കോഴിക്കോട് നിപ സംശയം; ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

കോഴിക്കോട് നിപ സംശയം; ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ജില്ലയില്‍ നിപ സംശയം നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കി. ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം പുനെയില്‍ നിന്ന് ഇന്ന് വൈകീട്ടെത്തുമെന്നും ഈ ഘട്ടത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. വവ്വാല്‍, കാട്ടുപന്നി എന്നിവയാണ് നിപ വൈറസിന്റെ വാഹകരെന്നതിനാല്‍ ഇവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന് വെറ്റിനറി ഓഫിസര്‍ ഡോ കെ ബി ജിതേന്ദ്രകുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

വയനാട്: മാനന്തവാടിയിൽ വിൽപ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. വെള്ളമുണ്ട സ്വദേശികളായ മുഹമ്മദ് ഇജാസ്(26), കെ. സാബിത്ത്(24), ടി.ജി. അമൽജിത്ത്(28) എന്നിവരെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ എൻ. അജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.

സംസ്ഥാനത്ത് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരുക്കുന്നത്. 2022ൽ 26,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തത്. 2016 ൽ 5,924 കേസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 450 ശതമാനം വർധവാണ് ഉണ്ടായത്. 2023ലെ കണക്ക് പരിശോധിച്ചതിൽ ഇതിലും ഭീകരമായിരിക്കുമെന്ന് എക്‌സൈസ് അധികൃതർ തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ ഏഴ് വർഷമായി എം. ഡി. എം. എ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കുലും കുറച്ച് കാലം കൊണ്ടാണ് ഉപയോഗം വ്യാപകമായത്.

കാട്ടാക്കടയിൽ വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

കാട്ടാക്കടയിൽ വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജനെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. അപകടം മനപൂർവ്വമല്ലെന്നും ആക്സിലേറ്ററിൽ കാൽ അമർന്നു പോയതാണെന്നും തെളിവെടുപ്പിനിടെ പ്രതി പ്രിയരഞ്ജൻ പൊലീസിനോട് പറഞ്ഞു. മോട്ടോർ വാഹന വകുപ്പും സ്ഥലത്ത് പരിശോധന നടത്തി.

പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ആദിശേഖർ കൊല്ലപ്പെട്ട പുളിങ്കോട് ക്ഷേത്രത്തിനു മുന്നിലെ റോഡിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. തിരുവനന്തപുരം റൂറൽ എസ്പി ഡി ശില്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട്ടിലെ കുഴിത്തുറയിൽ നിന്ന് ഇന്നലെ പ്രതിയെ പിടികൂടിയത്. പ്രതി ഉപയോഗിച്ച കാറിന്റെയും ആദിശേഖർ ഓടിച്ചിരുന്ന സൈക്കിളിന്റെയും പരിശോധന മോട്ടോർ വാഹന വകുപ്പ് ഇന്ന് പൂർത്തിയാക്കി. അതേസമയം പ്രതി പ്രിയരഞ്ജന്റെ ഭാര്യ സാമൂഹ്യ മാധ്യമങ്ങളിലൂടെ കുടുംബത്തിനെതിരെ അധിക്ഷേപം നടത്തുന്നതായി ആദിശേഖറിന്റെ കുടുംബം ആരോപിച്ചു.

കഴിഞ്ഞമാസം 30നായിരുന്നു പത്താം ക്ലാസുകാരനായ ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്. ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ആരോപണത്തിന് ബലം നൽകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. നാളെ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും വിശദമായ തെളിവെടുപ്പും ചോദ്യം ചെയ്യലുമെന്ന് പോലീസ് വ്യക്തമാക്കി.

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി

ഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വീണ്ടും മാറ്റി. അസൗകര്യമുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിവച്ചത്. ഇതു 35-ാം തവണയാണ് ലാവലിന്‍ കേസ് സുപ്രീം കോടതി മാറ്റിവയ്ക്കുന്നത്.

മറ്റു കേസുകളുടെ തിരക്കില്‍ ആയതിനാല്‍ ലാവലിന് കേസ് മാറ്റിവയ്ക്കണമെന്ന് സിബിഐക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു അറിയിക്കുകയായിരുന്നു. കേസ് മാറ്റിവയ്ക്കുന്നതിനെ മറ്റ് കക്ഷികളുടെ അഭിഭാഷകര്‍ എതിര്‍ത്തില്ല. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേട് ഉണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

കേസില്‍ കുറ്റവിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി ടി രവികുമാര്‍ പിന്‍മാറിയതോടെയാണ് ലാവലിന്‍ കേസ് പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തുന്നത്.

2006 മാര്‍ച്ച് ഒന്നിനാണ് എസ്എന്‍സി ലാവലിന്‍ കേസ് സിബിഐക്ക് വിടാന്‍ അന്നത്തെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. 2009 ജൂണ്‍ 11 ന് അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2017 ഓഗസ്റ്റ് 23 ന് പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കേസില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കി. ഇതു ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.

‘ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കണം’; കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം

‘ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കണം’; കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം

കോഴിക്കോട്: നിപ വ്യാപന നിരീക്ഷണത്തിന് പതിനാറ് അംഗ ടീമുകള്‍ രൂപികരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സാംപിള്‍ ശേഖരണം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ തുടങ്ങിയ ജോലികള്‍ക്കായാണിതെന്നും മന്ത്രി പറഞ്ഞു. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിക്കുമെന്നും ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ സജ്ജമാക്കുമെന്നും ഉന്നതതലയോഗത്തിന് ശേഷം ആരോഗ്യമന്ത്രി കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ഇന്ന് വൈകീട്ട് വരുന്ന പരിശോധനാഫലം നെഗറ്റീവ് ആകട്ടെ എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ആരോഗ്യവകുപ്പ് ഈ കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യാവുന്ന എല്ലാ മുന്നൊരുക്കങ്ങളും ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഒട്ടും സമയനഷ്ടം ഇല്ലാതിരിക്കാനാണ് ഇപ്പോഴത്തെ മുന്‍കരുതലുകള്‍. രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ 2018ല്‍ തയ്യാറാക്കിയതും 2021ല്‍ പുതുക്കിയതുമായ ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആശുപത്രി സന്ദര്‍ശനം ആവശ്യമെങ്കില്‍ മാത്രമേ നടത്താവൂ. രോഗികളെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിപ സംബന്ധിച്ച് ഫെയ്ക് ന്യൂസ് പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

90വീടുകളില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. പനി ബാധിച്ച് മരിച്ചവരുമായി പ്രൈമറി കോണ്‍ടാക്ടുള്ള 75 പേരെ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. പനി ബാധിച്ച് ആദ്യം മരിച്ചയാള്‍ ഒരു സ്വകാര്യ ക്ലിനിക്കില്‍ പോയി അതിനുശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലും പോയിരുന്നു. ഏതാണ്ട് സമാനമായ രീതിയിലാണ് രണ്ടാമത്തെ പേഷ്യന്റെ കാര്യത്തിലും സംഭവിച്ചത്.

രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ ഐസോലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. ചികിത്സ ആവശ്യമുള്ളവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കുക ലക്ഷ്യമിട്ട് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ കുറ്റ്യാടിയില്‍ പ്രാദേശിക യോഗം ചേരും. ഫലം പോസിറ്റിവായാല്‍ കൃത്യമായ പ്രോട്ടോകോള്‍ നിലവില്‍ വരും. പോസിറ്റിവാണെങ്കില്‍ അതിന്റെ പ്രോട്ടോകോള്‍ അനുസരിച്ചാവും സംസ്‌കാരച്ചടങ്ങുകള്‍ നടത്തുകയെന്നും മന്ത്രി പറഞ്ഞു.

നിപ ബാധ സംശയിക്കുന്ന രണ്ടുപേരുടെ സ്രവ പരിശോധനാ ഫലം ചൊവ്വാഴ്ച വൈകിട്ട് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലിരിക്കെ മരിച്ചവരുടെ സ്രവങ്ങളാണ് പുണെയിലെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചത്. നിപ സംശയിക്കുന്ന സാഹചര്യത്തിലുള്ള അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജാഗ്രതാനിര്‍ദേശങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കമുണ്ടായവരുടേയും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടേയും പട്ടികയാണ് തയ്യാറാക്കിയത്. അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരേയും നിരീക്ഷണത്തിലാക്കും.

തിങ്കളാഴ്ച മരണമടഞ്ഞ 49 വയസുള്ളയാളുടെ മൃതദേഹം മുന്‍കരുതലുകളോടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. സ്രവ പരിശോധനാഫലം വന്നശേഷമേ ഈ മൃതദേഹം സംസ്‌കരിക്കൂവെന്നും കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് സജ്ജമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിപ സ്ഥിരീകരിക്കപ്പെട്ടാല്‍ വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടെ ഇവിടേക്ക് നിയോഗിക്കും.

ആദ്യ മരണമടഞ്ഞയാളും തിങ്കഴാഴ്ച മരിച്ചയാളും തമ്മില്‍ ആശുപത്രിയില്‍ ഒരു മണിക്കൂറിലേറെ സമ്പര്‍ക്കമുള്ളതായി മനസ്സിലാക്കുന്നു. നിപയാണെന്ന് സംശയിക്കാനുള്ള പ്രധാന സാഹചര്യം ഇതാണ്. ലിവര്‍ സിറോസിസ് മൂലമാണ് ഒന്നാമത്തെ മരണം എന്നാണ് കരുതിയിരുന്നത്. പിന്നീട് ഇയാളുടെ ഒമ്പതുവയസുള്ള മകനും സഹോദരനും പത്തുമാസം മാത്രമുള്ള കുഞ്ഞിനും ഉള്‍പ്പെടെ നിപാ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് ആരോഗ്യവകുപ്പ് മുന്‍കരുതല്‍ സ്വകീരിക്കാന്‍ തുടങ്ങിയത്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിനിടെയാണ് തിങ്കളാഴ്ച വൈകിട്ടോടെ രണ്ടാമത്തെ മരണമുണ്ടായത്.

സ്ത്രീ ശക്തി ലോട്ടറി ഫലം ഇന്ന്: 75 ലക്ഷം രൂപ ആര് നേടും?

സ്ത്രീ ശക്തി ലോട്ടറി ഫലം ഇന്ന്: 75 ലക്ഷം രൂപ ആര് നേടും?

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്നറിയാം. ഉച്ചക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralalotteryresult.net/ ,
http://www.keralalotteries.com ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ വില 40രൂപയാണ്. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.