വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അമ്പതോളം ചെറുപ്പക്കാരെ കബളിപ്പിച്ചു; കൊല്ലം സ്വദേശി പിടിയില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അമ്പതോളം ചെറുപ്പക്കാരെ കബളിപ്പിച്ചു; കൊല്ലം സ്വദേശി പിടിയില്‍

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അൻപതോളം ചെറുപ്പക്കാരെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കൊല്ലം സ്വദേശി പിടിയില്‍. കൊല്ലം ഉമയനെല്ലൂര്‍ പുതുച്ചിറ ദില്‍ഷാദ് മന്‍സിലില്‍ ഷാനവാസ് (33) എന്നയാളെയാണ് കണ്ണമാലി പൊലീസ് ബാംഗ്ലൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത് ഐ.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ടിലേയും തിരുവനന്തപുരം ഐ.പി എം എസ് ഇന്‍സ്റ്റിറ്റ്യൂട്ടിലേയും വിദ്യാര്‍ഥികളെയാണ്.

പ്രതി തട്ടിപ്പ് നടത്തിയത് ഐ.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ടിലേയും തിരുവനന്തപുരം ഐ.പി എം എസ് ഇന്‍സ്റ്റിറ്റ്യൂട്ടിലേയും അധ്യപകനായ ബാലചന്ദ്രന്റെ സഹായത്തോടെയാണ്. ഇയാള്‍ക്കെതിരെ കേരളത്തിലെ പല സ്റ്റേഷനുകളിലും സമാനമായ കേസുകളും പരാതികളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ ഇയാള്‍ക്കെതിരെ തിരുവനന്തപുരം പാലോട് പൊലീസ് സ്റ്റേഷനില്‍ പോക്സോ വകുപ്പ് പ്രകാരവും എറണാകുളം നെടുമ്പാശ്ശേരി സ്റ്റേഷനില്‍ വഞ്ചനാ കുറ്റത്തിനും കേസ് നിലവിലുണ്ട്.

നിയമസഭ കയ്യാങ്കളി കേസ്: രണ്ട് കോൺഗ്രസ് മുൻ എംഎൽഎമാരെ പ്രതിചേർക്കും

നിയമസഭ കയ്യാങ്കളി കേസ്: രണ്ട് കോൺഗ്രസ് മുൻ എംഎൽഎമാരെ പ്രതിചേർക്കും

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോണ്‍ഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കും. എം.എ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. വനിതാ എംഎൽഎ തടഞ്ഞുവെന്ന ചുറ്റം ചുമത്തിയാണ് പ്രതി ചേർക്കുക. ഇതേവരെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേർക്കുന്നത്.

മന്ത്രി വി.ശിവൻകുട്ടിയും ഇ.പി ജയരാജനും മടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് പൊതുമുതൽ നശിപ്പിച്ചതിന് പ്രതികള്‍. കേസ് എഴുതിത്തളളാൻ സർക്കാരും, കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കാൻ പ്രതികളും സുപ്രീംകോടതിവരെ പോയെങ്കിലും തിരിച്ചടി നേരിട്ടു. കേസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും കോടതിയെ സമീപിച്ചതോടെയാണ് നീക്കങ്ങള്‍ പാളിയത്. വിചാരണ തുടങ്ങാനിരിക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

അന്നത്തെ പ്രതിപക്ഷ എംഎൽഎമാർ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും അവരെ പ്രതി ചേർത്തില്ലെന്ന ഇടതു വനിതാ നേതാക്കളുടെ പരാതിയിലാണ് ഡിജിപി തുടരന്വേഷണത്തിന് അനുമതി തേടിയത്. ജമീല പ്രകാശത്തിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എം.എ വാഹിദിനെയും ശിവദാസൻ നായരെയും പ്രതിചേർക്കുന്നത്.

ഓട്ടോയിലും ബൈക്കിലും ഇടിച്ചു; പിന്നാലെ ലോറി പുഴയിലേക്ക് മറിഞ്ഞു

ഓട്ടോയിലും ബൈക്കിലും ഇടിച്ചു; പിന്നാലെ ലോറി പുഴയിലേക്ക് മറിഞ്ഞു

കണ്ണൂര്‍: മാഹി പാലത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ലോറി പുഴയിലേക്ക് മറിഞ്ഞു. പുഴയോരത്തെ ഭിത്തി തകര്‍ത്താണ് ലോറി പുഴയിലേക്ക് മറിഞ്ഞത്. കോഴിക്കോട്ടേയ്ക്ക് പോകുകകായിരുന്ന മീന്‍ കയറ്റിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയാണിത്. ഒരു ഓട്ടോയിലും മൂന്ന് ബൈക്കിലും ഇടിച്ചതിനു പിന്നാലെയാണു പുഴയിലേക്ക് മറിഞ്ഞത്. ലോറി ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു.

പൂന്തോട്ടം നനയ്ക്കാന്‍ പുറത്തിറക്കി: വിയ്യൂരില്‍ തടവുകാരന്‍ ജയില്‍ ചാടി

പൂന്തോട്ടം നനയ്ക്കാന്‍ പുറത്തിറക്കി: വിയ്യൂരില്‍ തടവുകാരന്‍ ജയില്‍ ചാടി

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുകാരന്‍ ജയില്‍ ചാടി. തമിഴ്‌നാട് സ്വദേശി ഗോവിന്ദ് രാജ് ആണ് കഴിഞ്ഞദിവസം ഉച്ചയോടെ ജയിലില്‍ നിന്നും ചാടിയത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇയാള്‍. പൂന്തോട്ടം നനയ്ക്കാന്‍ തടവുകാരെ പുറത്തിറക്കിയ സമയത്താണ് ഉദദ്യോഗസ്ഥരും സഹതടവുകാരും കാണാതെ ഇയാള്‍ രക്ഷപെട്ടത്.
ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി വിയ്യൂര്‍ പൊലീസ് അറിയിച്ചു.

വീണ്ടും ചക്രവാതച്ചുഴി; മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. മധ്യപ്രദേശിന് മുകളിലായി പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടത്തരം രീതിയിലുള്ള മഴ തുടരാനാണ് സാധ്യത. 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജനവാസ മേഖലയിലും വനാന്തര റോഡുകളിലും കാട്ടാന ശല്യം രൂക്ഷമായി

ജനവാസ മേഖലയിലും വനാന്തര റോഡുകളിലും കാട്ടാന ശല്യം രൂക്ഷമായി

പാലോട്: മഴ കനത്തതോടെ വനാതിർത്തിയിലെ ജനവാസ മേഖലയിലും വനാന്തര റോഡുകളിലും കാട്ടാന ശല്യം രൂക്ഷമായി. യാത്രക്കാർക്ക് ഭീഷണി ആയതിനു പുറമേ വ്യാപകമായ കൃഷിനാശവും വരുത്തുകയാണ്. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ റോഡിൽ ഇടവം മേഖലയിൽ കഴിഞ്ഞ രാത്രി കാട്ടാനയിറങ്ങി ഏറെ നേരം മാർഗ തടസ്സം ഉണ്ടാക്കിയതായി പറയുന്നു. പന്നിയോട്ടുകടവിൽ കൃഷിയിടത്തിലിറങ്ങി ഏഴോളം വരുന്ന കാട്ടാനക്കൂട്ടം തെങ്ങുകളും വാഴകളും റബറും അടക്കം വ്യാപകമായി കൃഷിനാശം വരുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.

കലയപുരം ആദിവാസി ഊരിൽ കാട്ടാനകളുടെ ശല്യം ഏറിവരുന്നതായി പറയുന്നു. ദിവസവും ഇവിടെ കാട്ടാന ഇറങ്ങുന്നുണ്ട്. ആദിവാസി മേഖലകളായ കല്ലണ, ഇയയ്യക്കോട്, ചെന്നല്ലിമൂട് എന്നിവിടങ്ങളിലും മഴക്കാലം ആയതോടെ രാത്രികാലങ്ങളിൽ കാട്ടാനകൾ കാടിറങ്ങുന്നുണ്ട്. വനാന്തര മേഖലകളിൽ കൂടിയുള്ള നാട്ടുകാരുടെ രാത്രിയാത്ര വളരെ കരുതലോടെയാണ്. വേങ്കൊല്ല ശാസ്താനട റോഡിലും പോട്ടാമാവ് ആദിവാസി കോളനിയിലേക്കുള്ള റോഡിലും കാട്ടാനശല്യം ഉള്ളതായി പറയുന്നു.