ഷട്ടിൽ കളിക്കിടെ യുവാവിന് അപ്രതീക്ഷിത മരണം

ഷട്ടിൽ കളിക്കിടെ യുവാവിന് അപ്രതീക്ഷിത മരണം

കോഴിക്കോട്: ഷട്ടിൽ കളിക്കുന്നതിനിടെ കോഴിക്കോട് നരിക്കുനിയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. നരിക്കുനി പുല്ലാളൂർ തച്ചുർതാഴം അറീക്കരപ്പോയിൽ സുബൈർ (സുബി) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പന്തൽ ജോലിക്കാരനായിരുന്നു സുബൈർ.
ഭാര്യ: ഹഫ്സത്ത്: മക്കൾ: ഹിബ, ഹാദിൽ.

ജാമ്യവ്യവസ്ഥയില്‍ ഇളവ്; മദനിക്ക് കേരളത്തില്‍ താമസിക്കാം

ജാമ്യവ്യവസ്ഥയില്‍ ഇളവ്; മദനിക്ക് കേരളത്തില്‍ താമസിക്കാം

ഡല്‍ഹി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തില്‍ താമസിക്കാന്‍ സുപ്രീം കോടതി അനുമതി. കൊല്ലം ജില്ലയിലെ സ്വന്തം നാട്ടില്‍ തങ്ങാനാണ് അനുമതി. കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ തങ്ങണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. ആ വ്യവസ്ഥയിലാണ് സുപ്രീം കോടതി ഇളവ് നല്‍കിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടി ആവശ്യപ്പെടുമ്പോള്‍ ബംഗളൂരുവിലേക്ക് വരണം. അല്ലാത്ത സമയങ്ങളില്‍ കൊല്ലം ജില്ലയിലെ സ്വന്തം നാട്ടില്‍ താമസിക്കാം. കേരളത്തിലേക്ക് പേകുമ്പോള്‍ കര്‍ണാടക പൊലീസ് അകമ്പടി നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.

ഓരോ പതിനഞ്ച് ദിവസത്തിനുള്ളില്‍ താമസിക്കുന്നതിന്റെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരായി റിപ്പോര്‍ട്ട് ചെയ്യണം. ആ റിപ്പോര്‍ട്ട് കേസിന്റെ പ്രോസിക്യൂഷനായ ബംഗളൂരു പൊലീസിന് കൊല്ലം പൊലീസ് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു. ചികിത്സാര്‍ഥം അദ്ദേഹത്തിന് കൊല്ലം ജില്ല വിട്ട് മറ്റ് സ്ഥലങ്ങളില്‍ പോകാനും അനുമതിയുണ്ട്. കൊല്ലം ജില്ലാപൊലീസ് മേധാവിയില്‍ നിന്ന് അനുമതി തേടിയ ശേഷം മാത്രമെ പോകാവൂ എന്നും ഉത്തരവില്‍ പറയുന്നു

നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; നാലിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: നാളെ മുതല്‍ അടുത്ത നാല് ദിവസം സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് ഉള്ളത്.

ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ വടക്കന്‍ കേരളത്തിലാണ് മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

തിങ്കളാഴ്ച വടക്കന്‍ കേരള തീരത്തു മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. ബുധന്‍ വ്യാഴം ദിവസങ്ങളില്‍ കേരള തീരത്തു മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഓട്ടോയിൽ മാലിന്യം തള്ളുന്നത് ഫോണിൽ പകർത്തി: കോർപ്പറേഷൻ ജീവനക്കാരനെ മർദിച്ചു

ഓട്ടോയിൽ മാലിന്യം തള്ളുന്നത് ഫോണിൽ പകർത്തി: കോർപ്പറേഷൻ ജീവനക്കാരനെ മർദിച്ചു

കൊച്ചി: മാലിന്യം തള്ളാൻ ഓട്ടോയിൽ എത്തിയവർ കോർപ്പറേഷൻ ജീവനക്കാരനെ മർദിച്ചു. കൊച്ചിൻ കോർപ്പറേഷൻ 14ാം വാർഡിലെ സാനിറ്റേഷൻ ജീവനക്കാരനും ഹെൽത്ത് സ്ക്വാഡ് അം​ഗവുമായ ചെറായി സ്വദേശി അരുണിനാണ് (39) മർദനമേറ്റത്. സംഭവത്തിൽ കൊല്ലം സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഒരാൾക്കായി തെരച്ചിൽ തുടരുന്നു.

ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് മരോട്ടിച്ചോട്ടിലാണ് സംഭവമുണ്ടായത്. ഓട്ടോറിക്ഷയിൽ മാലിന്യം തള്ളാനെത്തിയ ബിനുവിനേയും കൂട്ടാളിയേയും അരുൺ തടയുകയായിരുന്നു. ഇവർ വന്ന ഓട്ടോയുടെ ചിത്രം ഫോണിൽ പകർത്താനും ശ്രമിച്ചു, ഇതോടെ ഇരുവരും ചേർന്ന് അരുണിനെ മർദിക്കുകയായിരുന്നു. തള്ളി താഴെയിട്ടതിനു ശേഷം ഇവർ അരുണിന്റെ മൊബൈലും തട്ടിയെടുത്തു. തുടർന്ന് ഇവർ ഇവിടെനിന്ന് കടന്നു. അരുൺ നൽകിയ പരാതിയിലാണ് എളമക്കര പൊലീസ് കേസെടുത്തത്.

വ്യാജരേഖാ കേസിൽ യുവതിക്ക് ഇടക്കാല ജാമ്യം

വ്യാജരേഖാ കേസിൽ യുവതിക്ക് ഇടക്കാല ജാമ്യം

കൊല്ലം: സർക്കാർ ജോലിക്ക് വേണ്ടി വ്യാജരേഖകൾ തയാറാക്കിയതിന് അറസ്റ്റിലായ രാഖിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൊല്ലം ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം അനുവദിച്ചത്. കൈക്കുഞ്ഞുണ്ടെന്നും പരിചരിക്കാൻ താൻ അടുത്ത് വേണമെന്നുമുള്ള രാഖിയുടെ ജാമ്യാപേക്ഷ പരിഗണിച്ചാണ് തീരുമാനം. ചൊവ്വാഴ്ച രാഖിയോട് തുറന്ന കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് കസ്റ്റഡി അപേക്ഷ നൽകും.

വാളത്തുങ്കലിൽ താമസിക്കുന്ന എഴുകോൺ സ്വദേശിനിയായ രാഖി കഴിഞ്ഞദിവസമാണ് വ്യാജരേഖകളുമായി കരുനാഗപ്പളളി താലൂക്ക് ഓഫിസിലും പിഎസ് സി ജില്ലാ ഓഫീസിലും എത്തിയത്. സർക്കാർ ജോലി ലഭിക്കാത്തതിലെ മാനസിക സംഘർഷത്തിൽ സ്വയം വ്യാജരേഖ തയാറാക്കിയെന്നാണ് യുവതിയുടെ മൊഴി. രാഖിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത, ജാഗ്രത; കടലില്‍ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത.വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച കോഴിക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കേരള – കര്‍ണ്ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.