മറയൂർ-മൂന്നാർ അന്തർ സംസ്ഥാനപാതയിലിറങ്ങി പടയപ്പ; ആശങ്കയിൽ പ്രദേശവാസികൾ

മറയൂർ-മൂന്നാർ അന്തർ സംസ്ഥാനപാതയിലിറങ്ങി പടയപ്പ; ആശങ്കയിൽ പ്രദേശവാസികൾ

ഇടുക്കി: ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി പടയപ്പ. മറയൂർ ചട്ട മൂന്നാറിൽ ലയങ്ങളോട് ചേർന്നുള്ള പ്രദേശത്താണ് ആന ഇറങ്ങിയത്. അന്തർ സംസ്ഥാന പാതയിൽ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നരമാസത്തോളമായി പടയപ്പ മറയൂർ മേഖലയിലായിരുന്നു തമ്പടിച്ചിരുന്നത്.

എത്രയും പെട്ടെന്ന് പടയപ്പയെ തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. വനം വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും തന്നെയുണ്ടായിട്ടില്ല. പടയപ്പയെ ജനവാസമേഖലയിൽ നിന്നും കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപത്തുവരെ ആനയെത്തുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഒരു മാസം മുമ്പ് മറയൂർ പാമ്പൻമല എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ പടയപ്പ എത്തിയിരുന്നു. ലയങ്ങളിൽ ഒന്നിന്റെ വാതിൽ പൊളിക്കുകയും അരിയെടുത്ത് കഴിക്കുകയും ചെയ്തിരുന്നു. പടയപ്പ മറ്റ് ആക്രമണങ്ങളൊന്നും നടത്തുന്നില്ലെങ്കിലും പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.

ഫോണിൽ മെസ്സേജ് അയച്ചതിൽ സംശയം; 17 കാരന്‍ അമ്മയെ കോടാലി കൊണ്ട് അടിച്ചു കൊന്നു

ഫോണിൽ മെസ്സേജ് അയച്ചതിൽ സംശയം; 17 കാരന്‍ അമ്മയെ കോടാലി കൊണ്ട് അടിച്ചു കൊന്നു

മുംബൈ: പതിനേഴുകാരന്‍ അമ്മയെ അടിച്ചു കൊന്നു. അമ്മ ആര്‍ക്കോ രഹസ്യമായി മൊബൈല്‍ഫോണില്‍ സന്ദേശം അയക്കുന്നത് കണ്ടതിനെത്തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സോണാലി ഗോഗ്ര എന്ന 35 കാരിയാണ് കൊല്ലപ്പെട്ടത്.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ അമ്മ ഫോണില്‍ ആര്‍ക്കോ സന്ദേശം അയക്കുന്നത് കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ അമ്മയുടെ സ്വഭാവത്തില്‍ കുട്ടിക്ക് സംശയം തോന്നി,

തുടര്‍ന്ന് ഈ വിഷയത്തെച്ചൊല്ലി അമ്മയും മകനും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ കോടാലി എടുത്ത് മകന്‍ അമ്മയെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഭീവണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുട്ടിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും, ഇതുവരെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എ സി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എ സി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ്

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എ സി മൊയ്തീന്റെ ബിനാമികള്‍ എന്ന് ഇഡി സംശയിക്കുന്നവരുടെ വീടുകളിലും റെയ്ഡ് നടത്തി. കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ മൊയ്തീന് നേരിട്ട് ബന്ധമുണ്ടെന്ന് ഇഡി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഇഡി കഴിഞ്ഞ ഏതാനും മാസങ്ങളായി അന്വേഷണം നടത്തി വരികയാണ്. ബാങ്കിലെ ഉദ്യോഗസ്ഥരെ അടക്കം വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ ഇഡി തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ഏഴുമണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. നേരത്തെ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം ജില്ലാ നേതാക്കളെയും ബാങ്ക് ഉദ്യോഗസ്ഥരെയും കേരള പൊലീസ് പ്രതികളാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

നുഴഞ്ഞു കയറ്റ ശ്രമം തകര്‍ത്ത് സൈന്യം; രണ്ടു ഭീകരരെ വധിച്ചു

നുഴഞ്ഞു കയറ്റ ശ്രമം തകര്‍ത്ത് സൈന്യം; രണ്ടു ഭീകരരെ വധിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ചില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ബാലാകോട്ട് സെക്ടറില്‍ വെച്ച് ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു. എകെ 47 തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു.

രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് നിയന്ത്രണരേഖയ്ക്ക് സമീപം രണ്ടു ഭീകരരെ കണ്ടെത്തിയത്. കനത്ത മഞ്ഞും കാലാവസ്ഥയും മുതലെടുത്ത് ബാലാകോട്ട് സെക്ടറിലെ ഹാമിര്‍പൂരില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാനായിരുന്നു ഭീകരരുടെ സൈന്യം.

തുടര്‍ന്ന് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. രണ്ടു ഭീകരരെ വധിക്കുകയായിരുന്നു. ഭീകരരുടെ പക്കല്‍ നിന്നും 30 ഗ്രനേഡുകളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള മരുന്നുകളും ഭീകരരില്‍ നിന്നും കണ്ടെടുത്തതായി സൈന്യം അറിയിച്ചു.

ഒന്നു മൂത്രമൊഴിക്കണം; ജീപ്പിൽ നിന്നു പുറത്തിറക്കിയ മോഷണക്കേസ് പ്രതി പൊലീസിനെ ആക്രമിച്ചു കടന്നു

ഒന്നു മൂത്രമൊഴിക്കണം; ജീപ്പിൽ നിന്നു പുറത്തിറക്കിയ മോഷണക്കേസ് പ്രതി പൊലീസിനെ ആക്രമിച്ചു കടന്നു

തൊടുപുഴ: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ അപായപ്പെടുത്താൻ ശ്രമിച്ചു കവർച്ച നടത്തിയ കേസിലെ ഒന്നാം പ്രതി പൊലീസിനെ ആക്രമിച്ചു കസ്റ്റഡിയിൽ നിന്നു ചാടിപ്പോയി. തമിഴ്നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകൻ (33) ആണ് കടന്നുകളഞ്ഞത്.

മറയൂർ കോട്ടക്കുളത്തെ വീട്ടിലാണ് ഇയാൾ അതിക്രമിച്ചു കയറി കവർച്ച നടത്തിയത്. ഈ മാസം 12നായിരുന്നു മോഷണം.

സംഭവത്തിൽ ഇയാളടക്കം നാല് പ്രതികളെ 18നു കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തെളിവെടുപ്പിനായി തെങ്കാശിയിൽ കൊണ്ടുപോയി തിരിച്ചു വരുന്ന വഴി ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാൾ കടന്നു കളഞ്ഞത്.

രണ്ട് ജീപ്പുകളിലായാണ് പ്രതികളെ കൊണ്ടു പോയത്. തിരിച്ചു വരുന്ന വഴി ‍ഡിണ്ടി​ഗൽ- കൊടൈ റോഡ് ടോൾ ​ഗേറ്റിനു സമീപമെത്തിയപ്പോൾ ഇയാൾ മൂത്രമൊഴിക്കണമെന്നു പറഞ്ഞു പുറത്തിറങ്ങി ബാലമുരുകൻ കടന്നു കളയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

പൂ വാങ്ങാൻ വരുന്നവരെ പറ്റിക്കണ്ട, പിടിവീഴും! കൊച്ചിയിൽ വ്യാപക പരിശോധന

പൂ വാങ്ങാൻ വരുന്നവരെ പറ്റിക്കണ്ട, പിടിവീഴും! കൊച്ചിയിൽ വ്യാപക പരിശോധന

ഓണം പ്രമാണിച്ച് പൂക്കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നിരത്തുകൾ. ഏത് കടയിൽ നിന്ന് വാങ്ങും, പറ്റിക്കപ്പെടുമോ തുടങ്ങിയ ആശങ്കയാണ് ആളുകൾക്കൊക്കെ. വാങ്ങാനെത്തുന്നവരെ കബിളിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ പിടി വീഴുമെന്ന് മറക്കണ്ടെന്നാണ് ലീ​ഗൽ മെട്രോളജി സ്ക്വാഡിന് പറയാനുള്ളത്. ഇന്നലെ മാത്രം കൊച്ചി ന​ഗരത്തിലെ വിവിധ കടകളിൽ നിന്നായി 60,000 രൂപയാണ് പിഴ ഈടാക്കിയത്. മുദ്ര ചെയ്യാത്ത ത്രാസ് ഉപയോ​ഗിച്ച് പൂക്കൾ വിറ്റവരും മുഴം കണക്കിൽ പൂ വിൽക്കുന്നവരുമൊക്കെ കുടുങ്ങി.

മുഴം അളവിൽ പൂ വിറ്റ ആറ് പൂക്കടക്കാരിൽ നിന്ന് 12,000രൂപ പിഴ ഈടാക്കി. മുഴം എന്നത് നോൺ സ്റ്റാൻഡേർഡ് അളവാണെന്നാണ് അധികൃതർ പറയുന്നത്. കൈത്തണ്ടയിൽ അളന്നാണ് മുഴം കണക്കാക്കുന്നത്. പലരുടെയും കൈത്തണ്ട പല വലുപ്പത്തിലായതിനാൽ ഇതിന് കൃത്യതയുണ്ടാകില്ല. മാല പോലെ കോർത്തുവച്ചിരിക്കുന്ന പൂക്കൾ മീറ്റർ സ്കെയിൽ ഉപയോ​ഗിച്ച് അളന്ന് വേണം വിൽക്കാൻ. അല്ലാത്ത പൂക്കൾ കൃത്യമായി തൂക്കി ആണ് വിൽക്കേണ്ടത്. മുദ്ര ചെയ്യാത്ത ത്രാസ് ഉപയോ​ഗിച്ച് പൂ വിറ്റതടക്കം 21 കേസുകളാണ് ഇന്നലെ രജിസ്റ്റർ ചെയ്തത്.