by Midhun HP News | Aug 5, 2023 | Latest News, കേരളം
കോട്ടയം: ഹൃദായാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആന്‍ മരിയ ജോയ് (17) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11.40-ഓടെയാണ് അന്ത്യം. കഴിഞ്ഞ ജൂണില്‍ പള്ളിയിലെ കുര്‍ബാനയ്ക്കിടെയാണ് ഇടുക്കി സ്വദേശിയായ ആന്‍ മരിയയ്ക്ക് ഹൃദായഘാതമുണ്ടാകുന്നത്. കട്ടപ്പന സെയ്ന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍ മരിയയെ എറണാകുളം ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് ജൂലായിലാണ് കോട്ടയം കാരിത്താസിലേക്ക് മാറ്റിയത്. കാരിത്താസിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിക്കുകയും ന്യൂമോണിയ പിടിപ്പെടുകയും ചെയ്തു. ന്യുമോണിയ ബാധിച്ച് കരളിൻ്റേയും മറ്റും പ്രവർത്തനം നിലച്ചതാണ് മരണത്തിലേക്ക് നയിച്ചത്.
by Midhun HP News | Aug 4, 2023 | Latest News, കേരളം
കൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. ഇതിനായി സമഗ്ര പദ്ധതിക്കു രൂപ നൽകുകയോ അല്ലെങ്കിൽ നിലവിലുള്ള നഷ്ടപരിഹാര പദ്ധതിയിൽ ഭേദഗതി വരുത്തുകയോ ചെയ്യണമെന്ന് കോടതി നിർദേശിച്ചു.
പോക്സോ നിയമത്തിന്റെ പരിധിയിൽ വരുന്ന ഇരകളായ കുട്ടികൾക്ക് നഷ്ടപരിഹാരത്തിനുള്ള പദ്ധതി കേരളത്തിൽ ഇല്ലെന്നു വിലയിരുത്തിയാണു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.
ലൈംഗിക അതിക്രമത്തിന് ഇരയായ 2 കുട്ടികൾക്കു അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ആലപ്പുഴ പോക്സോ കോടതി ഉത്തരവിട്ടതിന് എതിരെ കേരള ലീഗൽ സർവീസസ് അതോറിറ്റി ഹർജി നൽകിയിരുന്നു. അത് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ആലപ്പുഴ പോക്സോ കോടതിയുടെ ഉത്തരവിൽ തെറ്റില്ലെന്നും വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിക്ക് സർക്കാർ 2017ൽ രൂപം നൽകിയിരുന്നു.
പിന്നീട് 2021ൽ ഭേദഗതി വരുത്തി. ഇതുപ്രകാരം അക്രമത്തിന് ഇരയാകുന്നവർക്കു നഷ്ടപരിഹാരം നൽകണം. എന്നാൽ പോക്സോ കേസിലെ ഇരകൾക്ക് നഷ്ടപരിഹാരത്തിനു വ്യവസ്ഥ ഇല്ലായിരുന്നു. ഭേദഗതി വരുത്തിയിട്ടും ഇരകളായ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നഷ്ടപരിഹാരം ബാധകമാക്കിയിട്ടില്ലെന്നു വിലയിരുത്തിയാണു കോടതി നിർദേശം.
എത്രയുംവേഗം പദ്ധതി രൂപീകരിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യണം. അതുവരെ പോക്സോ കേസിലെ ഇരകൾക്ക് നാഷനൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ പദ്ധതിപ്രകാരം നഷ്ടപരിഹാരം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി.
by Midhun HP News | Aug 4, 2023 | Latest News, കേരളം
ഓൺലൈൻ വഴി നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ നേരിട്ടു റിപ്പോർട്ടു ചെയ്യാനും പരാതിയുടെ അന്വേഷണ പുരോഗതി നമുക്ക് അറിയാൻ സാധിക്കുകയും ചെയ്യും.
സാമ്പത്തിക തട്ടിപ്പുകൾ അടക്കമുള്ള ഓൺലൈൻ കുറ്റകൃത്യങ്ങൾ നേരിട്ട് റിപ്പോർട്ടു ചെയ്യാനായി ഒരുക്കിയിരിക്കുന്ന പോർട്ടലാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ ( https://cybercrime.gov.in ). എല്ലാത്തതരം ഓൺലൈൻ കുറ്റകൃത്യങ്ങളും നേരിട്ട് രജിസ്റ്റർ ചെയ്യാം. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ ഹെൽപ്‌ലൈൻ 1930 എന്ന നമ്പറിന്റെ സേവനവും 24 മണിക്കൂറും ലഭ്യമാണ്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തിൽ പ്രധാനം എത്രയും വേഗം റിപ്പോർട്ടു ചെയ്തിരിക്കണമെന്നതാണ്. കുറ്റകൃത്യത്തിലെ തെളിവുകൾ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു ശേഖരിക്കാനും, വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവഴി സാധിക്കും.
by Midhun HP News | Aug 3, 2023 | Latest News, കേരളം, മരണം
പത്തനംതിട്ട: തിരുവല്ലയില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത് പ്രതി നേരത്തെ ആസൂത്രണം ചെയ്തതനുസരിച്ചാണെന്ന് പൊലീസ്. ഇതിനായി അനില്‍ കാത്തി വാങ്ങി കാത്തിരിക്കുകയായിരുന്നു. പതിനാലുവര്‍ഷം മുന്‍പ് തന്റെ കുടുംബ ജീവിതം തകര്‍ത്തത് അച്ഛനും അമ്മയുമാണെന്ന മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അര്‍ഷാദ് പറഞ്ഞു.
പരുമല പള്ളിക്കടുത്തെ സ്ട്രീറ്റില്‍ നിന്നാണ് കൃത്യത്തിന് ഉപയോഗിക്കാനുള്ള കത്തിവാങ്ങിയത്. വീടിന് മുറ്റത്തുവച്ചാണ് മാതാപിതാക്കളായ കൃഷ്ണന്‍കുട്ടിയെയും ശാരദയെയും വെട്ടിക്കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നേരത്തെ പൊലീസിന് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് പരുമല നാക്കട ആശാരിപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി(76), ശാരദ(68) എന്നിവരെ മകന്‍ അനില്‍ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടു പേരും തത്ക്ഷണം കൊല്ലപ്പെട്ടു. മാതാപിതാക്കളെ ആക്രമിച്ച ശേഷം ആയുധവുമായി സ്ഥലത്ത് അനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് പുളിക്കീഴില്‍ നിന്ന് കൂടുതല്‍ പൊലീസെത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനില്‍ വീട്ടില്‍ താമസിച്ചു വന്നത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് പൊലീസിനെ സംഭവമറിയിച്ചത്. അനില്‍ ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതു കൊണ്ടു തന്നെ പരിക്കേറ്റ കൃഷ്ണന്‍കുട്ടിയേയും ശാരദയേയും ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ തന്നെ രക്തം വാര്‍ന്ന് ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
മകന്‍ അനിലുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ദമ്പതികള്‍ ഏതാനും ആഴ്ചകള്‍ മുമ്പുവരെ വാടക വീട്ടിലായിരുന്നു താമസം. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വീട്ടില്‍ തിരിച്ചെത്തിയത്. മാതാപിതാക്കളെ ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടിലെത്തി കണ്ട് സംസാരിച്ച ശേഷമാണ് അനില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. കുടുംബത്തില്‍ സ്വത്തുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
by Midhun HP News | Aug 3, 2023 | Latest News, കേരളം
തിരുവനന്തപുരം: ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീചിത്ര മെഡിക്കൽ സെന്റർ സംഘടിപ്പിച്ച ബയോമെഡിക്കൽ വിവർത്തന ഗവേഷണ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ പരിപാലനത്തിൽ രാജ്യത്ത് കേരളം ഒന്നാമതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രെയിൻ ഗൈൻ എന്ന പദ്ധതിയുടെ ഭാഗമായി ലോകത്തെവിടെയുമുള്ള മഹാപ്രതിഭകളെ ക്ഷണിച്ചു കൊണ്ടുവരാനുള്ള പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്.
നൊബേൽ സമ്മാന ജേതാക്കളെ ക്ഷണിച്ച്, നമ്മുടെ ഗവേഷണ തലത്തിൽ ഇടപെടാനുള്ള അവസരമൊരുക്കുന്ന സ്കോളർ ഇൻ റെസിഡൻസ് പദ്ധതിയും നടന്നുവരികയാണ്. മലയാളി ഗവേഷകർക്ക് വേണ്ട സൗകര്യങ്ങൾ ഇവിടെ തന്നെ ഒരുക്കും. മെഡിക്കൽ ഡേറ്റ ശേഖരവും പ്രധാനമാണ്. വളരെ വലിയ ഒരു ഡേറ്റ ശേഖരം ഇപ്പോൾ സർക്കാരിന്റെ നിയന്ത്രണത്തിലുണ്ട്.
മികച്ച ഗവേഷണ പഠനത്തിനായി അത് വളരെ സുരക്ഷിതമായി വിദഗ്ദ്ധർക്ക് ലഭ്യമാക്കണം എന്നതാണ് സർക്കാരിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഇവിടെ കോൺഫറൻസും ശില്പശാലയും നടത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Aug 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഒരുമാസത്തിനിടെ ഗതാഗത നിയമലംഘനത്തിന് എഐ കാമറയില്‍ കുടുങ്ങിയത് 29 ജനപ്രതിനിധികളുടെ വാഹനങ്ങള്‍. 19 എംഎല്‍എമാരും പത്ത് എംപിമാരുമാണ് കുടുങ്ങിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു എംപി പത്ത് തവണയും ഒരു എംഎല്‍എ ഏഴ് തവണയും നിയമംലംഘിച്ചു. 328 സര്‍ക്കാര്‍ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവരില്‍ നിന്ന് പിഴ ഈടാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
നിയമലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ക്ക് നോട്ടീസ് അയക്കും. ആവശ്യമെങ്കില്‍ ജനപ്രതിനിധികള്‍ക്ക് ഗതാഗതവകുപ്പിന്റെ ഓഫീസുകളില്‍ അപ്പീല്‍ നല്‍കാം. അല്ലെങ്കില്‍ അടുത്തദിവസം തന്നെ പിഴ അടയ്‌ക്കേണ്ടി വരും. എഐ കാമറ വന്നാലും വിഐപി വാഹനങ്ങള്‍ നിയമലംഘനം നടത്തിയാല്‍ പിഴ ഈടാക്കില്ലെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു.
ഒരുമാസത്തെ നിയമലംഘനത്തിന്റെ കണക്കാണ് മന്ത്രി പുറത്തുവിട്ടത്. എന്നാല്‍ എംപിമാരുടെയോ എംഎല്‍എമാരുടെയോ പേര് മന്ത്രി പറഞ്ഞിട്ടില്ല. കാസര്‍കോട് കേന്ദ്രീകരിച്ചുള്ള റോഡിലാണ് നിയമലംഘനം കൂടുതല്‍ ആയി ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇനി മുതല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. എഐ കാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
2022 ജൂലൈയില്‍ അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനം കണ്ടെത്തി.
15,83,367 നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ചലാന്‍ നല്‍കി. 25 കോടി 81 ലക്ഷം രൂപ ഇ ചലാന്‍ വഴി കിട്ടിയതായും മന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ അപ്പീല്‍ നല്‍കാനുള്ള സംവിധാനം സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Recent Comments