ചേലക്കരയില്‍ ആനയെ കൊന്നത് ആനക്കൊമ്പ് കടത്ത് സംഘമെന്ന് വനംവകുപ്പ്

ചേലക്കരയില്‍ ആനയെ കൊന്നത് ആനക്കൊമ്പ് കടത്ത് സംഘമെന്ന് വനംവകുപ്പ്

തൃശ്ശൂര്‍: ചേലക്കര വാഴക്കോട് റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ടതിനു പിന്നില്‍ ആനക്കൊമ്പ് കടത്ത് സംഘമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. ആനക്കൊമ്പ് വിൽക്കാനുള്ള ശ്രമത്തിനിടെ പിടിയിലായവരുടെ മൊഴി പ്രകാരമാണ് ആനയുടെ ജഡം തൃശൂരിൽ കണ്ടെത്തിയത്. എറണാകുളം പട്ടിമറ്റത്ത് പിടിയിലായ 4 പ്രതികളിൽ ഒരാളെ വനംവകുപ്പ് ചോദ്യം ചെയ്തതോടെയാണ് വിവരം ലഭിച്ചത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 44,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 5500 രൂപ നല്‍കണം. പണിക്കൂലി വേറെയും.
ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

തൃശ്ശൂരിൽ കാട്ടാനയെ റബ്ബർ തോട്ടത്തിൽ കുഴിച്ചുമൂടി; ജഡം വനം വകുപ്പ് പുറത്തെടുത്തു

തൃശ്ശൂരിൽ കാട്ടാനയെ റബ്ബർ തോട്ടത്തിൽ കുഴിച്ചുമൂടി; ജഡം വനം വകുപ്പ് പുറത്തെടുത്തു

തൃശ്ശൂർ: ചേലക്കരക്കടുത്ത് മുള്ളൂർക്കര വാഴക്കോട് കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ആനയുടെ ജഡം പുറത്തെടുത്തു. മണിയഞ്ചിറ റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് റബ്ബർ എസ്റ്റേറ്റ്. ഇയാൾ ഒളിവിലാണ്.

വനം വന്യജീവി വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആനയുടെ ജഡത്തിന് 20 ദിവസത്തെ പഴക്കമേയുള്ളൂവെന്ന് കണ്ടെത്തിയിട്ടുണ്ട്. വേഗം അഴുകിപ്പോകാൻ എന്തെങ്കിലും രാസപദാർത്ഥം കലർത്തിയോ എന്ന് സംശയം ഉയർന്നിട്ടുണ്ട്. ആനയെ വേട്ടയാടി പിടിച്ച് കൊലപ്പെടുത്തിയതാണോയെനാണ് സംശയം. പ്രാഥമിക പരിശോധനയിൽ ആന ചരിഞ്ഞത് വെടിയേറ്റിട്ടല്ലെന്നാണ് നിഗമനം. 15 വയസ് പ്രായമുള്ളതാണ് ആനയെന്നും വ്യക്തമായിട്ടുണ്ട്. ആനയെ കൊന്നതാണോ എന്നും ഷോക്കേറ്റതാണോയെന്നും സംശയമുണ്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ട്. ആന ചരിഞ്ഞതാണെങ്കിൽ വനംവകുപ്പിനെ അറിയിക്കേണ്ടതായിരുന്നു, അതുണ്ടായില്ല. ഇത്തരത്തിൽ വനംവകുപ്പിനെ അറിയിക്കാതെ ജഡം കുഴിച്ചുമൂടിയത് എന്തിനെന്ന് സംശയമുണ്ട്. കൊന്നതാണെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മണ്‍സൂണ്‍ പാത്തി യുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ടും മാറി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. ഞായറാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് ഇന്ന് വ്യാപകമായി മഴ ലഭിക്കുക എന്ന് പ്രവചനത്തില്‍ പറയുന്നു.

കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു

റോഡിലെ കുഴികൾ കണ്ടെത്താനും എഐ ക്യാമറ സ്ഥാപിച്ചുകൂടെ?  നിലപാട് അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

റോഡിലെ കുഴികൾ കണ്ടെത്താനും എഐ ക്യാമറ സ്ഥാപിച്ചുകൂടെ? നിലപാട് അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ റോഡുകളിലെ കുഴികൾ എഐ ക്യാമറ ഉപയോഗിച്ച് പരിശോധിച്ച് കൂടെയെന്ന് സംസ്ഥാന സർക്കാരിനോട് കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാരിന് നിലപാട് എന്താണെന്ന് അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച്. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർദ്ദേശം. എന്നാൽ, വിവിധ റോഡുകളിൽ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹർജിയിൽ ഈ മാസം 26 ന് നിലപാട് അറിയിക്കണമെന്ന് കോടതി സർക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തിൽ മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ജൂലൈ പതിനാറോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച (ജൂലൈ 14) വരെയും കർണാടക തീരത്ത് ഇന്ന് (ജൂലൈ 13), വെള്ളി (ജൂലൈ 14), തിങ്കൾ (ജൂലൈ 17) ദിവസങ്ങളും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.