by Midhun HP News | Sep 13, 2023 | Latest News, കേരളം
ഇടുക്കി: ഇടുക്കി ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇൻറലിജൻസും അന്വേഷണം തുടങ്ങി. ഇന്ത്യൻ നേവിയുടെ സാന്നിധ്യം ഡാമിൽ ഉള്ളതിനാലാണ് രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിക്കുന്നത്. പോലീസിന്റെ അന്വേഷണപരിധിയിൽ തീവ്രവാദ സാധ്യതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തീവ്രവാദ ഗ്രൂപ്പുകളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് നിലവിൽ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.
പ്രതിയെ ഇന്ത്യയിൽ എത്തിക്കാൻ പോലീസ് ബന്ധുക്കളുടെ സഹായം തേടിയിട്ടുണ്ട്. സഹോദരങ്ങൾ പ്രതിയുമായി സംസാരിച്ചു. രണ്ടു ദിവസത്തിനുള്ളിൽ കേരളത്തിൽ എത്താമെന്ന് പ്രതി സഹോദരങ്ങൾക്ക് ഉറപ്പ് നൽകിയെന്നാണ് പൊലീസ് പറയുന്നത്. ഈ ഉറപ്പ് പാലിച്ചില്ലെങ്കിൽ മാത്രം ലൂക്കൗട്ട് നോട്ടീസിറക്കാനാണ് സാധ്യത. പരിശോധന ഇല്ലാതെ ഡാമിൽ എന്തും കൊണ്ടുവരാമെന്ന് എന്ന് മറ്റാരെയെങ്കിലും കാണിക്കാനാണോ പ്രതി ശ്രമിച്ചതെന്നും പൊലീസിന് സംശയമുണ്ട്.
ജൂലൈ 22ന് ഡാമിലെത്തിയ ഒറ്റപ്പാലം സ്വദേശിയാണ് കേസിലെ പ്രതി. സന്ദർശക പാസ് എടുത്ത് ഡാമിൽ കയറിയ ഇയാൾ 11 ഇടങ്ങളിൽ താഴിട്ട് പൂട്ടുകയായിരുന്നു. തുടർന്ന് ഷട്ടറുകളുടെ റോപ്പിൽ ദ്രാവകം ഒഴിച്ചു. യാൾക്കൊപ്പം ഡാമിൽ എത്തിയിരുന്ന തിരൂർ സ്വദേശികളായ മൂന്നു പേരെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. വിശദമായി പരിശോധന ഇന്നലെ നടത്തി. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന നിലപാടിലാണ് നാട്ടുകാർ.
by Midhun HP News | Sep 12, 2023 | Latest News, കേരളം
കോഴിക്കോട് : കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. ഇന്നലെ കോഴിക്കോട് ആയഞ്ചേരിയിൽ മരിച്ച രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് പൂനയിലെ വൈറോളജി ലാബിൽ സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. മരിച്ചയാളുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
by Midhun HP News | Sep 12, 2023 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടനെത്തുമെന്ന് എം കെ രാഘവൻ എം പി. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയാകും സർവീസെന്നും ദക്ഷിണ റെയിൽവെയിൽ നിന്നും ഇക്കാര്യത്തിലടക്കം ഉറപ്പു ലഭിച്ചെന്നും എം കെ രാഘവൻ അറിയിച്ചു. പുതിയ പാസഞ്ചർ ട്രെയിനുകൾക്കുള്ള നിവേദനം നൽകിയതായും രാഘവൻ വ്യക്തമാക്കി. നേരത്തെ രണ്ടാം വന്ദേഭാരത് ഗോവയിലേക്ക് കൊണ്ടുപോകുമെന്ന പ്രചാരണമുണ്ടായിരുന്നുവെങ്കിലും അതെല്ലാം അഭ്യൂഹം മാത്രമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഡിസൈൻ മാറ്റം വരുത്തിയ വന്ദേ ഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേക്ക് ഇതിനോടകം കൈമാറിയിട്ടുണ്ട്.
ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു മുമ്പുണ്ടായ അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേ ഭാരത് ദക്ഷിണ റെയിൽവേക്ക് കൈമാറാനുള്ള തീരുമാനവും യാത്രക്കാർക്ക് പ്രതീക്ഷ കൂട്ടി. ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കിയെങ്കിലും സർവീസ് എന്ന് മുതലെന്നതിൽ തീരുമാനമായിട്ടില്ല.
by Midhun HP News | Sep 12, 2023 | Latest News, കേരളം
എറണാകുളം: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കും. അന്ന് കുറ്റപത്രം വായിക്കും. കുറ്റപത്രം ഹിന്ദിയിലും വായിക്കണമെന്ന് കോടതി നിർദേശിച്ചു. ബിഹാർ സ്വദേശിയായ പ്രതി അസ്ഫാക് ആലത്തിനും സാക്ഷികൾക്കും കുറ്റപത്രത്തിന്റെ ഉള്ളടക്കം മനസിലാക്കുന്നതിന് വേണ്ടിയാണ് ഹിന്ദിയിലും വായിക്കുക. എറണാകുളം പോക്‌സോ
കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിൽ വിചാരണയ്‌ക്ക് മുന്നോടിയായുള്ള പ്രാഥമിക നടപടികളാണ് ആരംഭിച്ചത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ കോടതിയിൽ അവതരിപ്പിച്ചു. നിലവിൽ പത്ത് വകുപ്പുകളാണ് പ്രതി അസ്ഫാക്ക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ട് പോകൽ, പീഡനം, കൊലപാതകം, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയും പോക്‌സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട് .
എന്നാൽ തട്ടിക്കൊണ്ട് പോകൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നി വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം ഇന്ന് കോടതിയിൽ വാദിച്ചു. തെളിവ് നശിപ്പിക്കാൻ പുറത്ത് നിന്നും മറ്റാരുടെയും സഹായം പ്രതിയ്‌ക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
by Midhun HP News | Sep 12, 2023 | Latest News, കേരളം
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ സാധ്യത. ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. രണ്ട് ചക്രവാതച്ചുഴിയാണ് നിലവിൽ രൂപപ്പെട്ടിട്ടുള്ളത്. തെക്ക് പടിഞ്ഞാറൻ ഉത്തർപ്രദേശിന് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. മധ്യ ബംഗാൾ ഉൾക്കടലിലും ചക്രവാതചുഴി രൂപപ്പെട്ടു.
അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നു വീണ്ടും ശക്തി പ്രാപിച്ച് പടിഞ്ഞാറ്, വടക്ക് – പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
by Midhun HP News | Sep 12, 2023 | Latest News, കേരളം
പാലക്കാട്: ജില്ലാ ആശുപത്രിയിൽ സംഭാവനയായി ലഭിച്ച എക്സറേ മെഷീൻ എലി രണ്ട സംഭവത്തിൽ അന്വേഷണത്തിനൊരുങ്ങി വിജിലൻസ്. എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്തയാണ് പരാതി നൽകിയത്. ഇതിനെ തുടർന്നാണ് അന്വേഷണം.
2021 മാർച്ചിലാണ് സ്വകാര്യ കമ്പനി 92.6 ലക്ഷംരൂപ വിലമതിക്കുന്ന എക്‌സ് റേ മെഷീൻ ജില്ലാ ആശുപത്രിക്ക് സംഭാവനയായി നൽകിയത്. യന്ത്രം പ്രവർത്തിപ്പിക്കാനാവശ്യമായ അനുബന്ധ സൗകര്യങ്ങൾ ആശുപത്രി ഒരുക്കണമെന്ന് കരാറിൽ ഉണ്ടായിരുന്നു. എന്നാൽ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. മെഷീൻ എലി കടിച്ച് നശിപ്പിച്ചതോടെ സംഭവം വിവാദമായി. മെഷീന്റെ അറ്റകുറ്റപ്പണിക്കായി ഏകദേശം 31.91 ലക്ഷം രൂപ ചെലവ് വരുമെന്ന് കാണിച്ച് ആരോഗ്യവകുപ്പ് ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
Recent Comments