by Midhun HP News | Sep 1, 2023 | Latest News, കേരളം
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 44,120 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണം ഗ്രാമിന് പത്ത് രൂപ ഇന്ന് കുറവ് രേഖപ്പെടുത്തി. 10 രൂപ കുറഞ്ഞ് ഇന്ന് ഒരു ഗ്രാമിന് 5505 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസം പലതവണയായി വില ഉയര്‍ന്ന് പവന് 44000 കടന്നി സ്വര്‍ണവിലയാണ് ഈ മാസം ആദ്യ ദിനം കുറഞ്ഞത്.

by Midhun HP News | Sep 1, 2023 | Latest News, കേരളം
സെപ്റ്റംബർ നാലോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴി നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

by Midhun HP News | Sep 1, 2023 | Latest News, കേരളം
വാണിജ്യ പാചക വാതക വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 158 രൂപയാണ് കുറച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഓഗസ്റ്റ് 30 ന് ഗാർഹിക ഗ്യാസ് സിലിണ്ടറിന്റെ വില 200 രൂപ കുറച്ചിരുന്നു. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷൻ നൽകാനും തീരുമാനിച്ചു.
മാസത്തിന്റെ തുടക്കത്തില്‍ പതിവായി എണ്ണ വിതരണ കമ്പനികള്‍ നടത്തുന്ന പുനഃപരിശോധനയിലാണ് പാചകവാതകത്തിന്റെ വില കുറച്ചത്. ഡൽഹിയിൽ സിലിണ്ടറിന്റെ വില 1522.50 രൂപയായി. കൊച്ചിയിൽ 1537.50 രൂപയാണ് പുതിയ വില. കഴിഞ്ഞ മാസം, വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഒഎംസികൾ 99.75 രൂപ വില കുറച്ചിരുന്നു. ജൂലൈയിലാണ് വാണിജ്യ സിലിണ്ടറുകളുടെ വില 7 രൂപ വർധിപ്പിച്ചത്.
രാജ്യം ഉയർന്ന പണപ്പെരുപ്പത്തിൽ പൊറുതിമുട്ടുന്ന സമയത്താണ് പാചക വാതക വില കുറയുന്നത്. നിർണായകമായ സംസ്ഥാന തെരഞ്ഞെടുപ്പുകളും 2024 ലെ പൊതുതെരഞ്ഞെടുപ്പും ഈ വർഷം വരാനിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
by Midhun HP News | Sep 1, 2023 | Latest News, കേരളം
കല്ലമ്പലം മണമ്പൂരില്‍ 52 കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍. മണമ്പൂര്‍ ഗുരുനഗര്‍ ശ്രീമംഗലം വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ റിനു, മണമ്പൂര്‍ കുഴിവിള വീട്ടില്‍ ബാബുലാലിന്റെ മകന്‍ ഷൈബു, മണമ്പൂര്‍ ആതിര വിലാസത്തില്‍ അനില്‍കുമാറിന്റെ മകന്‍ അനീഷ്, മണമ്പൂര്‍ കെ.എ.ഭവന്‍ നിര്‍മ്മല സേനന്റെ മകന്‍ അനീഷ്, ഒറ്റൂര്‍ മംഗലത്തുകുന്ന് വീട്ടില്‍ വിനോദ് കുമാറിന്റെ മകന്‍ വിശാഖ്.വി.വിനോദ് എന്നിവരെയാണ് കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്
കഴിഞ്ഞ 28 ന് രാവിലെ പത്ത് മണിയോടെയാണ് മണമ്പൂര്‍ ശങ്കരന്‍മുക്ക് ശിവശൈലം വീട്ടില്‍ സദാശിവന്റെ മകന്‍ ബൈജു(52)വിനെ വീടിന് മുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ഓടിക്കൂടി ബൈജുവിനെ മണമ്പൂര്‍ പി.എച്ച്.സിയില്‍ എത്തിച്ചെങ്കിലും 11 മണിയോടെ മരണപ്പെടുകയായിരുന്നു. ബൈജുവിന്റെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. തുടര്‍ന്ന് കടയ്ക്കാവൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
മണമ്പൂര്‍ ജംഗ്ഷന് സമീപം ജെ.സി.ബിയും ടിപ്പര്‍ ലോറികളുമൊക്കെ പാര്‍ക്ക് ചെയ്യുന്ന യാര്‍ഡില്‍ രാത്രി സമയത്തുള്ള പ്രതികളുടെ മദ്യപാനം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. പ്രതികളും ബൈജുവും തമ്മില്‍ കഴിഞ്ഞ 27 ന് രാത്രി 11 മണിയോടെ ഇതോച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് പ്രതികള്‍ ബൈജുവിനെ തിരക്കിയെത്തി വീണ്ടും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഈ വാക്കുതര്‍ക്കം മര്‍ദ്ദനത്തിലേക്ക് നീണ്ടു. ബൈജുവിന്റെ തലയ്ക്ക് പിന്നില്‍ പ്രതികള്‍ ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ ബൈജുവിനെ പ്രതികള്‍ വീടിന് മുന്നില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
by Midhun HP News | Sep 1, 2023 | Latest News, കേരളം
തൃശൂർ: വന്യതയുടെ താളത്തിൽ ചടുലമായ ചുവടുവച്ച് ഇന്ന് തൃശൂർ നഗരത്തിൽ പുലി ഇറങ്ങും. അരമണി കിലുക്കി നഗരം ഒന്നാകെ പുലിആവേശത്തിൽ താളം ചവിട്ടും. ഇത്തവണ ആവേശം നിറയ്ക്കാനായി പുള്ളിപ്പുലി മുതൽ ഹിമപ്പുലികൾ വരെ ഇറങ്ങുന്നുണ്ട്. ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടാണ് തൃശ്ശൂരിൽ പുലിക്കളി നടക്കുന്നത്. അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്.
സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ 5 സംഘങ്ങളാണ് പുലികളെ അണിനിരത്തുന്നത്. കോർപറേഷന്റെ മാനദണ്ഡമനുസരിച്ച് ഒരു സംഘത്തിൽ കുറഞ്ഞത് 35 പുലികൾ വേണം. 51 എണ്ണത്തിൽ കൂടാനും പാടില്ല. 5 സംഘങ്ങളിലും 51 വീതം പുലികളുണ്ട്. ആവേശമായി പെൺപുലികളും കളത്തിലിറങ്ങും. വിയ്യൂർ ദേശത്തു നിന്നാണ് പെൺപുലികൾ ഇറങ്ങുന്നത്. പുലികളിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
പുലി വരുന്ന വഴി
സീതാറാം, കാനാട്ടുകര, അയ്യന്തോൾ പുലിക്കളി സംഘങ്ങൾ എംജി റോഡ് വഴിയാണ് റൗണ്ടിലേക്കു പ്രവേശിക്കുന്നത്. ആദ്യം സീതാറാമും രണ്ടാമത് കാനാട്ടുകരയും മൂന്നാമതായി അയ്യന്തോൾ ദേശവും നടുവിലാലിൽ എത്തും. ശക്തൻ പുലിക്കളി സംഘം ശക്തൻ മാർക്കറ്റ് ഭാഗത്തു നിന്ന് എംഒ റോഡ് വഴി വന്നു റൗണ്ടിൽ പ്രവേശിക്കും. ശേഷം ഇടത്തോട്ടു രാഗം തിയറ്ററിന്റെ ഭാഗത്തേക്കു തിരിഞ്ഞുപോകും. വിയ്യൂർ ദേശം വടക്കേ സ്റ്റാൻഡ് ഭാഗത്തു നിന്ന് ബിനി ടൂറിസ്റ്റ് ഹോമിനു സമീപം വന്ന് ഇടത്തോട്ടു തിരിയും.
ഗതാഗത നിയന്ത്രണം
പുലിക്കളിയോടനുബന്ധിച്ച് വെള്ളിയാഴ്‌ച പകൽ 12മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങും അനുവദിക്കുന്നതല്ല. പൊതുവാഹനങ്ങൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ ഔട്ടർ സർക്കിളിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കണം. സ്വകാര്യ വാഹനങ്ങൾ അത്യാവശ്യത്തിനല്ലാതെ, തൃശൂർ നഗരത്തിലേക്ക് വരുന്നത് കഴിയുന്നതും ഒഴിവാക്കണം.
by Midhun HP News | Sep 1, 2023 | Latest News, കേരളം
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണിക്ക് സമയം കണ്ടെത്തുന്നതിനായി ട്രെയിനുകളുടെ സമയത്തില്‍ റെയില്‍വേ മാറ്റം വരുത്തുന്നു. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന തീയതി റെയില്‍വേ ഉടന്‍ അറിയിക്കും. പുതിയ തീരുമാനപ്രകാരം, തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പോകില്ല. പകരം ഇരു ദിശകളിലേക്കുമുള്ള സര്‍വീസില്‍ വടക്കാഞ്ചേരിയില്‍ സ്റ്റോപ്പ് അനുവദിക്കും.
കൊല്ലത്തു നിന്നും രാത്രി 9.33 നുള്ള ആലപ്പുഴ വഴിയുള്ള എറണാകുളം മെമു ഇനി കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. മംഗലൂരു- നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.
തൃശൂര്‍- കോഴിക്കോട് എക്‌സ്പ്രസ് തൃശൂരിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കി. കോഴിക്കോട്- ഷൊര്‍ണൂര്‍ എക്‌സ്പ്രസ് പൂര്‍ണമായും റദ്ദാക്കി. കണ്ണൂര്‍- കോയമ്പത്തൂര്‍ എക്‌സ്പ്രസ് രാവിലെ 6.20 ന് പകരം രാവിലെ ആറു മണിക്ക് പുറപ്പെടും.
Recent Comments