വള്ളം തുഴഞ്ഞു കുട്ടിയാന; നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം

വള്ളം തുഴഞ്ഞു കുട്ടിയാന; നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം

ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. ഓഗസ്റ്റ് 12നാണ് നെഹ്റു ട്രോഫി വള്ളംകളി. എംഎൽഎ തോമസ് കെ തോമസും സിനിമ- സീരിയൽ താരം ഗായത്രി അരുണും ചേർന്ന് എൻ ടി ബി ആർ സൊസൈറ്റി ചെയർപേഴ്‌സണായ ജില്ല കളക്ടർ ഹരിത വി കുമാറിന് നൽകിയാണ് ഭാഗ്യചിഹ്ന പ്രകാശനം ചെയ്തത്.

ഭാഗ്യചിഹ്നം കണ്ടെത്താൻ നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ 250-ഓളം എൻട്രികളാണ് ലഭിച്ചത്. ഇതിൽ നിന്ന് ഇടുക്കി കുളമാവ് സ്വദേശിയായ കല്ലടപ്പറമ്പിൽ പി ദേവപ്രകാശ് (ആർട്ടിസ്റ്റ് ദേവപ്രകാശ്) വരച്ച ഭാഗ്യചിഹ്നമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രകാരന്മാരായ സതീഷ് വാഴവേലിൽ, സിറിൾ ഡോമിനിക്, ടി ബേബി എന്നിവരുൾപ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്.

വടകരയിൽ തെരുവുനായ ആക്രമണം; വിദ്യാർഥികൾ ഉൾപ്പെടെ 7 പേർക്ക് കടിയേറ്റു

വടകരയിൽ തെരുവുനായ ആക്രമണം; വിദ്യാർഥികൾ ഉൾപ്പെടെ 7 പേർക്ക് കടിയേറ്റു

കോഴിക്കോട്: വടകരയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 7 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വടകരയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് തെരുവ് നായയുടെ അക്രമണം ഉണ്ടായത്. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് പോകുന്നതിനിടെയാണ് കുട്ടികൾക്ക് കടിയേറ്റത്.

സ്കൂൾ ജീവനക്കാരൻ, പ്രദേശവാസിയായ വയോധിക, കാർപെൻ്റർ തൊഴിലാളി, അക്ഷയ ജീവനക്കാരി, റെയിൽവെ ജീവനക്കാരൻ എന്നിവരേയും നായ ആക്രമിച്ചു. പരിക്കേറ്റവർ വടകര ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ഏഴ് പേർക്കും കാലിനാണ് കടിയേറ്റത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം;മികച്ച നടൻ മമ്മൂട്ടി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം;മികച്ച നടൻ മമ്മൂട്ടി

മലയാളത്തിന്റെ അഭിനയത്തികവിന് വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആറാമതും മമ്മൂട്ടിയെ തേടിയെത്തിരിക്കുന്നു. 2021 മമ്മൂട്ടിക്കാലമായിരുന്നുവെന്ന് ജൂറിയും ശരിവെച്ചിരിക്കുന്നു. നൻപകല്‍ നേരത്ത്, റോഷാക്കടക്കമുള്ള മികച്ച സിനിമകളിലൂടെയാണ് ഇത്തവണ മമ്മൂട്ടി പുരസ്‍കാരം നേടിയിരിക്കുന്നത്.

ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്നത് 1981ലാണ്. ‘അഹിംസ’യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡാണ് മമ്മൂട്ടിക്ക് ലഭിച്ചത്. 1984ല്‍ മമ്മൂട്ടി സംസ്ഥാന തലത്തില്‍ ആദ്യമായി മികച്ച നടനായി. ‘അടിയൊഴുക്കുകളി’ലൂടെയായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി നേടിയത്.

‘യാത്ര’യിലേയും, ‘നിറക്കൂട്ടി’ലെയും സിനിമകളിലെ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്‍പെഷ്യല്‍ ജൂറി അവാര്‍ഡും മമ്മൂട്ടിക്കായിരുന്നു. 1985ലായിരുന്നു മമ്മൂട്ടി ഇത്തരത്തില്‍ അംഗീകരിക്കപ്പെട്ടത്. ‘വിധേയൻ’, ‘പൊന്തൻ മാട’, ‘വാത്സല്യം’ സിനിമകളിലൂടെ മമമ്മൂട്ടി വീണ്ടും മികച്ച നടനായത് 1993ലാണ്. 2004ലും 2009ലും മികച്ച നടനുള്ള അവാര്ഡ് കാഴ്‍ച, പാലേരി മാണിക്യം എന്നിവയിലൂടെ മമ്മൂട്ടിക്ക് യഥാക്രമം ലഭിച്ചു.

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡിലും മമ്മൂട്ടി തിളങ്ങിയിട്ടുണ്ട്. ‘മതിലുകള്‍’, ‘ഒരു വടക്കൻ വീരഗാഥ’ സിനിമകളിലൂടെ 1989ല്‍ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി. ‘പൊന്തൻ മാട’, ‘വിധേയൻ’ എന്ന സിനിമകളിലൂടെ 1993ലും മമ്മൂട്ടി പുരസ്‍കാരം നേടി. ‘ഡോ. ബാബാസഹേബ് അംബേദ്‍കറെ’ന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ 1998ലും മമ്മൂട്ടി മികച്ച നടനുള്ള പുരസ്‍കാരം ദേശീയ തലത്തില്‍ നേടി.

ചികിത്സയ്ക്കായി രാഹുല്‍ കോട്ടയ്ക്കലില്‍

ചികിത്സയ്ക്കായി രാഹുല്‍ കോട്ടയ്ക്കലില്‍

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചികിത്സയ്ക്കായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ പ്രവേശിപ്പിച്ചു. 7 ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്കായാണ് രാഹുല്‍ കോട്ടയ്ക്കലില്‍ എത്തിയത്. 12 മണിയോടെയാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. സഹോദരി പ്രിയങ്കയും കെസി വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു. ഭാരത് ജോഡോ പദയാത്രക്ക് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വിദഗ്ധ ചികിത്സയും ഏഴുദിവസത്തെ വിശ്രമവുമാണ് ലക്ഷ്യമെന്ന് എഐസിസി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്നലെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം എറണാകുളത്തായിരുന്നു വിശ്രമം. ഇന്ന് രാവിലെ ഒന്‍പതുമണിയോടെ എറണാകുളത്ത് നിന്ന് യാത്ര തിരിച്ച അദ്ദേഹം 12 മണിക്ക് കോട്ടയ്ക്കലില്‍ എത്തി.

വിനായകനെതിരെ കേസ് എടുക്കരുത്; ചാണ്ടി ഉമ്മന്‍

വിനായകനെതിരെ കേസ് എടുക്കരുത്; ചാണ്ടി ഉമ്മന്‍

കോട്ടയം: ഉമ്മന്‍ചാണ്ടിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വിനായകനെതിരെ കേസ് എടുക്കരുതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. വിനായകന്റെ പരാമര്‍ശം ശ്രദ്ധില്‍പ്പെട്ടിട്ടില്ല. എന്തുതന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെ അറിയാം. ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. സംഭവത്തില്‍ അയാള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് അപേക്ഷിക്കുന്നതായും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര നടക്കുന്ന സമയത്താണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിനായകന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ്’ ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. വിനായകന്റെ ലൈവിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും വീഡിയോ വലിയ തോതില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടു. ഇതിനു പിന്നാലെ, എറണാകുളം നോര്‍ത്ത് പൊലീസ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എറണാകുളം ഡിസിസി ഉള്‍പ്പെടെ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.

ഇതിനിടെ, വിനായകന്റെ വീടിനുനേരെ ഇന്നലെ ആക്രമണവുമുണ്ടായി. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയില്‍ ഗാര്‍ഡനിലെ ഫ്ലാറ്റിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്ലാറ്റിലെ ജനലിന്റെ ചില്ല് പൊട്ടിക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിരക്ക് മാത്രം മതി; സേവന നിരക്ക് പ്രദര്‍ശിപ്പിക്കണം, രസീത് നല്‍കണം

അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിരക്ക് മാത്രം മതി; സേവന നിരക്ക് പ്രദര്‍ശിപ്പിക്കണം, രസീത് നല്‍കണം

തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക് മാത്രമേ നല്‍കേണ്ടതുള്ളൂവെന്ന് സംസ്ഥാന അക്ഷയ ഡയറക്ടര്‍ അനു കുമാരി അറിയിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച സേവന നിരക്ക് പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണം. സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും രസീത് നിര്‍ബന്ധമായും നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ സേവന നിരക്ക് പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമല്ലെങ്കിലോ ആ വിവരം പൊതുജനങ്ങള്‍ക്ക് ജില്ലാ, സംസ്ഥാന ഓഫീസുകളെയോ സംസ്ഥാന സര്‍ക്കാറിന്റെ സിറ്റിസണ്‍ കോള്‍സെന്ററിലോ അറിയിക്കാം. അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളെ സംബന്ധിച്ച പരാതികള്‍ അതത് ജില്ലകളിലെ അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന ഓഫീസിലോ നല്‍കാം. സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുക, രസീത് നല്‍കാതിരിക്കുക, മോശം പെരുമാറ്റം ഉണ്ടാവുക എന്നീ സന്ദര്‍ഭങ്ങളില്‍ വിവരം 155300 (0471), 0471 2525444 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കുകയോ aspo.akshaya@kerala.gov.inലേക്ക് മെയില്‍ അയക്കുകയോ ചെയ്യാം.

കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സേവനങ്ങള്‍, സേവന നിരക്ക് എന്നിവ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്ന് ഡയറക്ടര്‍ അറിയിച്ചു.