വിലക്കയറ്റം നിയമസഭയിൽ; കേരളത്തിൽ ജനം കടന്ന് പോകുന്നത് ഗുരുതര പ്രതിസന്ധികളിലൂടെ: വി ഡി സതീശൻ

വിലക്കയറ്റം നിയമസഭയിൽ; കേരളത്തിൽ ജനം കടന്ന് പോകുന്നത് ഗുരുതര പ്രതിസന്ധികളിലൂടെ: വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണ ജനങ്ങൾ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ വിലക്കയറ്റത്തെക്കുറിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വിപണിയിൽ ഒരുമിച്ച് പോയി നോക്കാമെന്നും വി ഡി സതീശൻ പറഞ്ഞു. സഭ കഴിഞ്ഞ് ഒരുമിച്ച് പോയി നോക്കാമെന്നായിരുന്നു മന്ത്രി ജിആർ അനിലിന്റെ മറുപടി. മഹാപ്രളയവും മഹാമാരിയും ഒരുപാട് ആളുകളുടെ സാമ്പത്തിക അടിത്തറ തകർത്തു കളഞ്ഞു. ഈ ആഘാതത്തിൽ നിന്ന് മനുഷ്യർ മുക്തരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ വർഷം ധനകാര്യസ്ഥാപനത്തിൽ നിന്ന് ഏറ്റവും കൂടുതൽ ജപ്തി നോട്ടീസ് പ്രവഹിച്ച കാലമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിലക്കയറ്റത്തെ ചൊല്ലി നിയമസഭയിൽ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി പ്രതിപക്ഷ നേതാവും മന്ത്രിമാരും. സപ്ലൈകോയും ഹോർട്ടികോർപ്പും വൻ പരാജയമാണെന്നും വിപണി ഇടപെടലിന് തടസം വകുപ്പുതല തർക്കമാണെന്നുമുള്ള പ്രതിപക്ഷ ആരോപണത്തിനെതിരെ മന്ത്രിമാര്‍ കൂട്ടത്തോടെ എഴുന്നേറ്റു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സംയുക്ത പരിശോധന എന്ന വിഡി സതീശന്റെ വെല്ലുവിളി ഭക്ഷ്യമന്ത്രി ജിആർ അനിൽ ഏറ്റെടുത്തു.

അവശ്യസാധനം ആവശ്യത്തിന് ഉണ്ടെന്നും വില കൂടിയില്ലെന്നും ഉള്ള മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടേയും സർക്കാരിന്റെയും വാദം പൊള്ളയെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിപക്ഷ ശ്രമം. സപ്ലെയ്കോ ഔട് ലറ്റിൽ സംയുക്ത പരിശോധനക്കുണ്ടോ എന്ന് നേതാവിന്റെ വെല്ലുവിളി ഭക്ഷ്യമന്ത്രി ഏറ്റുപിടിച്ചു. വിപണി ഇടപെടലിലും വിലക്കുറവിലും കേരളത്തിലും മികച്ച മാതൃക ഏതെന്ന് ഭക്ഷ്യമന്ത്രി.

ഹോർട്ടികോഋപ്പിലും പൊതുവിപണിയേക്കാൾ വിലയെന്ന ആരോപണം മന്ത്രി പി പ്രസാദും, സപ്ലെയ്കോ കുടിശികയിൽ ഭക്ഷ ധന വകുപ്പുകൾ തമ്മിൽ പ്രശ്നമുണ്ടെന്ന ആരോപണം കെഎൻ ബാലഗോപാലും ഏറ്റുപിടിച്ചു. കെഎസ്ആർടിസിക്കെതിരായ പരാമർശത്തിൽ മന്ത്രി ആന്റണി രാജു കൂടി എഴുന്നേറ്റതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി . ഓണക്കാലത്ത് വിവാദ പ്രസ്താവന നടത്തി സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനല്ല ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കേണ്ടതെന്ന് മിത്ത് വിവാദത്തിൽ സ്പീക്കർക്ക് പിസി വിഷ്ണുനാഥിന്റെ കുത്ത് രാഷ്ട്രീയ കൗതുകമായി. വലിയ ഇടവേളക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ സഭാ ടിവി പ്രതിപക്ഷ ദൃശ്യങ്ങളും കൊടുത്ത് തുടങ്ങിയിട്ടുണ്ട്.

ഒന്നേകാൽ കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

ഒന്നേകാൽ കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോൻ, സഫ്ന എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ദമ്പതികള്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. ദമ്പതികള്‍ക്കൊപ്പം ഇവരുടെ കുട്ടിയും ഉണ്ടായിരുന്നു. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്താനാണ് അമീറും സഫ്നയും ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ സഫ്നയുടെ പക്കല്‍ നിന്നും 1104 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് കണ്ടെത്തിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. കാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയാണ് അമീര്‍മോന്‍ സ്വര്‍ണ്ണം കൊണ്ടു വന്നത്. രണ്ടു പേരില്‍ നിന്നും പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കള്ളക്കടത്തുസംഘം ഇരുവർക്കും 50,000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോട്ടയത്ത് ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച, ഒരു കോടിയുടെ സ്വർണം മോഷ്ടിച്ചു

കോട്ടയത്ത് ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച, ഒരു കോടിയുടെ സ്വർണം മോഷ്ടിച്ചു

കോട്ടയം: ചിങ്ങവനത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. മന്ദിരം കവലയിലെ സുധ ഫൈനാൻസിലാണ് കവർച്ചയുണ്ടായത്. ഒരു കോടിയോളം രൂപയുടെ സ്വർണവും 8 ലക്ഷം രൂപയും നഷ്ടമായി. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്തായിരുന്നു മോഷണം. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിഞ്ഞത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്. സ്ഥാപനത്തിനു ചുറ്റും സോപ്പുപൊടി വിതറിയ നിലയിലാണ്. പൊലീസ് അന്വേഷണമാരംഭിച്ചു.

വാഴത്തോട്ടം വെട്ടിയത് അപകടം ഒഴിവാക്കാന്‍; നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി മന്ത്രി

വാഴത്തോട്ടം വെട്ടിയത് അപകടം ഒഴിവാക്കാന്‍; നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: കോതമംഗലത്ത് വൈദ്യുതി ലൈനിനു താഴെയുള്ള വാഴത്തോട്ടം വെട്ടി മാറ്റിയത് അപകട സാധ്യത ഒഴിവാക്കാനെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് കര്‍ഷകനു നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇടുക്കി കോതമംഗലം 220 കെ വി ലൈനിനു കീഴിലുള്ള വാരപ്പെട്ടിയിലാണ് കെ എസ് ഇ ബി ജീവനക്കാര്‍ വാഴകള്‍ വെട്ടി മാറ്റിയത്. പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്ററോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചെന്ന് മന്ത്രി പറഞ്ഞു. 220 കെ വി ലൈനിന് കീഴില്‍ പരാതിക്കാരന്‍ വാഴ നട്ടിരുന്നു എന്നും അവ ലൈനിന് സമീപം വരെ വളര്‍ന്നിരുന്നു എന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായത്. ഈ മാസം നാലാം തീയതി 12.56 ന് മൂലമറ്റം നിലയത്തില്‍ നിന്നുള്ള ലൈന്‍ തകരാരിലാകുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരാതിക്കാരന്റെ വാഴയുടെ ഇലകള്‍ കാറ്റടിച്ചപ്പോള്‍ ലൈനിന് സമീപം എത്തുകയും ചില വാഴകള്‍ക്ക് തീ പിടിക്കുകയും ചെയ്തു എന്നും വ്യക്തമായി.

കെ എസ് ഇ ബി ജീവനക്കാര്‍ സ്ഥല പരിശോധന നടത്തിയപ്പോള്‍, സമീപവാസിയായ ഒരു സ്ത്രീ്ക്ക് ചെറിയ തോതില്‍ വൈദ്യുതി ഷോക്ക് ഏറ്റതായും മനസ്സിലാക്കി. വൈകുന്നേരം ഇടുക്കി കോതമംഗലം 220 കെ വി ലൈന്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാല്‍, മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്തു എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ ഈ ലൈന്‍ തകരാര്‍ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. അടിയന്തര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായത്. എന്നാല്‍, മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച് ഉചിതമായ സഹായം നല്‍കുന്നതിനുള്ള തീരുമാനം എടുക്കാന്‍ കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നെടുമ്പാശ്ശേരിയില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി; രണ്ടു യാത്രക്കാര്‍ കസ്റ്റഡിയില്‍

നെടുമ്പാശ്ശേരിയില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി; രണ്ടു യാത്രക്കാര്‍ കസ്റ്റഡിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടി. കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.

ജിദ്ദയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി റഫീക്കില്‍ നിന്ന് 1064 ഗ്രാമും, തലശ്ശേരി സ്വദേശി മുഹമ്മദില്‍ നിന്ന് 300 ഗ്രാമിന്റെയും സ്വര്‍ണ ചെയിനുകള്‍ കണ്ടെടുത്തു.

തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് മുതൽ

തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികളെ തൊഴില്‍ വകുപ്പിന് കീഴിലുള്ള അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനതലത്തില്‍ ഇന്ന് രജിസ്‌ട്രേഷന്‍ നടപടികള്‍‌ തുടങ്ങും. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന്‍ പൂർത്തിയാക്കണമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. പോര്‍ട്ടലില്‍ ഒരു അതിഥി തൊഴിലാളി പോലും രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.

ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ കൂടുതല്‍ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്ക് നേരിട്ടും കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. http://athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പോര്‍ട്ടലില്‍ പ്രാദേശിക ഭാഷകളില്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ വിവരങ്ങൾ എന്‍ട്രോളിങ് ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.

സംസ്ഥാനത്തൊട്ടാകെയുള്ള തൊഴില്‍ വകുപ്പ് ഓഫീസുകളിലും വര്‍ക്ക് സൈറ്റുകളിലും ലേബര്‍ ക്യാമ്പുകളിലും രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കും. ആവാസ് ഇന്‍ഷുറന്‍സ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ വഴി ലഭിക്കുന്ന യുണീക് ഐഡി നിര്‍ബന്ധമാക്കും.