ആലുവയിൽ 9 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലുവയിൽ 9 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലുവയിൽ 9 വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതൽ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ചോദ്യംചെയ്യിലിനോട് പ്രതിപൂർണ്ണമായും സഹകരിച്ചിരുന്നില്ല.

റൂറൽ സ്പീഡ് നേതൃത്വത്തിൽ അന്വേഷണസംഘം ഇന്ന് രാവിലെ വീണ്ടും പ്രതിയെ ചോദ്യം ചെയ്ത ശേഷം ആകും പ്രതിയെ കോടതിയിൽ ഹാജരാക്കുക.പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ 15 കേസുകൾ നിലവിലുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും പോലീസ് ഇന്ന് സമർപ്പിക്കും.

20,000 കടന്ന് ചാണ്ടി ഉമ്മന്‍റെ ലീഡ്

20,000 കടന്ന് ചാണ്ടി ഉമ്മന്‍റെ ലീഡ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെ മുഴുവന്‍ മറികടന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നീടുമ്പോള്‍ 20,000ല്‍പ്പരം വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നത്. ഏകദേശം വോട്ടെണ്ണലിന്റെ ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോഴാണ് ചാണ്ടി ഉമ്മന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ആദ്യ രണ്ട് റൗണ്ടുകളില്‍ 5487 വോട്ടുകളുടെ മുന്നേറ്റമാണ് ചാണ്ടി ഉമ്മന് ഉള്ളത്. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണി കഴിഞ്ഞത്. 2021ല്‍ അയര്‍ക്കുന്നത് യുഡിഎഫിന് 1436 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതിനേക്കാള്‍ നാലിരട്ടി വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ അധികമായി നേടിയത്.

കഴിഞ്ഞ തവണ ജെയ്ക് സി തോമസ് ഭൂരിപക്ഷം നേടിയ ഒരേ ഒരു പഞ്ചായത്തായ മണര്‍കാടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കാലിടറി. ഇവിടെയും വലിയ മുന്നേറ്റമാണ് ചാണ്ടി ഉമ്മന്‍ കാഴ്ചവെച്ചത്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍. വാകത്താനം പഞ്ചായത്താണ് അവസാനം എണ്ണുന്നത്.

കെഎസ്ആർടിസിയുടെ പണം തട്ടി; ജീവനക്കാരന് സസ്പെൻഷൻ

പാലക്കാട്: കെഎസ്ആർടിസിയുടെ പണം തട്ടിയ ജീവനക്കാരന് സസ്പെൻഷൻ. പാലക്കാട് യൂണിറ്റിലെ കണ്ടക്ടറും ബജറ്റ് സെല്‍ കോ-ഓര്‍ഡിനേറ്ററുമായ കെ വിജയശങ്കറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലില്‍ നിന്നാണ് പണം തട്ടിയത്. 12 വ്യാജ രസീത് ബുക്കുകള്‍ ജീവനക്കാരൻ നിര്‍മ്മിച്ചതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 121,110 രൂപയാണ് ജീവനക്കാരൻ തട്ടിയതെന്ന് കെഎസ്ആര്‍ടിസി ഓഡിറ്റ് വിഭാഗവും കണ്ടെത്തി.

യാത്രകളുടെ വരുമാനം രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സര്‍വ്വീസിന് മുന്‍പ് തന്നെ വ്യാജ രസീത് ഉപയോഗിച്ച് യാത്രകകാരില്‍ നിന്ന് തുക കൈപ്പറ്റിയായിരുന്നു തട്ടിപ്പ്. തുക ഓണ്‍ലൈന്‍ വഴി അയച്ചു എന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്.

മെയ് 20ന് പാലക്കാട് നിന്ന് നടത്തിയ ഗവി, വയനാട് യാത്രകളുടെ വരുമാന തുകയിലാണ് ജീവനക്കാരൻ തട്ടിപ്പ് നടത്തിയത്. നഷ്ടമായ തുക ജീവനക്കാരനില്‍ നിന്ന് തന്നെ തിരിച്ചുപിടിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. വിഷയത്തില്‍ കോര്‍പ്പറേഷന്‍ ആഭ്യന്തര വിഭാഗവും വിശദമായ അന്വേഷണം നടത്തും.

ആലുവയില്‍ 8 വയസുകാരിയെ പീഡിപ്പിച്ചത് പാറശ്ശാല ചെങ്കല്‍ സ്വദേശി

ആലുവയില്‍ 8 വയസുകാരിയെ പീഡിപ്പിച്ചത് പാറശ്ശാല ചെങ്കല്‍ സ്വദേശി

കൊച്ചി: ആലുവയില്‍ 8 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു. പാറശ്ശാല ചെങ്കല്‍ സ്വദേശി സതീശ് ആണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊക്ക് സതീശ് എന്നറിയപ്പെടുന്ന ഇയാള്‍ സ്ഥിരം കുറ്റവാളിയാണ്. എറണാകുളം ജില്ലയില്‍ മാത്രം ഇയാള്‍ക്കെതിരെ 10 കേസുകളുണ്ട്.സതീശിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി എറണാകുളത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം ഇയാളുടെ സ്വദേശമായ ചെങ്കലിലും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏറെക്കാലമായി ഇയാള്‍ എറണാകുളത്താണുള്ളത് എന്നാണ് സൂചന.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പൊലീസിന് പ്രാഥമിക സൂചനകള്‍ ലഭിച്ചിരുന്നു. പ്രതിയെ കുട്ടിയും ദൃക്‌സാക്ഷിയും തിരിച്ചറിഞ്ഞതാണ് പൊലീസിന് സഹായകരമായത്. പ്രതി ജില്ല വിട്ടുപോകാതിരിക്കാന്‍ വിപുലമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ മുന്നേറ്റം കാഴ്ച വെച്ച സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,000ല്‍ താഴെ എത്തി. 43,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5490 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞമാസം 21 മുതല്‍ തിങ്കളാഴ്ച വരെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് കഴിഞ്ഞദിവസം മുതലാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 320 രൂപ.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.