by Midhun HP News | Sep 14, 2023 | Latest News, കേരളം
തിരുവനന്തപുരം: നിപ റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപികീരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്രആരോഗ്യമന്ത്രാലയവും കേന്ദ്രവിദഗ്ധ സംഘവുമായി ചര്‍ച്ച നടത്തിയതായും ഇത് സംബന്ധിച്ച് തുടര്‍നടപടി വിദഗ്ധ സമിതി തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു
മൊബൈല്‍ വൈറോളജി ലാബ് കോഴിക്കേട്ടേക്ക്‌പോകും. 30ന് മരിച്ച വ്യക്തിയുടെ ഹൈ റിസ്‌ക് കോണ്‍ടാക്ടുകള്‍ എല്ലാം പരിശോധിക്കും. നിപ ചികിത്സയ്ക്കായുള്ള മോണോ ക്ലോണല്‍ ആന്റിബോഡി സംസ്ഥാനത്ത് എത്തിയതായും മന്ത്രി പറഞ്ഞു.
നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം കോഴിക്കോട് എത്തി. വിവിധ മേഖലയിലെ വിദഗ്ധരാണ് സംഘത്തില്‍ ഉള്ളത്. മാല ചബ്ര (സീനിയര്‍ കണ്‍സള്‍ട്ടന്റ് മൈക്രോബയോളജിസ്റ്റ് എ ബി വി ഐ എം , ഡോ. ഹിമാന്‍ഷു ചൗഹാന്‍ (ജോയിന്റ് ഡയറക്ടര്‍ ഐഡിഎസ്പി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ. മീര ദൂരിയ (ജോയിന്റ് ഡയറക്ടര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ. അജയ് അസ്രാന (പ്രൊഫ. ന്യൂറോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്, ബാഗ്ലൂര്‍), ഡോ. ഹനുല്‍ തുക്രല്‍- (എപിഡമോളജിസ്റ്റ്, സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ. ഗജേന്ദ്ര സിംഗ് (വൈല്‍ഡ്ലൈഫ് ഓഫീസര്‍- സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി) എന്നിവരാണ് സംഘത്തിലുള്ളത്.
സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറും. ടീമിന്റെ പ്രവര്‍ത്തനങ്ങളെ തിരുവനന്തപുരത്തെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ സീനിയര്‍ റീജിയണല്‍ ഡയറക്ടര്‍ ഏകോപിപ്പിക്കും. എപ്പിഡമോളജിക്കല്‍ വിലയിരുത്തലുകള്‍ക്കും നിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കേന്ദ്ര സംഘം പ്രവര്‍ത്തിക്കുക.
by Midhun HP News | Sep 14, 2023 | Latest News, കേരളം
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച കൂടി അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി, മദ്രസകള്‍ ഉള്‍പ്പെടെ) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.സര്‍വകലാശാലാ, പിഎസ്പി പരീക്ഷകള്‍ക്കു മാറ്റമുണ്ടാവില്ല.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം.
by Midhun HP News | Sep 14, 2023 | Latest News, കേരളം
നെടുമങ്ങാട് നഗരസഭയുടെ 2023-2024വാര്‍ഷിക പദ്ധതി പ്രകാരം നഗരസഭാ പരിധിയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും പ്രീമെട്രിക് ഹോസ്റ്റലിനും ഫര്‍ണ്ണീച്ചറുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. എസ് ശ്രീജ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഈ വര്‍ഷത്തോടെ നഗരസഭയിലെ 20 അങ്കണവാടികള്‍ കൂടി സ്മാര്‍ട്ടാക്കുമെന്ന് സി. എസ്. ശ്രീജ പറഞ്ഞു.
നഗരസഭയിലുള്ള 59 അങ്കണവാടികള്‍ക്കും പ്രീമെട്രിക് ഹോസ്റ്റലിനുമായി മേശ, അലമാര, ഷൂ റാക്ക്, സ്റ്റീല്‍ റാക്ക്, കട്ടില്‍, കസേര എന്നിങ്ങനെ 200 ഓളം ഫര്‍ണീച്ചറുകളാണ് വിതരണം ചെയ്തത്. പദ്ധതി വിഹിതം 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ഫര്‍ണീച്ചറുകള്‍ വാങ്ങി നല്‍കിയത്. നെടുമങ്ങാട് നഗരസഭ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ എസ്. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
by Midhun HP News | Sep 14, 2023 | Latest News, കേരളം
മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വാട്ട്സാപ്പ് ചാനൽ തുടങ്ങി. ഇനിവരുന്ന ചിത്രങ്ങളുടെ അപ്ഡേറ്റുകൾ ഉൾപ്പെടെ തങ്ങളുടെ വിശേഷങ്ങൾ ആരാധകരെ നേരിട്ടറിയിക്കും എന്ന് ഇരുവരും പറഞ്ഞു. വാട്ട്സാപ്പ് ചാനലുകളിലൂടെയുള്ള താരങ്ങളുടെ ആദ്യ സന്ദേശങ്ങൾക്ക് നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.
ഫേസ്ബുക് ഉൾപ്പെടെ ഉള്ള സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് വാട്ട്സാപ്പ് ചാനൽ തുടങ്ങിയ വിവരം മമ്മൂട്ടിയും മോഹൻലാലും അറിയിച്ചത്. ചാനലുകളിലേക്കുള്ള ലിങ്കുകളും ഇവർ പങ്കുവെച്ചിട്ടുണ്ട്. ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്. തന്നെക്കുറിച്ചുള്ള വിവരങ്ങളും അപ്‌ഡേറ്റുകളും പോസ്റ്റുചെയ്യാൻ താൻ ഈ ചാനൽ ഉപയോഗിക്കുകയാണ്. ഇക്കാരണത്താൽ ഇതിൽ ചേരാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുകയാണെന്നും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഹലോ, മോഹൻലാൽ ആണ്. നിങ്ങളെ എന്റെ വാട്ട്‌സ്ആപ്പ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു! നിങ്ങൾ ഇവിടെയെത്തിയതിൽ സന്തോഷം, എന്റെ എല്ലാ പ്രോജക്റ്റ് അപ്‌ഡേറ്റുകളും അതാത് സമയങ്ങളിൽ ഇവിടെ അറിയിക്കും. തുടക്കമെന്നോണം, ഞാൻ ഇപ്പോൾ തിരുവനന്തപുരത്താണ്, സംവിധായകൻ ജീത്തു ജോസഫിനും ടീമിനുമൊപ്പം ഞങ്ങളുടെ വരാനിരിക്കുന്ന പ്രൊജക്റ്റായ നേരിൽ പ്രവർത്തിക്കുന്നു. കൃത്യമായി അപ്ഡേറ്റുകൾ ലഭ്യമാകാൻ ഈ ചാനലിൽ ചേരാൻ ഓർക്കുക. നന്ദി,’ എന്നാണ് മോഹൻലാൽ കുറിച്ചത്.
by Midhun HP News | Sep 14, 2023 | Latest News, കേരളം
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സ്കോളർഷിപ്പ് തളിര് 2023ഇൽ സ്കോളർഷിപ്പ് പരീക്ഷയ്ക്കായി ഓൺലൈനിലും ഓഫ്‌ലൈനിലും യുപി, എച്ച്എസ് വിഭാഗത്തിലെ കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാം. തളിർ 2023 സ്കോളർഷിപ്പിൽ പരമാവധി കുട്ടികളെ തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ രജിസ്റ്റർ ചെയ്തു.
ഓൺലൈനിൽ മുപ്പതോളം കുട്ടികളും ഓഫ് ലൈനിൽ 126 കുട്ടികളും ഈ സ്കോളർഷിപ്പിൽ രജിസ്റ്റർ ചെയ്തു. ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് നിസ്സാർ അഹമ്മദ് , സൗമ്യ, രമ്യ, സന്ധ്യ എന്നീ അധ്യാപകരാണ്. തളിർ സ്കോളർഷിപ്പിന്റെ ഓഫ്‌ലൈൻ രജിസ്ട്രേഷന്റെ 126 അപേക്ഷകളും രജിസ്ട്രേഷൻ തുകയും സ്വീകരിക്കുന്നതിനായി കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂറ്റിന്റെ ഡയറക്ടർ പള്ളിയറ ശ്രീധരൻ സ്കൂളിൽ എത്തി.
പി.ടി.എ പ്രസിഡന്റ് ഇ. നസീർ ചടങ്ങിനു അധ്യക്ഷത വഹിച്ചു. 126 അപേക്ഷാഫോമുകൾ ഡയറക്ടർ പള്ളിയറ ശ്രീധരന് കൈമാറി. തുടർന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോദ് മലയാളഭാഷയുടെ ഉപയോഗത്തെക്കുറിച്ച് പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുമായി ആശയവിനിമയം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ജെസ്സി ജലാൽ, ഹെഡ്മാസ്റ്റർ സുജിത്ത്, സീനിയർ അസിസ്റ്റന്റ് ഷഫീഖ്, സ്റ്റാഫ് സെക്രട്ടറി ബീന തുടങ്ങിയവർ പങ്കെടുത്തു
by Midhun HP News | Sep 14, 2023 | Latest News, കേരളം
തൃശൂര്‍: ചിറക്കേക്കോട് മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പിതാവ്. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ജോജിയുടെ പിതാവ് ജോണ്‍സന്‍ (58) ആണ് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.
പൊള്ളലേറ്റ മൂന്നു പേരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോജിയുടെയും ലിജിയുടെയും നില ഗുരുതരമാണ്. ഇവരെ തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണ്‍സനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ജോണ്‍സന്‍ മകനെയും മരുമകളെയും കൊച്ചുമകനെയും തീ കൊളുത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്‍സന്‍. ലോറി ഡ്രൈവറാണ് മകന്‍ ജോജി.
Recent Comments