ജമ്മുകശ്മീരിലെ അനന്തനാഗില്‍ ഒരു ജവാനെ കാണാതായി; 2 ഭീകരരെ വളഞ്ഞതായി സൈന്യം

ജമ്മുകശ്മീരിലെ അനന്തനാഗില്‍ ഒരു ജവാനെ കാണാതായി; 2 ഭീകരരെ വളഞ്ഞതായി സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്തനാഗില്‍ ഭീകരർക്കായുള്ള തെരച്ചില്‍ തുടരുന്നു. രണ്ട് ലഷ്കർ ഭീകരരെ സുരക്ഷസേന വളഞ്ഞതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. ഇതിനിടെ ഏറ്റുമുട്ടല്‍ നടക്കുന്ന അനന്തനാഗില്‍ ഒരു ജവാനെ കാണാതായി. ഇദ്ദേഹത്തിനായും തെരച്ചിൽ തുടങ്ങി.

അനന്തനാഗിലെ കൊകേർനാഗ് വനമേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഭീകരർക്കായി കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപക തെരച്ചിലാണ് ഇവിടെ സൈന്യം നടത്തുന്നത്. ഡ്രോണുകൾ അടക്കം ഉപയോഗിച്ച് സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. രണ്ട് ഭീകരരെ വളയാൻ സുരക്ഷസേനക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു. മേഖലയില്‍ ഇന്ന് രാവിലെയും ഏറ്റുമുട്ടല്‍ നടന്നതായാണ് വിവരം.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. 11 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം ഇന്നലെ അറിയിച്ചിരുന്നു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വടക്കൻ ഒഡിഷക്ക് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതാണ് കേരളത്തിൽ മഴയ്ക്ക് കാരണമായത്. അടുത്ത രണ്ടു ദിവസം ഛത്തീസ്ഗഡ് – കിഴക്കൻ മധ്യപ്രദേശ് മേഖലയിലേക്ക് ഈ ന്യൂനമർദ്ദം നീങ്ങാൻ സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ഉത്തർപ്രദേശിനും വടക്ക് കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ചക്രവാതചുഴിയും നില നില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനവും കേരളത്തിൽ മഴയ്ക്ക് കാരണമാണ്.

സഹതടവുകാരുടെ പരാതി: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ ജയിൽ മാറ്റി

സഹതടവുകാരുടെ പരാതി: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ ജയിൽ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മയടക്കം രണ്ട് തടവുകാരെ അട്ടക്കുളങ്ങരയിൽ നിന്നും മാറ്റിയത്. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിലാണ് തടവിൽ കഴിഞ്ഞിരുന്നത്.

തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവിൽ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഷാരോണിന്റെ മരണമൊഴിയിൽ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ഒടുവിൽ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവരും കേസിൽ പ്രതിയാണ്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പൊലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതി ചേർത്തത്.

സോളാര്‍ വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി മുഖ്യപ്രതി സരിത എസ് നായര്‍

സോളാര്‍ വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി മുഖ്യപ്രതി സരിത എസ് നായര്‍

കൊല്ലം: സോളാര്‍ വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. ‘പ്രതിനായിക’ എന്ന അത്മകഥയുടെ കവര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സരിത പങ്കുവച്ചത്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

സോളാര്‍ വിവാദം വീണ്ടും കേരളരാഷ്ട്രീയത്തില്‍ സജീവചര്‍ച്ചയാകുന്നതിനിടെയാണ് കേസിലെ മുഖ്യപ്രതിയായ സരിത എസ് നായരുടെ ആത്മകഥ പുറത്തുവരുന്നത്. ആത്മകഥ പുറത്തിറങ്ങുന്ന കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സരിത അറിയിച്ചത്. പ്രതി നായികയെന്നാണ് പുസ്തകത്തിന്റെ പേര്.

‘ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടുപോയവയും ഈ പുസ്തകത്തിലുണ്ടാകുമെന്ന’ ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവച്ചത്.

വാ​ഗമൺ ചില്ലു പാലത്തിന്റെ പ്രവേശന ഫീസ് കുറച്ചു

വാ​ഗമൺ ചില്ലു പാലത്തിന്റെ പ്രവേശന ഫീസ് കുറച്ചു

കോട്ടയം: വാഗമണ്ണിൽ നിർമ്മിച്ച കാന്റിലിവർ മാതൃകയിലുള്ള ചില്ലുപാലത്തിൽ കയറാനുള്ള ഫീസ് കുറച്ചു. 500 രൂപയായിരുന്ന പ്രവേശനഫീസ് 250 രൂപയാക്കി കുറച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ചില്ലുപാലം ഒരുക്കിയത്.

കാന്റിലിവർ മാതൃകയിലുള്ള, രാജ്യത്തെ ഏറ്റവും നീളം കൂടിയ ചില്ലുപാലമാണിത്. 120 അടി നീളത്തിൽ ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടിയാണ് ചെലവ്. ബുധനാഴ്ചയാണ് ചില്ലു പാലവും സാഹസിക വിനോദ പാർക്കും മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. വാഗമണിലെ ചില്ലുപാലം ഇതിനകം തന്നെ വലിയ ആകർഷണമായി മാറിയിരിക്കുകയാണ്. ഉദ്ഘാടനവേളയിലും, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെയും നിരവധിപേർ ചില്ലുപാലത്തിന്റെ പ്രവേശനഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 43,760 ആയി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5470 രൂപ. ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ബുധനാഴ്ച വില ഈ മാസത്തെ കുറഞ്ഞ നിരക്കായ 43,600ല്‍ എത്തി.