സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്നലെ 400 രൂപയുടെ വർദ്ധനവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വർദ്ധനവ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായി മൂന്നാം ദിനമാണ് വില വർദ്ധനവ് ഉണ്ടാകുന്നത്. മൂന്ന് ദിവസം കൊണ്ട് 560 രൂപയുടെ വർദ്ധനവാണ് വിപണയിൽ ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 44,560 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില എത്തിയിരിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ പത്ത് രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,570 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണയിൽ അഞ്ച് രൂപ ഉയർന്നു. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4,598 രൂപയാണ്.

മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ദിവസം വ്യാപക മഴ; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
തെക്ക് പടിഞ്ഞാറന്‍ ബംഗാൾ ഉൾക്കടലിൽ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് കാരണം.

വെള്ളിയാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത 2 ദിവസം ഒഡിഷ വഴി പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലാകും ന്യൂനമര്‍ദം സഞ്ചരിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ അറിയിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 മുതല്‍ 3.0 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര ഗവേണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികളും തീര ദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മമ്മൂട്ടി തിരുനക്കര എത്തി, ഉമ്മന്‍ ചാണ്ടിക്കായി കാത്തിരിപ്പ്

മമ്മൂട്ടി തിരുനക്കര എത്തി, ഉമ്മന്‍ ചാണ്ടിക്കായി കാത്തിരിപ്പ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാന്‍ നടന്‍ മമ്മൂട്ടി തിരുനക്കരയില്‍ എത്തി. നടന്‍ പിഷാരടിക്കും നിര്‍മാതാവ് ആന്റോ ജോസഫിനുമൊപ്പമാണ് മമ്മൂട്ടി എത്തിയത്. നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയും തിരുനക്കര എത്തിയിട്ടുണ്ട്. കൂടാതെ പ്രമുഖ നേതാക്കളും ഇവിടെയുണ്ട്.

ഭരണകര്‍ത്താവിന്റെ മാനുഷിക മുഖവും ഭാവവുമുള്ള നേതാക്കന്മാരിലെ അവസാന കണ്ണിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. നമുക്ക് അനുകരിക്കാനാവുന്ന വ്യക്തിയാണ്. ഒരു യുഗം അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിലാപയാത്രയായി എത്തുന്ന ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി തിരുനക്കര എത്തിക്കും. പ്രിയനേതാവിനെ കാണാനായി തിരുനക്കര മൈതാനിയില്‍ ജനസാഗരമാണ് ഒത്തുകൂടിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 25 മണിക്കൂര്‍ പിന്നിടുകയാണ്.

തിരുനക്കരയിലെ പൊതുദർശനത്തിന് ശേഷമാണ് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോവുക. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കോട്ടയത്തേക്ക് തിരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് വൈകീട്ട് 3.30നാണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് അഞ്ച് മണിക്കു പള്ളി മുറ്റത്ത് അനുശോചന യോ​ഗവും ചേരും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോ​ഗിക ബഹുമതികൾ ഇല്ലാതെയാകും സംസ്കാരം. ചൊവ്വാഴ്ച പുലർച്ചെ 4.25നു ബം​ഗളൂരുവിലാണ് ഉമ്മൻ ചാണ്ടിയുടെ മരണം

കെഎസ്ആർടിസി ബസിൽ വച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ വച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) മം​ഗലപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥിനിയെ ഉപദ്രവിച്ച അനന്തു പെൺകുട്ടിയുടെ തലയിൽ തുപ്പുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പെൺകുട്ടി ബഹളം വച്ചു. ഇതോടെ അനന്തു ബസിൽ നിന്നു ഇറങ്ങിയോടി. പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും പൊലീസും പിന്നാലെ ഓടി പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ പള്ളിപ്പുറത്തെ മം​ഗപുരത്തെ ബസ് സ്റ്റോപ്പിൽ പെൺകുട്ടി ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു ഉപദ്രവം.

ബസിൽ നിന്നു ഇറങ്ങിയോടിയ അനന്തു മതിലും ചാടിക്കടന്ന് തുണ്ടിൽ ക്ഷേത്രത്തിനു സമീപത്തെ മുണ്ടുകോണം വയൽ ഏലായിലേക്ക് അനന്തു ചാടിയതോടെ മുട്ടോളം ചേറിൽ പുതഞ്ഞു വേഗം കുറഞ്ഞു. ഇനിയും ഓടിയാൽ എറിഞ്ഞു വീഴ്ത്തുമെന്നു പിന്നാലെയെത്തിയവർ മുന്നറിയിപ്പു നൽകിയതോടെ യുവാവ് കീഴടങ്ങുകയായിരുന്നു.
ഇയാൾ പതിവായി ബസിൽ പെൺകുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നു മംഗലപുരം പൊലീസ് പറഞ്ഞു. ഇന്ദ്രജിത്തിനെ കോടതി റിമാൻഡ് ചെയ്തു.

പിറന്ന മണ്ണിലേക്ക് ഇന്ന് മടക്കം; ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വൈകീട്ട്; വിലാപ യാത്രയിലുടനീളം ‘ജന സമ്പർക്കം’

പിറന്ന മണ്ണിലേക്ക് ഇന്ന് മടക്കം; ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വൈകീട്ട്; വിലാപ യാത്രയിലുടനീളം ‘ജന സമ്പർക്കം’

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്ന്. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് വൈകീട്ട് 3.30നാണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോ​ഗിക ബഹുമതികൾ ഇല്ലാതെയാകും സംസ്കാരം.

പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിലാണ് മൃതദേഹം വഹിച്ചുള്ള അന്ത്യ യാത്ര. വിലാപ യാത്ര കോട്ടയത്ത് എത്തുമ്പോൾ 24 മണിക്കൂറും പിന്നിട്ടു കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കുടുംബവും കോൺ​ഗ്രസ് നേതാക്കളും ബസിൽ അനു​ഗമിക്കുന്നുണ്ട്. മൃതദേഹം പുതുപ്പള്ളിയിലെ കുടുംബ വീട്ടിലാണ് ആദ്യം എത്തിക്കുക. എംസി റോഡിൽ ഇന്ന് പുലർച്ചെ മുതൽ ​ഗതാ​ഗത നിയന്ത്രണമുണ്ട്.

ജന സമ്പർക്കത്തിൽ ജീവിച്ച ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയും ജന സാ​ഗരത്തിൽ അലിഞ്ഞു തന്നെയായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപ യാത്ര പുലർച്ചെ 5.30നാണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. തിരുവനന്തപുരത്തെ ജ​ഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽ നിന്നു ഇന്നലെ രാവിലെ ഏഴേ കാലോടെയാണ് വിലാപ യാത്ര ആരംഭിച്ചത്.

അവിടം മുതൽ കോട്ടയം ജില്ല വരെയുള്ള ദൂരം താണ്ടാൻ മണിക്കൂറുകളാണ് എടുത്തത്. ഓരോ ചെറു കവലയിലും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാൻ ജനങ്ങൾ ഒഴുകിയെത്തി. മഴയും പ്രതികൂല കാലവസ്ഥയും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയും ജനം അദ്ദേഹത്തെ കാത്തു നിന്നു. അർധ രാത്രിയിൽ കത്തിച്ച മെഴുകുതിരിയുമായി പോലും ആളുകൾ വഴിയോരത്തു നിന്നു. 61 കിലോമീറ്റർ ദൂരം താണ്ടാൻ എടുത്തത് 10 മണിക്കൂറിലേറെ സമയം. കോട്ടയം തിരുനക്കര മൈതാനിയിൽ ഇന്നലെ വൈകീട്ടാണ് പൊതു ദർശനം വച്ചിരുന്നത്. സഞ്ചരിച്ച വഴികളിലെല്ലാം വൻ ജനക്കൂട്ടം നിന്നതിനാൽ പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് വിലാപ യാത്ര അദ്ദേഹത്തിന്റെ ജന്മ നാട്ടിലേക്ക് കടക്കുന്നത്. പുതുപ്പള്ളിയിൽ പതിനായിരങ്ങളാണ് അദ്ദേഹത്തെ കാത്തു നിൽക്കുന്നത്. തിരുനക്കര മൈതാനിയിലേക്കും ജനം ഒഴുകിയെത്തുകയാണ്. തിരുനക്കരയിലെ പൊതു ദർശനത്തിനു ശേഷമായിരിക്കും പുതുപ്പള്ളിയിലേക്ക് മൃതദേഹം എത്തിക്കുക.

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴ

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കോഴിക്കോട്, കണ്ണൂർ കാസർക്കോട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും ഈ മൂന്ന് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുണ്ട്. 22നു മലപ്പുറം, കണ്ണൂർ കാസർക്കോട് ജില്ലകളിലും 23ാം തീയതി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലും യെല്ലോ അലർട്ട്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനില്‍ക്കുകയാണ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാ പ്രദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൽക്കടലിനും മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 മുതൽ 3.0 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമു​ദ്ര ​ഗവേണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീര ദേശത്തുള്ളവരും ജാ​ഗ്രത പാലിക്കണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.