സംസ്ഥാനത്ത് പെൻഷൻ മസ്റ്ററിങ് നടത്താത്തത് മൂന്നര ലക്ഷം പേർ

സംസ്ഥാനത്ത് പെൻഷൻ മസ്റ്ററിങ് നടത്താത്തത് മൂന്നര ലക്ഷം പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ മസ്റ്ററിങ് നടത്താത്തത് മൂന്നര ലക്ഷം ഗുണഭോക്താക്കൾ. ജൂൺ വരെ പെൻഷൻ വാങ്ങിയ 63 ലക്ഷം പേരിൽ 59.5 ലക്ഷം പേരാണ് ആഗസ്റ്റ് 31 വരെ മസ്റ്റർ ചെയ്തത്. മസ്റ്ററിങ് ചെയ്യാത്തവർക്ക് മസ്റ്ററിങ്ങ് ചെയ്യുന്നതിനായി പിന്നീട് അവസരമുണ്ട്. എന്നാൽ ആ മാസം മുതലുള്ള പെൻഷൻ മാത്രമേ അവർക്ക് ലഭിക്കൂ.

2022 ഡിസംബര്‍ 31 വരെ ക്ഷേമ പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കൾ ആഗസ്റ്റ് 31നകം ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്നായിരുന്നു നിർദേശം. ഇതുപ്രകാരം ജൂൺ മാസം വരെ പെൻഷൻ വാങ്ങിയ 63 ലക്ഷത്തോളം ഗുണഭോക്താക്കളിൽ നിന്ന് മസ്റ്ററിങ് ചെയ്തവരാണ് 59.5 ലക്ഷം പേർ. 53 ലക്ഷം പേർ നേരിട്ട് മസ്റ്റർ ചെയ്തപ്പോൾ 6.5 ലക്ഷം പേരുടെ വീട്ടിലെത്തിയാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. പുതിയ കണക്ക് പ്രകാരം ഗുണഭോക്താക്കളുടെ ലിസ്റ്റിലുള്ള 3.5 ലക്ഷത്തോളം പേർ മസ്റ്റർ ചെയ്തിട്ടില്ല.

അവസാന ദിവസമായ ആഗസ്റ്റ് 31ന് വെറും 4,000 പേർ മാത്രമാണ് മസ്റ്റർ ചെയ്‌തത്. രണ്ട് തവണ മസ്റ്ററിങ്ങിന് സമയം നീട്ടി നൽകിയിരുന്നു. മസ്റ്റർ ചെയ്യാത്ത 3.5 ലക്ഷം പേരെ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ സർക്കാർ നിലവിൽ തീരുമാനിച്ചിട്ടില്ല. സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് എല്ലാ മാസവും ഒന്നുമുതൽ 20 വരെ മസ്റ്ററിങ് ചെയ്യാം. എന്നാൽ മസ്റ്ററിങ് നടത്തിയ മാസം മുതലുള്ള പെൻഷൻ മാത്രമേ ലഭിക്കൂ. സംസ്ഥാനത്തെ മരണ നിരക്ക് അടക്കമുള്ള കാരണങ്ങൾ പരിഗണിച്ചാൽ ഈ 59.5 ലക്ഷം ഗുണഭോക്താക്കളുടെ എണ്ണത്തിൽ കാര്യമായ വർധനയ്ക്ക് സാധ്യത ഇല്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.

രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും സൗജന്യ ചികിത്സ നിഷേധിക്കരുത്: ആരോഗ്യമന്ത്രി

രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും സൗജന്യ ചികിത്സ നിഷേധിക്കരുത്: ആരോഗ്യമന്ത്രി

ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്കൂളില്‍ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്. ആദ്യം കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണം. അതിന് ശേഷം രേഖകള്‍ എത്തിക്കാനുള്ള സാവകാശം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ഈയൊരു വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് സൗജന്യ ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിന് റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ആവശ്യമാണ്. ഈ രേഖകള്‍ എത്തിക്കാനുള്ള സാവകാശമാണ് നല്‍കുന്നത്.

മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അടുത്തയാഴ്ച ശക്തമായ മഴ; ഇന്ന് ഏഴിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ശനിയാഴ്ച ഏഴ് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകൡ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലുപ്പഴ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന കേന്ദ്ര കാലവസ്ഥവകുപ്പിന്റെ പ്രവചനം.

ഓണം വാരാഘോഷം: സമാപനസമ്മേളനത്തിൽ പ്രശസ്ത സിനിമാതാരങ്ങൾ പങ്കെടുക്കും

ഓണം വാരാഘോഷം: സമാപനസമ്മേളനത്തിൽ പ്രശസ്ത സിനിമാതാരങ്ങൾ പങ്കെടുക്കും

ഓണം വാരാഘോഷത്തിൻ്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 7 മണിക്ക് നിശാഗന്ധിയിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വീണ ജോർജ്, ആന്റണി രാജു, ജി.ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും.

പ്രശസ്ത സിനിമാതാരങ്ങളായ ഷെയിൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. മികച്ച കവറേജിന് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. സമാപന സമ്മേളനത്തിനു ശഷം ഹരിശങ്കർ ആൻഡ് ടീം അവതരിപ്പിക്കുന്ന പ്രഗതി ബാൻഡിന്റെ സംഗീത പരിപാടി നടക്കും.

ഭാര്യയും മകളും നോക്കിനില്‍ക്കെ ലിഫ്റ്റിനുള്ള വിടവിലൂടെ താഴെ വീണ് ചികിത്സയിലായിരുന്ന യുവാവ് മരണപെട്ടു

ഭാര്യയും മകളും നോക്കിനില്‍ക്കെ ലിഫ്റ്റിനുള്ള വിടവിലൂടെ താഴെ വീണ് ചികിത്സയിലായിരുന്ന യുവാവ് മരണപെട്ടു

ചടയമംഗലത്ത് ഫര്‍ണിച്ചര്‍ കടയുടെ ഒന്നാം നിലയില്‍ ലിഫ്റ്റ് സ്ഥാപിക്കാൻ നിര്‍മ്മിച്ച വിടവിലൂടെ താഴെ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടന്നൂര്‍ സ്വദേശി രാജീവ് (46) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വീട്ടുപകരണങ്ങള്‍ വാങ്ങാൻ കടയില്‍ എത്തിയതായിരുന്നു രാജീവ്. ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവിലൂടെ താഴെ വീണ രാജീവിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭാര്യയും മകളും നോക്കിനില്‍ക്കെയാണ് അപകടം നടന്നത്.

രാജീവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ എഐവൈഎഫ് ഫര്‍ണിച്ചര്‍ കടയിലേക്ക് മാര്‍ച്ച്‌ നടത്തി. തുടര്‍ന്ന് കട അടച്ചുപൂട്ടി. ചടയമംഗലത്ത് പുതുതായി പ്രവര്‍ത്തനം തുടങ്ങിയ ഫര്‍ണിച്ചര്‍ കടയിലാണ് അപകടം നടന്നത്. ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവ് അടയ്ക്കുകയോ ലിഫ്റ്റ് സ്ഥാപിക്കുകയോ ചെയ്‌തിരുന്നില്ല. ഇവിടെ മുന്നറിയിപ്പ് ബോര്‍ഡോ അപായ സൂചനാ അടയാളമോ വച്ചിരുന്നില്ല.

ലിഫ്റ്റിനുള്ള വിടവെന്ന് അറിയാതെയാണ് രാജീവ് അപകടത്തില്‍ പെട്ടത്. കടയുടെ പണി പൂര്‍ണ്ണമായി നടത്താതെയാണ് തുറന്ന് പ്രവര്‍ത്തിപ്പിച്ചതെന്നും രാജീവിന്റെ മരണം കടയുടമകളുടെ അനാസ്ഥയിലൂടെ ഉണ്ടായതാണെന്നും എഐവൈഎഫ് ആരോപിച്ചു. രണ്ട് ദിവസം മുമ്ബ് ഫര്‍ണിച്ചര്‍ കടയിലെത്തിയ കണ്ണങ്കോട് വാര്‍ഡ് അംഗം മഞ്ജു മറിയപ്പിള്ളി ഈ കുഴിയിലേക്ക് തെന്നിയിരുന്നു.

കൂടെയുളളവര്‍ പിടിച്ചതിനാല്‍ കുഴിയില്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിന് ശേഷം കടയുടമ ഇവിടെ വേലി കൊണ്ട് മറച്ചിരുന്നു. കടയുടമക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് ചടയമംഗലം പൊലീസില്‍ പരാതി നല്‍കി. കടയുടമക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; ആളപായമില്ല

താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; ആളപായമില്ല

കോഴിക്കോട്: ‌‌താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് സംഭവം. തീപ്പിടിത്തതിൽ ആർക്കും ആളപായമില്ല. താമരശ്ശേരി ചിപ്പിലിത്തോടിലാണ് സംഭവം. തീപിടിത്തമുണ്ടായതിനെ തുടർന്ന അ​ഗ്നിശമനാസേന എത്തി തീയണച്ചു.

കത്തിനശിച്ച ലോറി ചുരത്തിൽ നിന്നും നീക്കിയതിന് ശേഷം ​ഗതാ​ഗതം പൂർണ തോതിൽ പുനഃസ്ഥാപിക്കും. ഓണക്കാലത്ത് വയാനാട്ടിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ ​ഗതാ​ഗതകുരുക്ക് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കണ്ടെയ്നർ ലോറി കുടുങ്ങിയത് ​ഗതാ​ഗതക്കുരുക്ക് രൂക്ഷമാക്കിയിരുന്നു.