by Midhun HP News | Sep 13, 2023 | Latest News, കേരളം
കൊച്ചി: മൊബൈല്‍ ഫോണില്‍ സ്വകാര്യമായി അശ്ലീല വീഡിയോയോ ചിത്രമോ കാണുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി. അശ്ലീല വിഡിയോയോ ചിത്രമോ വിതരണം ചെയ്യുകയോ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയോ ചെയ്യുമ്പോള്‍മാത്രമാണ് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റമായി മാറുകയുള്ളൂവെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കി. രാത്രി റോഡരികില്‍നിന്ന് മൊബൈല്‍ഫോണില്‍ അശ്ലീല വീഡിയോ കണ്ടതിന് അങ്കമാലി കറുകുറ്റി സ്വദേശിക്കെതിരേ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റാരും കാണാതെ സ്വകാര്യമായി അശ്ലീല വീഡിയോ കാണുന്നത് കുറ്റമാണോയെന്നതാണ് കോടതി പരിശോധിച്ചത്. അശ്ലീല വീഡിയോ കാണുക എന്നത് സ്വകാര്യമായ തിരഞ്ഞെടുപ്പാണ്. അതില്‍ ഇടപെടുന്നത് സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാകും. അതിനാല്‍ അതിനെ കുറ്റമായി പ്രഖ്യാപിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും തമ്മിലുള്ള ഉഭയസമ്മത പ്രകാരമുള്ള ലൈംഗികത കുറ്റമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
by Midhun HP News | Sep 13, 2023 | Latest News, കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 5450 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 43,600 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കുറഞ്ഞ് 4528 രൂപയായി. കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണർവ് ലഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വർണ്ണവില 2011 ൽ 1917 ഡോളർ വരെ ഉയർന്നതിന് ശേഷം 2012-13 കാലഘട്ടത്തിൽ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളർ വരെയും കുറഞ്ഞിരുന്നു.
by Midhun HP News | Sep 13, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിയമന തട്ടിപ്പ്. വ്യാജ നിയമന ഉത്തരവുമായി മൂന്ന് പേർ പിഎസ്‍സി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പിഎസ്‍സി സെക്രട്ടറിയുടെ പരാതിയില്‍ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.
തട്ടിപ്പ് സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവിട്ടു. കൊല്ലം-ആലപ്പുഴ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും പിന്നിൽ വൻ സംഘമുണ്ടെന്നാണ് വിവരമെന്നും പൊലീസ് അറിയിച്ചു. വ്യാജ ഉത്തരവ് കിട്ടയതിന് പിന്നാലെ സർട്ടിഫിക്കറ്റ് പരിശോധനക്കായി മൂന്ന് പേരാണ് പിഎസ്‍സി ആസ്ഥാനത്ത് എത്തിയത്. സർട്ടിഫിക്കറ്റ് പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് അസ്വാഭാവികത തോന്നി.
ടൂറിസം, വിജിലൻസ്, ഇൻകംടാക്സ് എന്നിടങ്ങളില്‍ ക്ലർക്കായി നിയമം ലഭിച്ചുവെന്നാണ് വ്യാജ രേഖ കൈയിലുണ്ടായിരുന്നത്. രേഖയിൽ ഒരു ബോർഡ് അംഗത്തിന്‍റെ പേരിലാണ് ഒപ്പിട്ടിരിക്കുന്നത്. ഇത്തരമൊരു നിയമന കത്ത് അയച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥർ പിഎസ്‍സി സെക്രട്ടറിയെ വിവരം അറിയിച്ചു. പിഎസ്‍സിയുടെ പേരിൽ തട്ടിപ്പ് നടന്നുവെന്ന്തെളിഞ്ഞതോടെയാണ് ഇവരെ പൊലീസിന് കൈമാറിയത്.
കൊല്ലം- ആലപ്പുഴ ജില്ലകളിൽ ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് തട്ടിപ്പ് നടന്നത്. ഓരോരുത്തരിൽ നിന്നും നാല് ലക്ഷം രൂപ വാങ്ങിയാണ് തട്ടിപ്പ് നടന്നത്. പണം വാങ്ങിയവർ നിയമന ഉത്തരവ് കൈമാറിയ ശേഷം പിഎസ്‍സി ഓഫീസിലേക്ക് സർട്ടിഫിക്കറ്റ് പരിശോധനക്കായി പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കസ്റ്റഡിലുള്ളവർ നൽകിയ മൊഴി.
സംഭവത്തില്‍ മെഡിക്കൽ കോളേജ്പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥയും തട്ടിപ്പിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തൃശൂരിലും തട്ടിപ്പ് നടന്നിട്ടുണ്ട്.സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കഴക്കൂട്ടം അസി.കമ്മീഷണർ, അടൂർ ഡിവൈഎസ്പി ഉള്‍പ്പെടുന്ന പ്രത്യേക സംഘം തട്ടിപ്പ് അന്വേഷിക്കുമെന്ന് ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് അറിയിച്ചു. കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണറിന് പുറമേ അടൂർ ഡിവൈഎസ്പിയും സംഘത്തിലുണ്ടാകും. മെഡിക്കൽ കോളേജ്, തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്ഒമാരും സംഘത്തിലുണ്ടാകും.
by Midhun HP News | Sep 13, 2023 | Latest News, കേരളം
കൊച്ചി: കേബിൾ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. എറണാകുളം-കോമ്പാറ മാർക്കറ്റ് റോഡിൽ തിങ്കളാഴ്ച രാവിലെ 8.15 ഓടെയായിരുന്നു സംഭവം. അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ കലൂർ കറുകപ്പിള്ളി സ്വദേശി മുഹമ്മദ് ഇർഫാന്റെ (20) ഇടുപ്പെല്ലിനും കാൽമുട്ടിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇർഫാൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
പിതാവിന്റെ ചിക്കൻ കടയിൽ നിന്ന് ഹോട്ടലുകളിൽ ചിക്കൻ വിതരണം ചെയ്ത് മടങ്ങുമ്പോഴാണ് അപകടം. അപകടത്തിന് തൊട്ടു മുൻപ് ഇതിലൂടെ പോയ കോൺക്രീറ്റ് മിക്സ്‌ച്ചർ ലോറി തട്ടിയാണ് കേബിൾ പൊട്ടി വീണത്. കേബിൾ കഴുത്തിൽ കുടുങ്ങിയതോടെ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു.
അലക്ഷ്യമായി കിടന്ന കേബിൾ കുടുങ്ങി തെറിച്ചു വീണാണ് ഇർഫാന് ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാരും പൊലീസും ചേർന്നാണ് ഇർഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോഡിന് കുറുകെ ജിയോ കമ്പനിയുടെ കേബിൾ അലക്ഷ്യമായി കിടന്നതാണ് അപകടത്തിന് കാരണമായതെന്ന് ബന്ധുക്കൾ പരാതി നൽകി. ഇർഫാന്റെ കുടുംബത്തിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തു.
by Midhun HP News | Sep 13, 2023 | Latest News, കേരളം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
തെക്ക് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായും മധ്യ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂന ന്യൂനമര്‍ദവും രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു തെക്കന്‍ ഒഡിഷ – വടക്കന്‍ ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 1.8 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
by Midhun HP News | Sep 13, 2023 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലുമുള്ള ആളുകള്‍ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. ജനങ്ങൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ മാസ്‌ക് ധരിക്കണം. ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്.
എല്ലാ ആരോഗ്യപ്രവര്‍ത്തകരും രോഗികളെ കാണുന്ന സമയങ്ങളില്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കോഴിക്കോട് ജില്ലയിലേക്കും, ജില്ലയിൽ നിന്ന് പുറത്തേക്കും പോകുന്നവർ മാസ്ക് നിർബന്ധമായും ധരിക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും അകത്തേക്കും പുറത്തേക്കും യാത്ര അനുവദിക്കില്ല. ഇവിടങ്ങളിൽ ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയ തുറക്കില്ല. തദ്ദേശ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും തുറക്കും. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പകൽ മാത്രം തുറക്കാം.
കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക ഐസിയു തുറന്നു.ഇവിടെ 75 ഐസൊലേഷൻ കിടക്കകൾ, ആറ് ഐസിയു, എട്ട് വെന്റിലേറ്റർ എന്നിവ സജ്ജീകരിച്ചു. സാവിത്രി സാബു അർബുദാശുപത്രിക്കു സമീപമുള്ള കെഎച്ച്ആർഡബ്ലിയുഎസിന്റെ പേവാർഡുകളാണ് ഐസൊലേഷൻ വാർഡുകളാക്കിയത്. ആശുപത്രിയുടെ മുറ്റത്ത് പനിബാധിതർക്കായി ട്രയാജൻ ഒരുക്കും.
കോഴിക്കോടിനു പുറമേ തൊട്ടടുത്തുള്ള മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നവര്‍ ആശങ്കപ്പെടേണ്ടതില്ല.ആശുപത്രികളില്‍ രോഗം സ്ഥിരീകരിച്ചവര്‍ എത്തിയ തീയതി, സമയം എന്നിവയെല്ലാം സിസിടിവി കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Recent Comments