റോഡിലെ വെള്ളക്കെട്ടില്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞു;  ഡ്രൈവര്‍ മരിച്ചു

റോഡിലെ വെള്ളക്കെട്ടില്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

മലപ്പുറം: മലപ്പുറം എടവണ്ണ വടശ്ശേരിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മണിമൂലി സ്വദേശി കാരേങ്ങല്‍ യൂനുസ് ആണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. എടവണ്ണ- കൊയിലാണ്ടി റോഡിലാണ് അപകടം.

വളവുള്ള ഭാഗത്ത് റോഡില്‍ വെള്ളക്കെട്ട് കണ്ട് ബ്രേക്ക് ചെയ്തപ്പോള്‍ ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോയുടെ അടിയില്‍പ്പെട്ട യൂനുസിനെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. റോഡിലെ വെള്ളക്കെട്ടു മൂലം കഴിഞ്ഞയാഴ്ച ഒരു ബൈക്ക് മറിഞ്ഞ് യാത്രക്കാരന് സാരമായി പരിക്കേറ്റിരുന്നു.

ചാണ്ടി ഉമ്മന്‍ എം.എല്‍.എയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ചാണ്ടി ഉമ്മന്‍ എം.എല്‍.എയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ചാണ്ടി ഉമ്മന്‍ ഇന്ന് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം 10 മണിക്കാണ് നിയമസഭയിലെ സത്യപ്രതിജ്ഞ. ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കുടുംബാംഗങ്ങള്‍ക്കൊപ്പമാകും ചാണ്ടി ഉമ്മന്‍ സഭയിലേക്കെത്തുക. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. ഉമ്മന്‍ചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയെന്ന് കണക്കാക്കുന്ന തെരഞ്ഞെടുപ്പില്‍, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടേത്.

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാംഘട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാംഘട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സെപ്റ്റംബര്‍ 16 വരെ രണ്ടാംഘട്ടം തുടരും. സാധാരണ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളില്‍ വാക്‌സിനേഷന്‍ സ്വീകരിക്കാവുന്നതാണ്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം. ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിനെടുക്കാത്ത ഗര്‍ഭിണികളും 5 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികളും വാക്‌സിന്‍ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് മിഷന്‍ ഇന്ദ്രധനുഷ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 7 മുതല്‍ നടന്ന ഒന്നാം ഘട്ടം വിജയമായിരുന്നു. ഒന്നാംഘട്ടത്തില്‍ 75 ശതമാനത്തിലധികം കുട്ടികള്‍ക്കും 98 ശതമാനത്തിലധികം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്.

അതില്‍ 18,389 ഗര്‍ഭിണികള്‍ക്കും 87,359 അഞ്ച് വയസ് വരെയുളള കുട്ടികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. ഒക്ടോബര്‍ 9 മുതല്‍ 14 വരേയുമാണ് മൂന്നാം ഘട്ടം.ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിന്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുളള 2 മുതല്‍ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും പൂര്‍ണമായോ ഭാഗികമായോ ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കുമാണ് ഈ പരിപാടിയിലൂടെ വാക്‌സിന്‍ നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരുവാന്‍ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെ ട്ട സ്ഥലങ്ങളിലും വച്ച് വാക്‌സിനേഷന്‍ നല്‍കുന്നതാണ്. കൂടാതെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുളള ദുര്‍ഘട സ്ഥലങ്ങളില്‍ മൊബൈല്‍ ടീമിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

കേരളത്തിലെ വലിയ ജില്ല ഇനി ഇടുക്കി

കേരളത്തിലെ വലിയ ജില്ല ഇനി ഇടുക്കി

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ജില്ലയെന്ന ഖ്യാതി ഇനി ഇടുക്കി ജില്ലക്ക്. 1997 നു മുമ്പ് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയെന്ന പെരുമ ഇടുക്കി ജില്ലക്കുണ്ടായിരുന്നു. എന്നാൽ പിന്നീട് ദേവികുളം താലുക്കിന്റെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയോട് ചേർക്കപ്പെട്ടതോടെ ഇടുക്കിയുടെ ഒന്നാം സ്ഥാനം നഷ്ടമായി. അതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി പാലക്കാട് മാറി.

എന്നാൽ പുതിയതായി രൂപീകരിച്ച ഇടമലക്കുടി വില്ലേജിലേക്ക് ഇപ്പോഴത്തെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായ 12718.5 ഹെക്ടർ സ്ഥലം കൂട്ടി ചേർത്തതോടെ ഇടുക്കി ജില്ലയുടെ വിസ്‌തൃതി 4612 ച.കിലോമീറ്ററായി വർധിച്ചു. ഇതോടെ പാലക്കാടിനെ പിന്തള്ളി ഇടുക്കി ഒന്നാമതായി.

ഭരണ സൗകര്യത്തിനായാണ് കുട്ടമ്പുഴ വില്ലേജിന്‍റെ ഭാഗങ്ങൾ ഇടമലക്കുടിയിലേക്ക് ഉൾപ്പെടുത്തിയത്. ഇതുസംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. പുതിയ മാറ്റത്തോടെ എറണാകുളം ജില്ല വലിപ്പത്തിൽ നാലിൽനിന്ന് അഞ്ചാം സ്ഥാനത്തായി. അഞ്ചാമതായിരുന്ന തൃശൂർ നാലാം സ്ഥാനത്തും. മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്.

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 10 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. നാളെ വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് പത്തു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ ഇടുക്കി, മലപ്പുറം ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

പരക്കെ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരക്കെ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മധ്യ, തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മലയോരമേഖലകളില്‍ ജാഗ്രത വേണം. ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും.മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ട്. സെപ്റ്റംബര്‍ 9 മുതല്‍ 11 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.