മോൻസൻ മാവുങ്കൽ കേസ്; മുൻ ഡിഐജി എസ്‌ സുരേന്ദ്രന്റെ ഭാര്യ അറസ്റ്റിൽ

മോൻസൻ മാവുങ്കൽ കേസ്; മുൻ ഡിഐജി എസ്‌ സുരേന്ദ്രന്റെ ഭാര്യ അറസ്റ്റിൽ

കൊച്ചി: മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിൽ നാലാം പ്രതി മുൻ ഡിഐജി എസ്‌ സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്ത് ജാമ്യത്തില്‍ വിട്ടു. കേസിൽ ഏഴാംപ്രതിയാണു ബിന്ദുലേഖ. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബിന്ദുലേഖയെ വിട്ടയച്ചു.

കളമശ്ശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ഭർത്താവിനൊപ്പം ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെയാണ് ബിന്ദു ചോദ്യംചെയ്യലിന് ഹാജരായത്. വൈകിട്ട് 4.30വരെ ചോദ്യം ചെയ്യൽ നീണ്ടു. മോൻസന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ രേഖകൾ കാണിച്ചായിരുന്നു ചോദ്യം ചെയ്യൽ.

മോൻസനുമായി സാമ്പത്തിക ഇടപാടുകൾ ഒന്നു നടത്തിയിട്ടില്ലെന്നും ആരോടും മോൻസനു പണം നൽകാൻ ശുപാർശ ചെയ്തിട്ടില്ലെന്നുമാണു ബിന്ദുലേഖയുടെയും സുരേന്ദ്രന്റെയും മൊഴി. മകളുടെ മുടികൊഴിച്ചിൽ മാറ്റാനുള്ള ഒറ്റമൂലി ചികിത്സയ്ക്കു വേണ്ടിയാണ് മോൻസന്റെ വീട്ടിൽ പോയിട്ടുള്ളത്. മോൻസന്റെ മകൾക്കൊപ്പം വസ്ത്രങ്ങൾ വാങ്ങാൻ പോയിട്ടുണ്ട്. അപ്പോൾ ബിൽ തുക കടയിൽ കൊടുത്തതു ബിന്ദുലേഖയാണെന്നും മൊഴി നൽകി. ഈ തുകയാണു പിന്നീടു മോൻസന്റെ അക്കൗണ്ടിൽ നിന്നു ബിന്ദുലേഖയുടെ അക്കൗണ്ടിലേക്കു വന്നതെന്നുമാണ് മൊഴി നൽകിയത്.

എന്നാൽ സുരേന്ദ്രനും ബിന്ദുലേഖയ്ക്കും മോൻസന്റെ സാമ്പത്തികത്തട്ടിപ്പിൽ പങ്കാളിത്തമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. വിശ്വാസവഞ്ചനയ്‌ക്കു കൂട്ടുനിന്നതിനും ഗൂഢാലോചനയ്‌ക്കുമാണു ബിന്ദുലേഖയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്‌. ഡിഐജിയുടെ ഭാര്യയാണെന്നു പറഞ്ഞാണു ബിന്ദുലേഖയെ മറ്റുള്ളവർക്കു മോൻസൻ പരിചയപ്പെടുത്തിയിരുന്നതെന്നു ക്രൈംബ്രാഞ്ച് പറയുന്നു.

ഇതുകേട്ടു പലരും വിശ്വാസത്തോടെ പണം നിക്ഷേപിക്കാൻ തയാറായതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാൽ ഇതൊന്നും തങ്ങളുടെ അറിവോടെയായിരുന്നില്ലന്ന് ബിന്ദുലേഖയും സുരേന്ദ്രനും പൊലീസിന് മൊഴി. മോൻസന് വ്യാജ പുരാവസ്തുക്കൾ എത്തിച്ചു നൽകിയിരുന്ന കിളിമാനൂർ സ്വദേശി സന്തോഷ് നോട്ടിസ് ലഭിച്ചിട്ടും ഇന്നലെ ചോദ്യംചെയ്യലിനു ഹാജരായില്ല. വീണ്ടും നോട്ടിസ് അയയ്ക്കും.

വ്യാപക മഴയ്ക്ക് സാധ്യത;11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

നെയ്യാറ്റിൻകര പോളിടെക്‌നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ

നെയ്യാറ്റിൻകര പോളിടെക്‌നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ ഒന്നാം വർഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് തിങ്കളാഴ്ച (സെപ്റ്റംബർ 11) സ്‌പോട്ട് അഡ്മിഷൻ നടക്കും. സ്ട്രീം ഒന്നിലെ സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ 9.30 മുതൽ 10 വരെയും സ്ട്രീം രണ്ടിലെ സ്‌പോട്ട് രജിസ്‌ട്രേഷൻ ഉച്ചയ്ക്ക് 1.30 മുതൽ 2 വരെയുമാണ്.
സ്ട്രീം ഒന്നിൽ രാവിലെ 10.30ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അംഗപരിമിതർ, ധീവര, THSLC സർട്ടിഫിക്കറ്റ് ഉള്ളവർ, വിഎച്ച്എസ്ഇ (ബയോമെഡിക്കൽ എക്യുപ്‌മെന്റ്) സർട്ടിഫിക്കറ്റ് ഉള്ളവർക്കും, രാവിലെ 11ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 20,000 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാർക്കും, ഉച്ചയ്ക്ക് 12ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 20,001 മുതൽ 40,000 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാർക്കും പ്രവേശനം നടക്കും.

സ്ട്രീം രണ്ടിൽ ഉച്ചയ്ക്ക് രണ്ടിന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട CABM-ൽ അഡ്മിഷൻ എടുക്കാൻ താത്പര്യമുള്ള ധീവര, കുശവൻ, വിഎച്ച്എസ്ഇ വിഭാഗങ്ങളിലുൾപ്പെട്ടവർക്കും, ഉച്ചയ്ക്ക് 2.30ന് CABM-ൽ അഡ്മിഷൻ എടുക്കാൻ താത്പര്യമുള്ള റാങ്ക് 30,000 വരെയുള്ള എല്ലാ വിഭാഗക്കാർക്കും, മൂന്ന് മണിക്ക് CABM-ൽ അഡ്മിഷൻ എടുക്കാൻ താത്പര്യമുള്ള 30,001 റാങ്ക് മുതലുള്ള എല്ലാ വിഭാഗക്കാർക്കും പ്രവേശനം നടക്കും. പങ്കെടുക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. പ്രവേശനം നേടുന്ന, വാർഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ളവർ 1,000 രൂപയും മറ്റുള്ളവർ 3,995 രൂപയും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി ഒടുക്കണമെന്നും പ്രിൻസിപ്പാൾ അറിയിച്ചു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ; പ്രഖ്യാപനം അടുത്ത ആഴ്ച

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ; പ്രഖ്യാപനം അടുത്ത ആഴ്ച

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ. പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവും. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിലാണ് പ്രഖ്യാപനം. പെൻഷൻ ഫണ്ടിലെ തുക നിരക്ക് വർദ്ധനയിൽ ഇല്ലാത്തതിനാൽ 17 പൈസയുടെ ബാധ്യത ഒഴിവാക്കും. യൂണിറ്റിന് 47 പൈസയാണ് ബോർഡ് ആവശ്യപ്പെട്ട നിരക്ക് വർദ്ധന. മുൻകാല പ്രാബല്യത്തോടെയാകും നിരക്ക് കൂട്ടുക.

വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിക്കാനൊരുങ്ങുകയാണ് കെ എസ് ഇ ബി. കഴിഞ്ഞ ടെണ്ടറുകളിൽ മതിയായ വൈദ്യുതി ലഭിക്കാത്തതോടെയാണ് നീക്കം. ഒക്ടോബർ മുതൽ അടുത്ത മെയ് വരെയാണ് വൈദ്യുതി വാങ്ങുക. ഓരോ മാസവും 200 മെഗാവാട്ടോളം വാങ്ങാനാണ് നീക്കം. ഹ്രസ്വകാല, സ്വാപ്പ് ടെൻഡറുകൾ പ്രകാരം കെ എസ് ഇ ബി വൈദ്യുതി വാങ്ങും.

ഇടുക്കി ഡാമിൽ സുരക്ഷാ വീഴ്ച: പൊലീസ് അന്വേഷണം തുടങ്ങി

ഇടുക്കി ഡാമിൽ സുരക്ഷാ വീഴ്ച: പൊലീസ് അന്വേഷണം തുടങ്ങി

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ഡാമിലെ സുരക്ഷാവീഴ്ചയിൽ പൊലീസ് നടപടി ഊർജിതമാക്കി. ഡാമിൽ കടന്നത് പാലക്കാട്‌ ഒറ്റപ്പാലം സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. വിദേശത്തേക്ക് കടന്ന ഇയാളെ തിരികെ എത്തിക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. 11 സ്ഥലത്താണ് ഇയാൾ താഴ് ഉപയോഗിച്ച് പൂട്ടിയത്.

ജൂലൈ 22ന് പകൽ 3.15 നാണ് ഇയാൾ ഡാമിൽ കയറി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്. ഹൈമാസ്റ്റ് ലൈറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമാണ് താഴുകൾ സ്ഥാപിച്ചത്. ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ഈ താഴുകൾ പെട്ടത്.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ യുവാവിന്റെ പ്രവർത്തികൾ മനസിലായത്. തുടർന്ന് ഇടുക്കി പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒറ്റപ്പാലം സ്വദേശിയാണിയാളെന്ന് കണ്ടെത്തി. വാടകക്കെടുത്ത കാറിലാണ് ഇയാൾ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാൾക്ക് കാർ വാടകക്ക് എടുത്ത് നൽകിയ രണ്ടു പേരെ കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.

മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പൊലീസിന്റെ കർശന പരിശോധന മറികടന്ന് ഇയാൾ താഴുകളുമായി അകത്തു കടന്നത് വലിയ സുരക്ഷ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കും. സംഭവം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം തുടങ്ങി.

എന്തുകൊണ്ടാണ് ഇയാൾ ഇത്തരത്തിൽ ചെയ്തതെന്നും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. അണക്കെട്ടിൽ തീവ്രവാദ വിരുദ്ധ സക്വാഡും പരിശോധന നടത്തി. സംഭവത്തെ തുടർന്ന് അണക്കെട്ടിൽ സുരക്ഷ വർധിപ്പിച്ചതായി ഇടുക്കി എസ്പി: വി.യു കുര്യാക്കോസ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍

മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍

അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ തെലുഗു ദേശം പാര്‍ട്ടി( ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് നന്ത്യല്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ടിഡിപിയുടെ യുട്യൂബ് ചാനലിന്റെ സംപ്രേക്ഷണവും പൊലീസ് തടഞ്ഞു.

നന്ത്യാല്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് നായിഡുവിന്റെ അടുത്തെത്തിയത്. നഗരത്തിലെ ടൗണ്‍ ഹാളില്‍ ഒരു പരിപാടിക്കു ശേഷം തന്റെ കാരവനില്‍ വിശ്രമിക്കുകയായിരുന്നു നായിഡു. മൂന്നു മണിക്കൂറിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.