സ്കൂൾ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ബിഹാര്‍ സ്വദേശി അറസ്റ്റില്‍

സ്കൂൾ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ബിഹാര്‍ സ്വദേശി അറസ്റ്റില്‍

ആലപ്പുഴ വള്ളികുന്നത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ബിഹാര്‍ സ്വദേശി അറസ്റ്റില്‍. ബിഹാറിലെ കോങ്‌വാഹ് സ്വദേശി കുന്തന്‍കുമാര്‍ (27) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ഡ്രൈവിങ് സ്‌കൂളിലെ വാഹനങ്ങൾക്ക് ഇനി ബോണറ്റ് നമ്പർ; വ്യാജന്മാരെ പൂട്ടാൻ ആർ ടി ഒ

ഡ്രൈവിങ് സ്‌കൂളിലെ വാഹനങ്ങൾക്ക് ഇനി ബോണറ്റ് നമ്പർ; വ്യാജന്മാരെ പൂട്ടാൻ ആർ ടി ഒ

കൊച്ചി: അംഗീകൃത ഡ്രൈവിങ് സ്‌കൂളിലെ വാഹനങ്ങൾക്ക് ഇന്ന് മുതൽ ബോണറ്റ് നമ്പർ നൽകും. ബോണറ്റ് നമ്പറില്ലാത്ത വാഹനങ്ങളിൽ പരിശീലനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടിയെടുക്കും. പിഴ ചുമത്തുകയും ചെയ്യും. ഇന്ന് രാവിലെ കാക്കനാട് മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിങ്‌ ടെസ്റ്റ് ഗ്രൗണ്ടിൽ എറണാകുളം ആർടിഒ ജി അനന്തകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്യും.

ബോണറ്റ് നമ്പറുള്ള വാഹനങ്ങളിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു മാത്രമേ ഡ്രൈവിങ് പരിശീലനം നേടാവൂ എന്നും വ്യാജ ഡ്രൈവിങ് സ്‌കൂളുകളിൽ പഠിക്കുന്നതിനിടെ പിടികൂടിയാൽ ഫീസിനത്തിൽ അടച്ച തുക പോലും തിരിച്ചു കിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. അനധികൃത ഡ്രൈവിങ് പരിശീലനം നൽകുന്നത് തടയാനാണ് നടപടി.

വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് കടുത്ത നിയമ ലംഘനമായാണ് പരി​ഗണിക്കുന്നതെങ്കിലും മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്താം. ഈ വാഹനങ്ങളിൽ‌ ഒന്നിലധികം ബ്രേക്ക്, ക്ലച്ച് തുടങ്ങിയവ ഉണ്ടാകും. എന്നാൽ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ പലരും അനുമതിയില്ലാതെ വാഹനങ്ങൾ രൂപമാറ്റം വരുത്തുകയും അനധികൃതമായി ഡ്രൈവിങ് പരിശീലനം നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് ബോണറ്റ് നമ്പർ നൽകുന്നത്.

ഉത്സവബത്ത 2750 രൂപയടക്കം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് വിതരണം ചെയ്യും

തിരുവനന്തപുരം: കെ എസ് ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നൽകും. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും. ഇതോടെ 26-ാം തീയതി മുതൽ നടത്താനിരുന്ന സമരം തൊഴിലാളി യൂനിയനുകൾ പിൻവലിച്ചിട്ടുണ്ട്. താത്കാലിക ജീവനക്കാർക്കും സ്വിഫ്റ്റിലെ കരാർ ജീവനക്കാർക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നൽകാനും തീരുമാനമായി. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസങ്ങളിലും അംഗീകരിക്കാനാകില്ലെന്ന നിലപാട് യൂണിയൻ നേതാക്കൾ എംഡിയെ ധരിപ്പിച്ചിട്ടുണ്ട്.

40,000 സ്‌ക്വയര്‍ ഫീറ്റിൽ ഭീമൻ പൂക്കളം തീർത്ത് ഏഷ്യന്‍ പെയിന്റ്സും ഫ്ളവേഴ്സ് ടിവിയും

40,000 സ്‌ക്വയര്‍ ഫീറ്റിൽ ഭീമൻ പൂക്കളം തീർത്ത് ഏഷ്യന്‍ പെയിന്റ്സും ഫ്ളവേഴ്സ് ടിവിയും

ഏഷ്യന്‍ പെയിന്റ്സും ഫ്ളവേഴ്സ് ടി വിയും സംയുക്തമായി ഭീമന്‍ പൂക്കളം തീർത്തു. മുന്നൂറോളം കലാകാരന്‍മാര്‍ ചേര്‍ന്ന് നാല്‍പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വലിപ്പത്തിൽ തീർത്ത പൂക്കളം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിസിനായുള്ള മത്സരത്തിന്റെ ഭാഗമായി. ബെസ്റ്റ് ഓഫ് ഇന്ത്യ’ എന്ന റെക്കോർഡ് ഈ പൂക്കളത്തിന് ലഭിച്ചു. ആയിരക്കണക്കിന് ആളുകളാണ് മെഗാ പൂക്കളം കാണാനായി കോഴിക്കോട് ട്രേഡ് സെന്ററിലെത്തിയത്. 320 കലാകാരന്‍മാരുടെ മൂന്ന് മണിക്കൂര്‍ നേരത്തെ പരിശ്രമമായിരുന്നു പൂക്കളം. പതിനയ്യായിരം കിലോ പൂക്കളാണ് ഇതിനായി ഉപയോഗിച്ചത്. ജമന്തിയും റോസും വാടമല്ലിയുമെല്ലാം പൂക്കളത്തിന്റെ മാറ്റ് കൂട്ടി.

കോഴിക്കോട് ട്രേഡ് സെന്ററില്‍ ഒരുക്കിയ മെഗാ പൂക്കളത്തിന്റെ ഭാഗമായി വനംമന്ത്രി എകെ ശശീന്ദ്രനും സിനിമ താരങ്ങളായ മാളവിക മേനോനും നിത്യാ ദാസും എത്തി.
പൂക്കള്‍ ഉപയോഗിച്ചുള്ള ഏറ്റവും വലിയ മഹാബലി എന്ന റെക്കോര്‍ഡും മെഗാ പൂക്കളത്തിന് ലഭിച്ചു. ബെംഗളൂരു ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്നാണ് പൂക്കള്‍ എത്തിച്ചത്. ശ്രീരാജ് ഷോ ഡയറക്ടറും സുനില്‍ ലാവണ്യ ആര്‍ട്ട് ഡയറക്ടറുമായിരുന്നു. ഏഷ്യന്‍ പെയ്ന്റ്‌സ് കേരള ഹെഡ് പ്രതീപ് പിള്ള, 24 അസി. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ദീപക് ധര്‍മ്മടം എന്നിവരും പരിപാടിയുടെ ഭാഗമായി.

സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണം; പരിശോധന ശക്തമാക്കി പോലീസ്

കാസർകോട്: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ പരിശോധന ശക്തമാക്കി പോലീസ്. കാസർകോട് ജില്ലയിൽ 50 പേരെ കസ്റ്റഡിയിലെടുത്തു. റെയിൽവേ ട്രാക്കിന് സമീപം ഉള്ള വീടുകളിൽ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കി. ട്രെയിനുകൾക്ക് നേരെ വിവിധ സ്ഥലങ്ങളിൽ നിന്നും കല്ലേറ് തുടരുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി പോലീസ് രംഗത്തുവന്നത്.

കാസർകോട് ജില്ലയിൽ മാത്രം റെയിൽവേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട അമ്പതോളം പേരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്. 10 വർഷം തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം ആണ് ഹോസ്ദുർഗ് പോലീസ് കേസ് എടുത്തിരിക്കുന്നത്. റെയിൽവേ ട്രാക്ക് കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണത്തിന് ആളുകളെയും സിസിടിവി ക്യാമറകളും സജ്ജമാക്കി.

റെയിൽവേ ട്രാക്കിന് സമീപം ഉള്ള വീടുകളിൽ കേന്ദ്രീകരിച്ചു പോലീസ് ഉദ്യോഗസ്ഥർ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ട്. തീവണ്ടികളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു നിരീക്ഷണം ശക്തമാക്കിയതായും പോലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം മലപ്പുറം പരപ്പനങ്ങാടിക്ക് അടുത്ത് വന്ദേഭാരതത്തിന് നേരെയും കാഞ്ഞങ്ങാട് രാജധാനി എക്‌സ്പ്രസിന് നേരെയും കല്ലേറ് ഉണ്ടായിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ അട്ടിമറിയില്ലെന്ന് പോലീസ് ആവർത്തിച്ച് പറയുമ്പോഴും ദുരൂഹത ഏറുകയാണ്.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. തുടർച്ചയായ ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ വർദ്ധനവുണ്ടാകുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 80 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 43,360 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ പത്ത് രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 5,420 രൂപയാണ് നൽകേണ്ടത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 4,498 രൂപയാണ്.