പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നു മുതൽ അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നു മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നു മുതൽ അപേക്ഷിക്കാം. മുഖ്യഘട്ട അലോട്ട്മെൻറുകളിലും സപ്ലിമെന്ററി അലോട്ട്മെന്റുകളിലും അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കുമാണ് അപേക്ഷിക്കാനാവുക.

രാവിലെ 10 മുതൽ അപേക്ഷ സ്വീകരിക്കും. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ഇന്ന് രാവിലെ 9 മണിക്ക് https://hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ടമെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകൾ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്. അപേക്ഷകർക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനും മറ്റും വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂൾ ഹെൽപ്‌ഡെസ്കുകളിലൂടെ സ്‌കൂൾ പ്രിൻസിപ്പൽമാർ ചെയ്തു നൽകണം.

തൊഴിലുറപ്പ് തൊഴിലാളിക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം

തൊഴിലുറപ്പ് തൊഴിലാളിക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം

പൊയ്കമുക്ക് പാറയടിയിൽ തൊഴിലുറപ്പ് തൊഴിലാളിക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ മാധവി(67)ന് ആറ്റിങ്ങൽ വലിയക്കുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 10.30 മണിയോടെയായിരുന്നു സംഭവം. ഈ സ്ഥലങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം പതിവാകുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.

അമേരിക്കൻ വനിതയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ

അമേരിക്കൻ വനിതയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ചു. വള്ളിക്കാവ് അമൃതപുരിയിൽ എത്തിയ അമേരിക്കയിൽ നിന്നുള്ള 44 കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവർ പിടിയിലായി. മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു പീഡനം. കരുനാഗപ്പള്ളി പോലീസാണ് പ്രതികളെ പിടികൂടിയത്.

രണ്ടുദിവസം മുമ്പായിരുന്നു സംഭവം. ആശ്രമത്തിനു സമീപമുള്ള ബീച്ചിൽ ഇരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തെത്തിയ പ്രതികൾ സൗഹൃദം സ്ഥാപിച്ച ശേഷം സിഗരറ്റ് നൽകി. വേണ്ടെന്ന് പറഞ്ഞപ്പോൾ മദ്യം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കിൽ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മദ്യം നൽകിയ ശേഷമാണ് പീഡിപ്പിച്ചത്. അമിതമായ മദ്യം കഴിച്ചതിനാൽ ഇവർക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് ആശ്രമത്തിലെത്തിയ സ്ത്രീ അധികൃതരോട് വിവരം പറയുകയായിരുന്നു. ആശ്രമം അധികൃതരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെ പ്രതികളെ പിടികൂടുകയായിരുന്നു.

ഡോ. വന്ദന ദാസ് വധക്കേസ്:കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

ഡോ. വന്ദന ദാസ് വധക്കേസ്:കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊല്ലം: ഡോ. വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

അസീസിയ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയും താലൂക്കാശുപത്രിയിലെ ഹൗസ് സര്‍ജനുമായ വന്ദനദാസിനെ (25) പൊലീസ് ചികിത്സയ്ക്ക് എത്തിച്ച സന്ദീപ് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സന്ദീപിനെതിരെ എല്ലാതെളിവുകളും ശേഖരിച്ചശേഷമാണ് 83 -ാം ദിവസം അന്വേഷകസംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്.

26 മുറിവാണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതകം, കൊലപാതക ശ്രമം, ആശുപത്രിയില്‍ കലാപവും അക്രമവും നടത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ പ്രതി കസ്റ്റഡിയില്‍ കഴിയുമ്പോള്‍ തന്നെ വിചാരണ തുടരനാകും. അതിവേഗ വിചാരണവേണമമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. സന്ദീപിന്റെ മൊബൈല്‍ ഫോണ്‍, ആശുപത്രിയിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍. ജീവനക്കാരുടെയും പൊലീസുകാരുടെയും മൊഴികള്‍, നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി, സാഹചര്യത്തെളിവുകള്‍ എന്നിവ അടക്കം വിശദമായാണ് കുറ്റപത്രം തയ്യാറാക്കിയത്.

സന്ദീപിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തെളിയിക്കുന്ന ഒട്ടേറെ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും റിപ്പോര്‍ട്ട് കുറ്റപത്രത്തില്‍ ഉണ്ട്. കേരള ആരോഗ്യ സര്‍വകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നല്‍കി. ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛനമ്മമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 17ന് പരിഗണിക്കും.

പൊതുജനങ്ങളിൽ നിന്നു നേരിട്ട് പരാതികളും നിവേദനങ്ങളും സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പൊതുജനങ്ങളിൽ നിന്നു നേരിട്ട് പരാതികളും നിവേദനങ്ങളും സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി കൺവൻഷൻ സെന്ററിലെ ധർമടം മണ്ഡലം എംഎൽഎ ഓഫിസിൽ രാവിലെ 9.30 മുതൽ 12.30വരെ 550 പരാതികളാണ് സ്വീകരിച്ചത്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് നിവേദനം നൽകി. തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ ഏർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്കർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര സഹായ ധനം

അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര സഹായ ധനം

തിരുവനന്തപുരം: ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ്. ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്.

ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. കഴിഞ്ഞ ദിവസം ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം അനുവദിച്ച് ഉത്തരവിട്ടത്. എറണാകുളം ജില്ലാ കലക്ടർ എൻഎസ്കെ ഉമേഷിനൊപ്പമാണ് മന്ത്രി വീണാ ജോർജ് മരിച്ച കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടത്.