by Midhun HP News | Aug 22, 2023 | Latest News, കേരളം
ഓണം പ്രമാണിച്ച് പൂക്കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നിരത്തുകൾ. ഏത് കടയിൽ നിന്ന് വാങ്ങും, പറ്റിക്കപ്പെടുമോ തുടങ്ങിയ ആശങ്കയാണ് ആളുകൾക്കൊക്കെ. വാങ്ങാനെത്തുന്നവരെ കബിളിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ പിടി വീഴുമെന്ന് മറക്കണ്ടെന്നാണ് ലീഗൽ മെട്രോളജി സ്ക്വാഡിന് പറയാനുള്ളത്. ഇന്നലെ മാത്രം കൊച്ചി നഗരത്തിലെ വിവിധ കടകളിൽ നിന്നായി 60,000 രൂപയാണ് പിഴ ഈടാക്കിയത്. മുദ്ര ചെയ്യാത്ത ത്രാസ് ഉപയോഗിച്ച് പൂക്കൾ വിറ്റവരും മുഴം കണക്കിൽ പൂ വിൽക്കുന്നവരുമൊക്കെ കുടുങ്ങി.
മുഴം അളവിൽ പൂ വിറ്റ ആറ് പൂക്കടക്കാരിൽ നിന്ന് 12,000രൂപ പിഴ ഈടാക്കി. മുഴം എന്നത് നോൺ സ്റ്റാൻഡേർഡ് അളവാണെന്നാണ് അധികൃതർ പറയുന്നത്. കൈത്തണ്ടയിൽ അളന്നാണ് മുഴം കണക്കാക്കുന്നത്. പലരുടെയും കൈത്തണ്ട പല വലുപ്പത്തിലായതിനാൽ ഇതിന് കൃത്യതയുണ്ടാകില്ല. മാല പോലെ കോർത്തുവച്ചിരിക്കുന്ന പൂക്കൾ മീറ്റർ സ്കെയിൽ ഉപയോഗിച്ച് അളന്ന് വേണം വിൽക്കാൻ. അല്ലാത്ത പൂക്കൾ കൃത്യമായി തൂക്കി ആണ് വിൽക്കേണ്ടത്. മുദ്ര ചെയ്യാത്ത ത്രാസ് ഉപയോഗിച്ച് പൂ വിറ്റതടക്കം 21 കേസുകളാണ് ഇന്നലെ രജിസ്റ്റർ ചെയ്തത്.

by Midhun HP News | Aug 22, 2023 | Latest News, കേരളം
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം നൽകുമെന്ന് സർക്കാർ ഉറപ്പ് പറഞ്ഞ തിയതി ഇന്ന് അവസാനിക്കും. ജൂലൈയിലെ ശമ്പളം ഓഗസ്റ്റ് 22നകം നൽകുമെന്നായിരുന്നു വാഗ്ദാനം. ഇതവുസരിച്ച് 40 കോടി രൂപ ധനവകുപ്പ് അനുവദിച്ചെങ്കിലും ശമ്പളം ഇനിയും ജീവനക്കാരുടെ കയ്യിലെത്തിയിട്ടില്ല. തുക കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് വരാൻ വൈകുന്നതാണ് ശമ്പളം കിട്ടാത്തതിന് കാരണം.
ശമ്പളത്തിനൊപ്പം ഓണം അലവൻസും നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും അക്കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായില്ല. അലവൻസ് തുക നിശ്ചയിക്കാൻ തൊഴിലാളി യൂണിയനുകളും കെഎസ്ആർടിസി മാനേജ്മെന്റും ഇന്ന് വൈകിട്ട് ചർച്ച നടത്തും. 2750 രൂപ അലവൻസ് വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. 1000 രൂപ അലവൻസും 1000 രൂപ അഡ്വാൻസും നൽകാനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്.
അതേസമയം, കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണ കാര്യത്തിൽ സർക്കാരിൻറെ നിലപാട് എന്താണെന്ന് ചോദിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്നായിരുന്നു കോടതിയുടെ നിർദേശം. ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം.
by Midhun HP News | Aug 20, 2023 | Latest News, കേരളം, മരണം
യുവാവ് ഫുട്പാത്തില്‍ മരിച്ച നിലയില്‍. പത്തനംതിട്ട തുമ്പമണ്‍ കക്കാട് ഇടപ്പുരയില്‍ അജി കെ വി (45) ആണ് മരിച്ചത്. പന്തളം കുറുന്തോട്ടം പാലത്തിന്റെ ഫുട്പാത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Aug 20, 2023 | Latest News, കേരളം
തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരം. പുലർച്ചെ 2 മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലേക്ക് ലാൻഡ് ചെയ്തത്. പേടകം ഇപ്പോൾ ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ അടുത്ത ദൂരവും, 134 കിലോമീറ്റർ അകന്ന ദൂരവും ആയിട്ടുള്ള ഭ്രമണപഥത്തിൽ എത്തി. ഇനി സോഫ്റ്റ് ലാൻഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ ആരംഭിക്കുക.

by Midhun HP News | Aug 20, 2023 | Latest News, കേരളം
പൊന്നോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം. ഇന്ന് മുതൽ 10 ദിവസം മലയാളിയുടെ മുറ്റത്ത് പൂക്കളങ്ങൾ നിറയും. തിരുവോണ ദിവസം വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് ഇന്ന് തുടക്കമാകുക.
പ്രതീക്ഷയുടെ പൊന്നിൻ ചിങ്ങം. അത്തം പിറന്നു. അതിരാവിലെ തൊടിയിലേക്ക് പൂ തേടി പോകുന്ന കുരുന്നുകൾ. തുമ്പയാണ് പൂക്കളത്തിലെ രാജാവ്. കമ്മൽ പൂവും മുക്കുറ്റിയും ചെമ്പരത്തിയുമെല്ലാം ആദ്യ ദിവസങ്ങളിൽ കളം നിറയും. പിന്നീടങ്ങോട്ട് മറുനാടൻ പൂക്കളുടെ വരവാണ്.
ഗൃഹാതുരതയുടെ ഓർമയാണ് ഓരോ ഓണവും. പഴമക്കാഴ്ചകൾ ഓർത്തെടുത്ത് വീട്ടുമുറ്റത്ത് ഊഞ്ഞാലിട്ട് ആടുന്ന കുരുന്നുകൾ. കൂട്ടായ്മയുടെ സന്തോഷത്തിൽ ഓണക്കോടിയുടുത്ത് സദ്യ ഒരുക്കുന്ന അമ്മമാർ. അങ്ങനെ ഓണക്കാഴ്ചകൾ പലതാണ്. ഇനിയുള്ള 10 ദിവസം പ്രതീക്ഷയുടെയും ആഘോഷത്തിന്‍റെയും ദിനങ്ങളാണ്.
ഓണാഘോഷത്തിന് വിളംബരം കുറിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയ ഘോഷയാത്ര നടക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ ജില്ലകളിൽ നിന്നുള്ള ഫ്ലോട്ടുകൾ അണിനിരത്തിയാണ് ഇത്തവണത്തെ ഘോഷയാത്ര. വാദ്യമേളത്തിന്റെ അകമ്പടിയോടെ നാടൻ കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. അത്തച്ചമയം ഹരിതച്ചമയം എന്ന പേരില്‍ കര്‍ശനമായ ഹരിത ചട്ടം പാലിച്ചാണ് ഇത്തവണത്തെ അത്തം ഘോഷയാത്രയും ഓണാഘോഷങ്ങളും നടക്കുക.

by Midhun HP News | Aug 19, 2023 | Latest News, കേരളം
ചെന്നൈ: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. മുത്തശ്ശിയും മൂന്ന് പേരക്കുട്ടികളുമാണ് മരിച്ചത്. കൊതുകു നശീകരണയന്ത്രം ഉരുകി കാർഡ് ബോർഡിലേക്ക് വീണ് തീ പടർന്നതായാണ് സംശയം.
മുത്തശ്ശി സന്താനലക്ഷ്മി, കുട്ടികളായ പ്രിയദർശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അച്ഛന് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ കഴിയുകയാണ് കുട്ടികളുടെ അമ്മ. വീട്ടിൽ കുട്ടികൾ തനിച്ചായതിനാലാണ് അമ്മൂമ്മയെ വിളിച്ച് വരുത്തി കൂട്ടിരുത്തിയത്.
ഇന്ന് രാവിലെ വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികളെത്തി കതക് പൊളിച്ച് ഉള്ളിൽ കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുക ശ്വസിച്ചാണ് മരണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം
Recent Comments