by Midhun HP News | Jul 18, 2023 | Latest News, കേരളം
തിരുവനന്തപുര: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം മാറ്റിവച്ചു. ജൂലൈ 19 ന് രാവിലെ 11 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്താനിരുന്നത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രഖ്യാപന ചടങ്ങ് മാറ്റിവച്ചത്. അവാര്‍ഡ് പ്രഖ്യാപനം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പിആര്‍ഡിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.
അതേ സമയം മമ്മൂട്ടി- ലിജോ ജോസ് ടീമിൻറെ നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്, തരൂൺ മൂർത്തി ഒരുക്കിയ സൗദി വെള്ളക്ക, പുഴു, അപ്പൻ അടക്കമുള്ള ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളതെന്നാണ് സൂചന. 154 ചിത്രങ്ങളാണ് ഇക്കുറി പുരസ്‌കാരങ്ങള്‍ക്കായി മാറ്റുരച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന പുരസ്‌കാര നിര്‍ണയത്തില്‍ 42 ചിത്രങ്ങളാണ് അന്തിമ റൗണ്ടിലെത്തിയത്.
by Midhun HP News | Jul 18, 2023 | Latest News, കേരളം
തിരുവനന്തപുരം: ബംഗളൂരുവില്‍ ചികിത്സയിലിരിക്കെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തത്തെിച്ചു. സര്‍ക്കാരിനെ പ്രതിനീധികരിച്ച് മന്ത്രി വി ശിവന്‍കുട്ടിയാണ് വിമാനത്താവളത്തിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, എംഎം ഹസന്‍, കൊടിക്കുന്നല്‍ സുരേഷ്, വിഎസ് ശിവകുമാര്‍ തുടങ്ങി നിരവധി നേതാക്കളും അയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയിരുന്നു. അവിടെ നിന്ന് മൃതദേഹം വിലാപയാത്രയായി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീടായ ‘പുതുപ്പള്ളി ഹൗസി’ലേക്ക് കൊണ്ടുപോകും.
നാലു മണിയോടെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലെത്തിച്ച് പൊതുദര്‍ശനത്തിനു വയ്ക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി തുടങ്ങിയവരെല്ലാം ദര്‍ബാര്‍ഹാളില്‍ മുന്‍മുഖ്യമന്ത്രിക്ക് അന്തിമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന്, അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ പോയിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പൊതുദര്‍ശനം. ആറു മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്കു തന്നെ മൃതദേഹം കൊണ്ടുപോകും
സെക്രട്ടേറിയറ്റില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ബുധനാഴ്ച രാവിലെ വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് കോട്ടയത്തേക്കു കൊണ്ടുവരും. തിരുനക്കര മൈതാനത്തു പൊതുദര്‍ശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണു സംസ്‌കാര ചടങ്ങുകള്‍. മുന്‍മന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
by Midhun HP News | Jul 18, 2023 | Latest News, കേരളം
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് എപ്പോഴും ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിയ നേതാവിനെയാണെന്ന് നടന്‍ മോഹന്‍ലാല്‍. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മോഹന്‍ലാല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
‘പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സര്‍, വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീര്‍ഘവീഷണവും ഇച്ഛാശക്തിയുമുള്ള, കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികള്‍’ – മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
by Midhun HP News | Jul 18, 2023 | Latest News, കേരളം
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നുമുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കന്‍ കേരളത്തില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിന് പുറമേ എറണാകുളത്തും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇതിന് പുറമേ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Jul 18, 2023 | Latest News, കേരളം
ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിമാരായിരിക്കുമ്പോഴും പിന്നീട് താന്‍ ഡല്‍ഹിയിലേക്കു മാറിയതിനു ശേഷവും പലപ്പോഴും അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരികയാണെന്ന് മോദി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നതായും മോദി സന്ദേശത്തില്‍ പറഞ്ഞു.
by Midhun HP News | Jul 18, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ നാല് ദിവസം മാറ്റമില്ലാതിരുന്ന സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഇതോടെ സ്വർണവില 44000 കടന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. വിപണി വില 5510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വിപണി വില 4553 രൂപയാണ്.
Recent Comments