ഇന്നും നാളെയും മദ്യശാലകള്‍ക്ക് അവധി; ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കില്ല

ഇന്നും നാളെയും മദ്യശാലകള്‍ക്ക് അവധി; ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല. നാലാം ഓണ ദിനമായ ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്. നാളെ മാസത്തിലെ ഒന്നാം തിയതി ആയതിനാലും ഡ്രൈ ഡേ ആയിരിക്കും. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ബാറുകളും ബെവ്‌കോ ഔട്ട് ലെറ്റുകളും പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇത്തവണ ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത്. ഉത്രാടം വരെയുള്ള അവസാനത്തെ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. 41 കോടിയുടെ മദ്യ വിൽപ്പനയാണ് അധികമായി ഉണ്ടായത്.

ഇന്നും നാളെയും മദ്യശാലകള്‍ക്ക് അവധി; ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കില്ല

നാളെ ബാറും ബെവ്കോയും തുറക്കും; വ്യാഴവും വെള്ളിയും അവധി

കൊച്ചി: അവിട്ടം ദിനമായ നാളെ ബാറും ബെവ്കോയും തുറന്നുപ്രവർത്തിക്കും. വ്യാഴം, വെളളി ദിവസങ്ങളിൽ രണ്ടും അവധിയായിരിക്കും. 31-ാം തിയതി ശ്രീനാരായണ ഗുരു ജയന്തി ആയതിനാൽ സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. ഒന്നാം തിയതി ഓണക്കാലത്തിനിടയിലായതിനാലാണ് രണ്ട് ദിവസം അടുപ്പിച്ച് മദ്യശാലകൾ അടച്ചിടുന്നത്.

തിരുവോണം ദിനമായ ഇന്ന് ബെവ്കോ അവധിയായിരുന്നെങ്കിലും ബാറുകൾ തുറന്നു. തിരുവോണത്തിന് സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് ബെവ്കോയും തുറക്കാതിരുന്നത്. 31-ാം തിയതിയും ഒന്നാം തിയതിയും അവധിയായതിനാൽ നാളെ ബിവറേജിലും ബാറിലും തിരക്കനുഭവപ്പെട്ടേക്കും.

ഉത്രാടദിനത്തിൽ ബെവ്‌കോ വഴി 116 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷം ഇതേദിവസം വിറ്റതിനേക്കാൾ നാലു കോടിയുടെ മദ്യം അധികമായി വിറ്റു. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. രണ്ടു ഔട്ട്‌ലെറ്റുകളിൽ ഒരു കോടിയ്ക്ക് മുകളിൽ വിൽപ്പന നടന്നു. ഇരിങ്ങാലക്കുട കഴിഞ്ഞാൽ കൊല്ലത്തെ ആശ്രമം പോർട്ട് ഔട്ട്‌ലെറ്റിലാണ് ഒരു കോടിക്ക് മുകളിൽ വിൽപ്പന നടന്നത്.

ബിസ്കറ്റ് പാക്കറ്റിൽ കൊറിയർ വഴി കഞ്ചാവ് കടത്ത്; 22കാരൻ പിടിയിൽ

ബിസ്കറ്റ് പാക്കറ്റിൽ കൊറിയർ വഴി കഞ്ചാവ് കടത്ത്; 22കാരൻ പിടിയിൽ

തൃശൂർ: ബം​ഗളൂരുവിൽ നിന്നു കൊറിയർ വഴി തൃശൂരിലേക്ക് കഞ്ചാവ് അയച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കുന്നംകുളം ആനായ്ക്കൽ സ്വദേശി വൈശാഖാണ് പിടിയിലായത്. ഡാർക് ഫാന്റസി ബിസ്കറ്റിന്റെ പാക്കിലാണ് കഞ്ചാവ് എത്തിച്ചത്. ഇതു വാങ്ങാൻ കൊറിയർ ഏജൻസിയിൽ എത്തിയപ്പോഴാണ് 22കാരൻ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്.

ബം​ഗളൂരുവിൽ നിന്നു ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കന്നംകുളത്തേക്ക് കൊറിയർ അയച്ചത്. സ്വകാര്യ കൊറിയർ ഏജൻസി വഴി ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്പനിയുടെ പേരിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കൊറിയർ ഏജൻസിയിൽ കഞ്ചാവ് വാങ്ങാൻ ഇയാൾ എത്തുമെന്നു മനസിലാക്കിയാണ് ഇവിടെ എത്തി അറസ്റ്റ് ചെയ്തത്. പാക്കറ്റിൽ 100 ​ഗ്രാം കഞ്ചാവായിരുന്നു.

മക്കളുടെ മുന്നിലിട്ട് അച്ഛനേയും അമ്മയേയും വടിവാൾ കൊണ്ടു വെട്ടി; 50കാരൻ പിടിയിൽ

മക്കളുടെ മുന്നിലിട്ട് അച്ഛനേയും അമ്മയേയും വടിവാൾ കൊണ്ടു വെട്ടി; 50കാരൻ പിടിയിൽ

പത്തനംതിട്ട: മക്കളുടെ മുന്നിൽ വച്ച് അച്ഛനേയും അമ്മയേയും വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. ആക്രമണത്തിനിടെ മക്കൾ ഓടി രക്ഷപ്പെട്ടു. ചെങ്ങറ സമര ഭൂമിയിൽ ശാഖ 48സ്‌ ശ്യാം (50) ആണ് മലയാലപ്പുഴ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് അതുമ്പുംകുളത്തെ സമര ഭൂമിയിലാണ് സംഭവം.

ചെങ്ങറ സമര ഭൂമിയിൽ താമസിക്കുന്ന ബീന, ഇവരുടെ ഭർത്താവ് ബിനു എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരേയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മുൻ വൈരാ​ഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് വ്യക്തമാക്കി.

ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും സിനിമാ വിലക്ക് നീക്കി

ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും സിനിമാ വിലക്ക് നീക്കി

കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും സിനിമയിലെ വിലക്ക് നീക്കി. പ്രോഡ്യൂസേഴ്‌സ് അസോസിയേഷന് മാപ്പപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ഷെയ്ന്‍ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫല തുകയില്‍ ഇളവ് വരുത്തി. ശ്രീനാഥ് ഭാസി രണ്ടു സിനിമയ്ക്ക് വാങ്ങിയ അഡ്വാന്‍സ് തിരികെ നല്‍കുമെന്ന് അറിയിച്ചു.

കൈപ്പറ്റിയ തുക ഘട്ടം ഘട്ടമായി തിരികെ നല്‍കാമെന്നും ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യ സമയത്ത് എത്താമെന്നും ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം എഴുതി നല്‍കിയെന്നാണ് സൂചന. എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണു ഷെയ്‌നുമായുള്ള നിസ്സഹകരണത്തിനു കാരണമായത്.

സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി ശ്രമിച്ചിരുന്നു. നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചശേഷം അപേക്ഷ പരിഗണിക്കാമെന്നാണ് അമ്മ അറിയിച്ചത്.

വിഎസ്എസ്‌സി പരീക്ഷ തട്ടിപ്പ്; ആൾമാറാട്ട കോപ്പിയടിക്ക് പ്രതിഫലം ഏഴ് ലക്ഷം

വിഎസ്എസ്‌സി പരീക്ഷ തട്ടിപ്പ്; ആൾമാറാട്ട കോപ്പിയടിക്ക് പ്രതിഫലം ഏഴ് ലക്ഷം

തിരുവനന്തപുരം: വിഎസ്എസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടത്തി കോപ്പിയടിക്കുന്നതിനു ഏഴ് ലക്ഷം രൂപയാണ് പ്രതിഫലമെന്നു ഉദ്യോ​ഗാർഥി. പ്രതിഫലം മുൻകൂറായി നൽകിയെന്നും ഉദ്യോ​ഗാർഥി സമ്മതിച്ചു. കേരള പൊലീസ് ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഉള്ളുകളികൾ വ്യക്തമാക്കുന്ന വിവരങ്ങൾ ലഭിച്ചത്.

ദീപക് ഷോ​ഗന്റ്, ഋഷിപാൽ, ലഖ്‌വീന്ദർ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളെയും പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചു. തട്ടിപ്പിനു പിന്നിൽ ഹരിയാനയിലെ ജിണ്ട് ജില്ലയിലെ വൻ സംഘമാണെന്നു കണ്ടെത്തിയിരുന്നു. കേസിൽ അമിത് എന്നയാളും നേരത്തെ പിടിയിലായിരുന്നു. കേസിൽ മൊത്തം ഒൻപത് പ്രതികളാണ് അറസ്റ്റിലായത്.

ദീപക് ഷോ​ഗന്റാണ് കോപ്പിയടിയുടെ മുഖ്യ സൂത്രധാരനും ഏജന്റുമായി പ്രവർത്തിച്ചത്. ഋഷിപാലിനു വേണ്ടിയാണ് ഹൈടെക്ക് കോപ്പിയടി നന്നത്. ഇരുവരുടേയും സഹായിയായാണ് ലഖ്‌വീന്ദർ. ഏഴ് ലക്ഷം രൂപയാണ് പ്രതിഫലമെന്നു അറസ്റ്റിലായ ഉദ്യോ​ഗാർഥി ഋഷിപാലാണ് പൊലീസിനു മൊഴി നൽകിയത്. അമിതാണ് ആൾമാറാട്ടം നടത്തി കോപ്പിയടിച്ചത്. അമിതിനാണ് ഈ ഏഴ് ലക്ഷം രൂപ നൽകിയത്. എന്നാൽ അമിതിനു നേരിട്ടല്ല പണം നൽകിയത്. ദീപക് വഴിയാണ് അമിതിനു പണം ലഭിച്ചത്.

ഇവർ ആദ്യമായിട്ടല്ല ഇത്തരത്തിൽ കോപ്പിയടി നടത്തുന്നു. സമാനമായ രീതിയിൽ നേരത്തെ മൂന്ന് തവണ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഈ സംഭവങ്ങളിലും നേരത്തെ ഇവർ അറസ്റ്റിലായിട്ടുണ്ട്. ഇതിലൊരു കേസിന് സമീപ കാലത്താണ് ഇവർക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ ശേഷമാണ് വിഎസ്എസ്‌സി പരീക്ഷയിലും ആൾമാറാട്ട കോപ്പിയടി നടത്തിയത്.

വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ടെക്‌നീഷ്യന്‍മാരെ നിമിക്കാനുള്ള എഴുത്തു പരീക്ഷയിലാണ് ആൾമാറട്ട കോപ്പിയടി തട്ടിപ്പ് നടന്നത്. തിരുവനന്തപുരത്ത് 10കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. തട്ടിപ്പില്‍ ഉള്‍പ്പെട്ടത് ഭൂരിഭാഗവും ഹരിയാനക്കാരായിരുന്നു.

ഷര്‍ട്ടിന്റെ ബട്ടണായി ഘടിപ്പിച്ച ചെറു ക്യാമറയില്‍ ചോദ്യ പേപ്പറിന്റെ ഫോട്ടോയെടുത്ത് ഗൂഗിള്‍ ഡ്രൈവില്‍ പുറത്തേക്ക് അയച്ചശേഷം ബ്ലൂടൂത്ത് ഹെഡ്‌സെറ്റിലൂടെ ഉത്തരം കേട്ടെഴുതിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, ടെക്നീഷ്യന്‍, ഡ്രാഫ്റ്റ്സ്മാന്‍, റേഡിയോഗ്രാഫര്‍ എന്നി തസ്തികകളിലേക്ക് നടത്തിയ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.