by Midhun HP News | Sep 9, 2023 | Latest News, കേരളം
എറണാകുളം: ഓൺലൈൻ മുഖേനയുള്ള തട്ടിപ്പിൽ ആലപ്പുഴ സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്നും 90,700 രൂപ നഷ്ടമായതായി പരാതി. എറണാകുളം അമൃത നഴ്സിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ മഞ്ജു ബിനുവിനാണ് പണം നഷ്ടമായത്. തട്ടിപ്പിന് ഇരയായതിന് പിന്നാലെ നാഷണൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.
പാസ്പോർട്ടിലെ പേര് തിരുത്തുന്നതിനായി ഇവർ ഓൺലൈൻ പോർട്ടലിൽ പേര് നൽകിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ആലപ്പുഴയിലെ പാസ്പോർട്ട് സേവനകേന്ദ്രത്തിൽ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പാസ്പോർട്ട് കൊറിയർ മുഖേന അയച്ചു തരുന്നതിനായി പത്ത് രൂപ സർവീസ് ചാർജ്ജ് അയച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ഫോൺകോളെത്തി. ഇതിനായി ഒരു ലിങ്ക് നൽകുകയും ചെയ്തു. ഇതിലേക്ക് പത്ത് രൂപ അയച്ചു നൽകി.
കുറച്ച് സമയം കഴിഞ്ഞ് പുതിയ ഫോർമാറ്റ് അയച്ചതിന് ശേഷം ഇത് പൂരിപ്പിച്ച് അയക്കണമെന്ന് പറഞ്ഞതനുസരിച്ച് യുപിഐ നമ്പർ ഉൾപ്പെടെ നൽകി. ഇതിന് ശേഷം അക്കൗണ്ടിൽ നിന്നും 90,700 രൂപ പിൻവലിച്ചിരുന്നോ എന്ന ചോദ്യവുമായി എസ്ബിഐയിൽ നിന്നെന്ന വ്യാജേന സന്ദേശം ലഭിച്ചു. സംശയത്തെ തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ഇവിടെ നിന്നും ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. തുടർന്ന് അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് തിരിച്ചറിയുന്നത്.
by Midhun HP News | Sep 9, 2023 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം എത്തി. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഒരുഗ്രാമിന് 5485 രൂപയും പവന് 43,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. മൂന്നു ദിവസം ഇടിഞ്ഞു നിന്ന സ്വർണവില വെള്ളിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,500 രൂപയിലും പവന് 44,000 രൂപയിലും എത്തിയിരുന്നു.
by Midhun HP News | Sep 9, 2023 | Latest News, കേരളം
തൃശൂർ: നഗരത്തിൽ വൻ സ്വർണ കവർച്ച. ഡിപി ചെയിൻസ് എന്ന സ്ഥാപനത്തിൽ നിന്നും ജ്വല്ലറികളിലേക്ക് കൊണ്ടുപോയ 3 കിലോ സ്വർണാഭരണങ്ങൾ കവർന്നു. ഇന്നലെ അർധരാത്രിയാണ് മോഷണം നടന്നത്.
കന്യാകുമാരി, മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് ജീവനക്കാർ പോകുമ്പോഴാണ് കാറിൽ എത്തിയ സംഘം കവർച്ച നടത്തിയത്. ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറ്റോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവരുടെ കൈയ്യിൽ സൂക്ഷിച്ചിരുന്ന ബാഗാണ് സംഘം തട്ടിയെടുത്തത്. വെള്ള കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്നാണ് ഇരുവരും നൽകിയ മൊഴി.
പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രയിനിൽ പതിവായി കൊണ്ട് പോകാറുണ്ടായിരുന്നു. ഇത് അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Sep 9, 2023 | Latest News, കേരളം
പാലക്കാട്: ചെർപ്പുളശ്ശരേിയിൽ 48.5 ലിറ്റർ വിദേശമദ്യവുമായി എഞ്ചിനീയറിംഗ് ബിരുദധാരികളായ യുവാക്കൾ പിടിയിൽ. തൃക്കടീരി സ്വദേശി മുഹമ്മദ് സലീം, വീരമംഗലം വലിയ വീട്ടിൽ സനൂപ് എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
അട്ടപ്പാടിയിലേക്ക് ജീപ്പിൽ കടത്തുകയായിരുന്ന മദ്യവുമായിട്ടാണ് ഇരുവരും പിടിയിലായത്. പോകുന്ന വഴിയിൽ വാഹന പരിശോധന കണ്ട ഇവർ എക്‌സൈസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയാനും ശ്രമിച്ചു. ഇതിനിടയിലാണ് ഇരുവരും പിടിയിലാവുന്നത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ ഇരുവരും ലഹരി ഉപയോഗിക്കുന്നതിന് പണം കണ്ടെത്തുന്നതിനായി പതിവായി ലഹരി വിൽപനയിലും പങ്കാളികളാണെന്ന് എക്‌സൈസ് അറിയിച്ചു. അര ലിറ്ററിന്റെ 97 കുപ്പികളിലായാണ് മദ്യം എക്‌സൈസ് കണ്ടെത്തിയത്.
ബീവറേജസ് ഔട്ട്‌ലെറ്റ്‌സിൽ നിന്നും വാങ്ങിയ മദ്യം അട്ടപ്പാടിയിൽ കൂടിയ വിലയ്‌ക്ക് വിൽക്കാനായിരുന്നു ഇരുവരും ലക്ഷ്യമിട്ടിരുന്നത്. ചെർപ്പുളശ്ശേരി റേഞ്ച് എക്‌സൈസ് പ്രിവന്റ് ഓഫീസർ കെ. വസന്തകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, പ്രതികൾ മദ്യം കടത്താൻ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിലെടുത്തതായി എക്‌സൈസ് അറിയിച്ചു.
by Midhun HP News | Sep 9, 2023 | Latest News, കേരളം
ഇടുക്കി മൂന്നാര്‍ ആന സവാരി കേന്ദ്രത്തില്‍ ആനകള്‍ക്ക് നേരേ ഉപദ്രവം. വലിയ വടി ഉപയോഗിച്ച് ആനയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാട്ടുപ്പെട്ടി റൂട്ടില്‍ കാര്‍മ്മല്‍ഗിരി ആനസവാരി കേന്ദ്രത്തിലെ ആനകളെ പാപ്പാന്മാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നടപടി ആവശ്യപ്പെട്ട് മൃഗ സ്‌നേഹികളും രംഗത്തെത്തി. ഇവിടെ എത്തിയ സഞ്ചാരിയാണ് ദൃശ്യങ്ങൾ പകർത്തിയത്.
by Midhun HP News | Sep 9, 2023 | Latest News, കേരളം
കൊച്ചി: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ് ശ്രീജിത്ത്. ഒരു ജില്ലയില്‍ പത്തെണ്ണം വീതം സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിനു 140 ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കാനാണ് ശ്രമം. ഭാരമേറിയ എഐ കാമറകള്‍ ഘടിപ്പിക്കാന്‍ ശേഷിയുള്ള പ്രത്യേക ഡ്രോണുകള്‍ നിര്‍മിക്കാന്‍ വിവിധ ഏജന്‍സികളുമായി മോട്ടര്‍ വാഹന വകുപ്പു ചര്‍ച്ച തുടരുകയാണെന്ന് ശ്രീജിത് അറിയിച്ചു.
ഡ്രോണ്‍ നിയന്ത്രണത്തിനുള്ള സംവിധാനം സജ്ജമാക്കിയ വാഹനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട ശേഷം 5 കിലോമീറ്റര്‍ ചുറ്റളവിലെ റോഡുകളില്‍ നിരീക്ഷണം നടത്തി നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണു ചെയ്യുക. നിലവില്‍ എഐ കാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ വിവിധ ആപ്പുകള്‍ മുഖേന കണ്ടെത്തി അവിടെ മാത്രം നിയമാനുസൃതം വാഹനം ഓടിക്കുകയും ഈ മേഖല മറികടന്നാല്‍ നിയമലംഘനം നടത്തുകയും ചെയ്യുന്ന പ്രവണതയ്ക്കു തടയിടാനാണു ഡ്രോണ്‍ എഐ ക്യാമറകള്‍ ഉപയോഗിക്കുക.
എഐ കാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്നും ശ്രീജിത് പറഞ്ഞു.
Recent Comments