മുതിര്‍ന്ന പൗരന്‍മാരാണോ നിങ്ങള്‍?; സഹായത്തിനെത്തും കേരളാ പൊലീസ്

മുതിര്‍ന്ന പൗരന്‍മാരാണോ നിങ്ങള്‍?; സഹായത്തിനെത്തും കേരളാ പൊലീസ്

തിരുവനന്തപുരം: ഒറ്റയ്ക്കു താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായമെത്തിക്കുന്നതിനായി പ്രശാന്തി പദ്ധതിയുമായി കേരളാ പൊലീസ്. 9497900035, 9497900045 എന്നീ ഹെല്പ് ലൈന്‍ നമ്പറുകളിലൂടെ ഈ സേവനം ലഭ്യമാണ്.

ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുക പരാതികള്‍ സമയബന്ധിതമായി കൈകാര്യം ചെയ്യുക, യാത്രാസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പുനരധിവാസം, കൗണ്‍സിലിംഗ്, പഠനം തുടങ്ങിയ മേഖലകളില്‍ കൈത്താങ്ങ് ആകുക, മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സംശയനിവാരണം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ഈ ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. ദിവസേന നിരവധി വയോധികരെ വിളിച്ച് അവരുടെ വിവരങ്ങള്‍ തിരക്കുകയും പ്രശാന്തിയുടെ സേവനങ്ങളെപ്പറ്റി അവബോധം നല്‍കുകയും ചെയ്യുന്ന ക്ഷേമാന്വേഷണ പദ്ധതിയും ഇതോടൊപ്പം പ്രവര്‍ത്തിച്ചുവരുന്നതായും കേരളാ പൊലീസ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

ഓണം പൂജ: ശബരിമല നട ഇന്ന് തുറക്കും; നാളെ ഉത്രാട സദ്യ

ഓണം പൂജ: ശബരിമല നട ഇന്ന് തുറക്കും; നാളെ ഉത്രാട സദ്യ

പത്തനംതിട്ട: ഓണം പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. 31 വരെ പൂജകള്‍ ഉണ്ടാകും. ഇന്ന് നട തുറന്ന ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ പച്ചക്കറി അരിഞ്ഞ് ഉത്രാട സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തും.
മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരിയുടെ വകയാണ് ഉത്രാട സദ്യ. 29 ന് ദേവസ്വം ജീവനക്കാരുടെ വകയായി തിരുവോണ സദ്യ വിളമ്പും. 30 ന് പൊലീസും 31 ന് മാളികപ്പുറം മേല്‍ശാന്തിയും ഓണസദ്യ ഒരുക്കും. ദര്‍ശനത്തിന് എത്തുന്ന എല്ലാ ഭക്തര്‍ക്കും ഓണസദ്യ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഓണം പൂജകള്‍ പൂര്‍ത്തിയാക്കി 31 ന് രാത്രി 10 ന് ശബരിമല നട അടയ്ക്കും.

ഡോക്ടർമാരെ അറസ്റ്റ് ചെയ്യാം; ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസിന് നിയമോപദേശം

ഡോക്ടർമാരെ അറസ്റ്റ് ചെയ്യാം; ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസിന് നിയമോപദേശം

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം. ഡോക്ടർമാരെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടക്കാം എന്നാണ് ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത്.

മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമെടുത്ത കേസിൽ നടപടി തുടരാം. ഡോക്ടർമാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കാമെന്നും നിയമോപദേശത്തിൽ പറയുന്നു. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തുക. ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരുമാണ് കേസിൽ പ്രതികൾ. കേസിൽ കുറ്റപത്രം സമർപ്പിക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാല്‍, ഈ റിപ്പോർട്ട്‌ ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയിരുന്നു. കേസില്‍ ഡോക്ടര്‍മാരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ രംഗത്തെത്തി. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് പറയാൻ എന്ത് തെളിവാണ് പൊലീസിന്‍റെ കൈയിലുള്ളതെന്നാണ് കെജിഎംസിടിഎ ചോദിക്കുന്നത്. സാധാരണക്കാര്‍ക്ക് മെഡിക്കല്‍ കോളേജിനോടുള്ള ഭയം സൃഷ്ടിക്കാനേ ഇത് ഉപകരിക്കൂ എന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.

ഓണക്കിറ്റ് വിതരണം; ഇതുവരെ നൽകിയത് 62,231 കിറ്റുകൾ; ഇന്നും നാളെയും റേഷൻകടകൾ പ്രവർത്തിക്കും

ഓണക്കിറ്റ് വിതരണം; ഇതുവരെ നൽകിയത് 62,231 കിറ്റുകൾ; ഇന്നും നാളെയും റേഷൻകടകൾ പ്രവർത്തിക്കും

തിരുവനന്തപുരം: ഓണത്തിന് ഇനി രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ എങ്ങുമെത്താതെ സർക്കാരിന്റെ ഓണക്കിറ്റ് വിതരണം. 5,87,691 വരുന്ന ഉപഭോക്താക്കളിൽ പത്ത് ശതമാനം ആളുകൾക്ക് മാത്രമാണ് ഇതുവരെ കിറ്റ് നൽകിയത്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂർത്തിയാക്കാനാണ് ശ്രമം. ഇന്നലെ വരെയുള്ള കണക്കെടുത്താൽ 62,231 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്. തൃശൂർ, ഇടുക്കി, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് കിറ്റുകൾ വിതരണം ഏറ്റവും കുറവ്. ഇന്നലെ ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പായസം മിക്സും മസാല പൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മിൽമയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ മസാല പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിങ് പൂർത്തിയാക്കാനാണ് നിർദേശം.

ഓണക്കിറ്റ് വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇന്നും നാളെയും കിറ്റ് വിതരണം നടക്കുമെന്നും തീരുന്ന മുറയ്ക്ക് കിറ്റ് എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓണത്തിന് മുമ്പായി വിതരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അവധി ദിനമായ ഇന്നും നാളെയും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.

സംസ്ഥാനത്തെ ബാങ്കുകളും സര്‍ക്കാര്‍ ഓഫിസുകളും തുടർച്ചയായ അവധിയിലേക്ക്

സംസ്ഥാനത്തെ ബാങ്കുകളും സര്‍ക്കാര്‍ ഓഫിസുകളും തുടർച്ചയായ അവധിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളും സര്‍ക്കാര്‍ ഓഫിസുകളും തുടർച്ചയായ അവധിയിലേക്ക്. നാലാം ശനിയാഴ്ച ആയതിനാല്‍ ബാങ്കുകള്‍ക്ക് ഇന്ന് അവധിയാണ്. തുടര്‍ന്ന് വരുന്ന മൂന്ന് അവധി ദിവസങ്ങളും അവധിയാണ്. മുപ്പതാം തിയതി പ്രവര്‍ത്തിദിനമായിരിക്കും. എന്നാല്‍ അടുത്ത ദിവസം ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വീണ്ടും ഒരു ദിവസം കൂടി അവധി ലഭിക്കും. അതേസമയം, എടിഎമ്മുകളില്‍ പണലഭ്യത ഉറപ്പാക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്.

നാളെ മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസമാണ് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി. സെപ്റ്റംബര്‍ ഒന്നും രണ്ടും അവധിയെടുത്താല്‍ എട്ടുദിവസം തുടര്‍ച്ചയായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി കിട്ടും. സെപ്റ്റംബര്‍ നാലും അഞ്ചും കൂടി അവധി നീട്ടിയെടുത്ത് ആറാംതീയതി ശ്രീകൃഷ്ണ ‍ജയന്തിയും കൂടി ആയാല്‍ തുടര്‍ച്ചയായി 11 ദിവസത്തെ നീണ്ട അവധിക്കാലവും ലഭിക്കും.

പള്ളിയുടെ വഞ്ചി കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയില്‍

പള്ളിയുടെ വഞ്ചി കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയില്‍

അഞ്ചല്‍: ചടയമംഗലത്ത് പള്ളി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തേവന്നൂര്‍, ചരുവിള പുത്തന്‍വീട്ടില്‍ അജീഷ് കുമാറാണ്(38) ചടയമംഗലം പോലീസിന്റെ പിടിയിലായത്. ഇതിന് മുന്‍പ് ഇയാള്‍ ഇളമാട് പഞ്ചായത്ത് ഓഫീസ് കുത്തി തുറക്കുകയും തേവന്നൂര്‍ പോസ്റ്റ് ഓഫീസില്‍ മോഷണം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉമ്മന്നൂര്‍ ക്ഷേത്രത്തിന്റെ വഞ്ചിയും കുത്തിത്തുറന്നു.

നിലവില്‍ നാല് കേസിലെ പ്രതിയാണ് ഇയാള്‍. ഇക്കഴിഞ്ഞ 19ന് രാത്രിയിലാണ് പള്ളിയില്‍ മോഷണം നടന്നത്. പള്ളിയുടെ വഞ്ചി കുത്തി തുറന്നതിനു ശേഷം പള്ളിക്ക് അകത്ത് പ്രവേശിക്കുകയും മോഷണം നടത്താനുള്ള ശ്രമം നടത്തുകയും ചെയ്തു. തുടര്‍ന്ന് സിസിടിവി ക്യാമറ നശിപ്പിക്കാന്‍ ശ്രമിച്ചു. സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയില്‍ പ്രതിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.