by liji HP News | Jul 21, 2023 | Latest News, കേരളം
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ചെന്ന കേസിൽ നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യും. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് നടൻ വിനായകനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിരുന്നു. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി.
by Midhun HP News | Jul 21, 2023 | Latest News, കേരളം
കോട്ടയം: ജനലക്ഷങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് ഏറ്റുവാങ്ങി ജനനായകന്‍ യാത്രയായി, ഉമ്മന്‍ ചാണ്ടി ഇനി ദീപ്ത സ്മരണ. ‘കണ്ണേ കരളേ കുഞ്ഞൂഞ്ഞേ’… തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സംസ്‌കാര ചടങ്ങുകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മന്‍ ചാണ്ടിയുടെ അവസാന യാത്രയില്‍ പതിനായിരങ്ങളാണ് നിറകണ്ണുകളോടെ അകമ്പടി സേവിച്ചത്.
ആയിരക്കണക്കിന് ആളുകളുടെ പരാതികള്‍ക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിര്‍മാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദര്‍ശനവും പ്രാര്‍ഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഉള്ളവര്‍ വിലാപ യാത്രയില്‍ പങ്കെടുത്തു.
ജനലക്ഷങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് ഉമ്മന്‍ചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലെത്തിയത്. ഇതിന് മുന്‍പ് കോട്ടയം തിരുനക്കര മൈതാനിയിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. പൊരിവെയിലിലും അണമുറിയാത്ത ജനപ്രവഹമാണ് തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങള്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടേക്ക് എത്തി.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച്, 28 മണിക്കൂര്‍ പിന്നിട്ടാണ് യാത്ര തിരുനക്കരയില്‍ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം പതിനായിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. അര്‍ധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ കാത്തുനിന്നത്.
തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്. വിലാപയാത്ര തിരുവനന്തപുരം നഗരത്തിനു പുറത്തു കടക്കാന്‍ മണിക്കൂറുകളെടുത്തു. 3.20 നു കൊല്ലം ജില്ലയില്‍ കടന്നപ്പോള്‍ നിലമേലില്‍ വന്‍ജനക്കൂട്ടം വരവേറ്റു. കൊട്ടാരക്കരയില്‍ ചൊവ്വാഴ്ച മുതല്‍ സര്‍വമത പ്രാര്‍ഥനയുമായി കാത്തിരുന്ന നാട്ടുകാര്‍ വിലാപയാത്രയെത്തിയപ്പോള്‍ വാഹനം പൊതിഞ്ഞു.
by Midhun HP News | Jul 21, 2023 | Latest News, കേരളം
തൃശൂർ: മുള്ളൂർക്കര വാഴക്കോട് റബർ തോട്ടത്തിൽ വൈദ്യുതി ആഘാതമേൽപ്പിച്ച് കാട്ടാനയെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ തോട്ടമുടമ ഉൾപ്പെടെ രണ്ട് പേർ കീഴടങ്ങി. മുഖ്യപ്രതി വാഴക്കോട് മണിയൻചിറ റോയ് ജോസഫ്, നാലാം പ്രതി മുള്ളൂർക്കര വാഴക്കോട് മുത്തുപണിക്കൽ വീട്ടിൽ ജോബി എം ജോയ് എന്നിവരാണ് കീഴടങ്ങിയത്. വനം വകുപ്പിന്റെ മച്ചാട് റെയ്ഞ്ച് ഓഫീസിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്.
സംഭവ ശേഷം ഇരുവരും ഒളിവിലായിരുന്നു. ഇരുവരും വിവിധ സ്ഥലങ്ങളിൽ യാത്രയിലായിരുന്നുവെന്നും പറയുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു. കേസിൽ പിടിയിലായവരുടെ എണ്ണം ഇതോേടെ നാലായി. കേസിൽ ഉൾപ്പെട്ട ഏതാനും ചിലർ കൂടിയുണ്ട്. ഇവർ ഇപ്പോഴും ഒളിവിലാണ്. നേരത്തെ ഒരു കൊമ്പിന്റെ പകുതി മുറിച്ചു കടത്തി വിൽക്കാൻ ശ്രമിക്കുന്നതിനിടെ കോടനാട് വനം വകുപ്പ് അധികൃതർ പിടികൂടിയ പട്ടിമറ്റം താരച്ചാലിൽ അഖിൽ മോഹനൻ, വിനയൻ എന്നിവർ റിമാൻഡിലാണ്.
ഇക്കഴിഞ്ഞ ജൂൺ 14നാണ് ഷോക്കേറ്റ് ആന ചരിഞ്ഞത്. 15നു കുഴിച്ചു മൂടിയെന്നും കാട്ടു പന്നിയെ പിടികൂടാൻ വച്ച വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നുമാണ് പ്രതികൾ പറയുന്നത്. ഈ മാസം 14നാണ് ജഡം പുറത്തെടുത്തത്. ആനയെ കുഴിച്ചിടാൻ എത്തുകയും കൊമ്പിന്റെ പകുതി മുറിച്ചു മാറ്റി വിൽക്കാൻ ശ്രമിക്കുന്നതിനിടെ അഖിൽ മോഹനനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വിനയൻ കൊമ്പ് വിൽക്കാൻ അഖിലിനെ സഹായിക്കുകയായിരുന്നു.
അഖില്‍ മോഹനനെ കോടനാട് വനം ഉദ്യോഗസ്ഥരും വിനയനെ മച്ചാട് വനം അധികൃതരും സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. അഖിലിനെ പെരുമ്പാവൂര്‍ കോടതിയും വിനയനെ വടക്കാഞ്ചേരി കോടതിയും റിമാൻഡ് ചെയ്തു. പാതി ആനക്കൊമ്പ് കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.
by Midhun HP News | Jul 21, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. വരുന്ന മണിക്കൂറുകളിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്നു നേരത്തെ പ്രവചനുണ്ടായിരുന്നു. ഇതിന്റെ സ്വാധീനത്തിൽ ജൂലൈ 24 ഓടേ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയുമാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
നിലവില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത രണ്ടുമൂന്ന് ദിവസം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ ഒഡീഷക്ക് മുകളിലൂടെ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതും സംസ്ഥാനത്തെ മഴയെ സ്വാധീനിക്കും.
കേരള തീരത്ത് ശനിയാഴ്ച രാത്രി 11.30 വരെ 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികളും തീര ദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Jul 21, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. വൈകുന്നേരം മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും. ബുധനാഴ്ച നടത്താനിരുന്ന അവാർഡ് പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേർപാടിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
മികച്ച നടനാനുള്ള അവാർഡിനായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും അവസാന റൗണ്ടിൽ കടുത്ത മത്സരമാണ് നടത്തുന്നത്. ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രത്തിലെ പ്രകടനമാണ് കുഞ്ചാക്കോ ബോബന് കരുത്താകുന്നത്. റോഷാക്, നൻപകൽ നേരത്ത് മയക്കം ചിത്രങ്ങളിലെ മിന്നും പ്രകടനമാണ് മമ്മൂട്ടിയെ അന്തിമ റൗണ്ടിൽ എത്തിച്ചത്. ജയജയജയ ജയഹേ സിനിമയിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും അറിയിപ്പിലെ അഭിനയത്തിന് ദിവ്യപ്രഭയും മികച്ച നടിയാകാൻ മത്സരിക്കുന്നു. നന്പകൽ നേരത്ത് മയക്കം, അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക തുടങ്ങിയ 44 സിനിമകൾ അവസാന റൗണ്ടിൽ എത്തി.
ഇത്തവണ 156 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ഇത്തവണയും ത്രിതല ജൂറിയാണ് വിധി നിര്‍ണയിക്കുന്നത്. പ്രാഥമികതലത്തിലെ രണ്ടു ജൂറികള്‍ (ഉപസമിതികള്‍) വിലയിരുത്തുന്ന സിനിമകളില്‍ 30 ശതമാനം അന്തിമ ജൂറിക്ക് അയയ്ക്കും. പ്രാഥമിക ജൂറി വിലയിരുത്തിയ സിനിമകളില്‍ തര്‍ക്കമുള്ളവ അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം. രണ്ടു ജൂറിയുടെയും അധ്യക്ഷന്‍മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.
ഒന്നാം ഉപസമിതിയില്‍ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയര്‍മാന്‍. എഴുത്തുകാരായ വിജെ ജയിംസ്, ഡോ. കെഎം ഷീബ, കലാസംവിധായകന്‍ റോയ് പി തോമസ് എന്നിവരാണ് അംഗങ്ങള്‍. രണ്ടാം സമിതിയില്‍ സംവിധായകന്‍ കെഎം. മധുസൂദനനാണ് ചെയര്‍മാന്‍. നിര്‍മാതാവ് ബികെ രാകേഷ്, സംവിധായകരായ സജാസ് റഹ്മാന്‍, വിനോദ് സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍.
ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഉപസമിതികളിലെ ചെയര്‍മാന്‍മാര്‍ക്കു പുറമേ ഛായാഗ്രാഹകന്‍ ഹരിനായര്‍, സൗണ്ട് ഡിസൈനര്‍ ഡി യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെന്‍സി ഗ്രിഗറി എന്നിവര്‍ അംഗങ്ങളാണ്.
by Midhun HP News | Jul 20, 2023 | Latest News, കേരളം
തിരുവനന്തപുരം: സംഭരിച്ച നെല്ലിന്റെ വിലയായി കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നെല്ലുവില വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
നെല്ലു സംഭരണവും തുക വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സ്ഥായിയായ പരിഹാരമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റമറ്റ രീതിയില്‍ നെല്ല് സംഭരിച്ച് കര്‍ഷകര്‍ക്ക് കൃത്യമായി പണം നല്‍കണം. പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടതല്‍ തുക നല്‍കാനുള്ളത്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കൊടുത്തു തീര്‍ക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 400 കോടി രൂപയുടെ വായ്പ കൂടി അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കാനുള്ള തുകയുടെ ഒരു ഭാഗവും അനുവദിക്കാന്‍ ധാരണയായിട്ടുണ്ട്. അത് രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ എടുക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. യോഗത്തില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജിആര്‍ അനില്‍, പി പ്രസാദ്, കെ കൃഷ്ണന്‍കുട്ടി, എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വേണു വി എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
Recent Comments