പട്രോളിംഗിനിടെ എസ്‌ഐയെ ആക്രമിച്ച കേസ്:  ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍

പട്രോളിംഗിനിടെ എസ്‌ഐയെ ആക്രമിച്ച കേസ്: ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍

കാസര്‍കോട്: പട്രോളിംഗിനിടെ എസ്‌ഐയെയും സംഘത്തെയും ആക്രമിച്ച കേസില്‍ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗമായ മുസ്ലിം ലീഗ് നേതാവ് അബ്ദുള്‍ റഹ്മാന്‍ ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് എസ്‌ഐക്കു നേരെ ആക്രമണം ഉണ്ടായത്.

കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറില്‍ പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസുകാരെ അഞ്ചംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മഞ്ചേശ്വരം എസ്ഐ പി അനൂപിന്റെ കൈക്ക് പരിക്കേറ്റിരുന്നു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടാണ് പൊലീസ് സ്ഥലത്തെത്തിയത്. ആളുകളോട് പിരിഞ്ഞു പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതിന് കൂട്ടാക്കാതിരുന്ന സംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ആക്രമിക്കുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു

ജെയ്ക് സി തോമസിന്റെ ഭാര്യക്കെതിരായ സൈബർ ആക്രമണം; മണര്‍കാട് പൊലീസ് കേസെടുത്തു

ജെയ്ക് സി തോമസിന്റെ ഭാര്യക്കെതിരായ സൈബർ ആക്രമണം; മണര്‍കാട് പൊലീസ് കേസെടുത്തു

സൈബര്‍ ആക്രമണത്തിനെതിരെ ജെയ്ക് സി തോമസിന്റ ഭാര്യ ഗീതു തോമസ് നല്‍കിയ പരാതിയില്‍ മണര്‍കാട് പൊലീസ് കേസെടുത്തു. നടപടി ഗീതു നൽകിയ പരാതിയിലാണ്. സിഐസിആര്‍ സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പൂര്‍ണ ഗര്‍ഭിണിയായ തനിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണം കടുത്ത മാനസിക പ്രയാസമുണ്ടാക്കി എന്ന് കാണിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് ഗീതു ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഗീതു ജെയ്കിനായി വോട്ട് ചോദിക്കുന്നതിന്റെ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചായിരുന്നു വ്യാപകമായ സൈബര്‍ ആക്രമണം.

ഗണേഷ്‌കുമാര്‍ ഇടഞ്ഞു; മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മുഖ്യമന്ത്രി മരവിപ്പിച്ചു

ഗണേഷ്‌കുമാര്‍ ഇടഞ്ഞു; മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മുഖ്യമന്ത്രി മരവിപ്പിച്ചു

തിരുവനന്തപുരം: മുന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു. കെബി ഗണേഷ് കുമാറിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടി. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പ്രേംജിത്തിനെ നീക്കി ചെയര്‍മാനായി സിപിഎം നോമിനി എം രാജഗോപാലന്‍ നായരെ നിയമിച്ചുകൊണ്ട് ഇറക്കിയ ഉത്തരവാണ് മരവിപ്പിച്ചത്.

എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി അന്വേഷിക്കുന്നുണ്ടെന്നും കെജി പ്രേംജിത്തിനെ ചെയര്‍മാനാക്കി പുതിയ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായും കെ ബി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ (ബി)യുടെ കയ്യിലിരുന്ന സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎം തിരിച്ചെടുത്തതിനെതിരെ ഗണേഷ് കുമാര്‍ എല്‍ഡിഫ് കണ്‍വീനര്‍ ഇപി ജയരാജന് കത്ത് നല്‍കിയിരുന്നു.

തീരുമാനം മരവിപ്പിക്കണമെന്നും മുന്നണി മര്യാദയ്ക്ക് വിരുദ്ധമായ നടപടിയാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കേരളാ കോണ്‍ഗ്രസ് ബിയെ അറിയിക്കാതെ ചെയര്‍മാനെ മാറ്റിയ തീരുമാനം ഏകപക്ഷീയമായ നടപടിയാണെന്നും നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ച് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് ബിക്ക് തന്നെ അവകാശപ്പെട്ടതാണെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മന്ത്രിസ്ഥാനം ലഭിക്കാതെ പോയ കേരള കോണ്‍ഗ്രസിന് (ബി) നല്‍കിയ പ്രധാനപ്പെട്ട പദവിയാണ് കാലാവധി പകുതിയെത്തിയപ്പോള്‍ തിരിച്ചെടുത്തത്. കേരള കോണ്‍ഗ്രസ് (ബി) ഇടതുമുന്നണിയിലെത്തിയപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവിയുള്‍പ്പെടെ നല്‍കിയാണ് മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാനാക്കിയത്. സിപിഎം അനുഭാവിയായ രാജഗോപാലന്‍ നായര്‍ മുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. മുതിര്‍ന്ന അഭിഭാഷകനുമാണ്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 44,120 ആയി. ഗ്രാമിന് താഴ്ന്നത് 15 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5515 രൂപ.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വര്‍ണ വില ആയിരം രൂപയോളം ഉയര്‍ന്നിരുന്നു.

പുതുപ്പള്ളിയില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്

പുതുപ്പള്ളിയില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യ മൂന്നുമണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്. 21 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയതായാണ് കണക്ക്. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ അനുഭവപ്പെട്ടിരുന്നു.

ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ് രാവിലെ എട്ട് മണിയോടെ മണർകാട് ഗവ എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. നീണ്ട ക്യൂവിൽ ദീർഘനേരം കാത്തുനിന്നശേഷമാണ് ജെയ്ക് വോട്ടു രേഖപ്പെടുത്തിയത്.

യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. അമ്മ മറിയാമ്മ ഉമ്മൻചാണ്ടിയും സഹോദരിമാർക്കുമൊപ്പം എത്തിയാണ് ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി വി എൻ വാസവൻ പാമ്പാടി എംജിഎം ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയാണ്. അതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല. വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തിലാകെ 1,76,417 വോട്ടര്‍മാരാണുള്ളത്. വോട്ടെണ്ണൽ വെള്ളിയാഴ്ച നടക്കും.

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്

തൃശൂര്‍: നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.