by Midhun HP News | Sep 13, 2023 | Latest News, കേരളം
കോഴിക്കോട്: മാവോയിസ്റ്റുകളെ വധിച്ചതിനെതിരെ പ്രതിഷേധിച്ച കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഗ്രോ വാസുവിനെതിരെ കുറ്റങ്ങളൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഗ്രോ വാസുവിനെ കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ കഴിഞ്ഞ ഒന്നര മാസമായി ഗ്രോ വാസു ജയിലിലാണ്. വാറണ്ടിനെതുടര്‍ന്ന് ജൂലൈ 29 നാണ് ഗ്രോ വാസുവിനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
2016 ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, മെഡിക്കല്‍ കോളജ് മോര്‍ച്ചറി പരിസരത്ത് നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് ഗ്രോ വാസുവിനെതിരെ പൊലീസ് കേസെടുത്തത്. വാഹനങ്ങള്‍ തടഞ്ഞു, ഗതാഗത തടസ്സം ഉണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കേസില്‍ 20 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 17 പേരെ നേരത്തെ വെറുതെ വിട്ടിരുന്നു. രണ്ടുപേര്‍ പിഴ അടയ്ക്കുകയും ചെയ്തു. ഗ്രോ വാസു മാത്രമാണ് കേസില്‍ അവശേഷിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ വേളയില്‍ ഗ്രോ വാസു പൊലീസിനും സര്‍ക്കാരിനുമെതിരെ പ്രതിഷേധിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
by Midhun HP News | Sep 13, 2023 | Latest News, കേരളം
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദ കത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി ടി.ജി നന്ദകുമാർ. അതിജീവിതയുടെ കത്ത് വി.എസ് അച്യുതാനന്ദനെയും പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച് പിണറായി വിജയനുമായി ചര്‍ച്ച ചെയ്തിരുന്നതെന്നും നന്ദകുമാർ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നന്ദകുമാർ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറക്കിവിട്ടിരുന്നു എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്.
രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർക്ക് ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കണമെന്ന് ഉണ്ടായിരുന്നുവെന്ന് നന്ദകുമാര്‍ പറയുന്നു. ഇതിനായി അവരുടെ ആളുകൾ തന്നെ സമീപിച്ചിരുന്നു. അവർ കത്ത് വി.എസ് അച്ചുതാനന്ദനെ ഏൽപ്പിക്കണമെന്ന കാര്യം പറഞ്ഞു. കത്ത് സംഘടിപ്പിക്കാൻ വിഎസും പറഞ്ഞു. അതിന് ശേഷമാണ് ശരണ്യ മനോജിനെ കണ്ടത്. സോളാർ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു നന്ദകുമാർ.
സോളാര്‍ കേസിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ തന്നോട് അവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ശരണ്യ മനോജിനെ ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹം എറണാകുളത്ത് വന്ന് ഉമ്മന്‍ചാണ്ടിയുടെ പേരുള്ള 25 പേജുള്ള കത്ത് അടക്കം അതിജീവിത എഴുതിയെന്ന് പറയുന്ന കുറെ കത്തുകള്‍ കൈമാറുകയുമായിരുന്നു. 2016 ലാണ് ശരണ്യ മനോജ് കത്ത് ഏൽപ്പിച്ചതെവെന്നും നന്ദകുമാർ പറയുന്നു.
കത്ത് വി.എസ് അച്യുതാനന്ദനെയും പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിന്‍റെ സമയത്തോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച് പിണറായി വിജയനുമായി ചര്‍ച്ച ചെയ്തത്. ശരണ്യ മനോജും അതിജീവിതയും തന്നെ കാണാന്‍ വന്നപ്പോള്‍ അമ്മയുടെ ചികിത്സയുടെ കാര്യം പറഞ്ഞത് കൊണ്ടാണ് അതിജീവിതയ്ക്ക് താന്‍ പണം നല്‍കിയത്. അത് അല്ലാതെ മറ്റൊരു സാമ്പത്തിക ഇടപാടും ഈ കത്തിന്‍റെ പേരില്‍ ഉണ്ടായിട്ടില്ലെന്നും നന്ദകുമാർ പറയുന്നു.
by Midhun HP News | Sep 13, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിയമസഭയില്‍ ചര്‍ച്ച. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച സര്‍ക്കാര്‍, സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി. ഒരു മണി മുതല്‍ മൂന്നു മണി വരെയാണ് ചര്‍ച്ച. വിശദമായ ചര്‍ച്ച നടക്കട്ടെയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും, ഇതേക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു.
സാമ്പത്തിക പ്രതിസന്ധി പലവട്ടം ചര്‍ച്ച ചെയ്തതാണെന്നും എല്ലാക്കാര്യവും എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള സമീപനം അടക്കം പലവട്ടം ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസ് ലഭിച്ച സ്ഥിതിക്ക് സഭയില്‍ ചര്‍ച്ചയാകാമെന്ന് ധനമന്ത്രി പറഞ്ഞു.
അങ്കമാലി എംഎൽഎ റോജി എം ജോൺ ആണ് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് അടിയന്തര പ്രമേയത്തിന്മേല്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ ദിവസം സോളാര്‍ കേസില്‍ സഭ നിര്‍ത്തിവെച്ച് നിയമസഭയില്‍ ചര്‍ച്ച നടന്നിരുന്നു.
by Midhun HP News | Sep 13, 2023 | Latest News, കേരളം
കൊച്ചി: മൊബൈല്‍ ഫോണില്‍ സ്വകാര്യമായി അശ്ലീല വീഡിയോയോ ചിത്രമോ കാണുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി. അശ്ലീല വിഡിയോയോ ചിത്രമോ വിതരണം ചെയ്യുകയോ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയോ ചെയ്യുമ്പോള്‍മാത്രമാണ് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റമായി മാറുകയുള്ളൂവെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കി. രാത്രി റോഡരികില്‍നിന്ന് മൊബൈല്‍ഫോണില്‍ അശ്ലീല വീഡിയോ കണ്ടതിന് അങ്കമാലി കറുകുറ്റി സ്വദേശിക്കെതിരേ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റാരും കാണാതെ സ്വകാര്യമായി അശ്ലീല വീഡിയോ കാണുന്നത് കുറ്റമാണോയെന്നതാണ് കോടതി പരിശോധിച്ചത്. അശ്ലീല വീഡിയോ കാണുക എന്നത് സ്വകാര്യമായ തിരഞ്ഞെടുപ്പാണ്. അതില്‍ ഇടപെടുന്നത് സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാകും. അതിനാല്‍ അതിനെ കുറ്റമായി പ്രഖ്യാപിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും തമ്മിലുള്ള ഉഭയസമ്മത പ്രകാരമുള്ള ലൈംഗികത കുറ്റമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
by Midhun HP News | Sep 13, 2023 | Latest News, കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 5450 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 43,600 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കുറഞ്ഞ് 4528 രൂപയായി. കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണർവ് ലഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വർണ്ണവില 2011 ൽ 1917 ഡോളർ വരെ ഉയർന്നതിന് ശേഷം 2012-13 കാലഘട്ടത്തിൽ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളർ വരെയും കുറഞ്ഞിരുന്നു.
by Midhun HP News | Sep 13, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിയമന തട്ടിപ്പ്. വ്യാജ നിയമന ഉത്തരവുമായി മൂന്ന് പേർ പിഎസ്‍സി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പിഎസ്‍സി സെക്രട്ടറിയുടെ പരാതിയില്‍ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.
തട്ടിപ്പ് സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവിട്ടു. കൊല്ലം-ആലപ്പുഴ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും പിന്നിൽ വൻ സംഘമുണ്ടെന്നാണ് വിവരമെന്നും പൊലീസ് അറിയിച്ചു. വ്യാജ ഉത്തരവ് കിട്ടയതിന് പിന്നാലെ സർട്ടിഫിക്കറ്റ് പരിശോധനക്കായി മൂന്ന് പേരാണ് പിഎസ്‍സി ആസ്ഥാനത്ത് എത്തിയത്. സർട്ടിഫിക്കറ്റ് പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് അസ്വാഭാവികത തോന്നി.
ടൂറിസം, വിജിലൻസ്, ഇൻകംടാക്സ് എന്നിടങ്ങളില്‍ ക്ലർക്കായി നിയമം ലഭിച്ചുവെന്നാണ് വ്യാജ രേഖ കൈയിലുണ്ടായിരുന്നത്. രേഖയിൽ ഒരു ബോർഡ് അംഗത്തിന്‍റെ പേരിലാണ് ഒപ്പിട്ടിരിക്കുന്നത്. ഇത്തരമൊരു നിയമന കത്ത് അയച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥർ പിഎസ്‍സി സെക്രട്ടറിയെ വിവരം അറിയിച്ചു. പിഎസ്‍സിയുടെ പേരിൽ തട്ടിപ്പ് നടന്നുവെന്ന്തെളിഞ്ഞതോടെയാണ് ഇവരെ പൊലീസിന് കൈമാറിയത്.
കൊല്ലം- ആലപ്പുഴ ജില്ലകളിൽ ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് തട്ടിപ്പ് നടന്നത്. ഓരോരുത്തരിൽ നിന്നും നാല് ലക്ഷം രൂപ വാങ്ങിയാണ് തട്ടിപ്പ് നടന്നത്. പണം വാങ്ങിയവർ നിയമന ഉത്തരവ് കൈമാറിയ ശേഷം പിഎസ്‍സി ഓഫീസിലേക്ക് സർട്ടിഫിക്കറ്റ് പരിശോധനക്കായി പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കസ്റ്റഡിലുള്ളവർ നൽകിയ മൊഴി.
സംഭവത്തില്‍ മെഡിക്കൽ കോളേജ്പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥയും തട്ടിപ്പിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തൃശൂരിലും തട്ടിപ്പ് നടന്നിട്ടുണ്ട്.സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കഴക്കൂട്ടം അസി.കമ്മീഷണർ, അടൂർ ഡിവൈഎസ്പി ഉള്‍പ്പെടുന്ന പ്രത്യേക സംഘം തട്ടിപ്പ് അന്വേഷിക്കുമെന്ന് ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് അറിയിച്ചു. കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണറിന് പുറമേ അടൂർ ഡിവൈഎസ്പിയും സംഘത്തിലുണ്ടാകും. മെഡിക്കൽ കോളേജ്, തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്ഒമാരും സംഘത്തിലുണ്ടാകും.
Recent Comments