ഏറ്റവും വരണ്ട ഓ​ഗസ്റ്റ്; ആകെ പെയ്തത് ആറു സെന്റി മീറ്റർ മഴ

ഏറ്റവും വരണ്ട ഓ​ഗസ്റ്റ്; ആകെ പെയ്തത് ആറു സെന്റി മീറ്റർ മഴ

തിരുവനന്തപുരം: ഓ​ഗസ്റ്റ് മാസത്തിൽ മഴമേഘങ്ങൾ മാറി നിന്നതോടെ, സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓ​ഗസ്റ്റ് ആണ് കടന്നുപോയത്. 42.6 സെന്റിമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്ത് ഓ​ഗസ്റ്റിൽ ആകെ ലഭിച്ചത് ആറു സെന്റി മീറ്റർ മഴ മാത്രമാണ്.

1911 ൽ 18.2 സെന്റി മീറ്റർ മഴ ലഭിച്ചതാണ് ഇതിനു മുമ്പ് ഓ​ഗസ്റ്റിലെ ഏറ്റവും കുറ‍ഞ്ഞ മഴ. ജൂൺ ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 48 ശതമാനം മഴക്കുറവുണ്ട്. മുൻവർഷങ്ങളിൽ കാലവർഷക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് ഓ​ഗസ്റ്റ് മാസത്തിലായിരുന്നു.

മഴയും നീരൊഴുക്കും കുറഞ്ഞതോടെ, ഇടുക്കി അണക്കെട്ടിൽ 29.32 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞവർഷത്തേക്കാൾ 57.69 അടി വെള്ളം കുറവ്. 2328. 19 അടിയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് 2280 അടിയിലും താഴെയെത്തിയാൽ വൈദ്യുതോത്‌പാദനം നിലയ്ക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു.

റേഷൻ കടകൾ ഇന്ന് തുറക്കും, ഓണക്കിറ്റ് വിതരണം പുനരാരംഭിക്കും

റേഷൻ കടകൾ ഇന്ന് തുറക്കും, ഓണക്കിറ്റ് വിതരണം പുനരാരംഭിക്കും

തിരുവനന്തപുരം: ഓണം അവധിക്ക് ശേഷം ഇന്ന് സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കും. സൗജന്യ ഓണക്കിറ്റ് വിതരണം പുനരാരംഭിക്കും. സംസ്ഥാനത്ത് 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകളാണ് ഓണക്കിറ്റ് വാങ്ങാനുള്ളത്. കോട്ടയം ജില്ലയിൽ മാത്രം 33,399 പേർ ആണ് കിറ്റ് വാങ്ങാനുള്ളത്. വയനാട് ജില്ലയിൽ 7,000 പേരും ഇടുക്കിയിൽ 6,000 പേരും കിറ്റ് കിട്ടാത്തവരുണ്ട്. മറ്റു ജില്ലകളിൽ 2,000– 4,000 വരെ പേർ വാങ്ങാനുണ്ട്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കോട്ടയത്ത് ഓണക്കിറ്റ് വിതരണത്തിന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് വിലക്ക് നീക്കിയത്. അതിനാൽ 1210 പേർക്കു മാത്രമേ കിറ്റ് വാങ്ങാനായുള്ളൂ.

സംസ്ഥാനത്തെ എഎവൈ വിഭാഗത്തിൽപ്പെട്ട കാർഡ് ഉടമകൾക്കാണ് ഇത്തവണ ഓണക്കിറ്റ് നൽകിയത്. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.

കേരളത്തില്‍ ആദ്യം, ഓണത്തിനിടയില്‍ ട്രെന്‍ഡിംഗായി കനകക്കുന്നിലെ ലേസര്‍ ഷോ

കേരളത്തില്‍ ആദ്യം, ഓണത്തിനിടയില്‍ ട്രെന്‍ഡിംഗായി കനകക്കുന്നിലെ ലേസര്‍ ഷോ

ഓണാഘോഷത്തില്‍ ന്യൂജനറേഷന്‍ പിള്ളേര്‍ക്കിടയിലെ പുതിയ സംസാരവിഷയം തിരുവനന്തപുരം കനകക്കുന്നിലെ ലേസര്‍ ഷോയെക്കുറിച്ചാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലാണ് വിനോദസഞ്ചാര വകുപ്പ് ലേസര്‍ ഷോ തയ്യാറാക്കിയത്. വിദേശരാജ്യങ്ങളിൽ പ്രസിദ്ധമായ ലേസര്‍ ഷോ ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ പരിപാടിക്ക് വേണ്ടി ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

മലയാളം, തമിഴ് ഹിറ്റ് പാട്ടുകള്‍ക്കൊപ്പം ലേസര്‍ പ്രകാശവും ചേരുന്നതോടെ പുതുതലമുറയ്ക്ക് ആടിത്തിമിര്‍ക്കാനുള്ള വേദിയാവുകയാണ് കനകക്കുന്ന്. ഉത്രാടദിനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസാണ് ലേസര്‍ ഷോ ഉദ്ഘാടനം ചെയ്തത്.
അത്യാധുനിക ജര്‍മന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ആറ് ലേസര്‍ യന്ത്രങ്ങളാണ് നയനമനോഹരമായ ലേസര്‍ ഷോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ബംഗളൂരുവില്‍ നിന്നെത്തിയ മൂന്ന് സാങ്കേതിക വിദഗ്ദ്ധര്‍ നിയന്ത്രിക്കുന്ന ഷോ, വിനോദസഞ്ചാര രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളും പുതിയ സാധ്യതകളും ഓണസന്ദേശവും അടങ്ങിയ കാഴ്ചകളോടെയാണ് തുടങ്ങുന്നത്. പിന്നാലെ ഹിറ്റ് ഗാനങ്ങള്‍ കൂടി വരുന്നതോടെ സദസ് ഇളകി മറിയാന്‍ തുടങ്ങും. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ചില പാട്ടുകള്‍ക്കാണ് ആരാധകരേറെ. അരമണിക്കൂറാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആവേശമുയര്‍ന്നതോടെ കഴിഞ്ഞ ദിവസം ഒന്നരമണിക്കൂറിലധികം ഷോ നീണ്ടു.

ഓണക്കാലത്ത് 759 കോടിയുടെ മദ്യവില്‍പ്പന; ഖജനാവില്‍ എത്തിയത് 675 കോടി

ഓണക്കാലത്ത് 759 കോടിയുടെ മദ്യവില്‍പ്പന; ഖജനാവില്‍ എത്തിയത് 675 കോടി

തിരുവനന്തപുരം: ഓണദിവസങ്ങളില്‍ സംസ്ഥാനത്ത് 759 കോടിയുടെ മദ്യവില്‍പ്പന നടന്നതായി ബെവ്‌കോ. ഈ മാസം 21 മുതലുള്ള പത്തു ദിവസത്തെ കണക്കാണിത്. 675 കോടി രൂപ ഈ ദിവസങ്ങളില്‍ നികുതിയായി സംസ്ഥാന ഖജനാവില്‍ എത്തി.
കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് 700 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. ഇക്കുറി 59 കോടി കൂടുതല്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാന്‍വന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് നിര്‍മിക്കുന്ന ജവാന്‍ റം ആണ് ഇക്കുറി ഓണത്തിന് കൂടുതല്‍ വിറ്റുപോയത്.

ഉത്രാട ദിനത്തിലായിരുന്നു ഓണക്കാലത്തെ ഏറ്റവും വലിയ മദ്യ വില്‍പ്പന- 116 കോടി. ബെവ്‌കോയുടെ കണക്ക് അനുസരിച്ച് ആറു ലക്ഷം പേരാണ് അന്നു മാത്രം മദ്യം വാങ്ങിയത്.
ഈ ഓഗസ്റ്റില്‍ 1799 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 1522 കോടിയായിരുന്നു.

റേഷൻ കടകൾ ഇന്ന് തുറക്കും, ഓണക്കിറ്റ് വിതരണം പുനരാരംഭിക്കും

ഓണം കഴിഞ്ഞിട്ടും കിറ്റ് കിട്ടാതെ 90,822 പേർ; നാളെ മുതൽ വിതരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വാങ്ങാൻ ബാക്കിയുള്ള 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകൾ. കിറ്റ് വിതരണം ഇനി റേഷൻ കടകൾ തുറക്കുന്ന നാളെ ആരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കോട്ടയത്ത് നിർത്തിവച്ച കിറ്റ് വിതരണവും പുനരാരംഭിക്കും. കോട്ടയം ജില്ലയിൽ മാത്രം 33,399 പേർ ആണ് കിറ്റ് വാങ്ങാനുള്ളത്. തെര‍ഞ്ഞെടുപ്പ് കമ്മീഷൻ ജില്ലയിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കിയത് തിങ്കളാഴ്ച വൈകിട്ടാണ്. അതിനാൽ 1210 പേർക്കു മാത്രമേ കിറ്റ് വാങ്ങാനായുള്ളൂ. വയനാട് ജില്ലയിൽ 7,000 പേരും ഇടുക്കിയിൽ 6,000 പേരും കിറ്റ് കിട്ടാത്തവരുണ്ട്. മറ്റു ജില്ലകളിൽ 2,000– 4,000 വരെ പേർ വാങ്ങാനുണ്ട്.

സംസ്ഥാനത്തെ എഎവൈ വിഭാഗത്തിൽപ്പെട്ട കാർഡ് ഉടമകൾക്കാണ് ഇത്തവണ ഓണക്കിറ്റ് നൽകിയത്. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.

പെൻഷൻ മസ്റ്ററിങ് ഇന്ന് കൂടി, ബാക്കിയുള്ളത് എട്ട് ലക്ഷം പേർ: അക്ഷയകേന്ദ്രങ്ങൾ പ്രവർത്തിക്കും

പെൻഷൻ മസ്റ്ററിങ് ഇന്ന് കൂടി, ബാക്കിയുള്ളത് എട്ട് ലക്ഷം പേർ: അക്ഷയകേന്ദ്രങ്ങൾ പ്രവർത്തിക്കും

തിരുവനന്തപുരം: നേരത്തെ നിശ്ചയിച്ച സമയപരിധി പ്രകാരം പെൻഷൻ മസ്റ്ററിങ് നടത്താൻ ഇന്നു കൂടി അവസരം. സംസ്ഥാനത്ത് ആകെയുള്ള 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 8 ലക്ഷത്തോളം പേർ കൂടിയാണ് മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത്. മസ്റ്ററിങ് പൂർത്തിയാക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങൾ ഇന്നു പ്രവർത്തിക്കും.

സമയപരിധിക്കുള്ളിൽ മസ്റ്ററിങ്​ പൂർത്തീകരിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും ഒന്നുമുതൽ 20 വരെ ചെയ്യാം. അവർക്ക് മസ്റ്ററിങ്ങിന്​ അനുവദിച്ച കാലയളവുവരെ പെൻഷന്​ അർഹതയുണ്ടാകും. തുടർന്ന് മസ്റ്ററിങ്​ നടത്തിയ മാസം മുതലുള്ള പെൻഷൻ മാത്രമേ ലഭിക്കൂ. മസ്റ്ററിങ്​ ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹതയുണ്ടാകില്ല. മസ്റ്റർ ചെയ്തവർക്ക് മാത്രമേ നിശ്ചിത കാലാവധിക്കുശേഷം പെൻഷൻ വിതരണം നടത്തൂ. യഥാസമയം മസ്റ്റർ ചെയ്യാത്തതിനാൽ കുടിശ്ശികയാകുന്ന പെൻഷൻ തുക കുടിശ്ശികക്കായി പണം അനുവദിക്കുമ്പോൾ മാത്രമേ വിതരണം ചെയ്യൂ.

ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്തവർ വിവരം അറിയിച്ചാൽ അക്ഷയ കേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ്​ നടത്തും. ആധാർ ഇല്ലാതെ സാമൂഹികസുരക്ഷ പെൻഷൻ അനുവദിക്കപ്പെട്ട 85 വയസ്സ്​ കഴിഞ്ഞവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, സ്ഥിരമായി രോഗശയ്യയിലുള്ളവർ, ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾ, ബയോമെട്രിക് മസ്റ്ററിങ്​ പരാജയപ്പെടുന്നവർ എന്നിവർ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ/ ക്ഷേമനിധി ബോർഡുകൾ എന്നിവയിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ്​ പൂർത്തിയാക്കണം. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യാൻ 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യാൻ 50 രൂപയും ഫീസായി നൽകണം.