സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. 1160 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 1,15,600 രൂപയാണ്. ഇന്നലെ 114440 രൂപ ആയിരുന്ന വില ആണ് ഇന്ന് കൂടിയിരിക്കുന്നത്. 14,304 രൂപ ആണ് ഒരു ​ഗ്രാമിന്റെ വില. 145 രൂപയാണ് ഗ്രാമിന് കൂടിയത്. കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇടിവ് രേഖപ്പെടുത്തിയ വിലയിൽ ആണ് ഇന്ന് വർധനവ് ഉണ്ടായിരിക്കുന്നത്.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത കാണുന്നത്. വിവാഹത്തിനും മറ്റും സ്വർണം വാങ്ങുന്നത് പതിവാണ് ഇവിടെ. മാത്രമല്ല, സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആണ് ആളുകൾ താത്പര്യം കാണിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 13 ന് ആയിരുന്നു. അന്ന് പവന് 1,23,120 രൂപയായിരുന്നു. ഇനിയും വിലയിൽ വ‍ർധനവ് ഉണ്ടാകാൻ ആണ് സാധ്യതയും.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, പെൺകുട്ടികൾക്ക് ആർത്തവ അവധി; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, പെൺകുട്ടികൾക്ക് ആർത്തവ അവധി; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ് പ്രകടനപത്രികയിൽ വാ​ഗ്ദാനം നൽകിയ ഒട്ടുമിക്ക പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി നേരിടുകയാണ്. സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിക്കും. മാനുഷികതയിലൂന്നിയ സമീപനമാകും സർക്കാരിനുണ്ടാകുകയെന്നും നയപ്രഖ്യാപനത്തിൽ ​ഗവർണർ പറഞ്ഞു.

25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. ലഹരിമാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി ഓപ്പറേഷൻ തൂഫാൻ നടപ്പാക്കും. ഐടി വകുപ്പ് ഐടി ഫ്യൂച്ചർ ടെക്നോളജി ആന്റ് സ്റ്റാർട്ടപ്പ് എന്നാക്കി മാറ്റും. കർഷിക മേഖലയുടെ സമ​ഗ്ര വികസനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.

പ്രധാന പ്രഖ്യാപനങ്ങൾ :

റോഡ് നവീകരണം നടപ്പാക്കും

പൊതു​ഗതാ​ഗതം ആധുനികമാക്കും

ഭൂമി പ്രശ്നം പരിഹരിക്കാൻ കമ്മീഷനെ നിയോ​ഗിക്കും

റവന്യൂ വകുപ്പ് പൂർണമായും ഡിജിറ്റലാക്കും

പട്ടയവിതരണം കാര്യക്ഷമമാക്കും

ഭൂ നിയമങ്ങൾ പരിഷ്കരിക്കും

ഉത്തരവാദ ടൂറിസം വ്യാപിപ്പിക്കും

തദ്ദേശ തലത്തിൽ വയോമിത്രം പദ്ധതി

ഡിമൻഷ്യ ഡേ കെയറികൾ സ്ഥാപിക്കും

വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി, മൂന്ന് ദിവസം വരെ അവധി നൽകും

എല്ലാവർക്കും ​ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും

ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കും

ടൂറിസം മേഖലയിൽ നിക്ഷേപം വ്യാപിപ്പിക്കും

കോളജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകും

വഖഫ് ബോർഡ് നവീകരിക്കും

ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കും

ആരോഗ്യ മേഖലയെ പിടിച്ചുയർത്തും. ആധുനിക സംവിധാനം ഉറപ്പാക്കും.

ചെലവുകുറഞ്ഞ ചികിത്സ ഉറപ്പാക്കുക സർക്കാർ ലക്ഷ്യം

സഹകരണമേഖലയിലെ തട്ടിപ്പുകളെ കർശനമായി നേരിടും

യുവാക്കൾക്കായി നൈപുണ്യ വികസനം

ജീവിത ചെലവ് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും

കേരള ചരിത്രത്തിനായി ഡിജിറ്റൽ ആർക്കൈവ്സ് സ്ഥാപിക്കും

കനത്ത മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

കനത്ത മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കന്യാകുമാരി പ്രദേശത്ത്‌ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കൻ ഗുജറാത്ത് തീരം, പാകിസ്ഥാൻ തീരം അതിനോട് ചേർന്ന വടക്കൻ അറബിക്കടൽ, സോമാലിയ തീരം, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ചരിത്രത്തിലാദ്യമായി ‘വന്ദേമാതര’ത്തോടെ തുടക്കം, മുഴുവന്‍ ആലപിച്ചില്ല; ഗവര്‍ണര്‍ നയം പ്രഖ്യാപിക്കുന്നു

ചരിത്രത്തിലാദ്യമായി ‘വന്ദേമാതര’ത്തോടെ തുടക്കം, മുഴുവന്‍ ആലപിച്ചില്ല; ഗവര്‍ണര്‍ നയം പ്രഖ്യാപിക്കുന്നു

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആരംഭിച്ചു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തുന്നത്. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വിഡി സതീശന്‍, പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് സഭാ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പൊലീസ് ബാന്റ് വായിച്ചത്. വരികള്‍ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.

നവകേരള നിർമ്മിതിക്കും സുതാര്യവും വേഗത്തിലുള്ളതുമായ ഭരണസംവിധാന ഉറപ്പിനും മുൻഗണന നൽകുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പുവരുത്തി അഴിമതിരഹിതമായ ഭരണം കാഴ്ചവെക്കുമെന്നും മതനിരപേക്ഷതയ്ക്ക് മുൻതൂക്കം നൽകുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം മുന്നോട്ടുപോയത്. യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള വലിയ ആശങ്കയാണ് പ്രസംഗത്തിൽ ആദ്യം തന്നെ പരാമർശിച്ചത്. ഇതിനൊപ്പം സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ചിത്രം നൽകുന്നതിനായി ധവളപത്രം പുറത്തിറക്കുമെന്നും പ്രഖ്യാപനമുണ്ട്. പ്രതിസന്ധികളുണ്ടെങ്കിലും സർക്കാർ സേവന മേഖലയിൽ നിന്ന് പിന്മാറില്ല. ന്യായവും അർഹവുമായ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് കേന്ദ്രസർക്കാരുമായി പരമാവധി സഹകരിച്ചു മുന്നോട്ട് പോകാനാണ് തീരുമാനം.

ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി, അതിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ വയോജന വകുപ്പ് രൂപീകരണം ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും പ്രസംഗത്തിൽ പറയുന്നു. പൊതുഗതാഗത രംഗത്ത് കെഎസ്ആർടിസിയിലെ സൗജന്യ യാത്ര നയപ്രഖ്യാപനത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിനുപുറമെ റോഡ്, ജല, വ്യോമ ഗതാഗത സംവിധാനങ്ങളെ പരസ്പലം ബന്ധിപ്പിച്ചുകൊണ്ട് വലിയൊരു സംയോജിത ബൃഹദ്‌പദ്ധതി നടപ്പാക്കും.

കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മണ്ണ് പരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനവും സുഗന്ധവ്യഞ്ജന പാർക്കുകളും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളും യാഥാർത്ഥ്യമാക്കും. വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ നിലവിൽ വരും. സംസ്ഥാനത്ത് പ്രതിസന്ധിയായി തുടരുന്ന മനുഷ്യ-മൃഗ സംഘർഷ മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.

ഇഡി ഉദ്യോഗസ്ഥർക്കെതിരായ അക്രമം: ഒളിവിലായിരുന്ന സിപിഎം ലോക്കൽ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

ഇഡി ഉദ്യോഗസ്ഥർക്കെതിരായ അക്രമം: ഒളിവിലായിരുന്ന സിപിഎം ലോക്കൽ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന സിപിഎം പാളയം ലോക്കൽ സെക്രട്ടറിയും കോർപ്പറേഷൻ മുൻ കൌൺസിലറുമായ ഐ പി ബിനു പൊലീസിന് മുന്നിൽ കീഴടങ്ങി. കേസിലെ പ്രതികളായ മുൻ കൗൺസിലർമാടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ബിനു കീഴടങ്ങിയത്. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ പി ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്രമിച്ചവരുടെ കൂട്ടത്തിൽ ഐ പി ബിനുവിനെയും ഉൾപ്പെടുത്തിയത്. ഇതോടെ കേസിൽ 16 പേരാണ് പിടിയിലായത്.

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബൊര്‍സാദ് സ്വദേശിയായ വിധി കല്‍പേഷ്ഭായ് മേഘാനിയാണ് കുത്തേറ്റ് മരിച്ചത്. 22 വയസ്സായിരുന്നു. കാനഡയിലെ നയാഗ്ര മേഖലയില്‍ വെച്ചായിരുന്നു ആക്രമണം.

ഗുജറാത്ത് സ്വദേശിനിയായ വിധി കല്‍പേഷ്ഭായ് നാല് വര്‍ഷമായി കാനഡയില്‍ താമസിച്ചുവരികയാണ്. പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു.മെയ് 15 നാണ് വിധി മേഘാനിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത കനേഡിയന്‍ പൊലീസ് അക്രമിക്കായി തിരച്ചില്‍ നടത്തിവരികയാണ്.