെ പ്രതി. ഇയാൾ ഡാമിൽ കടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പൊലീസുകാരെ കഴിഞ്ഞദിവസം സസ്പെന്റ് ചെയ്തിരുന്നു. സന്ദർശകരെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കടത്തി വിടേണ്ടത്. എന്നാൽ മുഹമ്മദ് നിയാസിനെ പരിശോധനകൾ ഇല്ലാതെ കടത്തി വിട്ടുവെന്ന് അഡീഷണൽ എസ്‌പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം പ്രതി വിദേശത്തേക്ക് കടന്നിരുന്നു.

ചെറുതോണിയിൽ നിന്നാണ് ഇയാൾ താഴുകൾ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജൂലൈ 22നാണ് മുഹമ്മദ് നിയാസ് സന്ദർശക പാസ് എടുത്ത് ഡാമിൽ കയറിയത്. പിന്നീട് 11 ഇടങ്ങളിൽ താഴിട്ട് പൂട്ടുകയായിരുന്നു. തുടർന്ന് ഷട്ടറുകളുടെ റോപ്പിൽ ദ്രാവകം ഒഴിക്കുകയായിരുന്നു. ഡാമിന് കേടുപാട് സംഭവിച്ചില്ലെന്നാണ് വിദഗ്ദ്ധ പരിശോധനയിൽ വ്യക്തമായത്.

ലൈംഗിക അതിക്രമ പരാതിയിൽ വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ പൊലീസ് കേസ് എടുത്തു

ലൈംഗിക അതിക്രമ പരാതിയിൽ വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ പൊലീസ് കേസ് എടുത്തു

കൊച്ചി: ലൈംഗിക അതിക്രമ പരാതിയിൽ വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ പൊലീസ് കേസ് എടുത്തു. സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ഷക്കിർ സുബാനെതിരെ കേസ് എടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതിയുടെ പരാതിയിൽ ഉണ്ട്. ഒരാഴ്ച മുൻപ് കൊച്ചിയിലെ ഹോട്ടലിൽ വച്ചായിരുന്നു ഇന്റർവ്യൂ. ഈ സമയത്തായിരുന്നു കൊച്ചിയിൽ താമസിക്കുന്ന സൗദി അറേബ്യൻ പൗരയായ യുവതിയോട് മോശമായി പെരുമാറിയത്.

റോഡ് റോളറിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

റോഡ് റോളറിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

കൊല്ലം: റോഡ് റോളറിന്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. കൊല്ലം അഞ്ചലിലാണ് ദാരുണ അപകടം. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37) ആണ് മരിച്ചത്. ബൈപ്പാസിനോടു ചേർന്നുള്ള റോഡ് നിർമാണത്തിനായി എത്തിച്ച റോഡ് റോളർ യുവാവിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

വിനോദ് വാഹനത്തിനു മുന്നിൽ കിടുന്നുറങ്ങുകയായിരുന്നു. ഡ്രൈവർ ഇയാളെ കണ്ടില്ല. വിനോദ് മദ്യ ലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ പക്ഷേ സ്ഥിരീകരണം വന്നിട്ടില്ല. ബൈപ്പാസിൽ തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ വിനോദിനെ കണ്ടില്ല എന്നാണ് റോ‍ഡ് റോളർ ഓടിച്ചയാൾ പൊലീസിനോടു പറഞ്ഞത്. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിൽ നിന്നു കിട്ടിയ മൊബൈൽ ഫോൺ വഴിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. തയ്യൽ തൊഴിലാളിയാണ് വിനോദ്. ഇയാൾ അവിവാഹിതനാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അയ്യങ്കാളി നഗരതൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗംബൂട്ടും ഗ്ലൗസും വിതരണം ചെയ്ത് ആറ്റിങ്ങൽ നഗരസഭ

അയ്യങ്കാളി നഗരതൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗംബൂട്ടും ഗ്ലൗസും വിതരണം ചെയ്ത് ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ: നഗരത്തിലെ 31 വാർഡുകളിലെയും 270 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഗംബൂട്ടും ഗ്ലൗസും വിതരണം ചെയ്തത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പുതിയ പദ്ധതിയിലൂടെ 1,55000 രൂപ ഇതിനായി ചിലവഴിച്ചു. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി സുരക്ഷ ഉപകരണങ്ങടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, ഗിരിജ, കൗൺസിലർമാരായ ശങ്കർ, ബിനു, രവികുമാർ, ഓവർസിയർ ചിന്നു.ബി.എസ് തുടങ്ങിയവർ പങ്കെടുത്തു.

മരണശേഷം കുടുംബ പെൻഷൻ രണ്ടു ഭാര്യമാർക്ക് വീതിച്ചു നൽകണം; ആവശ്യം തള്ളി സർക്കാർ

മരണശേഷം കുടുംബ പെൻഷൻ രണ്ടു ഭാര്യമാർക്ക് വീതിച്ചു നൽകണം; ആവശ്യം തള്ളി സർക്കാർ

പാലക്കാട്: തന്റെ മരണശേഷം കുടുംബ പെൻഷൻ രണ്ടു ഭാര്യമാർക്കും വീതിച്ചു നൽകണമെന്ന മുൻ ജീവനക്കാരന്റെ ആവശ്യം തള്ളി സർക്കാർ. കുടുംബപെൻഷൻ രണ്ടു ഭാര്യമാർക്കായി വീതിച്ചു നൽകാനാവില്ലെന്ന് സർക്കാർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. വിരമിച്ച സർക്കാർ ജീവനക്കാർക്കും സർവീസ് ചട്ടങ്ങൾ ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിശദീകരണം നൽകിയത്.

കൊളീജിയറ്റ് വകുപ്പ് മുൻ ജീവനക്കാരനാണ് രണ്ടു ഭാര്യമാർക്കും കുടുംബപെൻഷൻ വീതിച്ചു നൽകണമെന്ന ആവശ്യവുമായി ഹർജി നൽകിയത്. വിരമിച്ച ജീവനക്കാർക്കു സർവീസ് ചട്ടം ബാധകമല്ലെന്നായിരുന്നു അപേക്ഷകന്റെ വാദം. ഇത് പരിശോധിച്ച കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണു സർക്കാരിന്റെ വിശദീകരണം. സർക്കാർ ജീവനക്കാരൻ, ആദ്യഭാര്യ ജീവിച്ചിരിക്കുമ്പോൾ വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിക്കാൻ പാടില്ലെന്നു സർക്കാർ വ്യക്തമാക്കി.

ആദ്യഭാര്യ സർക്കാർ ജീവനക്കാരിയായതിനാൽ പെൻഷനുണ്ടെന്നും അതിനു പുറമേയാണു കുടുംബപെൻഷൻ ലഭിക്കേണ്ടതെന്നുമാണ് ഹർജിയിലെ ആവശ്യം. അതേസമയം നിയമപരമായി വിവാഹം കഴിച്ചവർക്കു മാത്രമേ കുടുംബ പെൻഷന് അർഹതയുള്ളൂ എന്നും സർവീസിൽ നിന്നു വിരമിച്ചവർക്കു പെൻഷന് ആരെയും നിർദേശിക്കാമെന്ന വാദം നിലനിൽക്കില്ലെന്നും സർക്കാർ കമ്മിഷനെ അറിയിച്ചു. സർക്കാർ റിപ്പോർട്ട് അംഗീകരിച്ചു കമ്മിഷൻ ഹർജി തള്ളി

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി; ഈ മാസം 24 വരെ ക്ലാസുകൾ ഓൺലൈനാക്കാൻ നിർദേശം

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി; ഈ മാസം 24 വരെ ക്ലാസുകൾ ഓൺലൈനാക്കാൻ നിർദേശം

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 24 വരെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. പഠനം മുടങ്ങാതിരിക്കാൻ ഒരാഴ്ച ക്ലാസുകൾ ഓൺലൈനാക്കാനും തീരുമാനിച്ചു. സ്കൂളുകളിലും, കോളജുകളിലും (പ്രൊഫഷണൽ കോളജുകൾക്കുൾപ്പെടെ) ഓൺലൈൻ ക്ലാസുകൾക്ക് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ കലക്ടർ നിർദേശിച്ചു.

ജില്ലയിൽ ഇതിനകം ആറ് പേർ നിപ പോസിറ്റീവ് ആയെന്നാണ് പരിശോധനാഫലം, ഇതിൽ രണ്ട് പേർ മരണത്തിന് കീഴടങ്ങി. നിലവിൽ 1080 പേരാണ് സമ്പർക്കപട്ടികയിൽ ഉള്ളത്, ഇതിൽ 297 പേർ ഹൈ റിസ്ക് സമ്പർക്കപട്ടികയിൽ ഉൾപ്പെടുന്നവരാണ്. രോഗം പകരാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ തീരുമാനിച്ചതെന്ന് കലക്ടർ ഫേയ്സ്ബുക്കിൽ കുറിച്ചു. അപ്രതീക്ഷിത അവധികൾ കൃത്യമായി വിനിയോഗിക്കണം, അവധി ആഘോഷമാക്കരുത്, പുറത്തു തകർത്തു പെയ്യുന്ന മഴ കൂടി ഉണ്ട്, ജലാശയങ്ങളിലേക്കും മറ്റുമുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കുന്നതാണ് അഭികാമ്യം, കലക്ടർ കുറിച്ചു.

കോഴിക്കോട് നിപ രോഗ ബാധയിൽ ആദ്യ (ഇൻഡക്സ് ) കേസ് എന്ന് സംശയിച്ചിരുന്ന 47 വയസുകാരന്റെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ആഗസ്റ്റ് 30 ന് മരണപ്പെട്ട രോഗിയുടെ സ്വാബ് ഇയാളെ ചികിത്സിച്ച ആശുപത്രിയിൽ നിന്ന് ശേഖരിച്ച് പരിശോധനക്ക് അയക്കുകയായിരുന്നു. ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ വ്യക്തിയിലേക്ക് രോഗം വന്ന സാഹചര്യവും, രീതിയും കണ്ടെത്താനും ഉള്ള ശാസ്ത്രീയ പരിശോധനകൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.