by Midhun HP News | Jul 18, 2023 | Latest News, കേരളം
കൊച്ചി: ഇന്നു പുലര്‍ച്ചെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ബാങ്കുകള്‍ക്കും അവധി ബാധകമാണ്. ഹൈക്കോടതിയും ഇന്ന് പ്രവര്‍ത്തിക്കില്ല. ഇന്ന് പരിഗണിക്കാനിരുന്ന കേസുകള്‍ നാളത്തേക്ക് മാറ്റി.
മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി. കേരള ആരോഗ്യ സര്‍വകലാശാല ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
കാലിക്കറ്റ് സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും ഈ മാസം 22ലേക്കു മാറ്റി. പരീക്ഷാ സമയത്തില്‍ മാറ്റമില്ല. ഇന്നത്തെ മൂല്യനിര്‍ണയ ക്യാംപുകള്‍ക്കു അവധി പ്രഖ്യാപിച്ചു. അതേസമയം, ഇന്ന് നടത്താന്‍ നിശ്ചയിച്ച പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.25നാണ് ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. സംസ്‌കാരം അദ്ദേഹത്തിന്റെ സ്വദേശമായ പുതുപ്പള്ളിയില്‍ വ്യാഴാഴ്ച നടക്കും.
by Midhun HP News | Jul 18, 2023 | Latest News, കേരളം
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഓർമകൾ പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ദീർഘമായ കുറിപ്പിലാണ് അദ്ദേഹത്തിന്റെ അനുസ്മരണം.
കുറിപ്പിന്റെ പൂർണ രൂപം
കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും.
ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്വാധീനത്തിന്റെ തെളിവാണ്.
1970 ൽ ഞാനും ഉമ്മൻചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനരംഗത്തായിരുന്നു. ഇടയ്‌ക്കൊക്കെ സഭയിലും. എന്നാൽ, ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായി തന്നെ തുടർന്നു. പല കോൺഗ്രസ് നേതാക്കളും കെ കരുണാകരനും എ കെ ആന്റണിയുമടക്കം പാർലമെന്റംഗമായും മറ്റും പോയിട്ടുണ്ട്. ഉമ്മൻചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. കേരളജനതയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല.
എഴുപതുകളുടെ തുടക്കത്തിൽ നിരവധി യുവാക്കളുടെ സാന്നിദ്ധ്യംകൊണ്ട് കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരിൽ മറ്റാർക്കും ലഭ്യമാവാത്ത ചുമതലകൾ തുടർച്ചയായി ഉമ്മൻ ചാണ്ടിയെ തേടിയെത്തി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹത്തിനു കൈകാര്യം ചെയ്യാൻ സാധിച്ചു.
ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം.1970 മുതൽക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സജീവ സാന്നിധ്യമായി ഉമ്മൻചാണ്ടി ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്നും ഉമ്മൻചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കോൺഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃ നിർണയ കാര്യങ്ങളിലടക്കം നിർണായകമാം വിധം ഇടപെട്ടിട്ടുണ്ട് ഉമ്മൻചാണ്ടി.
കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും സംസ്ഥാന കോൺഗ്രസിന്റെ നേതൃനിരയിലെത്തിയ ഉമ്മൻചാണ്ടി സംസ്ഥാനതല കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മൻചാണ്ടിയെ നയിച്ചു. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപിക്കാതെ ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. രോഗാതുരനായ ഘട്ടത്തിൽപ്പോലും ഏറ്റെടുത്ത കടമകൾ പൂർത്തീകരിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നു.
പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻചാണ്ടിയുടെ ഈ ആത്മാർത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മൻചാണ്ടി വിടവാങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ സന്തപ്ത കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പാർട്ടിയുടെയും യു.ഡി.എഫിന്റെയും പ്രിയപ്പെട്ട എല്ലാവരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.
by Midhun HP News | Jul 18, 2023 | Latest News, കേരളം
2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. 154 ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ത്രിതല ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുക.എഴുത്തുകാരായ വിജെ ജയിംസ്, ഡോ. കെഎം ഷീബ, കലാസംവിധായകന്‍ റോയ് പി തോമസ് എന്നിവരുള്‍പ്പെടുന്ന ഒന്നാം സമിതിയില്‍ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയര്‍മാന്‍. സംവിധായകന്‍ കെഎം മധുസൂദനന്‍ ചെയര്‍മാനായ രണ്ടാം സമിതിയില്‍ നിര്‍മാതാവ് ബി.കെ. രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാന്‍, വിനോദ് സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍.
ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഛായാഗ്രാഹകന്‍ ഹരിനായര്‍, സൗണ്ട് ഡിസൈനര്‍ ഡി. യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെന്‍സി ഗ്രിഗറി എന്നിവരും ഉപസമിതി ചെയര്‍മാന്‍മാരും ഉള്‍പ്പെടുന്നു.
ഇത്തവണ മല്‍സരിക്കുന്ന സിനിമകളില്‍ 77 വീതം ചിത്രങ്ങള്‍ നേമംപുഷ്പരാജും കെഎം മധുസൂദനനും അധ്യക്ഷന്മാരായ പ്രാഥമിക വിധിനിര്‍ണയ സമിതി കാണും. ഇതില്‍ നിന്ന് 30 ശതമാനം ചിത്രങ്ങളാകും അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് വിടുക.
by Midhun HP News | Jul 17, 2023 | Latest News, കേരളം
പാലക്കാട്: സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ തട്ടിയെടുത്ത കേസില്‍ അര്‍ജുന്‍ ആയങ്കി പിടിയില്‍. മഹാരാഷ്ട്ര പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് അര്‍ജുനെ കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യ സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയെന്ന് പൊലീസ് പറയുന്നു.
നാലുമാസം മുന്‍പ് നടന്ന ആക്രമണത്തില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നു പുലര്‍ച്ചെ നാലുമണിക്കാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്.
by Midhun HP News | Jul 17, 2023 | Latest News, കേരളം
മലപ്പുറം: മങ്കടയില്‍ സഹോദരന്‍മാര്‍ പതിനാലുകാരിയെ പീഡിപ്പിച്ചു. അഞ്ച് മാസം ഗര്‍ഭിണിയായ പത്താംക്ലാസുകാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ മങ്കട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ ഇരുപതുകാരനായ സഹോദരനും 24കാരനായ ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി ഉള്‍പ്പടെ രേഖപ്പെടുത്തിയാതയും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കുടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതുള്‍പ്പടെ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Jul 17, 2023 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂരില്‍ പനി ബാധിച്ച് ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. തളിപ്പറമ്പ് കപ്പാലം മദ്രസക്കടുത്ത കുണ്ടാംകുഴി റോഡിലെ സിറാജ്-ഫാത്തിമത്ത് ഷിഫ ദമ്പതിമാരുടെ മകള്‍ ഹയ മെഹ്‌വിഷയാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച ഡോക്ടറെ കാണിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ച് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
Recent Comments