സ്പിരിറ്റും പേസ്റ്റും കലർത്തി നിർമ്മിച്ച 1470 ലിറ്റർ കൃത്രിമ കള്ള് പിടികൂടി

സ്പിരിറ്റും പേസ്റ്റും കലർത്തി നിർമ്മിച്ച 1470 ലിറ്റർ കൃത്രിമ കള്ള് പിടികൂടി

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും എറണാകുളം എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് ആലുവ മണപ്പുറത്തിന് സമീപത്തുള്ള കേദാരം എന്ന വീട്ടിൽ നിന്നും 35 ലിറ്ററിന്റെ 42 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റും പേസ്റ്റും കലർത്തി നിർമ്മിച്ച 1470 ലിറ്റർ കൃത്രിമ കള്ള് പിടികൂടി.

കള്ള് നിർമാനത്തിന് സൂക്ഷിച്ചിരുന്ന 2.5 kg പേസ്റ്റും കണ്ടെടുത്തിട്ടുണ്ട്. തത്സമയം അവിടെ കള്ള് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ജിതിൻ, ഷാജി, വിൻസെന്റ്, ജോയ് എന്ന ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇതിന് പിന്നിലുള്ള രഹസ്യ ഇടപാടുകാരെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ റ്റി. അനികുമാറിനെ കൂടാതെ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ അംഗങ്ങളായ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എസ്. മധുസൂദനൻ നായർ, മുകേഷ്കുമാർ, പ്രിവന്റിവ് ഓഫീസർ എസ്. ജി സുനിൽ, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ്‌ അലി. കെ, വിശാഖ്, സുബിൻ, രജിത്.കെ.ആർ,ബസന്ത്കുമാർ, രജിത്. ആർ. നായർ, എക്‌സൈസ് ഡ്രൈവർമാരായ രാജീവ്, വിനോജ് എന്നിവരോടൊപ്പം എറണാകുളം സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജീവും പാർട്ടിയും പങ്കെടുത്തു.

മണ്‍സൂണ്‍ ബംപര്‍ നറുക്കെടുത്തു; പത്തുകോടി പാലക്കാട്ട് വിറ്റ ടിക്കറ്റിന്

മണ്‍സൂണ്‍ ബംപര്‍ നറുക്കെടുത്തു; പത്തുകോടി പാലക്കാട്ട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: മണ്‍സൂണ്‍ ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. എംബി 200261 എന്ന നമ്പറിനാണ് 10 കോടിയുടെ ഒന്നാം സമ്മാനം. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എംഎ 475211, എംസി 271281, എംഡി 348108, എംഇ 625250 നമ്പറുകളാണ് രണ്ടാം സമ്മാനത്തിന് അര്‍ഹരായത്. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക.

27 ലക്ഷം മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റുകളായിരുന്നു ഇത്തവണ ലോട്ടറി വകപ്പ് അച്ചടിച്ചത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. ഇത്തവണ മുഴുവന്‍ ടിക്കറ്റുകളും വിറ്റ് പോയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ തവണയും 10 കോടിയായിരുന്നു മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപയായിരുന്നു.

കെ റെയില്‍ വിശദീകരണം നല്‍കി; തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേക്ക് കേന്ദ്ര നിര്‍ദേശം

കെ റെയില്‍ വിശദീകരണം നല്‍കി; തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേക്ക് കേന്ദ്ര നിര്‍ദേശം

ഡല്‍ഹി: സില്‍വര്‍ ലൈനില്‍ റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദീകരണം കെ റെയില്‍ നല്‍കിയെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേയോട് ബോര്‍ഡ് നിര്‍ദേശിച്ചതായും റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.

എംപിമാരായ കെ മുരളീധരന്‍, ഹൈബി ഈഡന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കെ റെയിലില്‍ നിന്ന് റെയില്‍വേ ബോര്‍ഡ് തേടിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ദക്ഷിണ റെയില്‍വേയ്ക്ക് കേന്ദ്രം കൈമാറിയതായും റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദക്ഷിണ റെയില്‍വേക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. അതേസമയം, പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കെ റെയിലിന് യാതൊരു നിര്‍ദേശവും റെയില്‍വേ മന്ത്രാലയമോ, ബോര്‍ഡോ നല്‍കിയിട്ടില്ല, പദ്ധതി സംബന്ധിച്ച അംഗീകാരം ഉള്‍പ്പടെ മറ്റു കാര്യങ്ങളിലേക്ക് ഇതുവരെ നീങ്ങിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ലഹരി വില്‍പ്പന കൈയോടെ പൊക്കും; ഡ്രോണ്‍ പരിശോധനയുമായി കേരള പൊലീസ്

ലഹരി വില്‍പ്പന കൈയോടെ പൊക്കും; ഡ്രോണ്‍ പരിശോധനയുമായി കേരള പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വില്‍പ്പനയും ഉപയോഗവും തടയാന്‍ ശക്തമായ നടപടിയുമായി കേരള പൊലീസ്. ലഹരി വില്‍പ്പന കൈയോടെ പൊക്കുന്നതിന് പൊലീസ് ഡ്രോണ്‍ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡല്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എന്‍ഡിപിഎസ് കേസുകളിലാണ് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയിലെ 23 സ്റ്റേഷനുകളില്‍ ഏഴെണ്ണത്തില്‍ ഡ്രോണ്‍ പരിശോധന നടത്തിയതായും റൂറല്‍ പൊലീസ് പരിധിയിലെ 19 സ്റ്റേഷനുകളില്‍ മൂന്നിടത്ത് പരിശോധന പൂര്‍ത്തിയായതായും പൊലീസ് അറിയിച്ചു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്.

ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവ നിരീക്ഷിക്കും. ഇതിന്റെ ലൊക്കേഷന്‍ വീഡിയോയും ഫോട്ടോയും അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ( ഡിജിസിഎ ) കീഴില്‍ പരിശീലനം ലഭിച്ച 45 പൊലീസ് അംഗങ്ങളാണ് സംസ്ഥാനത്ത് ഡ്രോണ്‍ കൈകാര്യം ചെയ്യുന്നത്. സൈബര്‍ ഡോമിന്റെ ചുമതലയുള്ള ഐജി പി പ്രകാശാണ് സംസ്ഥാനതല മേല്‍നോട്ടം വഹിക്കുന്നത്.

ലഹരിക്ക് പൂട്ടിടാൻ സർക്കാർ; മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ഇനി പരോളില്ല

ലഹരിക്ക് പൂട്ടിടാൻ സർക്കാർ; മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ഇനി പരോളില്ല

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ഇനിമുതൽ പരോൾ ഇല്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ച സാഹചര്യത്തിൽ ജയിൽചട്ടങ്ങളിൽ ഭേദ​ഗതി വരുത്തിയിരിക്കുകയാണ് സർക്കാർ. അടിയന്തര പരോളും ഇനിമുതൽ നൽകില്ല.

ലഹരി വില്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പൊലീസിൻ്റെ ഡ്രോൺ പരിശോധനയും തുടങ്ങിയിട്ടുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്. ബസ്സ് സ്റ്റാൻഡ് പരിസരങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവ നിരീക്ഷിക്കും. ഇതിൻ്റെ ലൊക്കേഷൻ വിഡിയോയും ഫോട്ടോയും അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും.

ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻഡിപിഎസ് കേസുകളിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ 23 സ്റ്റേഷനുകളിൽ ഏഴെണ്ണത്തിൽ ഡ്രോൺ പരിശോധന നടത്തി. റൂറൽ പൊലീസ് പരിധിയിലെ 19 സ്റ്റേഷനുകളിൽ മൂന്ന് സ്റ്റേഷനുകളിൽ പരിശോധന പൂർത്തിയായി.

വൈദ്യുതി സർച്ചാർജ് കൂട്ടി; ഓഗസ്റ്റിൽ യൂണിറ്റിന് 20 പൈസ നൽകണം

വൈദ്യുതി സർച്ചാർജ് കൂട്ടി; ഓഗസ്റ്റിൽ യൂണിറ്റിന് 20 പൈസ നൽകണം

തിരുവനന്തപുരം: വൈദ്യുതി സർച്ചാർജിൽ ഒരു പൈസ കൂട്ടി. ഇതോടെ യൂണിറ്റിന് 20 പൈസയാണ് ഓഗസ്റ്റിൽ വൈദ്യുതി സർച്ചാർജായി നൽകേണ്ടത്. ജൂലൈയിൽ ഇത് 19 പൈസയായിരുന്നു. സർച്ചാർജിൽ ഒരു പൈസ കൂട്ടി വൈദ്യുതിബോർഡ് ഇന്നലെ വിജ്ഞാപനമിറക്കി.

റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച പത്ത്പൈസ സർച്ചാർജ് നിലവിലുണ്ട്. പുറമേ വൈദ്യുതി ബോർഡിന് സ്വയം പിരിക്കാവുന്ന സർചാർജിലാണ് ഒരു പൈസയുടെ വർധന ഏർപ്പെടുത്തിയത്. ‌ജൂലൈയിൽ ബോർഡ് ഈടാക്കിയത് ഒമ്പത് പൈസയായിരുന്നു.

കഴിഞ്ഞ മൂന്നുമാസമായി ബോർഡ് സർച്ചാർജ് ഈടാക്കുന്നുണ്ട്. മാസംതോറും സ്വമേധയാ സർച്ചാർജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ചാണിത്. ജൂണിൽ അധികം ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കാനാണ് വൈദ്യുതി ബോർഡ് 10 പൈസ ചുമത്തുന്നത്. ഇന്ധനവില കൂടുന്നതുകാരണം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെലവിലുണ്ടാവുന്ന വർധനയാണ് സർച്ചാർജായി ജനങ്ങളിൽനിന്ന് ഈടാക്കുന്നത്. റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച പത്ത്പൈസ സർച്ചാർജ് ഒക്ടോബർവരെ തുടരും. പിന്നീട് ഇത് പുനഃപരിശോധിക്കും.